ഒരുക്കണം മാതൃകാ നവകേരളം; നിർദേശങ്ങളുമായി ഡോ. എം എസ്‌ സ്വാമിനാഥൻ സമീപകാലത്ത് കേരളത്തിലുണ്ടായ പ്രളയം അഭൂതപൂർവമായ ഒന്നാണ്. സംസ്ഥാനത്ത് കുട്ടനാട് പോലുള്ള ചില പ്രദേശങ്ങൾ അതിന്റെ സ്ഥല സവിശേഷതകൾകാരണം വെള്ളപ്പൊക്കസാധ്യത ഉള്ളവയാണ്. ഇക്കൊല്ലത്തെ പ്രളയം അതിവ്യാപകമായിരുന്നില്ലെങ്കിലും, അത് പാരിസ്ഥിതികമായും സാമ്പത്തികമായും അത്യന്തം വിനാശകരമായിരുന്നു. പാരിസ്ഥിതികമായ സുസ്ഥിരതയുടെയും സാമ്പത്തികമായ അഭികാമ്യതയുടെയും സാമൂഹികവും ലിംഗപരവുമായ തുല്യതയുടെയും അടിസ്ഥാനത്തിൽ ഒരു നവകേരള നിർമാണത്തിനുള്ള അവസരമാണ് ഇത്. ഇക്കാര്യത്തിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ചില നിർദേശങ്ങൾ മുന്നോട്ടുവയ‌്ക്കുന്നു. ആദ്യമായും എനിക്ക് ഓർമിപ്പിക്കാനുള്ളത് കുട്ടനാട് ഒരു ആഗോളപ്രാധാന്യമുള്ള കാർഷിക പൈതൃക സ്ഥലമായി നിലനിർത്തുന്നതിനായി ഞാൻ ശുപാർശചെയ്ത കുട്ടനാട് പാക്കേജിനെക്കുറിച്ചാണ്. കുട്ടനാട് പ്രദേശം ദേശാടനപ്പക്ഷികളുടെ ഉല്ലാസഗേഹങ്ങളാണ്. ആദ്യപരിഗണനയിൽ വരേണ്ട വിഷയങ്ങൾ, രക്ഷാപ്രവർത്തനവും പുനരധിവാസവുമാണ്. അവ രണ്ടും നന്നായി നടക്കുന്നുണ്ട്. ഒരുപാടാളുകൾ ഭവനരഹിതരായി. അവർ കാലാവസ്ഥാ അഭയാർഥികളായിമാറി. അടിയന്തരകടമ അവർക്ക് വാസസ്ഥലം കണ്ടെത്തുന്നതാണ്. ഇക്കൊല്ലം നാം  പഠിച്ചതനുസരിച്ച്,  രൗദ്ര പ്രളയങ്ങളെത്തുടർന്ന‌് ഭവനരഹിതരായ  ഇത്തരം കാലാവസ്ഥാ അഭയാർഥികൾക്ക് അതുമൂലമുണ്ടായ  ദുരിതങ്ങൾ അകറ്റാനുള്ള പദ്ധതിയാണ‌് വേണ്ടത‌്. പ്രളയബാധിതർക്ക് വാസസ്ഥലം നൽകുന്നതിന് നവകേരളത്തിന് കഴിയണം. പ്രകൃതിദുരന്തങ്ങൾക്ക് വിധേയരാകുന്നവർക്ക്, അഭയകേന്ദ്രങ്ങളാകാനുതകുന്ന കാലാവസ്ഥാ റിസ്ക് മാനേജ്മെന്റ‌് സെന്ററുകൾ ആരംഭിക്കണം. കാലാവസ്ഥാ റിസ്കിൽ കടൽനിരപ്പ് ഉയർന്നുണ്ടാകുന്ന നഷ്ടങ്ങളും ഉൾപ്പെടും. ഗണ്യമായൊരു വിഭാഗം ജനങ്ങൾ കേരളത്തിൽ തീരപ്രദേശത്താണ് ജീവിക്കുന്നത്. കാലാവസ്ഥാമാറ്റത്തിന്റെ പ്രതികൂലഫലങ്ങൾ അവരെ ബാധിക്കാതെ നോക്കേണ്ടത്, അതിപ്രധാനമായ ഒരു കാര്യമാണ്. ഭവനരഹിതരാകുന്ന കാലാവസ്ഥാ അഭയാർഥികൾക്ക് വീടുകൾ ഉണ്ടാക്കുന്നതിന്‌ പ്രത്യേക വ്യവസ്ഥകൾ ഉണ്ടാകണം. പരിസ്ഥിതിശാസ്ത്രത്തിന്റെയും സാമ്പത്തികശാസ്ത്രത്തിന്റെയും തൊഴിലിന്റെയും ലിംഗ സാമൂഹികനീതിയുടെയും അടിസ്ഥാനത്തിലുള്ളതുമായ നവ കേരള വികസനത്തെക്കുറിച്ചുള്ള ഗൗരവതരമായ ചർച്ചകൾ നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കേരളത്തിലെ അഭൂതപൂർവമായ പ്രളയവും മഴയും അത്തരം ദുരന്തങ്ങളെ നേരിടുന്നതിന് വേണ്ട തയ്യാറെടുപ്പുകൾ വേണമെന്ന കാര്യമാണ് ബോധ്യപ്പെടുത്തിയത്. 1973ൽ ആൾ ഇന്ത്യാ റേഡിയോവഴി നടത്തിയ സർദാർ പട്ടേൽ പ്രഭാഷണത്തിൽ, മഴക്കൂടുതലും മഴക്കുറവും കാരണമുണ്ടാകുന്ന പ്രതികൂല പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ നമുക്കാകുംവിധം ഒരു വരൾച്ചാ കോഡും ഒരു പ്രളയ കോഡും തയ്യാറാക്കണം എന്ന് ഞാൻ ശുപാർശചെയ്തിരുന്നു. കേരള സർക്കാരിന് സമർപ്പിച്ച കുട്ടനാട് പാക്കേജ് വെള്ളപ്പൊക്കം തടയുന്നതിനും കൈകാര്യംചെയ്യുന്നതിനുമുള്ള ചില മാർഗനിർദേശകരേഖ മുന്നോട്ടുവച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് റേഡിയോ ആക്ടീവ‌് ധാതുലവണങ്ങളുള്ള കേരളത്തിന്റെ തീരദേശങ്ങളിൽ, (പഴയ തിരുവിതാംകൂർ പ്രദേശത്ത്) ഉണ്ടായ പ്രളയത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടക്കേണ്ട ആവശ്യവുമുണ്ട്. അത്തരം മോണൊസൈറ്റ് മണൽ സംരക്ഷിച്ചുനിർത്തേണ്ടതുണ്ട്. അത് ആണവവൈദ്യുതി പ്ലാന്റുകൾക്കുള്ള അസംസ്കൃത പദാർഥമാണല്ലോ. ഈ അടിയന്തരകർത്തവ്യം കേരള സയൻസ് ആൻഡ‌് ടെക്നോളജി കമീഷൻ ഏറ്റെടുക്കുമെന്ന് ഞാൻ കരുതുന്നു. നമുക്ക് യുറാനിയം നിഷേധിക്കപ്പെട്ടപ്പോൾ തോറിയമാണ് നമ്മുടെ രക്ഷയ‌്ക്കെത്തിയത്. കേരളത്തിന്റെ പല ഭാഗങ്ങളിലും മഴയുടെ രൗദ്രത കുറയുന്നതിന്റെ സൂചനകളുണ്ട്. മുന്നാേട്ടും പിന്നോട്ടും നോക്കാനുള്ള സമയമെത്തിയിരിക്കുന്നു. അടിയന്തരമായ കരുതൽ പ്രളയബാധിതരായ ജനങ്ങളുടെ രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനും തന്നെയാകണം. അതേസമയം, ഭാവിയിൽ സമാനമായ പ്രളയ സംബന്ധിയായ പ്രശ്നങ്ങൾ വഴിയുള്ള പ്രയാസങ്ങൾ ഒഴിവാക്കാനായി ഒരു ഇന്റർ ഡിസിപ്ലിനറി കമ്മിറ്റിയെ നിയോഗിക്കാവുന്നതാണ്. ഇക്കാര്യം ഞാൻ പല റിപ്പോർട്ടുകളിലും പ്രഭാഷണങ്ങളിലും കുട്ടനാട് പാക്കേജിലും കൈകാര്യംചെയ്തിട്ടുണ്ട്. അടിയന്തരമായി കൃഷിയുടെയും തോട്ടംവ്യവസായത്തിന്റെയും പുനരധിവാസത്തിനുള്ള പദ്ധതികൾ ഉണ്ടാകണം. അതേസമയം, ഏറ്റവും വലിയ മുൻഗണന ലഭിക്കേണ്ടത്, കുടിവെള്ളത്തിനാണ്. ജലജന്യരോഗങ്ങൾ ഒഴിവാക്കാനാകണം. ഭാവിയിലേക്കായി നാം എല്ലാ പഞ്ചായത്തുകളിലും, മഴവെള്ളം കൈകാര്യംചെയ്യുന്നതിനുള്ള ഒരു കേന്ദ്രം സ്ഥാപിക്കണം. മുൻകൂർ നടപടികൾക്കായി,  വരൾച്ചാ കോഡും പ്രളയ കോഡും ഈ കേന്ദ്രങ്ങളിൽ തയ്യാറാക്കണം. ഉദാഹരണത്തിന്,  ഉടൻതന്നെ കർഷകർക്ക് വിത്തുകളും നടീൽവസ്തുക്കളും വേണം. പറ്റിയ തരംതന്നെ നൽകേണ്ടതുണ്ട്. ഇത്തരം അവസരങ്ങളിൽ ഉപയോഗിക്കാനായി വിത്ത് ബാങ്കുകൾ സ്ഥാപിക്കേണ്ടത് ആവശ്യമാണ്. പ്രളയം വിതച്ച ദുരിതം പ്രളയ പ്രതിരോധ കൃഷിക്കുള്ള അവസരമൊരുക്കും എന്ന് ഞാൻ കരുതുന്നു. അതേയവസരം വെള്ളപ്പൊക്ക മാനേജ്മെന്റിന് ഒരു മാനവികമാനം വേണം എന്ന കാര്യത്തിനും വേണ്ട ശ്രദ്ധ ലഭിക്കണം.    ഒട്ടനവധി പുതിയ റീചാർജ് ടെക്നോളജികൾ വികസിച്ചുവന്നിരിക്കുന്നു. അവയെ പരമ്പരാഗതവിജ്ഞാനവുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ജല മാനേജ്മെന്റ് നീർത്തടാധിഷ‌്ഠിതമായാണ് നടപ്പാക്കുന്നത് എന്ന കാര്യം ഉറപ്പാക്കാനായി അന്തർസംസ്ഥാന സഹകരണം അത്യാവശ്യമാണ്. കാപ്പി, ചായ, കുരുമുളക് മുതലായ തോട്ടവിളകൾക്ക് സൂക്ഷ്മ ജലസേചന സാങ്കേതികവിദ്യ ഏറെ പ്രധാനമാണ്. പ്രാദേശിക കമ്യൂണിറ്റികളിൽ പാനി പഞ്ചായത്തുകൾ സംഘടിപ്പിച്ചു കൊണ്ട് വെള്ളം സൂക്ഷിക്കുന്നതോടൊപ്പം വളരെ നീതിപൂർവകവും സുരക്ഷിതവുമായ രീതിയിൽമാത്രമേ ജലം ഉപയോഗപ്പെടുത്തുകയുള്ളൂ എന്ന് ഉറപ്പുവരുത്താനാകണം. കേരളദുരന്തം, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെപ്പറ്റിയുള്ള മുൻകൂർ അപായ സൂചനയായിമാറി. ഇത്തരം കൂടുതൽ ദുരന്തങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇനിയും ആവർത്തിക്കാനുള്ള സാധ്യതയുണ്ട്. അതു കൊണ്ട്, പരിസ്ഥിതിയും തുല്യതയും തൊഴിലവസര സാധ്യതയും  ഊർജോപയോഗത്തിലെ കാര്യശേഷിയും ആസ്പദമാക്കിയുള്ള ഒരു കർമപദ്ധതി വികസിപ്പിച്ച് നടപ്പാക്കുന്നതിന് ഒട്ടും നേരം കളയാനില്ല. ഇത് നടന്നാൽ, കേരളം അക്ഷരാർഥത്തിൽ ദൈവത്തിന്റെ സ്വന്തം നാടായിത്തീരും. ഓരോ ദുരന്തവും ഒരു പുതിയ തുടക്കത്തിനുള്ള അവസരമൊരുക്കുന്നുണ്ട്. കേരളത്തെ സുരക്ഷയിലും ജനാഭിവൃദ്ധിയിലും അധിഷ്ഠിതമായ ഒരു സംസ്ഥാനമായി പുനർനിർമിക്കാനുള്ള അവസരമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. കാലാവസ്ഥാവ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങളിൽനിന്ന് സ്വയം രക്ഷിക്കാനാകുന്ന നവകേരളം മറ്റു സംസ്ഥാനങ്ങൾക്ക് ഒരു മാതൃകയായി മാറണം. നവകേരള നിർമാണത്തിനുള്ള നിർദേശങ്ങൾ • കുട്ടനാട് , ഇടുക്കി റിപ്പോർട്ടുകളിലെ നിർദേശങ്ങൾ നടപ്പാക്കുക. • കാലാവസ്ഥാ അഭയകേന്ദ്രങ്ങൾക്കുള്ള സ്ഥലസൗകര്യം തയ്യാറാക്കിവയ‌്ക്കുക. • ജനിതകവൈവിധ്യവും തോറിയമടങ്ങിയ മോണൊസൈറ്റ് മേഖലയും സംരക്ഷിക്കുക. • സുരക്ഷിതമായ കുടിവെള്ളം എത്തിക്കുക; പ്രളയജലം പുറത്തേക്ക് ഒഴുക്കിക്കളയാനുള്ള ജലനിർഗമന സംവിധാനം ഉറപ്പാക്കുക. • താപനിലയിലും സമുദ്രനിരപ്പിലും ഊറലിലും ഉള്ള മാറ്റങ്ങൾക്കൊത്ത് തയ്യാറെടുപ്പുകൾനടത്തി പ്രാദേശികജനതയുടെ ഉപജീവനമാർഗവും പാരിസ്ഥിതികഭദ്രതയും ഉറപ്പാക്കുക. കുട്ടനാട്ടിലെ ആവാസവ്യവസ്ഥ പുതുക്കിപ്പണിയാൻ • വേമ്പനാട് കായലിന്റെ പ്രളയവാഹക പ്രാപ്തി ക്രമേണ കുറച്ചു കൊണ്ടുവരിക • ടി ആൻഡ‌് ക്യു ബ്ലോക്കിൽ നെൽകൃഷി തിരിച്ചുകൊണ്ടുവരിക.  ഗുണദോഷ, സാധ്യതാപഠനം. • പാടശേഖരാടിസ്ഥാനത്തിലുള്ള പ്രളയാനന്തര മണ്ണുപരിശോധനയും അപഗ്രഥനവും നടത്തി വേണ്ട രാസവളങ്ങളും മാറ്റങ്ങളും നിർദേശിക്കുക. മണ്ണിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കാനായി, അമ്ലക്ഷമമായ മണ്ണിനുവേണ്ട കാൽസ്യം, മഗ്നീഷ്യം, ബോറോൺ മൂലകങ്ങളുടെ ലഭ്യത ഉറപ്പാക്കുക. ഇടവിട്ട പരിശോധനകൾ സമയബന്ധിതമായി നടത്തുക. ഭോപാൽ ഐഎസ്എസ്എസ്, ഡൽഹിയിലെ ഐഎആർഐ എന്നിവ വികസിപ്പിച്ചെടുത്ത, കൊണ്ടു നടക്കാവുന്ന മണ്ണുപരിശോധനാ കിറ്റുകൾ ഉപയോഗിക്കാം. ടഒകാർഡുകൾ വിതരണംചെയ്യുക. • പാടശേഖരങ്ങളിൽ ഒരരി ഒരു മീൻ പരിപാടി നടപ്പാക്കിക്കൊണ്ട് നെൽകൃഷി ചെയ്യാത്തിടത്ത് ചുരുങ്ങിയ കാലത്തേക്ക് ഇതര വിളകൾ പറ്റുമോ എന്നാരായുക. •  വേണ്ട മേൽനോട്ടം ഉറപ്പുവരുത്തുന്നതിനും ഫലപ്രദവും സമയബന്ധിതവുമായി കനാലുകളിൽനിന്ന് എക്കൽ നീക്കുന്നതിനുമായി ഭരണനിർവഹണപരവും സാമ്പത്തികവുമായ അധികാരങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും പാടശേഖര സമിതികൾക്കും കൈമാറുക. • എംഎൻ ആർ ഇ ജി ഫണ്ടുപയോഗിച്ച്  ജലപ്രവാഹത്തിനിടയ‌്ക്കുള്ള ഹയാസിന്ത് ചെടികൾ നശിപ്പിക്കുക. • നാളികേരത്തോട്ടങ്ങളിൽ എത്ര ബഹുനിലവിളകൾ ഉണ്ടെന്ന് കണ്ടെത്തി എഫ്എഫ്എസ് മാതൃകയിൽ പ്രദർശനവും വിപുലീകരണവും നടത്താൻ പാടശേഖരങ്ങളെ സജ്ജമാക്കുക. • ടിഎംബി മണൽത്തിട്ടയുടെയും തോട്ടപ്പള്ളി സ്പിൽവേയുടെയും നടത്തിപ്പ് റിമോട്ട് കൺട്രാേൾ അടക്കമുള്ള ആധുനിക യന്ത്രവൽക്കൃത രീതികളിലേക്ക് മാറുക. (സാമൂഹിക പങ്കാളിത്തത്തോടെ ഇതിനായി പുതിയൊരു നിയുക്തസംഘടന വേണം) • വേണ്ടത്ര വിത്ത് വിതരണം ഉറപ്പാക്കുക. • ഗ്രാമപഞ്ചായത്ത്തലത്തിൽ ദുരന്തനിവാരണ പദ്ധതികളും ആക‌്ഷൻ ഗ്രൂപ്പുകളും ഉറപ്പാക്കുക. • വികസനകാര്യത്തിലും കാർഷിക ഇടപെടലിലും ഒരു ആവാസവ്യവസ്ഥാ സമീപനം ഉറപ്പുവരുത്തുക. വേമ്പനാട് കായലിന് ഒരു സംയോജിത മാനേജ്മെന്റ് പദ്ധതി ഉണ്ടാകണം. • കുട്ടനാടിനെ ഒരു സവിശേഷ കാർഷിക, ഉൾനാടൻ മത്സ്യ ബന്ധന മേഖലയായി പ്രഖ്യാപിക്കുക. ജലഭദ്രതാപദ്ധതി എല്ലാ പഞ്ചായത്തുകളിലും ഒരു ജലഭദ്രതാപദ്ധതി വികസിപ്പിച്ചെടുത്ത് നടപ്പാക്കാൻ കേരളത്തിന് ഇനിയും നേരം കളയാനില്ല. അത്തരമൊരു പദ്ധതിക്ക് താഴെ പറയുന്ന 5 ഘടകങ്ങൾ. • നിർബന്ധിതമായ മഴവെള്ളസംഭരണം • ഉപരിതല ജല മാനേജ്മെന്റ് • ഭൂഗർഭ ജലസംരക്ഷണം • മലിനജല ശുദ്ധീകരണവും റീസൈക്ലിങ്ങും. കടൽവെള്ളം ഉപയോഗപ്പെടുത്തൽ കടൽവെള്ളം ലോക ജലവിഭവങ്ങളുടെ 97 ശതമാനം വരും. കടൽവെള്ളമുപയോഗിച്ചുള്ള കൃഷിയും സമുദ്രവിതാനത്തിലും താഴെയുള്ള കൃഷിയും പ്രോത്സാഹിപ്പിക്കണം.  പാരിസ്ഥിതിക ഘടകങ്ങൾ സാമ്പത്തിക ഇടപാടുകളുമായി സംയോജിപ്പിക്കണം. എങ്കിലേ ഇന്നുണ്ടായ സാഹചര്യം ഒഴിവാക്കാൻ പറ്റൂ. കുടിവെള്ളം അതീവപ്രാധാന്യമുള്ള ഒന്നായി മാറിയിരിക്കുന്നു. താഴെ പറയുന്ന കാര്യങ്ങളിൽ വേണ്ട ഊന്നൽ നൽകണം. • ഭൂഗർഭജലത്തിന്റെ അമിതചൂഷണം അവസാനിപ്പിക്കുക. • വെള്ളത്തിന്റെ ഗുണനിലവാരവും  പേയക്ഷമതയും ഉറപ്പാക്കുക. Read on deshabhimani.com

Related News