ഭിന്നിപ്പുകൾ മറന്ന‌് കൈകോർക്കാം1924 ജൂലൈ മാസത്തിലാണ് (കൊല്ലവർഷം 1099 കർക്കടകം) മലയാളക്കരയെ വാരിവിഴുങ്ങിയ ഒരു മഹാപ്രളയമുണ്ടായത്. 94 ആണ്ടുകൾക്കിപ്പുറം 2018 ആഗസ‌്ത‌് മൂന്നാംവാരത്തിൽ മറ്റൊരു മഹാപ്രളയത്തിനും കേരളം സാക്ഷിയായി. രണ്ട് വെള്ളപ്പൊക്കങ്ങളിലും കഷ്ടനഷ്ടങ്ങൾ അനുഭവിക്കേണ്ടിവന്ന പ്രദേശങ്ങൾ ഏതാണ്ടെല്ലാം ഒന്നുതന്നെയായിരുന്നു. ശാസ്ത്രസാങ്കേതിക മികവുകളും ഭൗതികസൗകര്യങ്ങളുടെ വൈപുല്യങ്ങളും പരിഗണിച്ചാൽപ്പോലും 1924ൽ വർഷിച്ച പേമാരിയേക്കാൾ 2018ലെ പെരുമഴ ശക്തമായിരുന്നിട്ടും അന്നത്തെയും ഇന്നത്തെയും ജനസംഖ്യയും വാസകേന്ദ്രങ്ങളുടെ വ്യാപ്തിയും പ്രകൃതിസൗഹൃദാവസ്ഥയുടെ തോതും തുലനംചെയ്ത‌് നോക്കുമ്പോൾ ഇപ്പോഴുണ്ടായ പ്രളയത്തിൽ  ജീവഹാനിയും നാശനഷ്ടവും താരതമ്യേന കുറഞ്ഞത് യാദൃച്ഛികമായിട്ടല്ലെന്ന് കാണാനാകും. ചെറുതും വലുതുമായ നിരവധി ഡാമുകൾ നിർമിക്കപ്പെട്ടതും അവയിൽ വെള്ളം കെട്ടിനിർത്താനുള്ള സൗകര്യമുണ്ടായതും ഭരണകൂടത്തിന്റെ കൃത്യമായ ഇടപെടൽമൂലമാണെന്ന കാര്യം പകൽവെളിച്ചംപോലെ വ്യക്തമാണ്. കഴിഞ്ഞ 94 വർഷത്തിനിടയിൽ സ്വാഭാവികതകൊണ്ടും മനുഷ്യന്റെ ചൂഷണാത്മകമായ ഇടപെടൽമൂലവും അനേകം മാറ്റങ്ങൾ കേരളത്തിന്റെ പ്രകൃതിയിലുണ്ടായിട്ടുണ്ട്. ഒരു നിശ്ചിത അളവ് വെള്ളം 1924നുശേഷം നിർമിച്ച ഡാമുകളിൽ സംഭരിക്കാനുള്ള സൗകര്യം ഒരുക്കാനായത് ദുരിതങ്ങളുടെ തീവ്രത കുറയാനിടയാക്കിയിട്ടുണ്ട്. അല്ലായിരുന്നുവെങ്കിൽ പ്രളയശേഷം കേരളം ഈ രൂപത്തിൽ ഉണ്ടാകുമായിരുന്നില്ലെന്ന‌് ഉറപ്പാണ്. ഡാമുകൾ മുന്നറിയിപ്പില്ലാതെ തുറന്നതുകൊണ്ടാണ് പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയതെന്ന് പ്രചരിപ്പിക്കുന്നവർ ഏറ്റവും ചുരുങ്ങിയത് ആഗസ‌്ത‌് പത്തിനും ഇരുപതിനുമിടയിലുള്ള പത്ര‐ദൃശ്യ‐ശ്രാവ്യ മാധ്യമങ്ങളിൽ വന്ന വാർത്തകൾ എന്തേ ശ്രദ്ധിക്കാതെ പോയി? ഡാം തുറക്കുന്നതിന്റെ രണ്ടോ മൂന്നോ ദിവസങ്ങൾക്കുമുമ്പുമുതലേ ഡാമിൽനിന്ന് വെള്ളം ഒഴുക്കിവിടാൻ പോകുന്നുവെന്നുള്ള വാർത്തകൾ എല്ലാ മാധ്യമങ്ങളും മത്സരിച്ച് കൊടുത്തുകൊണ്ടിരുന്നു. ഓരോ ഷട്ടർ തുറക്കുമ്പോഴും വെള്ളത്തിന്റെ ഒഴുക്ക് സൃഷ്ടിക്കുന്ന ഭീമാകാരത ദൃശ്യങ്ങൾ സഹിതം ചാനലുകൾ സംപ്രേഷണം ചെയ്തു. ഈ മലവെള്ളപ്പാച്ചിൽ ഇത്ര മണിക്കൂറിനുള്ളിൽ ഏതൊക്കെ പ്രദേശങ്ങളിലൂടെ കടന്നുപോകുമെന്നും വാർത്താവതാരകർ ഇടതടവില്ലാതെ പറഞ്ഞുകൊണ്ടിരുന്നു. ഇതിനുപുറമെ വില്ലേജുകൾ കേന്ദ്രീകരിച്ച് മൈക്ക് കെട്ടിയ വാഹനങ്ങളിൽ കാര്യങ്ങളുടെ ഗൗരവം അധികൃതർ ജനങ്ങളെ അറിയിക്കുകയും ചെയതിരുന്നു. എന്നിട്ടും വില്ലേജ് ഓഫീസർമാർ ഓരോ വീട്ടിലുമെത്തി ഓരോരുത്തരെയും വിളിച്ച് പ്രത്യേകം പ്രത്യേകം പറഞ്ഞില്ലെന്ന് കുറ്റപ്പെടുത്തുന്നതിൽ എന്തർഥമാണുള്ളത്? വിമർശിക്കാൻവേണ്ടിയുള്ള വിമർശമെന്നല്ലാതെ ഇതിനെയൊക്കെ മറ്റെന്താണ് വിശേഷിപ്പിക്കുക? യുദ്ധമുഖത്ത് അതിനിർണായക ഘട്ടത്തിലൂടെ തന്റെ സൈന്യം കടന്നുപോകുമ്പോൾ പട്ടാളക്കാർക്ക് ആത്മവീര്യം പകർന്നുനൽകി അവരെ ആവോളം ഉത്തേജിപ്പിച്ച് മുന്നിൽനിന്നു നയിക്കുന്ന സമർഥനായ പടനായകന്റെ റോളിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിലകൊണ്ടത്. ആകാശം ഇടിഞ്ഞുവീണാലും അതിനുമുകളിലൂടെ നമുക്ക് നടക്കാമെന്ന ആ ഭാവവും ശരീരഭാഷയുമുണ്ടല്ലോ അത് അഹങ്കാരത്തിന്റേതല്ല ആത്മധൈര്യത്തിന്റേതാണെന്ന‌് ‘പലരും' തിരിച്ചറിഞ്ഞ നാളുകൾകൂടിയായിരുന്നു കടന്നുപോയത്. പ്രകൃതി തീർത്ത അത്യന്തം ക്ഷോഭജനകമായ സ്ഥിതിവിശേഷത്തെ ഒട്ടും കൂസലില്ലാതെ നേരിട്ട് കൂടെയുള്ളവർക്ക് ഉത്തേജനം നൽകി മലയാളക്കരയെ വഴിനടത്താൻ ഒരു നേതാവും, ദുരിതപർവം താണ്ടിക്കടക്കാൻ സർവഭിന്നതകളും മറന്ന് ജനങ്ങൾ പ്രകടിപ്പിച്ച അതിശയിപ്പിക്കുന്ന ഐക്യബോധവുമാണ് ചരിത്രത്തിൽ തുല്യതയില്ലാത്ത  ഉയിർത്തെഴുന്നേൽപ്പിനാധാരമെന്ന് രേഖപ്പെടുത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു. നാടിനെ സമ്പൂർണമായി മുക്കിക്കൊല്ലാൻമാത്രം ശക്തമായിരുന്ന ഒരു മഹാദുരന്തത്തെ കേരളം അതിജീവിച്ചത് ലോകം അത്ഭുതത്തോടെയാണ്  നോക്കിക്കാണുന്നത്. മലയാളിയുടെ ഐക്യം ഏവരാലും പ്രകീർത്തിക്കപ്പെട്ടിരിക്കുന്നു. തർക്കിച്ചും വിവാദങ്ങളുണ്ടാക്കിയും സമയം കളയേണ്ട സമയമല്ലിത്. തകർന്നടിഞ്ഞ സ്വപ്നങ്ങളും ശേഷിപ്പുകളും അടുക്കിവച്ച് പുനർനിർമാണത്തിൽ വ്യാപൃതരാകേണ്ട നിർണായക ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. 2018ലെ പ്രളയം മനുഷ്യസൃഷ്ടിയാണെന്ന് വിളിച്ചുകൂവി സ്വയം പരിഹാസ്യരാകാൻ ആർക്കും കഴിയും. എന്നാൽ, ക്രിയാത്മകമായി ഇടപെടാനും ജനങ്ങളെ ധീരമായി വഴിനടത്താനും അർപ്പണബോധവും  ദീർഘവീക്ഷണവും ഉള്ളവർക്കേ സാധിക്കൂ. ആരുടെയും പങ്ക് ചെറുതല്ല. രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായ കടലിന്റെ മക്കളുൾപ്പെടെ പതിനായിരക്കണക്കിന് വരുന്ന ഔദ്യോഗികവും അല്ലാത്തവരുമായ നല്ല മനുഷ്യർക്കുനേരെ തിരിഞ്ഞ് ‘ആരാധനയോടെ’ നമുക്കൊന്ന് കൈകൂപ്പാം. ആപൽഘട്ടത്തിൽ സഹായഹസ്തം നീട്ടിയ സ്വദേശത്തും വിദേശത്തുമുള്ള ഭരണകർത്താക്കളോടും സുമനസ്സുകളോടും പ്രവാസി സുഹൃത്തുക്കളോടും സർവാദരങ്ങളോടെ നമുക്കൊരു നമസ്കാരം പറയാം. ഇനി നമ്മുടെ മുന്നിൽ ഒരേയൊരു ലക്ഷ്യമേയുള്ളൂ; അത് നവകേരളത്തിന്റെ സൃഷ്ടിയാണ്. ആ വഴിയിൽനിന്ന് വ്യതിചലിക്കുന്ന ഒന്നും ആരുടെയും ഭാഗത്തുനിന്നുണ്ടാകാതെ നോക്കണം, വിശ്വാസംകൊണ്ടും രാഷ്ട്രീയംകൊണ്ടും ജാതിമതചിന്തകൾകൊണ്ടും നാമേത് ധാരയിലാണെങ്കിലും ശരി. ഭിന്നിപ്പ് നമ്മെ തകർക്കുകയും, ഐക്യം ലോകത്തിന്റെ നെറുകയിൽ നമ്മളെ എത്തിക്കുകയും ചെയ്യും. വരൂ, ഉടലും മസ്തിഷ്കങ്ങളുംകൊണ്ട് വെവ്വേറെയെങ്കിലും മനസ്സുകൊണ്ട‌് നമുക്കൊന്നാകാം. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാം. Read on deshabhimani.com

Related News