ചരിത്ര വിധിഉഭയസമ്മതപ്രകാരമുള്ള സ്വവർഗരതി ഇനിമുതൽ കുറ്റകരമല്ലെന്ന‌് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച‌് അസന്ദിഗ‌്ധമായി പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377‐ാം വകുപ്പാണ‌്‌ സ്വവർഗരതിയെ കുറ്റകരമായി നിർവഹിച്ചിട്ടുള്ളത‌്. ഇന്ത്യൻ ഭരണഘടന നിലവിൽവന്നപ്പോൾ, ഭരണഘടനാമൂല്യങ്ങൾക്ക‌് വിരുദ്ധമായ ഒട്ടേറെ നിയമങ്ങൾ അസാധുവാക്കപ്പെട്ടിരുന്നു. എന്നാൽ, വ്യക്തികളുടെ ലൈംഗിക അഭിരുചിയനുസരിച്ച‌് വിവേചനം കൽപ്പിച്ചുവന്ന പീനൽ കോഡിലെ 377‐ാം വകുപ്പ‌് ഇക്കാലമത്രയും നിലനിൽക്കുകയായിരുന്നു. 2009ൽ ഡൽഹി ഹൈക്കോടതിയിൽ ‘ഭരണഘടനാപരത’ ചോദ്യംചെയ്യപ്പെട്ടുനൽകിയ ഹർജിയിൽ രണ്ടംഗ ബെഞ്ച‌് 377‐ാം വകുപ്പ‌് ഭരണഘടനാപരമല്ലെന്ന‌് വിധിക്കുകയുണ്ടായി. എന്നാൽ, 2013ൽ സുപ്രീംകോടതി ഹൈക്കോടതിവിധി അസാധുവാക്കി. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത‌് പാർലമെന്റാണെന്ന‌് അഭിപ്രായപ്പെടുകയുണ്ടായി. സുപ്രീംകോടതി വിധി പുനഃപരിശോധിക്കാൻ നൽകിയെങ്കിലും അത‌് തള്ളപ്പെട്ടു. പിന്നീട‌് ഫയൽ ചെയ്യപ്പെട്ട ക്യുറേറ്റീവ‌് ഹർജിയിലൂടെയാണ‌് വിഷയം ഭരണഘടനാ ബെഞ്ചിന‌് കൈമാറാൻ തീരുമാനിച്ചത‌്. ഇതിനിടയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട രണ്ട‌് സുപ്രധാനവിധികൾ വരുകയുണ്ടായി. 2014ൽ ട്രാൻസ‌്ജെൻഡേഴ‌്സിന്റെ അവകാശങ്ങൾ അംഗീകരിച്ചുകൊണ്ടും 2017ലെ വ്യക്തിയുടെ സ്വകാര്യത മൗലിക അവകാശമായി വിധിച്ചുകൊണ്ടുമുള്ള വിധിപ്രസ‌്താവങ്ങൾ. മേൽപറഞ്ഞ വിധികളിൽനിന്നുതന്നെ സുപ്രീംകോടതി ഈ കാര്യത്തിൽ എടുക്കാൻ പോകുന്ന നിലപാടിന്റെ രൂപരേഖ പുറത്തുവന്നു. അതുകൊണ്ടാകണം ഇന്നത്തെ ആഭ്യന്തരമന്ത്രിയായ രാജ‌്നാഥ‌് സിങ‌്, ഉത്തർപ്രദേശ‌് മുഖ്യമന്ത്രി യോഗി ആദിത്യനാഥ‌് തുടങ്ങിയവരുടെ എതിർപ്പുകൾ ഉണ്ടായിട്ടും കേന്ദ്ര ഗവൺമെന്റ‌് ഇക്കാര്യത്തിൽ ഒരു നിലപാടില്ലെന്ന‌് സുപ്രീംകോടതിയെ അറിയിച്ചത‌്. വിശ്വഹിന്ദു പരിഷത്തിന്റെ നിലപാട‌നുസരിച്ച‌് 377‐ാം വകുപ്പ‌് അസാധുവാക്കപ്പെട്ടാൽ മനുഷ്യൻ മൃഗസമാനമാകുമെന്ന‌് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച‌് 377‐ാം വകുപ്പ‌് നിയമാനുസരണമാണെന്ന‌് പറഞ്ഞതിനുശേഷം പാർലമെന്റിൽ വിധി മറികടക്കാൻ ഒരു സ്വകാര്യബിൽ അവതരിപ്പിച്ചിട്ടുണ്ടായിരുന്നുവെങ്കിലും അത‌് എങ്ങുമെത്തിയില്ല. മേൽപറഞ്ഞ നീണ്ട നിയമസമരങ്ങൾക്കൊടുവിലാണ‌് ഇപ്പോൾ ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നിട്ടുള്ളത‌്. വ്യക്തിക്ക‌് തന്റെ പുറത്തുള്ള പരിപൂർണ അവകാശം അത‌് വ്യക്തിയുടെ ലൈംഗിക അഭിരുചിക്കനുസരിച്ച‌് സന്തോഷത്തോടെ ജീവിക്കാനുള്ള അവകാശമായാണ‌് സുപ്രീംകോടതി ഇപ്പോൾ വിലയിരുത്തിയിട്ടുള്ളത‌്. 150 വർഷം മുമ്പ‌് നിലവിൽവന്ന വിക്ടോറിയൻ സദാചാരബോധത്തിന്റെ പ്രതീകമായ 377‐ാം വകുപ്പ‌് സ്വാതന്ത്ര്യത്തിനുശേഷം ആറ‌് പതിറ്റാണ്ടുകൾക്കിപ്പുറവും നിലനിൽക്കുന്നതായിക്കണ്ട‌് കോടതി അത്ഭുതപ്പെട്ടു. നമ്മുടെ ഭരണഘടനാസ്ഥായിയായ ഒരു പ്രമാണമല്ലെന്നും കാലത്തിനൊത്ത‌് വികസിച്ചുകൊണ്ടിരിക്കുന്ന പുരോഗമനമൂല്യങ്ങൾക്കനുസരിച്ച‌് മാറുന്ന ജീവനുള്ള ഒരു രേഖയാണെന്നും സുപ്രീംകോടതി ഈ വിധിന്യായത്തിൽ എടുത്തുപറയുന്നു. ഭൂരിപക്ഷ അഭിപ്രായമോ അതിലൂന്നിനിന്നിട്ടുള്ള പൊതു സദാചാരബോധമോ അല്ല ഭരണഘടനയെ വ്യാഖ്യാനിക്കാൻ സ്വീകരിക്കേണ്ട സമീപനം. ഭരണഘടനാമൂല്യങ്ങളുടെ മുമ്പിൽ ജാതി, മത, ഭൂരിപക്ഷ അഭിപ്രായങ്ങൾ എപ്പോഴും വഴിമാറിക്കൊടുക്കേണ്ടിവരും. സാമൂഹ്യ സദാചാരബോധം എന്നത‌് നിർവചിക്കപ്പെട്ട ഒരു പദമല്ല. സ‌്റ്റേറ്റിന‌് പൗരന്റെ കിടപ്പുമുറിയിൽ എത്തിനോക്കാനുള്ള അവകാശവുമില്ല. ലൈംഗികബന്ധം എന്നത‌് സന്താനോൽപ്പാദനം എന്ന ഒറ്റ ലക്ഷ്യത്തിൽ ഊന്നിനിന്നുകൊണ്ടുള്ള സദാചാരബോധമല്ല നാം സ്വീകരിക്കേണ്ടത‌്. ലൈംഗികബന്ധം ആനന്ദദായകമായിരിക്കണം. അത‌് സ്വവർഗരതിയായാലുമോ  മറ്റു രീതിയിലുള്ള രതിക്രീഡകളാണെങ്കിലുമോ അപരന്റെ അവകാശങ്ങളെ ഹനിക്കാതെ സ്വകാര്യ ഇടങ്ങളിലെ ലൈംഗികബന്ധങ്ങൾ ഭരണഘടനാനുസൃതമാകുന്നു. കാലഘട്ടത്തിനനുസരിച്ചുള്ള വിധിയായി നാം ഇതിനെ വിലയിരുത്തേണ്ടതാണ‌്. ഭൂരിപക്ഷ അഭിപ്രായങ്ങളോ ഭൂരിപക്ഷം നിർവചിക്കുന്ന സദാചാരമാനദണ്ഡങ്ങളോ അല്ല, നമ്മുടെ സമൂഹത്തെ മുന്നോട്ട‌് നയിക്കേണ്ടത‌്. മറിച്ച‌് എന്നെന്നേക്കും നിലനിൽക്കുന്ന ഭരണഘടനാമൂല്യങ്ങളാണ‌് നമ്മെ നയിക്കേണ്ടതെന്ന‌് വിധി ഊന്നിപ്പറയുന്നു. Read on deshabhimani.com

Related News