രാഷ്ട്രപതിയുടെ ഉൽക്കണ്ഠകേരളം സന്ദർശിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെ ചില ഭാഗങ്ങളിലുണ്ടാകുന്ന രാഷ്ട്രീയ ആക്രമണങ്ങളിൽ ഉൽക്കണ്ഠ പ്രകടിപ്പിച്ചത് ഗൗരവമുള്ളതാണ്. സംവാദവും അഭിപ്രായങ്ങൾ പരസ്പരം മാനിക്കുന്നതുമാണ് പൊതുവിൽ കേരളസമൂഹമെന്ന് നിരീക്ഷിച്ച രാഷ്ട്രപതി, അതിന് വിരുദ്ധമായി രാഷ്ട്രീയ ആക്രമണങ്ങളുണ്ടാകുന്നത് വിരോധാഭാസമാണെന്നാണ് അഭിപ്രായപ്പെട്ടത്. ഈ വിഷയം നിയമസഭയും കേരളവും ഗൗരവമായി പരിഗണിക്കണമെന്ന രാഷ്ട്രപതിയുടെ നിർദേശത്തെ സിപിഐ എം സ്വാഗതം ചെയ്യുന്നു. നിയമസഭയുടെ വജ്രജൂബിലി ആഘോഷ സമാപനമായ 'ജനാധിപത്യത്തിന്റെ ഉത്സവം' തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം ആക്രമണരാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചത്. കേരളത്തിൽ ചില ഭാഗങ്ങളിൽ രാഷ്ട്രീയ ആക്രമണങ്ങൾ ഉണ്ടാകുന്നതിൽ രാഷ്ട്രപതി അസന്തുഷ്ടി പ്രകടിപ്പിച്ച സമയത്ത് കാസർകോട‌് ജില്ലയിലെ ഉപ്പളയിൽ സിപിഐ എം പ്രവർത്തകൻ അബൂബക്കർ സിദ്ദിഖിനെ ആർഎസ്എസുകാർ കൊലപ്പെടുത്തിയതിന്റെ ചോര ഉണങ്ങിയിരുന്നില്ല. ഞായറാഴ്ച രാത്രി വീട്ടിലേക്ക് പോകുകയായിരുന്ന സിദ്ദിഖിനെ ബിജെപി‐ ആർഎസ്എസ് അക്രമിസംഘം ബൈക്കിലെത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. അതായത് ഏകപക്ഷീയമായ ആക്രമണവും കൊലപാതകവും. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കൊല്ലപ്പെടുന്ന 17‐ാമത്തെ സിപിഐ എം പ്രവർത്തകനാണ് സിദ്ദിഖ്. ഒരുഭാഗത്ത് മുസ്ലിം തീവ്രവാദ സംഘടനയായ എസ്ഡിപിഐയും മറുവശത്ത് ആർഎസ്എസും കൊലപാതകങ്ങൾ നടത്തി നാട്ടിൽ കലാപമുണ്ടാക്കാൻ പരിശ്രമിക്കുകയാണ്. എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർഥി അഭിമന്യുവിനെ എസ്ഡിപിഐ അക്രമിക്കൂട്ടം അരുംകൊല ചെയ്തതിന്റെ നൊമ്പരം മാറുംമുമ്പാണ് ഇരുപത്തിമൂന്നുകാരനായ സിദ്ദിഖിനെ കാവിസംഘം വകവരുത്തിയത്. ഇതിനും കുറച്ച് ദിവസങ്ങൾക്കുമുമ്പാണ് മാഹി പള്ളൂരിലെ കണ്ണിപ്പൊയ്യിൽ ബാബു എന്ന സിപിഐ എം പ്രവർത്തകനെ ആർഎസ്എസുകാർ മൃഗീയമായി കൊലപ്പെടുത്തിയത്. കേരളത്തിലാകമാനം സംഘർഷം സൃഷ്ടിച്ച് കലാപഭൂമിയാക്കാനാണ് ആർഎസ്എസും എസ്ഡിപിഐയും ആഗ്രഹിക്കുന്നത്. ഇത്തരം ശക്തികളെ പേരെടുത്തുപറഞ്ഞ് അപലപിക്കാൻ രാഷ്ട്രപതിക്ക‌് പരിമിതികളുണ്ടാകാം. പ്രത്യേകിച്ച് രാഷ്ട്രപതിക്കസേരയിലെത്തിയത് ആർഎസ്എസിന്റെ പ്രതിനിധിയായിട്ടായതിനാൽ. എങ്കിലും ഉപ്പള കൊലപാതകം നടന്ന വേളയിൽത്തന്നെ ആക്രമണരാഷ്ട്രീയത്തിന് താക്കീത് നൽകിയത് ക്രിയാത്മകമാണ്. കേരളത്തിന്റെ സാമൂഹ്യവികസനത്തിന് ഒരു സംഭാവനയും നൽകാത്തവരാണ് ആർഎസ്എസുകാർ. അതേസമയം, സംസ്ഥാനത്തുടനീളം വർഗീയക്കുഴപ്പം സൃഷ്ടിച്ച് സ്വാധീനം വളർത്താൻ ഇറങ്ങിയിരിക്കുന്ന കൂട്ടരുമാണ്. കേരള സംസ്ഥാന രൂപീകരണത്തെ എതിർക്കുന്നതിനും വിമോചനസമരത്തെ പിന്തുണയ്ക്കുന്നതിനും ആർഎസ്എസ് മുൻപന്തിയിലായിരുന്നു. 1971ലെ തലശേരി കലാപത്തിലും നിലയ്ക്കൽ പ്രശ്നത്തിലുമെല്ലാം പ്രതിക്കൂട്ടിലുള്ള സംഘടനയാണ് ആർഎസ്എസ‌്. പൂന്തുറ കലാപം ഉൾപ്പെടെ കേരളത്തിൽ നടന്ന വർഗീയക്കുഴപ്പങ്ങൾക്ക് ഇവരുടെ പങ്ക് ചെറുതല്ല. എസ്ഡിപിഐ ആകട്ടെ ആർഎസ്എസിന്റെ അതേവിനാശകരമായ പങ്കാണ് നിർവഹിക്കുന്നത്. ജനങ്ങളുടെ ഇടയിൽ വിദ്വേഷം സൃഷ്ടിച്ചുമാത്രമേ വർഗീയപ്രസ്ഥാനങ്ങൾക്ക് വളരാൻ കഴിയൂ. അതിനാൽ യഥാർഥ ജനകീയപ്രശ്നങ്ങൾക്കുപകരം വർഗീയസംഘർഷങ്ങളെയും കൊലപാതകങ്ങളെയും ആശ്രയിച്ച് പ്രവർത്തനം നടത്തുന്ന ശൈലിയാണ് ഇക്കൂട്ടർ സ്വീകരിച്ചിട്ടുള്ളത്. ഇതേസമയം രണ്ടുകൂട്ടരും ഇല്ലാത്ത 'മാർക്സിസ്റ്റ് അക്രമ' മുറവിളി മുഴക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ ഇവരെ സഹായിക്കാൻ കോൺഗ്രസ‌് നയിക്കുന്ന യുഡിഎഫുണ്ട്്. ഈ യാഥാർഥ്യങ്ങൾ രാഷ്ട്രപതി മനസ്സിലാക്കണമെന്ന അഭ്യർഥനയാണ് ഞങ്ങൾക്കുള്ളത്. അഡ്വ. പി എസ് ശ്രീധരൻപിള്ള ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ വേളയിലായിരുന്നല്ലോ രാഷ്ട്രപതിയുടെ കേരള സന്ദർശനം. രാഷ്ട്രപതിയുടെ അഭ്യർഥന മാനിച്ച് ആക്രമണരാഷ്ട്രീയത്തിൽനിന്ന‌് സ്വന്തം പ്രവർത്തകരെയും നേതാക്കളെയും പിന്തിരിപ്പിക്കാൻ ശ്രീധരൻപിള്ള നടപടിയെടുക്കുമോ? സമാധാനം നിലനിൽക്കുന്ന ഉത്തരകേരളത്തിൽ മനഃപ്പൂർവം കുഴപ്പം സൃഷ്ടിക്കാനിറങ്ങിയ അക്രമികളെ  ഒറ്റപ്പെടുത്താൻ ബിജെപി സംസ്ഥാന അധ്യക്ഷൻ മുന്നോട്ടുവരുമോ. കേന്ദ്ര ഭരണകക്ഷിയുടേതിൽനിന്നു തീരെ ഭിന്നമായ അഭിപ്രായങ്ങൾ രാഷ്ട്രപതിമാരിൽനിന്ന‌് പ്രതീക്ഷിക്കാവുന്നതല്ല. പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പുതിയ രാഷ്ട്രപതിയും ഒരേ തത്വസംഹിതയുടെ പ്രതിനിധികളായിരിക്കുമ്പോൾ. അതൊക്കെയാണെങ്കിലും ദളിത് മേലങ്കി രാഷ്ട്രപതിക്ക‌് ഭരണപക്ഷം ചാർത്തിയിട്ടുണ്ട്. അതിനാൽ പട്ടികജാതി‐ വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്ന വിഷയത്തിൽ താൽപ്പര്യം കാട്ടുന്നത് ഉചിതമാകും. എസ്സി‐എസ്ടി നിയമം ദുർബലപ്പെടുത്തിയ സുപ്രീംകോടതി വിധി മറികടക്കാൻ വലിയ ബഹുജനപ്രക്ഷോഭത്തെതുടർന്ന് കേന്ദ്രസർക്കാർ നിയമഭേദഗതി പാർലമെന്റിൽ കൊണ്ടുവന്നു. ഭാവിയിലെ കോടതി ഇടപെടലിൽനിന്ന‌് രക്ഷിക്കാൻ നിയമത്തെ ഒമ്പതാംപട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സിപിഐ എം ഉന്നയിച്ചു. അതിനെ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ പിന്തുണച്ചു. എസ്സി‐എസ്ടി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമം അനുസരിച്ച് കേസെടുക്കുമ്പോൾ അന്വേഷണശേഷമേ അറസ്റ്റ് പാടുള്ളൂ എന്നതടക്കം പുതിയ പല വ്യവസ്ഥകളും സുപ്രീംകോടതി അടുത്തിടെ കൊണ്ടുവന്നു. ഇതിനെതിരെ ദളിത് സംഘടനകളും ഇടതുപക്ഷ പാർടികളും ശക്തമായി രംഗത്തുവന്നു. ഭാരത് ബന്ദ് നടന്നു. എന്നിട്ടും കേന്ദ്രസർക്കാർ അനങ്ങിയില്ല. ആഗസ‌്തിൽ വീണ്ടും ഭാരത് ബന്ദ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രം പാർലമെന്റിൽ ഭേദഗതിനിയമം കൊണ്ടുവന്നത്. പക്ഷേ, ഈ നിയമം ഭരണഘടനയുടെ ഒമ്പതാംപട്ടികയിൽ ഉൾപ്പെടുത്തുന്നില്ലെങ്കിൽ നിയമം പാഴായിക്കൂടായ്കയില്ല. ഇക്കാര്യത്തിൽ ഉചിതമായ സമയത്ത് കേന്ദ്രസർക്കാരിന് ഉപദേശം നൽകാൻ രാഷ്ട്രപതി തയ്യാറാകുമോയെന്നത് രാഷ്ട്രം ഉറ്റുനോക്കുന്ന വിഷയമാണ്. കേരളത്തിലെ ചില പ്രദേശങ്ങളിലുണ്ടാകുന്ന രാഷ്ട്രീയ ആക്രമണങ്ങളിൽ ഉൽക്കണ്ഠ പ്രകടിപ്പിച്ച രാഷ്ട്രപതി, വടക്കെ ഇന്ത്യയിൽ ഉൾപ്പെടെ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളും വർഗീയക്കുഴപ്പങ്ങളും കാണാതിരുന്നുകൂടാ. ശ്രീരാമന്റെ പേരിൽ എത്രയെത്ര വർഗീയക്കലാപങ്ങളുണ്ടാക്കി. ആ ശൈലി ഇപ്പോഴും തുടരുകയല്ലേ. രാമജന്മഭൂമിപ്രശ്നം, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് സജീവമാക്കണമെന്ന ചിന്ത ഹിന്ദുത്വശക്തികളിൽ പ്രബലമാണ്. മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഒരു മതത്തിൽ എന്തിനാണ്  ശ്രീരാമനെ മുഖ്യസ്ഥാനത്ത് അവരോധിക്കുന്നത്. വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ശ്രീരാമ പഠനത്തിന് വിദ്യാലയങ്ങളിൽ പദ്ധതിയുമായി മാനവവിഭവശേഷിമന്ത്രാലയം മുന്നോട്ടുവന്നിരുന്നു. അന്ന് അതിനെ എതിർക്കാൻ കലൈഞ‌്ജർ കരുണാനിധി മുന്നോട്ടുവന്നത് ഈ വേളയിൽ സ്മരിക്കേണ്ടതാണ്. രാമന്റെ പേരിൽ രാവണനെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാവണനെ അപമാനിക്കുന്നത‌്, തന്നെ അപമാനിക്കുന്നതിനുതുല്യമാണെന്നും കരുണാനിധി അന്ന് വ്യക്തമാക്കി. രാവണനെ നായകനും രാമനെ പ്രതിയോഗിയായും കാണുന്ന കാഴ്ചപ്പാടാണ് ദ്രാവിഡ സംസ്കാരത്തിന്റേത്. അതായിരുന്നു കരുണാനിധി മുറുകെ പിടിച്ചത്. നല്ലവനായ രാമൻ, ദുഷ്ടനായ രാവണൻ എന്ന വികൃതമായ പുരാണവ്യാഖ്യാനത്തെ നിരാകരിച്ച ദ്രാവിഡസംസ്കാരംകൂടി ഉൾച്ചേർന്നതാണ് ഇന്ത്യൻ സംസ്കാരം. ഈ ബഹുസ്വരതയുടെ മണ്ണിലാണ് ശ്രീരാമജന്മഭൂമിയുടെ പേരിൽ വർഗീയക്കുഴപ്പങ്ങൾ ഇപ്പോഴുമുണ്ടാക്കുന്നത്. ഇതിന് അവസാനം കുറിക്കാനുള്ള ആഹ്വാനമാണ് രാഷ്ട്രപതിയിൽനിന്നും ഉണ്ടാകേണ്ടത്. ആരെങ്കിലും പശുവിനെ കടത്തിക്കൊണ്ടുപോകുകയോ കൊല്ലുകയോ ചെയ്താൽ ആ ആൾ കൊല്ലപ്പെടണമെന്നാണ് ബിജെപി നേതാക്കൾ പ്രഖ്യാപിക്കുന്നത്. പശുവിന്റെയും രാമന്റെയും പേരിൽ കൊല നടത്തുന്നവരെ മഹാന്മാരായി കാണുകയാണ്. ഗോരക്ഷ, സദാചാര പൊലീസിങ്, ലൗ ജിഹാദ് തുടങ്ങിയവയുടെ പേരിൽ ഒരുഡസൻ സംസ്ഥാനങ്ങളിലാണ് 46 ആൾക്കൂട്ട കൊലപാതകങ്ങൾ കഴിഞ്ഞ നാലുവർഷത്തിനിടയിൽ നടന്നത്. കേന്ദ്ര﹣ സംസ്ഥാന ബിജെപി സർക്കാരുകളുടെ തണലിലുള്ള സ്വകാര്യ അക്രമിസംഘങ്ങളാണ് ഈ കാപാലികത്വം നടത്തിയത്. ഒരു രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരത്തിൽ വിഷം കലർത്തുന്ന ഈ അക്രമപ്രവർത്തനങ്ങളെയും രാഷ്ട്രപതി കാണണം. കേരളത്തിലെ ചില പ്രദേശങ്ങളിൽ ചിലപ്പോൾ സംഭവിക്കുന്ന രാഷ്ട്രീയ ആക്രമണങ്ങൾക്ക് അറുതിയുണ്ടാകണമെന്ന രാഷ്ട്രപതിയുടെ അഭിപ്രായം എല്ലാ സമാധാനപ്രേമികളും മാനിക്കണം. അക്രമപ്രവർത്തനം നടത്തുന്നവരെ ഒറ്റപ്പെടുത്താൻ എൽഡിഎഫ് സർക്കാർ നടത്തുന്ന  കർമോജ്വലമായ ഭരണ‐രാഷ്ട്രീയ നടപടികളെ പിന്തുണയ്ക്കാൻ കക്ഷിഭേദമെന്യേ എല്ലാവരും മുന്നോട്ടുവരണം. Read on deshabhimani.com

Related News