മോഡിയുടെ ചങ്ങാത്ത മുതലാളിത്തവും ഗാന്ധിജിയും തമ്മിലെന്ത്?നുണകളുടെയും ചരിത്രവക്രീകരണത്തിന്റെയും പെരുമഴക്കാലത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ, ജനങ്ങൾ വിശ്വസിക്കുന്ന രീതിയിൽത്തന്നെ നുണകൾ പ്രചരിപ്പിക്കുകയോ ചരിത്രത്തെ വളച്ചൊടിക്കുകയോ ചെയ്യുന്നു. യുദ്ധവിമാന ഇടപാടിലെ രഹസ്യാത്മകതമുതൽ ‘ഗോരക്ഷകർ’ നടത്തുന്ന ആൾക്കൂട്ട കൊലപാതകങ്ങളെക്കുറിച്ചുവരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു. പെയ്തിറങ്ങുന്ന ഓരോ നുണയും, വ്യാജവാർത്തയും സാമൂഹ്യമാധ്യമങ്ങളിലെ സന്ദേശങ്ങളുമൊക്കെയായി പെരുകിപ്പരക്കുന്നു. ഓരോതവണ  ആവർത്തിക്കപ്പെടുമ്പോഴും നുണകൾ, രാക്ഷസീയമായ വിധത്തിൽ വിഷമയമാകുന്നു. രാഷ്ട്രീയ സാമൂഹിക സാംസ‌്കാരിക മേഖലകളെ സമ്പൂർണമായും മലീമസമാക്കുന്ന ഈ നുണപ്രചാരണം, നിസ്സഹായരായ സാധാരണ മനുഷ്യരുടെ ജീവനെടുക്കാൻപോലും പര്യാപ്തമാകുന്നു. ആശയക്കുഴപ്പങ്ങളും ആശങ്കകളും അവിശ്വാസങ്ങളും തെറ്റിദ്ധാരണകളുമെല്ലാം ചേർന്ന‌് സൃഷ്ടിക്കുന്ന ‘പ്രതീതി യാഥാർഥ്യങ്ങൾ’മൂലം രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നുപോലും മനസ്സിലാക്കാൻ കഴിയാത്ത സങ്കീർണ സാഹചര്യമാണ് ഒരു സാധാരണ പൗരനുമുന്നിലുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ ഭരണകൂടങ്ങളും ഭരണാധികാരികളും നടത്തുന്ന പ്രചണ്ഡമായ പ്രചാരണ കോലാഹലങ്ങളിലെ നെല്ലും പതിരും വേർതിരിക്കുകയെന്നത് ശ്രമകരമായ ദൗത്യമാവുകയും ഭരണകൂട വ്യാഖ്യാനങ്ങൾക്ക് മേൽക്കൈ ലഭിക്കുകയും ചെയ്യുന്നു. ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താവെന്ന ആരോപണത്തെ നേരിടാൻ, ബിർള കുടുംബവുമായി ഗാന്ധിജിക്കുള്ള ബന്ധത്തെ കൂട്ടുപിടിച്ച് താനും ഗാന്ധിജിയുമായി സമീകരണം നടത്തി, നരേന്ദ്ര മോഡി ചെയ്യുന്നതും ചരിത്രത്തിന്റെ വക്രീകരണവും നുണപ്രചാരണവുമടക്കമുള്ള കാര്യങ്ങൾതന്നെയാണ്. പതിറ്റാണ്ടുകൾ നീണ്ടുനിന്ന ബന്ധമാണ് മഹാത്മാഗാന്ധിയും ബിർള കുടുംബവുമായി ഉണ്ടായിരുന്നത്. 1916ലാണ് ബിർള കുടുംബത്തിലെ അംഗമായ ഘനശ്യാമദാസ് ബിർള ഗാന്ധിജിയെ കാണുന്നത്. അന്നുമുതൽ ഗാന്ധിയുടെ അവസാന നിമിഷങ്ങൾവരെയും ഇരുവരുടെയും സൗഹൃദം തുടരുകയും ചെയ്തു. തന്റെ ജീവിതത്തിലെ അവസാന നാലുമാസങ്ങളിൽ ഗാന്ധിജി താമസിച്ച ബിർള ഹൗസിൽ വച്ചാണ് അദ്ദേഹത്തിന് വെടിയേൽക്കുന്നത്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഗാന്ധിജിയുടെ പ്രവർത്തനങ്ങൾക്ക് നിരുപാധികമായ സാമ്പത്തികസഹായങ്ങൾ ജി ഡി ബിർള നൽകുകയും ചെയ്തു. സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പോ അതിനുശേഷമോ, ഭരണപരമായ ഏതെങ്കിലും  അധികാരസ്ഥാനങ്ങൾ ഗാന്ധിജി കൈയാളിയിട്ടില്ല. ഗാന്ധിയുമായുള്ള തന്റെ ബന്ധത്തെപ്പറ്റി ജി ഡി ബിർള സ്മരിക്കുന്നതിപ്രകാരമാണ്‐ ‘‘ഗാന്ധിജിയുടെ സത്യാന്യേഷണത്വരയും ആത്മാർഥതയുമാണ് എന്നെ സ്വാധീനിച്ചത്. അദ്ദേഹത്തിന്റെ ബോധ്യങ്ങളെ, എപ്പോഴും പിന്തുടരാൻ കഴിഞ്ഞില്ലെങ്കിലും അവസാനം അദ്ദേഹംതന്നെയാണ് ശരിയെന്ന വിശ്വാസം എപ്പോഴും ഉണ്ടായിരുന്നു.’ (ഗീതാ പിരാമൽ എഴുതിയ ബിസിനസ‌് ലെജന്റ്സ്). ലോകത്തിലെ മഹാന്മാരായ നിരവധി വ്യക്തികളുമായി ആഴത്തിലുള്ള സൗഹൃദവും ബന്ധങ്ങളും ഗാന്ധിജിക്കുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഏതെങ്കിലുമൊരു സൗഹൃദത്തോട് താരതമ്യം ചെയ്യാൻ കഴിയുന്നതാണോ അദാനിയും അംബാനിയും നീരവ് മോഡിയും മെഹൽ ചോക്സിയും ലളിത് മോഡിയും വിജയ് മല്യയുമൊക്കെയായുള്ള നരേന്ദ്ര മോഡിയുടെ സൗഹൃദങ്ങൾ. മേൽസൂചിപ്പിച്ച പല വ്യക്തികളും പതിനായിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തി, പൊതുമേഖല ബാങ്കുകളെയും രാജ്യത്തെത്തന്നെയും വഞ്ചിച്ച് നാടുവിട്ടവരാണ‌്. ഇവരിൽ പലർക്കും  നാടുവിട്ടുപോകാനുള്ള പ്രത്യക്ഷവും പരോക്ഷവുമായ സഹായങ്ങൾ മോഡിസർക്കാരിന്റെയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെയും കക്ഷിയിലെയും പ്രമുഖരിൽനിന്ന‌് ലഭിച്ചിട്ടുമുണ്ട‌്. എവിടെയാണ് പ്രധാനമന്ത്രീ, അങ്ങും ഗാന്ധിജിയുമായി താരതമ്യങ്ങളുള്ളത്? നരേന്ദ്ര മോഡി അധികാരത്തിൽ വന്നതിനുശേഷമുള്ള നാലുവർഷക്കാലയളവിൽ, ഇന്ത്യയിലെ വൻകിട കോർപറേറ്റുകൾക്ക‌് ലഭിച്ച നികുതിയിളവുകളും അവരുടെ വിപണിമൂല്യത്തിലുണ്ടായ വൻവർധനയും ഇന്ത്യൻ സാമ്പത്തികമേഖലയിലെ പരസ്യമായ രഹസ്യങ്ങളാണ്. നോട്ട‌് നിരോധനം നടപ്പിൽവരുന്നതിന് ദിവസങ്ങൾക്കുമുമ്പുമാത്രം നിലവിൽവന്ന ജിയോ എന്ന അംബാനിസംരംഭവും പിറക്കുന്നതിനുമുമ്പേ ശ്രേഷ്ഠപദവിയുള്ള വിദ്യാഭ്യാസസ്ഥാപനമെന്ന ‘സവിശേഷ ആദരവ്’ ലഭിച്ച ജിയോ ഇൻസ്റ്റിറ്റ്യൂട്ടടക്കം എത്രയോ ഉദാഹരണങ്ങൾ. 2014ലെ ലോക‌്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന്റെയന്ന്, നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ എൻഡിഎ അധികാരത്തിലേക്കെന്ന‌് വ്യക്തമായ ദിവസം, മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും പണപ്പെട്ടിയിലേക്ക‌് ഓഹരിക്കമ്പോളത്തിൽനിന്ന‌്  ഒഴുകിയെത്തിയത് 1.4 ബില്യൺ അമേരിക്കൻ ഡോളറാണ്. മോഡിഭരണത്തിൻകീഴിൽ (മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രധാനമന്ത്രി ആയിരിക്കുമ്പോഴുമായി) അദാനിയുടെ കമ്പനികളുടെ ഓഹരിവിലയിലുണ്ടായത് 250 ശതമാനത്തിലധികം വർധനയാണെന്ന് ബ്ലൂംബെർഗിന്റെ കണക്കുകൾ കാണിക്കുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതൽ സ്വകാര്യതുറമുഖങ്ങളുടെ ഉടമസ്ഥനും ഏറ്റവും വലിയ സ്വകാര്യ വൈദ്യുതോൽപ്പാദകനുമായി ഇക്കാലയളവിൽ അദാനി മാറി. പ്രത്യേക സാമ്പത്തികമേഖല നിയമത്തിൽ (ടഋദ 2005) 2016 ആഗസ‌്തിൽ നടത്തിയ ഭേദഗതിയിലൂടെ അദാനിയുടെ തുറമുഖക്കമ്പനിക്ക‌് 500 കോടി രൂപ കസ്റ്റംസ് നികുതിയിനത്തിൽ റീഫണ്ടായി നൽകാനുള്ള കേന്ദ്രസർക്കാർ നീക്കം ദേശീയമാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തതാണ്. അംബാനിയും അദാനിയും മാത്രമല്ല അസിം പ്രേംജി, ഉദയ്കുമാർ കൊടക്, വിനായക് ലാൽ, ലക്ഷ്മി മിത്തൽ, ഡി മാർട്ട് ഉടമ രാധാകിഷൻ ദമാനി, ശിവ്കുമാർ നടാർ തുടങ്ങി മോഡിഭരണത്തിൻകീഴിൽ വൻനേട്ടങ്ങൾ കൊയ്ത വമ്പൻ കോർപറേറ്റുകളുടെ പട്ടിക വലുതാണ്. ചെയ്യാൻ പോകുന്ന കാര്യം ശരിയാണോ തെറ്റാണോ എന്ന സംശയം ഉണ്ടാകുന്ന സന്ദിഗ‌്ധ ഘട്ടങ്ങളിൽ, ഏതൊരാൾക്കും ആശ്രയിക്കാവുന്ന ഒരു മാർഗത്തെപ്പറ്റി മഹാത്മാഗാന്ധി നിർദേശിക്കുന്നുണ്ട്. ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടുള്ള ഏറ്റവും ദരിദ്രനായ ഒരു മനുഷ്യന്റെ മുഖം സങ്കൽപ്പിക്കുക. ചെയ്യാൻ പോകുന്ന കാര്യം ആ മനുഷ്യന് ഏതെങ്കിലും രീതിയിൽ ആശ്വാസമാകുമെങ്കിൽ ചെയ്യാനുദ്ദേശിക്കുന്ന കാര്യം ശരിയാണെന്നുറപ്പിക്കാം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജീവിതത്തിലെപ്പോഴെങ്കിലും ഗാന്ധിജിയുടെ ഈ ഉപദേശം  സ്വീകരിച്ചിട്ടുണ്ടോ എന്നറിയില്ല. എന്തായാലും പ്രധാനമന്ത്രിയായശേഷം അദ്ദേഹം കൈക്കൊണ്ട നിർണായക തീരുമാനങ്ങളിലൊന്നുപോലും ഗാന്ധിജിയാൽ സ്വാധീനിക്കപ്പെട്ടിട്ടില്ലെന്നുറപ്പാണ്. രാജ്യത്തെ ആബാലവൃദ്ധം ജനങ്ങളുടെയും ജീവിതത്തെ തലകീഴായ് മറിച്ച നോട്ട‌് നിരോധനമാണെങ്കിലും ജിഎസ്ടി നടപ്പാക്കിയതാണെങ്കിലും, ജനങ്ങളോ അവരുടെ ദുരിതങ്ങളോ ഒന്നും ഈ തീരുമാനങ്ങളൊന്നും കൈക്കൊള്ളുമ്പോൾ പ്രധാനമന്ത്രിയുടെ പരിഗണനയിൽ ഉണ്ടായിരുന്നുവെന്ന് കരുതാൻ കഴിയില്ല. ഉണ്ടായിരുന്നുവെങ്കിൽ, ഈ തീരുമാനങ്ങളൊന്നുംതന്നെ ഇപ്പോൾ കാണുന്ന രൂപത്തിൽ ആയിരിക്കില്ലായിരുന്നു. എന്നിട്ടും, വൻകിട കോർപറേറ്റുകൾക്കും മുതലാളിമാർക്കും അനുകൂലമായി തന്റെ സർക്കാർ സ്വീകരിച്ച നടപടികളെ ന്യായീകരിക്കാൻ മോഡി, ഗാന്ധിജിയെ കൂട്ടുപിടിക്കുന്നു. വർത്തമാനകാലത്തിലെ ദുഷ‌്ചെയ‌്തികളെ ന്യായീകരിക്കാൻ, ചരിത്രസന്ദർഭങ്ങളെ അടർത്തിയെടുത്ത‌് ഉപയോഗിക്കുകയും ദുർവ്യാഖ്യാനം നടത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് തന്ത്രംതന്നെയാണ് ഇക്കാര്യത്തിലും പ്രയോജനപ്പെടുത്തുന്നത്. തന്റെ ഡയറിക്കുറിപ്പുകളിലൊന്നിൽ ഗീബൽസ്, ഇങ്ങനെ എഴുതുന്നു: ‘നിങ്ങളുടെ പ്രൊപ്ഗൻഡ വളരെ പരുഷമാണെന്നോ നീചമാണെന്നോ ആർക്കും പറയാൻ കഴിയില്ല. അതു നന്നായിരിക്കണമെന്നോ മാന്യമായിരിക്കണമെന്നോ വിനയാന്വിതമായിരിക്കണമെന്നോ നിർബന്ധിക്കാൻ കഴിയില്ല. ഇതൊന്നുമല്ല അതിന്റെ സവിശേഷതകൾ.അത് വിജയത്തിലേക്ക‌് നയിക്കുന്നതായിരിക്കണമെന്നതുമാത്രമാണ് പ്രധാനം '. വസ്തുത എന്താണെന്നതിലുപരി, വിജയിക്കണമെന്ന താൽപ്പര്യം മാത്രമാണ് മോഡിയെയും നയിക്കുന്നത്. വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ അവരുടെ പരമമായ ലക്ഷ്യമായി കാണുന്നത് ലാഭമുണ്ടാക്കുകയെന്നതാണ്. മുതലാളിത്ത സമ്പദ‌്‌വ്യവസ്ഥയിൽ അതൊരു കുറ്റവുമല്ല. പക്ഷേ, സർക്കാരും കോർപറേറ്റുകളും ചേർന്ന പരസ്പരസഹായ സഹകരണത്തിലൂടെ ഈ ലക്ഷ്യം നേടാൻ ശ്രമിക്കുമ്പോൾ അത് അധാർമികവും കുറ്റകരവുംതന്നെയാണ്. അത്തരം നടപടികൾക്കു കൂട്ടുനിന്ന ഭരണാധികാരികൾ, ത്യാഗത്തിന്റെയും സത്യസന്ധതയുടെയും പ്രതീകങ്ങളുമായി സ്വയം താരതമ്യപ്പെടുത്തുന്നത് അത്തരം മഹ‌ദ‌്‌വ്യക്തിത്വങ്ങളെ അപഹസിക്കുന്നതിനും അപമാനിക്കുന്നതിനും തുല്യമാണ്. ഒരുപക്ഷേ, അതുംകൂടി ഇത്തരക്കാർ ലക്ഷ്യം വയ്ക്കുന്നുണ്ടായിരിക്കാം. (വടക്കാഞ്ചേരി ശ്രീവ്യാസ എൻഎസ്എസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനാണ് ലേഖകൻ) Read on deshabhimani.com

Related News