പ്രളയം നമ്മെ പഠിപ്പിച്ചത്മനുഷ്യസമൂഹത്തിന്റെ ചരിത്രം ഇത്രമേൽ ആവേശകരമായിരിക്കുന്നത് അത് അതിജീവനത്തിന്റെ മഹാഗാഥകൾകൂടി ആയതുകൊണ്ടാണ്. ഉറ്റവരെ നഷ്ടമായതുമൂലമുള്ള നിത്യദുഃഖവും ഒരായുസ്സുകൊണ്ട് സ്വരുക്കൂട്ടിയതൊക്കെയും ഒറ്റയടിക്കില്ലാതായ ദുരിതവും സൃഷ്ടിച്ച ആഗസ‌്‌തിലെ പ്രളയം ഏതു കണ്ണീർപ്രവാഹത്തിനുംമീതെ ഉയർന്നുനിൽക്കുന്ന കൂട്ടായ്മയുടെ കരുത്തായി അടയാളപ്പെടുമെന്നതിൽ തർക്കമില്ല. കുത്തിയൊലിച്ചുവന്ന പ്രളയജലം, ലോകത്തിലെ മറ്റിടങ്ങളിലെന്നപോലെ ജനപദങ്ങളെ തുടച്ചുനീക്കുകയോ ആളുകളെ ഛിന്നഭിന്നമാക്കി പലായനം ചെയ്യിക്കുകയോ ആയിരുന്നില്ല; പകരം ഒരുമിപ്പിക്കുകയായിരുന്നു. ചേർന്നുനിൽക്കാൻ, ചേർത്തുനിർത്താൻ പഠിപ്പിക്കുകയായിരുന്നു. പുനർനിർമാണത്തിന്റെ ഘട്ടത്തിലാണ് കേരളം. ഈ ചെറുസംസ്ഥാനത്തിന്റെ ബഹുഭൂരിപക്ഷം പ്രദേശവും പ്രകൃതിദുരന്തത്തിനിരയായി. കഷ്ടിച്ച് രക്ഷപ്പെട്ടത് കാസർകോട‌് ജില്ല മാത്രം. അതുകൊണ്ടുതന്നെയാണ് നാം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് നവകേരളമാണെന്ന് പറയുന്നത്. ലോകത്തെവിടെയും, ഏതുതരം ദുരന്തവും ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളെയാണ്. അവർക്ക് ജീവൻ നഷ്ടമാകുകയോ പരിക്കുപറ്റുകയോചെയ്യാം. രക്ഷിതാക്കളെ നഷ്ടപ്പെടാം. തങ്ങളുടെ പ്രിയപ്പെട്ട വിദ്യാലയങ്ങളും പിൽക്കാലവിദ്യാഭ്യാസ അവസരങ്ങളും ഇല്ലാതായേക്കാം. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കേരളത്തിലെ വിദ്യാഭ്യാസമേഖലയെ സാരമായി ബാധിച്ചു. നിരവധി സ്കൂൾകെട്ടിടങ്ങൾ നശിച്ചു. പഠനോപകരണങ്ങൾ പ്രളയജലമെടുത്തു. ലൈബ്രറികളിൽ ചെളിവെള്ളം കയറി പുസ്തകങ്ങൾ ചെളിക്കട്ടകളായി. ലാബുകളിൽ രാസവസ്തുക്കൾ നശിച്ചെന്നുമാത്രമല്ല, അവയിൽ അപകടകരമായ പലതും എവിടേക്ക് ഒലിച്ചുപോയിട്ടുണ്ടെന്നും തിട്ടമില്ല. തൃശൂരിൽ എന്റെ നിയോജകമണ്ഡലത്തിൽ പാലപ്പള്ളി എസ്റ്റേറ്റിനുള്ളിലുള്ള കനാറ്റുപാടം ഗവ. ഹയർസെക്കൻഡറി സ്കൂൾ പൂർണമായും മുങ്ങി. ആ പ്രദേശത്തേക്ക് എത്താൻപോലും സാധിക്കുമായിരുന്നില്ല. മാളയ്ക്കുസമീപം അന്നമനടയിൽ പാലിശേരി എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിനുള്ളിലൂടെ പുഴ ഒഴുകുകയായിരുന്നു. ചെങ്ങന്നൂരിലെ പാണ്ടനാട് വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂൾ അച്ചൻകോവിലാറിന്റെയും എടത്വ സെന്റ് തോമസ് സ്കൂൾ പമ്പയാറിന്റെയും തീരത്താണ്. ഇവിടെയെല്ലാം ആൾപ്പൊക്കത്തിൽ വെള്ളംകയറി. ഇങ്ങനെ എത്രയെത്ര വിദ്യാലയങ്ങൾ. 845 സർക്കാർ വിദ്യാലയങ്ങൾ പൂർണമായോ ഭാഗികമായോ മുങ്ങി. 425 എണ്ണമെങ്കിലും കാര്യമായ അറ്റകുറ്റപ്പണി നടത്താതെ ഉപയോഗക്ഷമമാകില്ല. 362 സ്കൂളുകൾക്ക് നിസ്സാരപണികൾ വേണം. തദ്ദേശസ്വയംഭരണവകുപ്പ് എൻജിനിയർമാർ പരിശോധിച്ച് പല വിദ്യാലയങ്ങളിലെയും കെട്ടിടങ്ങൾ 'അൺഫിറ്റ്'  ആണെന്ന് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നു. 2295 ടോയ്ലറ്റുകൾ നശിച്ചിട്ടുണ്ട്. കുറെയെണ്ണം ചെളിവെള്ളം കയറി അടഞ്ഞുപോയി. മേൽക്കൂരയ്ക്കുംമറ്റും നാശം സംഭവിച്ചവയുമുണ്ട്. ജലസ്രോതസ്സുകൾ ഇല്ലാതായത്മറ്റൊരു മുഖ്യപ്രശ്നമാണ്. കിണറുകൾ പലതും നിറഞ്ഞുകവിഞ്ഞു. മലിനജലം നിറഞ്ഞ കിണറുകൾ പൂർണമായും അണുവിമുക്തമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. സർക്കാർ സ്കൂളുകളെ പഴയരൂപത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ പ്രാഥമികവിലയിരുത്തലിൽ 330 കോടിരൂപയെങ്കിലും ആവശ്യമായിവരും. സിവിൽ വർക്കുകൾക്ക് മാത്രം 172 കോടിരൂപ ചെലവഴിക്കണം. എൺപത്താറായിരത്തിനാനൂറ് കുട്ടികളെ കെടുതികൾ ബാധിച്ചു എന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പ്രാഥമികമായി കണക്കുകൂട്ടുന്നു. ഇവർക്ക് പുസ്തകങ്ങളും യൂണിഫോമും നോട്ട്ബുക്കുകളും മറ്റ് പഠനോപകരണങ്ങളും നൽകണം. ഇതിനുള്ള നടപടി തുടങ്ങി. നിരവധി സുമനസ്സുകൾ പഠനോപകരണങ്ങൾ നൽകാൻ സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ട്. കേരള റൂറൽ എംപ്ലോയ്മെന്റ് വെൽഫെയർ സൊസൈറ്റിയും ഗ്രാമജ്യോതിയുംചേർന്ന് കഴിഞ്ഞ ദിവസം ഒരുലക്ഷം നോട്ടുബുക്കുകൾ നൽകി. വിദ്യാഭ്യാസമെന്നത് കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പൊതുവായ ഉത്തരവാദിത്തത്തിൽവരുന്ന വിഷയമാണ്. അതിനാൽ വിദ്യാഭ്യാസമേഖലയ്ക്ക് പ്രത്യേക കേന്ദ്രസഹായം ലഭിക്കണം. കേന്ദ്രസഹായം ലഭിക്കുന്നതിന് വിശദമായ പദ്ധതി സമർപ്പിച്ചുകഴിഞ്ഞു. പ്രളയം കുരുന്നുമനസ്സുകളിൽ കടുത്ത ഭീതിയും ആശങ്കകളും സൃഷ്ടിച്ചിട്ടുണ്ട്. നേരിട്ട് വെള്ളപ്പൊക്കത്തിൽ പെട്ടുപോയവർക്കുമാത്രമല്ല, നടുക്കുന്ന കാഴ്ചകൾ ദൃശ്യമാധ്യമങ്ങളിൽ കണ്ടവർക്കും അതിന്റെ ആഘാതമേറ്റിട്ടുണ്ടാകാം. പോസ്റ്റ് ട്രോമാറ്റിക്സ്ട്രസ് സിൻട്രോം എന്ന് മനശാസ്ത്രജ്ഞർ പറയുന്ന ഈ നടുക്കത്തെ അത്ര നിസ്സാരമായി കണ്ടുകൂടാ. പഠനോപകരണങ്ങൾ മാത്രമല്ല, തങ്ങൾ ജീവിച്ചുവന്ന ചുറ്റുപാടുകൾകൂടിയാണ് പലർക്കും നഷ്ടമായത്. പഠനപിന്തുണയ്ക്കൊപ്പം കുട്ടികൾക്ക് ജീവിതത്തിൽ പ്രത്യാശകൈവിടാതെ സംരക്ഷിക്കാനുംകൂടി അധ്യാപകർ ശ്രദ്ധിക്കണം. സ്കൂളുകൾ കേന്ദ്രീകരിച്ച് മനഃശാസ്ത്ര കൗൺസലിങ‌് നടത്തുന്നതിന് യൂണിസെഫും ബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തും പിന്തുണ അറിയിച്ചിട്ടുണ്ട്. പരമ്പരാഗതരീതിയിലുള്ള കൗൺസലിങ്ങല്ല ഉദ്ദേശിക്കുന്നത്. നഷ്ടങ്ങളും വേദനകളും സൃഷ്ടിച്ച മാനസികസ്തംഭനത്തിൽനിന്ന് മനസ്സുകളെ ഉണർത്തിയെടുത്ത് പഠനാന്തരീക്ഷം മെച്ചപ്പെടുത്തുകയാണ‌് ലക്ഷ്യം. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിവഴി നടപ്പാക്കുന്ന ഈ കൗൺസലിങ്ങിൽ പാവകളി, സംഗീതം, നൃത്തം, നാടകം തുടങ്ങിയ കലാരൂപങ്ങളുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നു. കൊടിയ ദുരന്തം സംഭവിച്ചുകഴിഞ്ഞു. അതിന്റെ മുറിവുകൾ എത്രയുംവേഗം ഉണങ്ങണം. സാധാരണ ജീവിതത്തിന്റെ താളവും സുഗന്ധവും തിരികെ കൊണ്ടുവരണം. അതിനാകണം നമ്മുടെ പരിശ്രമം. അതുകൊണ്ടാണ് നേരത്തെ നിശ്ചയിച്ച പ്രകാരം ആഗസ‌്ത‌് 29നുതന്നെ സ്കൂളുകൾ തുറക്കണമെന്ന് നിർദേശിച്ചത്. അവധി നീട്ടണമെന്ന അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, വെള്ളമിറങ്ങിയ പ്രദേശങ്ങളിലെ മുഴുവൻ സ്കൂളുകളും അവധിക്കാലത്തുതന്നെ വൃത്തിയാക്കണമെന്നും 'നാം തിരിച്ചുവരികതന്നെ ചെയ്യും' എന്ന സന്ദേശം സമൂഹത്തിനു നൽകാൻ സഹായകരമാകുമെന്നും നാം മനസ്സിലാക്കി നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ച് കുട്ടികൾ വിദ്യാലയങ്ങളിലേക്ക് മടങ്ങിവരാവുന്ന അന്തരീക്ഷം സൃഷ്ടിക്കണമെന്ന് തീരുമാനിച്ചു. അസാധ്യം എന്ന് കരുതിയ പലതും കൂട്ടായ്മയുടെ കരുത്തിൽ സാധ്യമായിത്തീരുന്ന കാഴ്ചയ്ക്കാണ് കേരളം പിന്നീട് സാക്ഷ്യംവഹിച്ചത്. സംസ്ഥാനത്തെ മുഴുവൻ അധ്യാപകരും വിദ്യാഭ്യാസവകുപ്പിലെ ജീവനക്കാരും സ്കൂൾ മാനേജ്മെന്റ് കമ്മറ്റി, പിടിഎ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരെല്ലാംകൂടി സ്കൂളുകൾ പ്രവർത്തനക്ഷമമാക്കാൻ മുന്നിട്ടിറങ്ങി. ഉദ്യോഗസ്ഥതലത്തിൽ വലുപ്പച്ചെറുപ്പങ്ങളുടെ വരമ്പുകൾ മാഞ്ഞു. എല്ലാവർക്കും ഒരേലക്ഷ്യം. കഴിഞ്ഞ രണ്ടുവർഷമായി പൊതുവിദ്യാഭ്യാസരംഗത്ത് രൂപപ്പെട്ടുവന്ന ഹൃദയൈക്യം പുനർനിർമാണപ്രക്രിയയിലും ദൃശ്യമായി. നിരവധി അധ്യാപകരും ജീവനക്കാരും തങ്ങളുടെ കുടുംബാംഗങ്ങൾക്കൊപ്പമാണ‌്‌ ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളായത്. വിദ്യാഭ്യാസവകുപ്പിലെ വിരമിച്ച ജീവനക്കാർ കർമരംഗത്തേക്കുവന്നത് ശ്രദ്ധേയമായി. വീടുകളിലേക്കും സ്കൂളുകളിലേക്കും മടങ്ങിവരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സാംക്രമികരോഗങ്ങൾ പകരാനുള്ള സാധ്യത മുന്നിൽക്കണ്ട് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ചെറുവീഡിയോചിത്രങ്ങൾ പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കി. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി (എസ്ഐഇടി)യും വിക്ടേഴ്സും നിർമിച്ച ബോധവൽക്കരണ വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിച്ചു. തങ്ങളുടെ വിദ്യാലയം ഓരോരുത്തരുടെയും വികാരമാണ്. ആ ബന്ധം കെട്ടിയുറപ്പിക്കാനുള്ള അവസരംകൂടിയാണിത്. പൂർവവിദ്യാർഥികൾക്ക് തങ്ങളുടെ പ്രിയവിദ്യാലയത്തെ പുനരുജ്ജീവിപ്പിക്കാൻ പലതും ചെയ്യാനാകും. അതിനായി പ്രളയക്കെടുതിക്കിരയായ ഓരോ സ്കൂളും കേന്ദ്രീകരിച്ച് പ്രവർത്തിക്കണം. പൂർവവിദ്യാർഥി‐അധ്യാപക കൂട്ടായ്മകൾക്ക് നിർവഹിക്കാവുന്ന കാര്യങ്ങൾ ഏറെയാണ്. സാമൂഹ്യമാധ്യമങ്ങളെയും മറ്റും ഉപയോഗിച്ച് ഇത് സാധ്യമാക്കാം. എന്റെ വിദ്യാലയം ഞാൻ പുനർ നിർമിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ടാകട്ടെ പൂർവവിദ്യാർഥികളുടെ പ്രവർത്തനങ്ങൾ. അധ്യാപകദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം മികച്ച അധ്യാപകർക്ക് പുരസ്കാരങ്ങൾ നൽകുകയുണ്ടായി. ഭൂരിപക്ഷം അധ്യാപകരും അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. തങ്ങളുടെ സ്കൂളുകളിലെ ഗുരുതരമായ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കാണ‌് മറ്റധ്യാപകർ തുക നൽകിയത്. പലരും തങ്ങളുടെ ഒരു മാസത്തെ ശമ്പളവും ചടങ്ങിൽ ദുരിതാശ്വാസ നിധിയിലേക്ക് നൽകി സ്വയംമാതൃകയായി. ഇത് താൽക്കാലിക പ്രതിഭാസമായി ഒടുങ്ങിക്കൂടാ.  രണ്ടുവർഷംകൊണ്ട് പൊതുവിദ്യാലയങ്ങൾ വളരെയേറെ മെച്ചപ്പെട്ടിരുന്നുവെന്നത് അനിഷേധ്യമായ യാഥാർഥ്യമാണ്. നവകേരള മിഷന്റെ ഭാഗമായി പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം ആരംഭിച്ചപ്പോൾ അതിന്റെ വിജയം ആഗ്രഹിച്ചവരിൽ പലരും സംശയാലുക്കളായിരുന്നു. അതെല്ലാം അസ്ഥാനത്താക്കി ആവേശകരമായ മുന്നേറ്റമുണ്ടായി. രണ്ടുവർഷംകൊണ്ട് രണ്ടരലക്ഷത്തിലധികം വിദ്യാർഥികൾ പുതുതായി പൊതുവിദ്യാലയങ്ങളെ തേടിയെത്തി. യജ്ഞത്തിന്റെ ഭാഗമായി പശ്ചാത്തലസൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് തീർച്ചയായും പ്രളയം തടസ്സങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ലോകത്തിനുതന്നെ മാതൃകയാകുംവിധം ഓരോസ്കൂളും തയ്യാറാക്കിയ അക്കാദമിക് മാസ്റ്റർ പ്ലാനുകൾ പരിഷ്കരിക്കേണ്ടതായി വന്നേക്കാം. നിർമാണപ്രവർത്തനങ്ങളുടെ മുൻഗണനകൾ പുനഃക്രമീകരിക്കേണ്ടിവരും. ഇന്നും പ്രളയജലം ഒഴിഞ്ഞുപോയിട്ടില്ലാത്ത കുട്ടനാടിനുവേണ്ടി പദ്ധതികൾ ആവിഷ്കരിക്കേണ്ടിവരും. ആഴ്ചകളോളം പഠനം നഷ്ടമായവർക്ക് പ്രത്യേക പിന്തുണ നൽകേണ്ടതുണ്ട്. വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം ഒരുവർഷം എന്നത് ദ്വീപുപോലെ ഒറ്റപ്പെട്ട കാലഖണ്ഡമല്ല. തുടർച്ചയാണ്. അതുകൊണ്ടുതന്നെ തുടർപ്രവർത്തനങ്ങളിലൂടെ അക്കാദമിക് ഉള്ളടക്കം പൂർണമായും കുട്ടിക്ക് ലഭ്യമാക്കാനാകും. അതിന് ഇതുവരെ നാം പുലർത്തിപ്പോന്ന ഐക്യവും സമർപ്പണവും തുടർന്നാൽമാത്രം മതിയാകും. Read on deshabhimani.com

Related News