കരുത്തനായ മുഖ്യമന്ത്രിയുടെ മാതൃകഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രകൃതിക്ഷോഭത്തിൽപ്പെട്ട് കേരളം ആടിയുലഞ്ഞപ്പോൾ, ആശ്രയമെവിടെ എന്ന അങ്കലാപ്പിൽ ജനതയൊന്നാകെ ഭയന്നപ്പോൾ, അവരുടെ മനോവീര്യം തകരാതെ നിലനിർത്താൻ ശ്രമിക്കുക എന്ന കാര്യമായിരുന്നു ആദ്യം ശ്രദ്ധിക്കേണ്ടിയിരുന്നത്. ഇതറിയാമായിരുന്ന കേരളത്തിലെ എല്ലാ രാഷ്ട്രീയപ്രവർത്തകരും മാധ്യമങ്ങളും ആദ്യഘട്ടംമുതൽ ഇക്കാര്യത്തിൽ ശ്രദ്ധപുലർത്തിയിരുന്നു. എന്നാൽ, അവരുടെ നിലപാടുകളെ ശക്തിയുള്ളതാക്കിത്തീർക്കേണ്ട ബാധ്യത ഭരണനേതൃത്വം നൽകുന്ന മുഖ്യമന്ത്രിക്കുണ്ട്. പിണറായി വിജയൻ അക്കാര്യത്തിൽ കാണിച്ച ശ്രദ്ധ സവിശേഷപരാമർശം അർഹിക്കുന്നു. അക്കാര്യം ഒന്നുകൊണ്ടുതന്നെ അദ്ദേഹം മുഖ്യമന്ത്രിമാർക്കെല്ലാം മാതൃകയായിത്തീർന്നിരിക്കുന്നു. ഇങ്ങനെയൊരു മാതൃകയാകാൻ അദ്ദേഹം സ്വീകരിച്ച നിലപാടുകൾ വിശകലനം ചെയ്യേണ്ടതാണ്. സ്വന്തം ജനതയിലുള്ള വിശ്വാസം ഒരു ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം മുഖ്യമാണ്. കേരളീയ ജനത വിഭിന്ന രാഷ്ട്രീയവിശ്വാസങ്ങളിൽ പ്രവർത്തിക്കുന്നവരാണ്. അതിന്റെ പേരിൽ പരസ്പരം പോരാടാൻ മടിയില്ലാത്തവരുമാണ്. എന്നാൽ, കേരളീയന്റെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന ഒരു ഗുണമുണ്ട്. അത് ദുരന്തം വരുമ്പോൾ സടകുടഞ്ഞെഴുന്നേൽക്കുന്ന മനുഷ്യസ്നേഹമാണ്. എല്ലാ മതിലുകളെയും ഭേദിച്ച് അത് പ്രവർത്തനസജ്ജമാകും. കേരളത്തിന്റെ സിരകളിലോടുന്ന ഈ സഹജീവിസ്നേഹത്തെക്കുറിച്ച് നമ്മുടെ മുഖ്യമന്ത്രിക്ക് ഒരു സംശയവുമില്ലായിരുന്നു. സ്വന്തം ജനതയുടെ പ്രവർത്തനക്ഷമതയെ ആത്മാർഥമായി വിശ്വസിക്കുക എന്നത് ഒരു ഭരണാധികാരിയുടെ പ്രാഥമികഗുണമാണ്. മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചെറുപ്പക്കാരും സാങ്കേതികമേഖലയിൽ പ്രവർത്തിക്കുന്ന ചെറുപ്പക്കാരുമെല്ലാം അദ്ദേഹത്തിന്റെ വിശ്വാസത്തെ ശരിയാണെന്ന‌് തെളിയിച്ചു. ഒരു ഭരണാധികാരി താൻ ഭരിക്കുന്ന ജനതയെ വിശ്വാസത്തിലെടുക്കണമെന്ന പ്രാഥമികതത്വമാണ് പിണറായി വിജയൻ ഇവിടെ കൈമോശം വരാതെ കാത്തുസൂക്ഷിച്ചത്. സ്വന്തം ഭരണയന്ത്രത്തിലുള്ള വിശ്വാസമാണ് അടുത്തത്. സർക്കാർമേഖലയിൽ വിവിധ യൂണിയനിൽപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരാണുള്ളത്. ഇത്തരമൊരു സന്ദർഭത്തിൽ അവരിൽനിന്ന‌് സർക്കാരിനെതിരായ പ്രവർത്തനങ്ങളുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വിശ്വസിച്ചു. കാരണം ഭരണകൂടം നിൽക്കുന്നത് ഏതെങ്കിലും പാർടിപ്രവർത്തനത്തിനല്ല, ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനാണെന്ന ബോധം അദ്ദേഹം സ്വീകരിച്ച നിലപാടിലൂടെ വ്യക്തമാക്കുകയായിരുന്നു. ആ നിലപാട് സർക്കാർമേഖലയിലെ ഉദ്യോഗസ്ഥർ തിരിച്ചറിയുമെന്നും അതിനനുസരിച്ച് അവർ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി വിശ്വസിച്ചു. ആ വിശ്വാസത്തിന‌് ഇളക്കംതട്ടാതെ കാക്കാൻ സർക്കാർ ജീവനക്കാർ തയ്യാറാവുകയും ചെയ്തു. മൂന്നാമത്തെ കാര്യം ഇത്തരം സന്ദർഭങ്ങളിൽ അനാവശ്യവിവാദം ഉണ്ടാക്കുന്നതിൽ ഒരു ഭരണകർത്താവെന്ന നിലയിൽ തനിക്ക് ഒട്ടും താൽപ്പര്യമില്ലെന്ന് അദ്ദേഹം പലവട്ടം തെളിയിച്ചു എന്നതാണ്. മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ തമിഴ്നാട് സ്വീകരിച്ച നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോഴും, കേന്ദ്ര സർക്കാരിന്റെ സഹായം പര്യാപ്തമല്ലെന്ന് ബോധ്യപ്പെടുമ്പോഴുമെല്ലാം ആരെയും കുറ്റപ്പെടുത്തുന്നതിന് അദ്ദേഹം തുനിഞ്ഞില്ല. പത്രപ്രവർത്തകരിൽ ചിലർ ഇക്കാര്യം ആവർത്തിച്ച‌് ചോദിച്ചപ്പോഴും നിങ്ങൾ കാര്യങ്ങളെ പോസിറ്റീവായിട്ട‌് കാണൂ എന്ന് ഉപദേശിക്കുകയാണുണ്ടായത്. അത്തരം സന്ദർഭങ്ങളിൽ അദ്ദേഹം സ്വീകരിച്ച നിലപാട് രാഷ്ട്രീയ എതിരാളികളിൽപ്പോലും മതിപ്പുണ്ടാക്കി എന്ന കാര്യത്തിൽ സംശയമില്ല. തലയ്ക്കുമീതെ വെള്ളം വന്നാൽ അതിനുമേലെ വള്ളം എന്ന ഒരു കുട്ടനാടൻ പഴമൊഴിയുണ്ട്. പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാനുള്ള കരുത്ത് തനിക്കുണ്ടെന്ന വിശ്വാസം ചോർന്നുപോകാതിരുന്നാലേ അതിനെ മറികടക്കാനാകൂ എന്ന പ്രാഥമികധാരണയാണ് ഈ ചൊല്ലിലുള്ളത്. മുഖ്യമന്ത്രി തന്റെ വാക്കിലൂടെയും ശരീരഭാഷയിലൂടെയും പ്രദർശിപ്പിച്ച ആത്മവിശ്വാസം കേരളീയ ജനതയിൽ ഉണർത്തിയ കരുത്ത് കുറച്ചൊന്നുമല്ല. പട്ടാളത്തിന് എല്ലാം വിട്ടുകൊടുക്കണമെന്ന ആവശ്യമുന്നയിച്ചപ്പോൾ അദ്ദേഹത്തിന്റെ മുഖത്തുണ്ടായ ചിരിയിൽ പ്രസ്തുത അഭിപ്രായത്തിനോടുള്ള പരിഹാസമായിരുന്നില്ല കണ്ടത്, മറിച്ച് കേരളീയരിലും കേരളത്തിലെ പൊലീസ്, ഫയർ, സർക്കാർ ജീവനക്കാരിലുള്ള അമിതവിശ്വാസമായിരുന്നു. തങ്ങളുടെ കഴിവ് പൂർണമായും ഉപയോഗിക്കുക അതിനെ പൂരിപ്പിക്കുന്നതിന‌് ആവശ്യമായ മറ്റ‌് സഹായങ്ങൾ തേടുക എന്ന പ്രായോഗികനിലപാടാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി സ്വീകരിച്ചത്. അതിന് ഫലംകാണുകയും ചെയ്തു. കാര്യങ്ങൾ ശരിയായി ചെയ്യുകമാത്രമല്ല, മേലിൽ സ്വീകരിക്കാനുള്ള നടപടികളെക്കുറിച്ചും അദ്ദേഹം തീരുമാനങ്ങൾ രൂപീകരിച്ചിട്ടുണ്ടായിരുന്നു. ഒരു ഭരണകർത്താവിന്റെ കൃത്യതയാർന്ന ഇടപെടലുകളാണ് ഇവിടെ തെളിയുന്നത്. ഇങ്ങനെ തീരുമാനങ്ങളെടുക്കുകമാത്രമല്ല, അവ ജനങ്ങളിലെത്തിക്കേണ്ടതുമുണ്ട്. കാരണം ദുരന്തമുഖത്തുള്ളവർക്ക് ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കണമെങ്കിൽ സർക്കാർ കൂടെയുണ്ടെന്ന ബോധ്യമുണ്ടാകണം. അതിനായി എല്ലാ ദിവസവും രാവിലെയും വൈകിട്ടും മുഖ്യമന്ത്രി വാർത്താസമ്മേളനങ്ങൾ നടത്തുകയുണ്ടായി. മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനങ്ങൾ എത്ര കാര്യമാത്രപ്രസക്തവും വ്യക്തവുമായിരുന്നു! സ്വന്തം ചികിത്സക്കാര്യംപോലും മാറ്റിവച്ചതിന‌് കാരണം, തന്നെ വിശ്വസിക്കുന്ന ജനതയെ ഒരു പ്രതിസന്ധിഘട്ടത്തിൽ ഒഴിവാക്കി രക്ഷപ്പെടുന്നതിൽ താൽപ്പര്യമില്ലെന്ന നിലപാടാണ്. കാലാവസ്ഥ മാറുകയും വെള്ളം ഇറങ്ങിത്തുടങ്ങുകയും ചെയ്ത ഘട്ടത്തിൽ അദ്ദേഹം നടത്തിയ വാർത്താസമ്മേളനം ഒരു മുഖ്യമന്ത്രി ഇന്നേവരെ നടത്തിയിട്ടുള്ള വാർത്താസമ്മേളനങ്ങളിൽ മെച്ചപ്പെട്ടതും ആത്മാർഥത നിറഞ്ഞതും സത്യസന്ധവുമായിരുന്നു. തന്റെ വിശ്വാസത്തിനും നിലപാടിനും കേരളത്തിലെ ജനങ്ങൾ നൽകിയ വില എന്താണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് എല്ലാവർക്കും എണ്ണിപ്പറഞ്ഞ് നന്ദി രേഖപ്പെടുത്തി എന്നത് അതിന‌് തെളിവാണ്. താൻ വിശ്വാസത്തിലെടുത്ത എല്ലാവരെയും ആ സമ്മേളനത്തിൽ അദ്ദേഹം പരാമർശിക്കുന്നുണ്ട്, അവർ നടത്തിയ പ്രവർത്തനങ്ങളുടെ വില കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്, കേരളീയർ ഇനി എങ്ങനെ പ്രവർത്തിക്കണമെന്ന് സൂചിപ്പിക്കുന്നുണ്ട്, ചുരുക്കത്തിൽ ഒരു മുഖ്യമന്ത്രി എങ്ങനെയുള്ളയാളായിരിക്കണം എന്നതിന‌് തെളിവുകൂടിയായിത്തീരുന്നു പ്രസ്തുത വാർത്താസമ്മേളനം. പ്രതിസന്ധിഘട്ടങ്ങളാണ് ഒരു ഭരണാധികാരിയുടെ കരുത്ത് തെളിയിക്കുന്നതിനുള്ള മാനദണ്ഡമെങ്കിൽ; തീർച്ചയായും പറയാം, നമ്മുടെ മുഖ്യമന്ത്രി അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നയാളാണ്. Read on deshabhimani.com

Related News