കത്തിപ്പടരുന്ന കർഷകരോഷംമോഡി സർക്കാർ കാർഷികമേഖലയിൽ തുടരുന്ന ദ്രോഹനയങ്ങൾ തിരുത്തുക, അല്ലാത്തപക്ഷം പുറത്തുപോകുക എന്നാവശ്യപ്പെട്ട് ക്വിറ്റ് ഇന്ത്യാ ദിനത്തിൽ (ആഗസ്റ്റ് 9) അഖിലേന്ത്യാ കിസാൻസഭ നേതൃത്വത്തിൽ രാജ്യവ്യാപകമായി ജയിൽനിറയ്ക്കൽ സമരം സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത് രാജ്ഭവനിലും ജില്ലാകേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുന്നിലും ആയിരങ്ങൾ അണിനിരക്കുന്ന പ്രകടനവും കുത്തിയിരിപ്പ് സമരവും നടക്കും. നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് കാർഷികോൽപ്പന്നങ്ങൾക്ക് ഉൽപ്പാദനച്ചെലവിന്റെ ഒന്നര ഇരട്ടി തുക താങ്ങുവിലയായി നൽകും എന്നതാണ്. എന്നാൽ, മോഡി സർക്കാർ 2015 ഫെബ്രുവരിയിൽ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞത് കാർഷികോൽപ്പന്നങ്ങൾക്ക് താങ്ങുവില നൽകുമെന്ന വാഗ്ദാനം പാലിക്കുക അസാധ്യമാണെന്നാണ്. കേന്ദ്രം നൽകിവരുന്ന താങ്ങുവില അപര്യാപ്തമാണ്. ഗുണനിലവാരത്തിന്റെയും ഗ്രേഡിന്റെയും പേരിൽ അപ്രഖ്യാപിത പരിധി ഏർപ്പെടുത്തുകയും സംഭരണം ചുരുക്കം ചില ദിവസങ്ങളിൽ മാത്രമാക്കുകയുംവഴി കൃഷിക്കാരന്‌ ലഭിക്കേണ്ട ലാഭം തട്ടിയെടുക്കാൻ കോർപറേറ്റുകൾക്ക് കളമൊരുക്കുകയാണ്‌. ഇന്ത്യയിൽ ആഗോള, ആഭ്യന്തര കമ്പോളവിലകൾ ഏതാണ്ട് തുലനം പ്രാപിക്കുകയാണ്. കാർഷികോൽപ്പന്നങ്ങളുടെ നിലവിലുള്ള താങ്ങുവിലയിൽ കുറവ് വരുത്തണമെന്ന ശക്തമായ സമ്മർദം ലോകവ്യാപാര സംഘടന ഇന്ത്യയുടെമേൽ നിരന്തരം ചെലുത്തുന്നുണ്ട്. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയെ സ്വകാര്യവൽക്കരിക്കാനും സംഭരണനടപടികൾ നിർത്താനുമുള്ള ആലോചന മോഡി സർക്കാരിന്റെ അജൻഡയിലുണ്ടെന്നിരിക്കെ കാർഷികോൽപ്പന്നങ്ങൾക്ക് ഇപ്പോൾ പ്രഖ്യാപിച്ച വർധിപ്പിച്ച താങ്ങുവില തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടത്തിയ കണ്ണിൽപ്പൊടിയിടൽ മാത്രമാണ്. മാത്രവുമല്ല, കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ച താങ്ങുവിലയേക്കാൾ ഉയർന്ന താങ്ങുവില സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചാൽ എഫ്സിഐ വഴിയുള്ള സംഭരണം നിർത്തുമെന്ന് സംസ്ഥാനങ്ങളെ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്‌. കൃഷിയിലും ചില്ലറ വ്യാപാരത്തിലും എഫ്ഡിഐ അനുവദിച്ചു. രാജ്യത്താകെയുള്ള കാർഷികോൽപ്പാദന‐വിപണന സമിതികളുമായി (എഡിഎംസി) ബന്ധപ്പെടുത്തുന്നതിന് ഇ‐മാർക്കറ്റിങ്ങും തുടർന്ന് ഇ‐പ്ലാറ്റ് ഫോമുകളും നിലവിൽ വന്നു. കോർപറേറ്റ് വ്യപാരികൾക്കും അഗ്രോ വ്യവസായികൾക്കും കുറഞ്ഞ ചെലവിൽ കാർഷികോൽപ്പന്നങ്ങൾ സംഭരിക്കാൻ ഇതുമൂലം കഴിയും. എല്ലാ സംസ്ഥാനങ്ങളും  അംഗീകരിക്കേണ്ട “കരാർ കൃഷി’ നിയമം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മോഡി സർക്കാർ. വ്യാപാരികളുടെയും വ്യവസായികളുടെയും താൽപ്പര്യമനുസരിച്ച് കാർഷികോൽപ്പന്നങ്ങളുടെ സംഭരണം നടത്താനുള്ള എളുപ്പവഴിയാണ് ഇ‐പ്ലാറ്റ് ഫോം. കാർഷിക വായ്പാ വർധനയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന‌് ഉണ്ടാകുന്നുണ്ടെങ്കിലും അത് ബാങ്കുകളിൽനിന്ന‌് കൃഷിക്കാരുടെ കൈകളിൽ എത്തുന്നില്ല. കാർഷികമേഖലയിൽ അനുവദിച്ച വായ്പാവർധന നഗരങ്ങളിൽ ആസ്ഥാനമുള്ള കോർപറേറ്റ് ഗ്രൂപ്പുകളിലേക്കും അഗ്രിബിസിനസുകാരിലേക്കുമാണ് ഒഴുകുന്നത്. ഗ്രാമീണ കാർഷികവായ്പയുടെ കാര്യത്തിൽ യുപിഎ സർക്കാർ നടപ്പാക്കിയ നയം തീവ്രമായി നടപ്പാക്കുകയാണ് മോഡി സർക്കാർ. കർഷകരുടെ കടം എഴുതിത്തള്ളാൻ തയ്യാറാകുന്നില്ലെന്നുമാത്രമല്ല, കാർഷികവായ്പയ്ക്കുള്ള നാമമാത്ര സബ്സിഡി പിൻവലിക്കുകയുമാണ്. മോഡി ഭരണത്തിൽ 4600 കർഷകർ കടക്കെണിമൂലം ജീവനൊടുക്കി.  കാർഷികമേഖലയിലെ വൻ നേട്ടമായി മോഡി പ്രചരിപ്പിക്കുന്നത് ‘നാഷണൽ അഗ്രികൾച്ചറൽ മാർക്കറ്റാ’ണ്. നല്ല വില കിട്ടുന്നതിന് കാർഷികോൽപ്പന്നം ഏത് വ്യാപാരകേന്ദ്രങ്ങളിലും കൊണ്ടുപോയി കർഷകർക്ക് വിൽപ്പന നടത്താം എന്നതാണ് നയം.  ഒരു സ്ഥലത്ത് വില കുറച്ചാണ് കിട്ടുന്നതെങ്കിൽ അടുത്ത മാർക്കറ്റിലേക്കുപോകാം. അവിടെയും കുറഞ്ഞാൽ അടുത്ത മാർക്കറ്റിലേക്ക്. ഇതാണ് മോഡിയുടെ കർഷകപ്രേമം! കർഷകന് ഏറ്റവും കുറഞ്ഞ വില ലഭിക്കുന്ന ഒരു പദ്ധതി ആവിഷ്കരിച്ച് പ്രതീക്ഷകൾ നൽകി കർഷകരെ കബളിപ്പിക്കുക എന്നത് മാത്രമാണ് സർക്കാർ നിലപാട്. മോഡിയുടെ കർഷകവഞ്ചനയ്ക്കും കർഷകദ്രോഹ നടപടികൾക്കുമെതിരെ ഇന്ത്യയിലാകെ കർഷക പ്രക്ഷോഭങ്ങൾ ഉയർന്നുവരികയാണ്.  മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ്, ജാർഖണ്ഡ‌്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകപ്രക്ഷോഭങ്ങളുടെ വേലിയേറ്റമാണ്. കേന്ദ്ര ബിജെപി ഗവൺമെന്റ് കേരളത്തോട് സ്വീകരിക്കുന്ന സമീപനം പ്രതിഷേധാർഹമാണ്. കേരളത്തിലെ കർഷകരിൽ ഭൂരിപക്ഷവും റേഷൻ അരി വാങ്ങുന്നവരാണ്. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെപേരിൽ കേരളത്തിന് ലഭിക്കേണ്ട ഒരുലക്ഷത്തി അമ്പതിനായിരം ടൺ അരി വെട്ടിക്കുറച്ചു. അതിന്റെ ഫലമായി നല്ലൊരു ശതമാനം കൃഷിക്കാർക്ക് റേഷനരി ലഭിക്കുന്നില്ല. സങ്കീർണമായിക്കിടന്ന ഗാഡ്ഗിൽ‐കസ്തൂരി രംഗൻ റിപ്പോർട്ട് പിണറായി സർക്കാർ വിശദമായി പഠിക്കുകയും പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയും കുടിയേറ്റ കർഷകരുടെ ഭൂമിയും  പൂർണമായി സംരക്ഷിച്ച്‌  ഒരു റിപ്പോർട്ട് തയ്യാറാക്കുകയുമുണ്ടായി. പ്രസ്തുത റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിച്ച് ഐകകണ‌്‌ഠ്യേന പാസാക്കി കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും പശ്ചിമഘട്ടസംരക്ഷണത്തിന്റെ അന്തിമ റിപ്പോർട്ട് കേന്ദ്രം പുറപ്പെടുവിച്ചിട്ടില്ല. ഡീസൽ, പെട്രോൾ വിലവർധന കർഷകരെ സാരമായി ബാധിക്കുന്നു. ട്രാക്ടർ, ട്രില്ലർ, കൊയ്ത്തുയന്ത്രം എന്നിവയുടെ വാടക ഭീമമായി വർധിച്ചു. തൽഫലമായി ഉൽപ്പാദനച്ചെലവും വർധിക്കുന്നു. കൂടാതെ രാസവളങ്ങളുടെ വിലയിൽ വൻ വർധനയും ഉണ്ടായി. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം കൃഷിക്കാരുടെ ജീവിതക്രമം താളംതെറ്റിക്കുകയാണ്. റബർ ഇറക്കുമതിയുടെ അളവ് നാൾക്കുനാൾ വർധിക്കുന്നു. ചിരട്ടപ്പാൽ റബർ (കപ്പ് റബർ) ഇറക്കുമതിക്കായുള്ള അനുമതി മോഡി സർക്കാർ നൽകിയത് കേരളത്തിൽ റബർ കർഷകരോട് കാണിച്ച ക്രൂരമായ നടപടികളിലൊന്നാണ്. കേരളത്തിലെ റബർ ബോർഡ് ഓഫീസ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികളെടുക്കുന്നു. റബർ പുനഃകൃഷിക്ക് നൽകുന്ന സബ്സിഡികൾ നിർത്തുന്നു. കയറ്റുമതി പട്ടികയിലുണ്ടായിരുന്ന കേരളത്തിലെ റബറിനെ പട്ടികയിൽനിന്ന‌് ഒഴിവാക്കുകയുംചെയ്തു. യൂറോപ്യൻ യൂണിയനുമായി ഇപ്പോഴുണ്ടാക്കിയ കരാറിന്റെ ഫലമായി പാലും പാലുൽപ്പന്നങ്ങളും കൊപ്രയും നാളികേര ഉൽപ്പന്നങ്ങളും മറ്റ് കാർഷികോൽപ്പന്നങ്ങളും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നു. ഇത് കേരളത്തിലെ കാർഷിക പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കും. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ കാർഷികനയത്തിനെതിരെ ആഗസ്റ്റ് ഒമ്പതിന് അഖിലേന്ത്യാ കിസാൻസഭ നേതൃത്വത്തിൽ രാജ്യവ്യാപകമായ ജയിൽ നിറയ്ക്കൽ സമരം നടത്തുന്നത്. സിഐടിയുവും ദേശവ്യാപകമായി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, അതിനുവേണ്ട നിയമനിർമാണം നടത്തുക, കാർഷികോൽപ്പന്നങ്ങൾക്ക് ഉൽപ്പാദനച്ചെലവും അതിന്റെ 50 ശതമാനവും താങ്ങുവില നിശ്ചയിക്കുക, താങ്ങുവിലയ്ക്ക് പരിരക്ഷ നൽകാൻ നിയമനിർമാണം നടത്തുക, റബർ ഇറക്കുമതി നിയന്ത്രിക്കുക, ചിരട്ടപ്പാൽ (കപ്പ് റബർ) ഇറക്കുമതി നിരോധിക്കുക, റബർ ഇറക്കുമതിക്കുവേണ്ടി തുറമുഖനിയന്ത്രണം എടുത്തുകളഞ്ഞത് പുനഃസ്ഥാപിക്കുക, റബറിനെ കൃഷിയായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം. രാജ്യത്താകമാനം പത്തുകോടി കർഷകർ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് സമർപ്പിക്കുന്നതിന്റെഭാഗമായി സംസ്ഥാനത്തെ കർഷകരിൽനിന്നും ബഹുജനങ്ങളിൽനിന്നും ശേഖരിച്ച ഒരു കോടി ഒപ്പുകളടങ്ങിയ നിവേദനം ഗവർണർ,  കലക്ടർമാർ എന്നിവർ മുഖേന പ്രധാനമന്ത്രിക്ക് സമർപ്പിക്കും. (കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറിയാണ്‌ ലേഖകൻ) Read on deshabhimani.com

Related News