കാഴ‌്ചകളെ പൊള്ളിച്ച‌് ‘പറയാൻ മറന്ന കഥ’ അരങ്ങിൽ

ട്രാൻസ്‌ ജെൻഡേഴ്‌സ്‌ അവതരിപ്പിച്ച ‘പറയാൻ മറന്ന കഥകൾ’ നാടകത്തിൽ നിന്ന്‌


കൊച്ചി>‘ഒരു കുഞ്ഞ‌് ജനിക്കുമ്പോൾ അത‌് ആണോ പെണ്ണൊ എന്ന‌് തീരുമാനിക്കുന്നത‌് സമൂഹമാണ‌്. സമൂഹത്തിൽ നിന്നാണ‌് ലിംഗ സമത്വം ഉണ്ടാകുന്നത‌്..’ ഇത‌് ഉറക്കെ വിളിച്ചുപറയുന്ന കഥാപാത്രം അവളുടെ ജീവിതത്തിന്റെ നേർകാഴ‌്ചകളാണ‌് പ്രേക്ഷകരുടെ മുന്നിലേക്ക‌് കുടഞ്ഞിട്ടത‌്.  കേരളത്തിലെ ആദ്യത്തെ ട്രാൻസ‌്ജെൻഡർ തിയറ്റർ സംഘമായ മഴവിൽ ധ്വനിയുടെ ‘പറയാൻ മറന്ന കഥകൾ’ എന്ന നാടകം എറണാകുളം ഫൈൻ ആട‌്സ‌് ഹാളിൽ അവതരിപ്പിച്ചപ്പോൾ  നിറഞ്ഞ കൈയടിയോടെയാണ‌് പ്രേക്ഷകർ ഏറ്റുവാങ്ങിയത‌്. കേരളത്തിലെ 15 ട്രാൻസ‌്ജെൻഡറുകളുടെ ജീവിതാനുഭവങ്ങളാണ‌് പറയാൻ മറന്ന കഥ പങ്കുവയ‌്ക്കുന്നത‌്. ശ്രീജിത്ത‌് സുന്ദർ സംവിധാനം ചെയ‌്ത നാടകത്തിൽ അഭിനയിക്കുന്ന 14പേരും പുരുഷനിൽ നിന്നും സ‌്ത്രീയായി മാറിയവരും ഒരാൾ സ‌്ത്രീയിൽനിന്ന‌് പുരുഷനായി മാറിയയാളുമാണ‌്. ദ്വയ ഫൗണ്ടേഷൻ സെക്രട്ടറി രഞ്ചു രഞ‌്ജിമാർ, ദ്വയ പ്രസിഡന്റ‌് ശീതൾ ശ്യാം, ദയാഗായത്രി,  ഹെയ‌്ദി സാദിയ, ആയിഷ, സ്വീറ്റി, ഹരിണി ചന്ദന, ദീപ‌്തി കല്യാണി, ഹണി, രഞ്ചു, ദീപാ റാണി, മിയ, സൂര്യ ഇഷാൻ, എബി തുടങ്ങിയവരാണ‌് കഥാപാത്രങ്ങളായി അരങ്ങിൽ എത്തിയത‌്. മദൻ സംഗീതം നൽകിയ കവിതകൾ ദയാ ഗായത്രിയാണ‌് ആലപിച്ചത‌്. കേരള സംഗീത നാടക അക്കാദമിയും തൃശൂർ സ‌്കൂൾ ഓഫ‌് ഡ്രാമയും സംയുക്തമായി സംഘടിപ്പിച്ച വർക്ക‌് ഷോപ്പിന്റെ ഭാഗമായാണ‌് നാടകം രൂപപ്പെട്ടത‌്. തൃശൂർ ഫൈൻആർട‌്സ‌് ഹാളിൽ ആദ്യം അവതരിപ്പിച്ച നാടകം പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചതോടെ കൂടുതൽ വേദികളിൽ അവതരിപ്പിക്കപ്പെട്ടു. സിനിമാ താരങ്ങളായ പ്രിയാമണി, രമ്യ നമ്പീശൻ, ചിത്രകാരൻ ടി എ സത്യപാൽ തുടങ്ങിയവർ ക്ഷണിക്കപ്പെട്ട അതിഥികളായിരുന്നു. നാടകത്തിന‌് മുന്നോടിയായി പ്രമുഖ ട്രാൻസ‌് ജെൻഡർ നർത്തകി സിംഗപ്പുർ നിവാസിയുമായ മാലിക പണിക്കരുടെ ശാസ‌്ത്രീയ നൃത്തവും അരങ്ങേറി.   Read on deshabhimani.com

Related News