കാവാലത്തിന്റെ ശകുന്തളയാകാന്‍ മഞ്ജുകൊച്ചി>മഞ്ജുവാര്യര്‍ വെള്ളിത്തിരയില്‍നിന്ന് നാടകത്തട്ടിലേക്കെത്തുന്നു.അതും  കാവാലം നാരായണ പണിക്കരുടെ നാടകകളരിയിലൂടെ. കാവാലം  സംവിധാനം ചെയ്ത കാളിദാസന്റെ ശാകുന്തളത്തില്‍ ശകുന്തളയായാണ് മഞ്ജു അരങ്ങിലെത്തുക.ഇതോടെ മോഹന്‍ലാലിനും മുരളിക്കും ശേഷം സംസ്കൃത നാടകത്തില്‍ അഭിനയിക്കുന്ന താരമാകും മഞ്ജു. ശകുന്തളയെ അരങ്ങില്‍ അവതരിപ്പിക്കുക മഞ്ജുവിന് ഒരു വെല്ലുവിളി ആയിരിക്കും. മേയില്‍ തിരുവനന്തപുരത്ത് നാടകം അരങ്ങേറും. 1983ലാണ് കാവാലം ശാകുന്തളം നാടകം ആദ്യമായി അരങ്ങില്‍ അവതരിപ്പിക്കുന്നത്. കാളിദാസന്റെ നാടായി കരുതപ്പെടുന്ന ഉജ്ജയിനിയിലെ നാടകോത്സവത്തിനുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പ്രമുഖ നാടകമായ ശാകുന്തളം അവതരിപ്പിച്ചത്. സംസ്കൃതനാടകം എന്നതിനെക്കാളുപരി സംഗീതപരമായും നമ്മുടെ ക്ളാസിക്കല്‍ കലകളായ കഥകളിയുടെയും കൂടിയാട്ടത്തിന്റെയും അഭിനയനൃത്തരീതികള്‍ സമന്വയിപ്പിച്ചാണ് നാടകം കാവാലം ഒരുക്കുന്നത്. കാവാലത്തിന്റെ തിരുവനന്തപുരത്തെ കളരിയില്‍ വന്ന് മഞ്ജു  നാടകം കണ്ടു. നാടകത്തിലെ ലൈവ് ഡയലോഗിനൊപ്പം പാട്ടും ലൈവായിത്തന്നെ പാടണം. അതും വളരെ ശ്രുതിശുദ്ധമായി പാടണം. ഡയലോഗിനുപോലും സംഗീതാംശമുണ്ട്.കാവാലത്തിന്റെ ശിഷ്യര്‍ ചേര്‍ന്ന് രൂപവത്കരിച്ച കാവാലം സംസ്കൃതി ഭവന്‍ എന്ന സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിലാണ് നാടകം അവതരിപ്പിക്കുന്നത്. മജ്ഞു വാര്യരുടെ തിരക്ക് കഴിഞ്ഞാലുടന്‍ തിരുവനന്തപുരത്തെ സോപാനം കളരിയില്‍ നാടകത്തിന്റെ റിഹേഴ്സല്‍ ആരംഭിക്കും. മികച്ച നര്‍ത്തകിയായ മഞ്ജുവിന് നാടകം വഴങ്ങുമെന്നും അതിനാല്‍ ശുഭപ്രതീക്ഷയാണുള്ളതെന്നും കാവാലം പറഞ്ഞു. കാവാലത്തിന്റെ കര്‍ണഭാരം എന്ന നാടകത്തിലൂടെയും പ്രശാന്ത് നാരായണന്റെ ഛായാമുഖിയിലൂടെയുമാണ് മോഹന്‍ ലാല്‍ അരങ്ങിന്റെ അഭിനയപാടവം പുറത്തെടുത്തതെങ്കില്‍ ലങ്കാലക്ഷ്മിയിലെ രാവണനായാണ് മുരളി അരങ്ങിനെ വിസ്മയിപ്പിച്ചത്.   Read on deshabhimani.com

Related News