ചൊല്ലിയാടിക്കാൻ ഗോപി ആശാന്‍; അരങ്ങില്‍ നിറഞ്ഞ് ശിഷ്യര്‍

വിഡിയോ : കെ രവികുമാര്‍


തൃപ്പൂണിത്തുറ > കളിയാട്ടങ്ങൾക്കു ചരിത്രവഴിയായ കളിക്കോട്ട പാലസ് കലാമണ്ഡലം ക്ലാസ് മുറിയായി. കോപ്പണിയാതെയും മുഖത്തെഴുതാതെയും കാലകേയവധത്തിലെ അർജുനനായി കലാമണ്ഡലം ശ്രീകുമാറും മാതലിയായി കലാമണ്ഡലം വിപിനും അരങ്ങിലെത്തി. ചൊല്ലിയാടിക്കാൻ കലാമണ്ഡലത്തിലെ ഗുരുനാഥനായ കലാമണ്ഡലം ഗോപിയാശാനും ആട്ട പ്രകാരങ്ങളുടെ കൈവഴികളും കണ്ണു വഴികളുമായി അരങ്ങിൽ നിലയുറപ്പിച്ചപ്പോൾ ഫൈനൽ റിഹേഴ്സൽ കാണുന്ന പ്രതീതി. ആശാനു മുന്നിൽ അണുവിട തെറ്റാത്ത മുദ്രാഭിനയവുമായി ശിഷ്യന്മാർ അരങ്ങു നിറഞ്ഞപ്പോൾ കാഴ്ചക്കാരായെത്തിയ ഗുരുക്കന്മാർക്കും കാണികൾക്കും ആസ്വാദനത്തിന്റെ നിറവിരുന്ന്. കലാമണ്ഡലം ശ്രീകുമാറിന്റെ ഷഷ്ടിപൂർത്തി ആഘോഷമാണ് കഥകളി ചരിത്രത്തിലെ അപൂർവ്വ സംഗമത്തിനും ആസ്വാദനത്തിനും വഴി ഒരുക്കിയത്.കലാമണ്ഡലം ഹരീഷും കലാമണ്ഡലം വിഷ്ണുവും പാട്ടും കലാമണ്ഡലം ഉണ്ണികൃഷ്ണൻ ചെണ്ടയും കലാനിലയം മനോജ് മദ്ദളവും നിർവ്വഹിച്ചു. മട്ടന്നൂർ ശങ്കരൻ കുട്ടി നയിച്ച കേളിയോടെ ആയിരുന്നു തുടക്കം. കഥകളിയിലെ ആചാര്യന്മാരായ കലാമണ്ഡലം ഗോപി, വാഴേങ്കട വിജയൻ, സദനം കൃഷ്ണൻകുട്ടി, കലാമണ്ഡലം എൻ പി എസ് നമ്പൂതിരി, കോട്ടക്കൽ ചന്ദ്ര ശേഖര വാര്യർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.ശ്രീകുമാറിന്റെ അമ്മ ഭഗീരഥി അമ്മ ഭദ്രദീപം തെളിച്ചു.കിർമ്മീരവധം, രാവണ വിജയം കഥകളി, ഭരതനാട്യം ഒഡീസി നൃത്തസമന്വയം, അനുമോദന സമ്മേളനം എന്നിവയും നടന്നു.    Read on deshabhimani.com

Related News