11 December Wednesday

പച്ചക്കറി കൃഷിയും കാലാവസ്ഥയും

മലപ്പട്ടം പ്രഭാകരന്‍Updated: Sunday Nov 17, 2024


പച്ചക്കറി ഉൽപ്പാദനം വർധിപ്പിക്കാനുള്ള വിപുലമായ ശ്രമങ്ങളും നടപടികളുമാണ്‌ കേരള സർക്കാർ സ്വീകരിക്കുന്നത്‌. ആഭ്യന്തര ഉൽപ്പാദനം 17.5 ലക്ഷം ടണ്ണിൽനിന്ന് 25 ലക്ഷം ടണ്ണാക്കി ഉയർത്തുകയും പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്‌തമാക്കുകയുമാണ്‌ ലക്ഷ്യം. ഈ ലക്ഷ്യത്തിന്‌ വലിയ പിന്തുണ ലഭിക്കുന്നു എന്നതും ശ്രദ്ധേയം.  തരിശിടങ്ങളിലും പൊതുഇടങ്ങളിലും ടെറസുകളിലും അനുയോജ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ചുകൊണ്ടുള്ള ശ്രമമാണ് വ്യക്തിഗതമായും കൂട്ടായ്മയിലൂടെയും ഉണ്ടാകേണ്ടത്‌.  ഹ്രസ്വകാലവിള എന്ന നിലയിൽ പച്ചക്കറി കൃഷി കാലാവസ്ഥയുമായി ഏറെ  ബന്ധപ്പെട്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും കർഷകർ പരിഗണിക്കണം.

മൂന്ന്‌ ഘടകങ്ങൾ
കേരളത്തിൽ മുഖ്യമായും മൂന്ന് കാലാവസ്ഥാ ഘടകങ്ങളെ ആശ്രയിച്ചാണ് പച്ചക്കറി ചെയ്യേണ്ടത്. മഴക്കാല പച്ചക്കറി കൃഷി (ജൂൺ മുതൽ സെപ്തംബർവരെ). മറ്റൊന്ന് മഞ്ഞുകാല പച്ചക്കറി കൃഷി (ഒക്ടോബർമുതൽ ജനുവരിവരെ). മൂന്നാമത് വേനൽക്കാല പച്ചക്കറി കൃഷി (ഫെബ്രുവരി മുതൽ മെയ് വരെ). എല്ലാ പച്ചക്കറിയും എല്ലാ സീസണിലും കൃഷിചെയ്യാനാകില്ല.  ഇവ തിരിച്ചറിഞ്ഞ് കൃഷി ചെയ്യണം.

മഴക്കാലം
മഴക്കാല കാലാവസ്ഥയിൽ പച്ചക്കറി ശ്രദ്ധയോടെ ചെയ്യണം. കാലവർഷം ശക്തിപ്രാപിക്കും മുമ്പേ മെയ് അവസാന ഘട്ടത്തിലും ജൂൺ ആദ്യ ഘട്ടത്തിലും കൃഷി ഇറക്കണം. കാലവർഷമെത്താൻ വൈകിയെങ്കിൽ ജലസേചന സൗകര്യംകൂടി ഒരുക്കാനാകണം. മഴ ശക്തിപ്പെടും മുമ്പേ വിത്ത് നട്ട് നാലോ അഞ്ചോ ഇല പ്രായമാകണം. ഏറ്റവും ഫലപ്രദമായത്‌ ഈ ഘട്ടത്തിൽ പ്രോട്രെകളിൽ തൈകൾ ഉണ്ടാക്കി പറിച്ചു നടുന്നതാണ്. എല്ലായിനം പച്ചക്കറികളും തുറന്ന ഇടങ്ങളിൽ മഴക്കാലത്ത് കൃഷി ചെയ്യാനാകില്ല. പ്രത്യേകിച്ചും ചീരയും തക്കാളിയും. വെണ്ട, മുളക്, വഴുതിന, പടവലം, മത്തൻ, കുമ്പളം എന്നിവയാകാം. മഴമറ (പോളീഹൗസ്) സംവിധാനത്തിൽ മറ്റ് വിളകളും ആകാം. മഴക്കാലത്ത് ഒരടി ഉയരത്തിൽ തറയെടുത്ത് നടുന്നതാണ് ഫലപ്രദം. കുമിൾ രോഗം വരാൻ സാധ്യതയുള്ളതിനാൽ സ്യൂഡോമോണസ് ലായനി ഇടയ്‌ക്ക് തളിക്കണം. പലതവണയായി ജൈവ-രാസവളങ്ങൾ ചേർക്കണം. നീർവാർച്ചാ സൗകര്യം നന്നായി ഉണ്ടാകണം.

മഞ്ഞുകാലം
തുലാമഴയ്‌ക്കുശേഷമുള്ള കാലാവസ്ഥയിൽ ചെയ്യുന്നതാണ് മഞ്ഞുകാല പച്ചക്കറി. ശീതകാല പച്ചക്കറി വിള വിഭാഗത്തിൽപ്പെടുന്ന കേബേജ്, ക്വാളിഫ്‌ളവർ, ബീൻസ്, മുള്ളങ്കി എന്നിവയും ചെയ്യാം. ഇവക്കുപുറമെ വേനൽക്കാലത്ത് കൃഷി ചെയ്യുന്ന മറ്റെല്ലാ വിളകളുമാകാം. കേബേജ്, ക്വാളിഫ്‌ളവർ തുടങ്ങിയവ ഒക്ടോബർ, നവംബർ ആദ്യ ഘട്ടത്തിൽത്തന്നെ കൃഷിയിറക്കണം. തുടർച്ചയായി ഒരേയിനം ഒരേ സ്ഥലത്ത് കൃഷി ചെയ്യുന്നത് ഒഴിവാക്കണം. കുമിൾരോഗ സാധ്യത ഈ സീസണിൽ കൂടുതൽ ഉണ്ടാകും.

വേനൽക്കാലം
ഏറ്റവും കൂടുതൽ പച്ചക്കറി കൃഷി ചെയ്യുന്നത് വേനൽക്കാലത്താണ്. വെള്ളരിവർഗ വിളകളാണ് കൂടുതൽ. പാവൽ, പീച്ചിൽ, പടവലം, ചുരക്ക, പയർ വർഗങ്ങൾ എന്നിവയും വെണ്ട, വഴുതിന, തക്കാളി ഉൾപ്പെടെ കുറ്റിച്ചെടി വിളകളും ചീര ഉൾപ്പെടെയുള്ള ഇലവർഗ വിളകളുമെല്ലാം  കൃഷി ചെയ്യാം. കണിവെള്ളരി കൃഷി ഈ സീസണിൽ പ്രധാനമാണ്. മുരിങ്ങ, കോവൽ, ആകാശവെള്ളരി തുടങ്ങിയ ദീർഘകാല പച്ചക്കറികളും ഈ സീസണിൽ കൃഷി ചെയ്യാം. കൃത്യമായ ജലസേചനം പ്രധാനം.  ജൈവകൃഷിരീതി നടത്താൻ പറ്റിയ സീസണാണ്. മണ്ണിൽ ഈർപ്പം നിലനിർത്താൻ കരിയില കൊണ്ടും ചില്ലിക്കമ്പുകൾകൊണ്ടും പുതയിടാം. കുമ്മായവും ജൈവവളവും ആവശ്യാധിഷ്ഠിത രാസവളവും നൽകാം.

താപനില കൂടിയാൽ
പച്ചക്കറി കൃഷിക്ക് വേനലിൽ ജലക്ഷാമമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. മണ്ണിൽ പുതയിടണം. ആവശ്യമായ സമയത്ത് ആവശ്യമായ തോതിൽ ഈർപ്പം നൽകണം. ഇതിന് തുള്ളിനന അഥവാ ഡ്രിപ്പ് ഇറിഗേഷൻ ഫലപ്രദം. വളം ചുവട്ടിൽ നൽകി വെള്ളം നനച്ച് വളർത്തുന്ന രീതിക്കു പകരം ചെടിക്കാവശ്യമായ വളം വെള്ളത്തിൽക്കൂടി നൽകാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top