08 February Wednesday

മികച്ച നേട്ടത്തിന്‌ മഞ്ഞള്‍, ഇടവിളയായും തനിവിളയായും

വെബ് ഡെസ്‌ക്‌Updated: Tuesday Dec 4, 2018

ലോകമഞ്ഞൾ ഉൽപ്പാദനത്തിന്റെ  ഏതാണ്ട് 90 ശതമാനവും വിളയിക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുന്ന സുഗന്ധദ്രവ്യങ്ങളിൽ കുരുമൂളകും ഏലവും കഴിഞ്ഞാൽ അടുത്തസ്ഥാനം മഞ്ഞളിനാണ്. ബംഗ്ലാദേശും പാകിസ്ഥാനുമാണ് മറ്റു രണ്ടു പ്രധാന മഞ്ഞൾ ഉൽപ്പാദനരാജ്യങ്ങൾ. ഇന്ത്യയിൽ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും മഞ്ഞൾ കൃഷിചെയ്യുന്നുണ്ട്. ആന്ധ്രാപ്രദേശാണ്  മുൻപന്തിയിൽ. കേരളത്തിൽ മഞ്ഞൾക്കൃഷി താരതമ്യേന കുറവാണ്. ഇന്ത്യയിലെ മൊത്തം മഞ്ഞൾകൃഷി വിസ്തൃതി 1.2 ലക്ഷം ഹെക്ടറും ഉൽപ്പാദനം 3.5 ലക്ഷം ടണ്ണുമാണ്. സ്ഥലവിസ്തൃതിയുടെ  2.6 ശതമാനവും ഉൽപ്പാദനത്തിന്റെ 1.8 ശതമാനവുംമാത്രമാണ് കേരളത്തിന്റെ സംഭാവന. എന്നാൽ, ഗുണമേന്മയിൽ കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന മഞ്ഞൾ ഒന്നാംസ്ഥാനത്താണ്.

മണ്ണുംകാലാവസ്ഥയും ചൂടും ഈർപ്പവുമുള്ള അന്തരീക്ഷമാണ് മഞ്ഞൾക്കൃഷിക്ക് അനുയോജ്യം. മഴയെമാത്രം ആശ്രയിച്ചും ജലസേചനത്തിന്റെ സഹായത്തോടെയും മഞ്ഞൾ കൃഷിചെയ്യാം. വാർഷിക വർഷപാതം 1000 മില്ലീമീറ്ററിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ജലസേചനത്തിന്റെ ആവശ്യമില്ല. നട്ട ഉടനെ മിതമായ മഴയും വളർച്ചാദശയിൽ സാമാന്യം നല്ല മഴയും വിളവെടുപ്പുകാലത്ത് മഴയില്ലായ്മയുമാണ് അനുയോജ്യം. സമുദ്രനിരപ്പുമുതൽ 1200 മീറ്റർ ഉയരംവരെയുള്ള സ്ഥലങ്ങൾ മഞ്ഞൾക്കൃഷിക്കനുയോജ്യമാണ്. ഭാഗികമായ തണലിലും മഞ്ഞൾക്കൃഷി വിജയിക്കും. എന്നാൽ, അത്യധികമായ തണൽ ഇതിന് ദോഷകരമാണ്. താപനില 20 ഡിഗ്രി സെൽഷ്യസിൽ കുറയാതിരിക്കുന്നതാണ് ഉത്തമം. മിക്കവാറും എല്ലാത്തരം മണ്ണിലും മഞ്ഞൾ വളരുമെങ്കിലും നല്ല നീർവാർച്ചയും വളക്കൂറുമുള്ള പശിമരാശിമണ്ണാണ്  മഞ്ഞളിന് ഏറെ പ്രിയം.

വിത്ത് തെരഞ്ഞെടുപ്പ്
നിരവധി മഞ്ഞൾ ഇനങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്. പലതും സ്ഥലനാമങ്ങളിൽത്തന്നെയാണ് അറിയപ്പെടുന്നതും. മഞ്ഞളിന്റെ വിവിധ ഇനങ്ങളെപ്പറ്റിയും വിവിധ മണ്ണുകളിലും കാലാവസ്ഥാപ്രദേശങ്ങളിലും ഏറ്റവും അനുയോജ്യമായവയെപ്പറ്റിയുമുള്ള പഠനങ്ങൾ 
വിവിധ ഗവേഷണസ്ഥാപനങ്ങളിൽ നടത്തിയിട്ടുണ്ട്. അതുപ്രകാരം നമ്മുടെ നാട്ടിലേക്ക് അനുയോജ്യമായ പുതിയ ഇനങ്ങൾ താഴെ നൽകിയിട്ടുള്ളവയാണ്. പ്രസ്തുത ഇനങ്ങളെ സംബന്ധിച്ചുള്ള ചെറു വിവരണം നൽകുന്നു.


കാന്തി–-മിഥുകൂർ എന്ന ആന്ധ്രാപ്രദേശിലെ നാടൻ ഇനത്തിൽനിന്നും നിർദ്ധാരണം.  വിളവ്‌ ഹെക്ടറിന്‌ ടൺ    8.9 8‐9 മാസം മൂപ്പ്. ഉയർന്ന ഉൽപ്പാദനശേഷി. ഉയർന്ന കുർകുമിൻ. (7.18 %) കീടരോഗപ്രതിരോധശേഷി താരതമ്യേന കുറവ്.

ശോഭ–-    മേത്തല ലോക്കൽ എന്ന നാടൻ  ഇനത്തിൽനിന്നും നിർദ്ധാരണം. വിളവ്‌ ഹെക്ടറിന്‌ ടൺ7.0കുർകുമിൻ.(7.39%) ഒളിയോറെസിൻ 19.5 %.

സോണ–-എറണാകുളം ജില്ലയിലെ ചൂണ്ടക്കുഴി എന്ന സ്ഥലത്തുനിന്നും ശേഖരിച്ച നാടൻ ഇനത്തിൽനിന്നും ക്ലോണൽ നിർദ്ധാരണം.4.02    മൂപ്പ് 240‐270 ദിവസം കൂർകുമിൻ 7.11 % വിത്തുമഞ്ഞളിന്റെ  ഉൾഭാഗത്തിന് മഞ്ഞ കലർന്ന ഓറഞ്ചുനിറം.

വർണ–-മണ്ണാർക്കാടുനിന്നു ശേഖരിച്ച നാടൻ ഇനത്തിൽനിന്നും ക്ലോ ണൽനിർദ്ധാരണം.     4.2മൂപ്പ് 240‐270 ദിവസം ഉയർന്നുവളരുന്ന ഈ ഇനത്തിന് കൂടുതൽ നീളവും വീതിയുമുള്ള ഇലകൾ. കുർകുമി ൻ 7.87%.

സുവർണ–-അസംഇനത്തിൽനിന്ന് തെരഞ്ഞെടുത്തത്. വിളവ്‌ ഹെക്ടറിന്‌    17.4 ടൺ പച്ചമഞ്ഞൾ.മൂപ്പ് 200 ദിവസം. നല്ല ഓറഞ്ച് നിറമുള്ള വിത്തുകൾ.

സുഗുണ–-അസം ഇനത്തിൽനിന്ന് തെരഞ്ഞെടുത്തത്. 9.35 ടൺ പച്ചമഞ്ഞൾ. മൂപ്പ്  190 ദിവസം.

സുദർശന–അസംഇനത്തിൽനിന്ന് തെരഞ്ഞെടുത്തത്. 28.5 ടൺ പച്ചമഞ്ഞൾ. മൂപ്പ് 190 ദിവസം.

പ്രഭ–ശുദ്ധനിർദ്ധാരണം37.5 ടൺ പച്ച മഞ്ഞൾമൂപ്പ്  205 ദിവസം. മൂല്യംകൂടിയ മഞ്ഞൾ

കേദാരം–-ജനിതക ശേഖരത്തിൽനിന്ന് തെരഞ്ഞെടുത്തത്. 34.5  ടൺ പച്ചമഞ്ഞൾ.    ഇലകരിച്ചിൽ രോഗത്തിനെതിരെ പ്രതിരോധം. കുർക്കുമിൻ 5.7%, ഒളിയോറൈസിൻ 14%.

ആലപ്പി സുപ്രീം–- ആലപ്പി ഇനത്തിൽനിന്ന് നിർദ്ധാരണം.ത്‌. 35.4 ടൺ പച്ചമഞ്ഞൾ.ഇലകരിച്ചിൽ രോഗത്തിനെതിരെ പ്രതിരോധം. കുർക്കുമിൻ 5.5%, ഒളിയോറൈസിൻ 16%.

ഇതിനുപുറമെ പ്രാദേശിക ഇനങ്ങളായ  തെക്കൂർപേട്ട, സുഗന്ധം, കോടൂർ, ആർമൂൽ, ആലപ്പുഴ, വയനാടൻ എന്നീ ഇനങ്ങളും പൊതുവെ ഉൽപ്പാദനശേഷി കൂടിയതും രോഗപ്രതിരോധശേഷിയുള്ളവയുമാണ്. 

ഭൂകാണ്ഡമാണ് മഞ്ഞളിന്റെ നടീൽവസ്തു. പ്രധാന കാണ്ഡത്തെ തള്ള, തട എന്നും ശാഖാകാണ്ഡത്തെ പിള്ള എന്നും പറയുന്നു. രണ്ടും നടാനുപയോഗിക്കാവുന്നതാണ്. തള്ള (മാതൃകാണ്ഡം) ചെറുതാണെങ്കിൽ അങ്ങനെതന്നെയും വലുതാണെങ്കിൽ നെടുകെ രണ്ടായിമുറിച്ചും നടാവുന്നതാണ്. നല്ല മുഴുത്തതും രോഗബാധയില്ലാത്തതുമായ വിത്തുവേണം തെരഞ്ഞെടുക്കുവാൻ. വിത്ത് കോപ്പർ ഓക്സിക്ലോറൈഡ് ലായനിയിൽ മുക്കിയശേഷം തണലത്തുണക്കി ചാണകവും ചളിയുംകൊണ്ട് മെഴുകിയ കുഴികളിൽ സൂക്ഷിച്ചുവയ‌്ക്കാം. നടാൻ  വേണ്ടിവരുന്ന വിത്തിന്റെ തൂക്കം നടീൽവസ്തുവിനെ ആശ്രയിച്ചിരിക്കും. മാതൃകാണ്ഡമാണ് (തള്ള) നടീൽവസ്തുവായി ഉപയോഗിക്കുന്നതെങ്കിൽ ഏക്കറിന് 800 മുതൽ 1000 കി.ഗ്രാം വിത്തും ശാഖാകാണ്ഡമാണെങ്കിൽ (പിള്ള) 600 മുതൽ 800 കി.ഗ്രാംവരെ വിത്തും വേണ്ടിവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top