30 May Tuesday

മണ്ണറിഞ്ഞ്‌ വിളയിറക്കാം.. മികച്ചമേനിക്കായി

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019

മനുഷ്യന്റെ സകല ഉയർച്ചയ്‌ക്കും  കാരണം അവൻ ജീവിക്കുന്ന മണ്ണാണെന്നുള്ളത‌് വാസ‌്തവമാണ‌്. ‘രാസമൂലകങ്ങളുടെ ഒരു ഖനിയാണ‌് മണ്ണ‌്.
കാട്ടിലെ മണ്ണ്‌ ജൈവവസ്‌തുക്കൾ ചേർന്നു കറുത്തനിറമായ ഫോറസ്‌റ്റ്‌ സോയിൽ (Forest Soil) എന്ന്‌ അറിയപ്പെടുന്നു. മുമ്പേ വിവരിക്കപ്പെട്ട വിവിധ കാലാവസ്‌ഥ‌/അന്തരീക്ഷ ഘടകങ്ങളായ മഴയുടെയും മറ്റും നൂറ്റാണ്ടുകളായുള്ള പ്രവർത്തനംമൂലം ഈ മണ്ണ്‌ വ്യത്യസ്‌തതരങ്ങളായിത്തീർന്നിട്ടുണ്ട്‌. ഇങ്ങനെ കേരളത്തിൽ നിലവിലുള്ള മൺതരങ്ങൾ ഏതെല്ലാം എന്നു പരിശോധിക്കാം.

കേരളത്തിലെ മണ്ണിനങ്ങൾ:
ലാറ്ററ്റൈറ്റ്‌ (ചുവന്ന വെട്ടുകൽ മണ്ണ്‌),     കോസ്‌റ്റൽ അലൂവിയം (തീരദേശത്തെ ഏക്കൽ മണ്ണ്‌), ഗ്രേയിഷ്‌ ഓണാട്ടുകര (ഇളം ചാരനിറമുള്ള ഓണാട്ടുകര മണ്ണ്‌),     ബ്രൗൺ ഹൈഡ്രോമോർഫിക്‌ (ജലം ആഗിരണം ചെയ്‌തുവീർക്കുന്ന തവിട്ടുനിറമുള്ള മണ്ണ്‌), ആസിഡ്‌ സലൈൻ (അമ്ലതയും ഉപ്പും കലർന്ന മണ്ണ്‌), ബ്ലാക്ക്‌ സോയിൽ (കറുത്ത മണ്ണ്‌) –-  പാലക്കാടൻ ചിറ്റൂർ മണ്ണ്‌),ഫോറസ്‌റ്റ്‌ ലോം (കാട്ടിലെ മണ്ണ്‌),റെഡ്‌ ലോം (ഇളക്കമുള്ള ചുവന്ന മണ്ണ്‌), റിവറൈൻ അലൂവിയം (നദീതീരങ്ങളിലെ ഏക്കൽ മണ്ണ്‌),     ഹൈഡ്രോമോർഫിക്‌ സലൈൻ (ജലം ആഗിരണംചെയതു വിർക്കുന്ന ഓരുമണ്ണ്‌), ചുരുക്കത്തിൽ ഈ മൺതരങ്ങൾ ഓരോന്നും നൂറ്റാണ്ടുകളായി മഴ, വെള്ളപ്പൊക്കം, ‌ സമുദ്രജലം എന്നിവയിലേതെങ്കിലും ഒരു പ്രതിഭാസത്തിന്റെ തുടർച്ചയായ പ്രവർത്തനഫലമായാണ്‌ രൂപപ്പെട്ടിട്ടുള്ളത്‌.

ചുവന്നവെട്ടുകൽ മണ്ണിൽ മഴയുടെ പ്രവർത്തനത്താൽ മൂലകങ്ങൾ (ഉദാ: കാൽസ്യം) പലതും നഷ്ടപ്പെട്ട്‌ അമ്ലതയേറുന്നതിനാൽ അതിൽ ഫലപ്രദമായി കൃഷിചെയ്യണമെങ്കിൽ അതിനുമുമ്പായി യഥേഷ്‌ടം ജൈവാംശവും അൽപ്പം കുമ്മായവും ചേർക്കേണ്ടതാവശ്യമാണ്‌. തീരദേശത്തെ എക്കൽമണ്ണിൽ അൽപ്പം ചളി കലർന്ന മണ്ണ്‌ ചേർത്തുകൊടുത്താൽ ജലസംഭരണശേഷി വർധിപ്പിക്കാൻ കഴിയും. ഇവിടങ്ങളിലെ പറമ്പുകളിൽ എക്കൽമണ്ണും പാടത്തും കായലിലും ചളിമണ്ണും ഉണ്ടായിരിക്കും.

ഓണാട്ടുകര പ്രദേശത്തെ മണ്ണിൽ ശാസ്‌ത്രീയരീതിയിൽ എള്ളുകൃഷിയും മറ്റും പ്രോൽസാഹിപ്പിച്ചാൽ വരുമാനം വർധിപ്പിക്കാൻ കഴിയും. കൃഷി ചെയ്യുമ്പോൾ ഇവിടങ്ങളിൽ ലഭ്യമായ ജൈവവളം പരമാവധി മണ്ണിൽ  ചേർത്തുകൊടുക്കണം.

പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ജലം ആഗിരണംചെയ്‌തു വീർക്കുന്ന തവിട്ടുനിറമുള്ള മണ്ണാണ്‌ ബ്രൗൺ ഹൈഡ്രോമോർഫിക്‌ മണ്ണ്‌. കേരളത്തിലങ്ങോളമിങ്ങോളം സ്‌ഥിതിചെയ്യുന്ന നെൽപ്പാടങ്ങളിലെ മണ്ണാണിത്‌. അമിതമായി ജലം ലഭിക്കുമ്പോൾ ജലം ആഗിരണം ചെയ്‌തുവയ്‌ക്കുമെന്നതുപോലെ അമിതമായി വെയിലേൽക്കുമ്പോൾ ജലം നഷ്ടപ്പെട്ട്‌ വിണ്ടുകീറുന്നുവെന്നതും ഈ മണ്ണിന്റെ പ്രത്യേകതയാണ്‌. പതിറ്റാണ്ടുകളായി ഇവിടെ നെൽക്കൃഷി ചെയ്യുമ്പോൾ പാടങ്ങളുടെ അടിമണ്ണിൽ രൂപംകൊള്ളുന്ന കട്ടിയേറിയ പാളി, വെള്ളം പെട്ടെന്ന്‌ ഒഴികിപ്പോകാതെ കാത്തുസൂക്ഷിക്കുന്നതുമൂലം ഓരോ പാടശേഖരവും വൻ ജലസംഭരണികളായി മാറുന്നു. ഈ കട്ടിയേറിയ പാളിയുള്ളതുകൊണ്ട്‌ പാടങ്ങളിൽ നെല്ലൊഴികെ മറ്റു വിളകൾ കൃഷിചെയ്യുന്നതുകൊണ്ട്‌ പ്രതീക്ഷിച്ച ലാഭം ഉണ്ടാകുന്നില്ല. ഇത്തരം പ്രവൃത്തികൾമൂലം നദികളിലെ നീരൊഴുക്കു കുറഞ്ഞുവരുന്നു എന്നതിനുപുറമേ നദീനിരപ്പു താഴുന്നതോടെ ഇത്തരം കൃഷികളും ലാഭകരമല്ലാതായിത്തീരുന്നു.  ഏറിവന്നാൽ നെൽപ്പാടങ്ങളുടെ വരമ്പുകൾ ബലപ്പെടുത്തി അവിടെമാത്രം തെങ്ങും വാഴയും കൃഷിചെയ്യുക എന്നതുമാത്രമേ കരണീയമായിട്ടുള്ളു. വേനൽക്കാലത്ത്‌ പാടശേഖരങ്ങളിൽ പയർവർഗവിളകൾ കൃഷിചെയ്യാവുന്നതാണ്‌. ഇനിയും അവശേഷിക്കുന്ന പാടശേഖരങ്ങൾ കാത്തുസംരക്ഷിച്ചില്ലെങ്കിൽ കൊടിയ വരൾച്ചയുൾപ്പെടെയുള്ള വലിയ വിപത്തുകളാണ്‌ നമ്മെ കാത്തിരിക്കുന്നത്‌.

അമ്ലതയും ഉപ്പും കലർന്ന ആസിഡ്‌ സോയിൽ ആലപ്പുഴ, എറണാകുളം, തൃശൂർ എന്നീ തീരദേശ ജില്ലകളിലാണ്‌ പ്രധാനമായും കാണപ്പെടുന്നത്‌. പൊക്കാളിനെല്ലും ചെമ്മീൻ ‐ മത്സ്യക്കൃഷികളും കീടനാശിനിരഹിതമായി ഇവിടങ്ങളിൽ സാധാരണയായി ചെയ്യാവുന്നതാണ്‌. കുട്ടനാട്ടിൽ കരിനിലം, കായൽനിലം, കരപ്പാടം എന്നിവിടങ്ങളിൽ ഇത്തരം മണ്ണാണുള്ളത്‌.  കുട്ടനാട്ടിൽ  കായൽ വളച്ചെടുത്ത‌് മടകുത്തിയുണ്ടാക്കിയ പാടശേഖരങ്ങളിൽ നെല്ലും മീനും കൃഷിചെയ്‌തു ജലസംഭരണസാധ്യത നിലനിർത്താവുന്നതാണ്‌. കീടനാശിനികളുടെ അമിതോപയോഗം കുറച്ചുകൊണ്ടുവരുകയും ഇക്കോ ടൂറിസത്തിനുള്ള സാധ്യത വർധിപ്പിക്കുകയുമാകാം. നദീജലം അമിതമായി ഒഴുക്കിക്കൊണ്ടുവരുന്ന എക്കൽ മണ്ണുപയോഗിച്ച്‌ ഇവിടങ്ങളിലെ വരമ്പുകൾ മുമ്പത്തേക്കാൾ വീതിയിൽ ബലപ്പെടുത്തി വരമ്പുകളിൽ തെങ്ങുകൃഷി വർധിപ്പിക്കാവുന്നതാണ്‌. അതുവഴി ഭാവിയിലെ മടവീഴ്ചാസാധ്യത കുറയ്‌ക്കാം. ഗ്രാമീണമേഖലയിൽ ഇതുവഴി തൊഴിൽസാധ്യത വർധിക്കുന്നു. ബ്രൗൺ ഹൈഡ്രോമോർഫിക്‌ മണ്ണുള്ള സ്‌ഥലങ്ങളിലും വരമ്പുകൾ ബലപ്പെടുത്തി വിവിധകൃഷികൾ ചെയ്യുന്നത്‌ ഗുണം ചെയ്യും.

പണിയുന്നവരും അതിനുമുമ്പായി രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിയിരിക്കുന്നു. വീണ്ടുവിചാരം ജീവൻ രക്ഷിക്കും എന്നത‌് പഴമക്കാരുടെമാത്രം പ്രമാണമല്ല. കുത്തനെയുളള ചരിവുകളുടെ താഴെ വൃക്ഷങ്ങൾ നടുന്നത്‌ പ്രോൽസാഹിപ്പിക്കാവുന്നതാണ്‌. പക്ഷികളുടെ വംശം കുറ്റിയറ്റുപോകാതെയിരുന്നാൽ അവ വിത്തുകൾ സ്വാഭാവികമായി വിതരണംചെയ്‌ത്‌ വൃക്ഷങ്ങളുടെ എണ്ണം വർധിപ്പിക്കുന്നു. കൃഷിക്കായുള്ള ജൈവവളത്തിന്റെ ഒന്നാന്തരം ഉറവിടമാണ്‌ വൃക്ഷശിഖരങ്ങളും ഇലകളും. വൃക്ഷങ്ങൾ ഒന്നാകെ വെട്ടിക്കളയാതെ ശിഖരങ്ങളും ഇലകളും മാത്രം വെട്ടിയെടുത്തുപയോഗിക്കുന്നത്‌ സുസ്‌ഥിര കൃഷിരീതിയിലേക്കുള്ള കർഷകരുടെ മാറ്റത്തിന‌് ആക്കംകൂട്ടും. നിലവിലെ രീതിയിൽനിന്ന്‌ രാസവളങ്ങൾ 50 ശതമാനം കുറയ്‌ക്കാമെന്നും പകരം ജൈവവളങ്ങൾ 50 ശതമാനം കണ്ട്‌ വർധിപ്പിക്കാമെന്നും കാർഷിക സർവകലാശാലയിൽ നടന്ന പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്‌. കാർഷികോൽപ്പാദനം കുറയാതെതന്നെ!) ഇക്കാര്യത്തിൽ വിദഗ്‌ധരുടെ നിർദേശങ്ങൾ ചെവിക്കൊണ്ട‌് വേണ്ട മാറ്റങ്ങൾ അനുവർത്തിക്കണമെന്നുമാത്രം.

(കൃഷിവകുപ്പ്‌ റിട്ടയഡ്‌ ജോയിന്റ്‌ ഡയറക്ടറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top