30 May Tuesday

പ്രളയകാലം കഴിഞ്ഞു,,,വീണ്ടെടുക്കാം മണ്ണും വിളകളും

വെബ് ഡെസ്‌ക്‌Updated: Thursday Sep 27, 2018

ഈ നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രളയംവഴി  മണ്ണിലുണ്ടാക്കിയ മാറ്റങ്ങളും ഏറെയാണ്. മണ്ണിലെ വായുവറകൾ  അടഞ്ഞു.  കാർഷികവിളകൾക്ക് വൻനാശത്തിനൊപ്പം കീടബാധകളും വ്യാപകമായി. ഇതിനെ അതിജീവിക്കാനും കാർഷികമേഖലയെ വീണ്ടെടുക്കാനും കാർഷിക സർവകലാശാലയും കൃഷിവകുപ്പും രംഗത്തുണ്ട്.  കീടങ്ങളെ തടയാനുള്ള മാർഗരേഖയുമായി കാർഷിക സർവകലാശാല വിജ്ഞാനവ്യാപന വിഭാഗം പ്രത്യേക വീഡിയോ പുറത്തിറക്കി. മണ്ണിലുണ്ടായ മാറ്റങ്ങൾ പരിഹരിക്കാനും രോഗങ്ങൾ നിയന്ത്രിക്കാനും മണ്ണിലെ ജൈവഘടകങ്ങൾ പരിപോഷിപ്പിക്കാനുമുള്ള നിർദേശങ്ങളാണ് വീഡിയോയിലുള്ളത്.  കീടബാധകളുടെ ലക്ഷണം, പരിഹാരമാർഗങ്ങൾ, പ്രതിരോധം, ബോർഡോ മിശ്രിതം, ട്രൈക്കോ ഡെർമ സമ്പൂർണ ചാണകം എന്നിവയുടെ നിർമാണവും ചിത്രീകരിച്ചിരിക്കുന്നതിനാൽ കർഷകർക്ക് ഏറെ സഹായമാണ്.
 
മണ്ണിലെ പ്രശ്നങ്ങളും പരിഹാരങ്ങളും
പ്രളയംമൂലം പല കൃഷിയിടത്തും ചളി അടിഞ്ഞുകൂടി. മണ്ണിൽ ഉൾക്കൊള്ളാവുന്ന വെള്ളംചെന്നതോടെ മണ്ണിലെ കാപ്പിലറികളിൽ കുടുങ്ങിക്കിടക്കുന്ന വായു പുറത്തുപോകുന്നു.   മുകൾത്തട്ടിൽ ചളി അടിഞ്ഞുകൂടി മണ്ണിന് കട്ടിയായതോടെ വായുവറകൾ അടഞ്ഞു. അത് വേരോട്ടത്തെയും ജല ആഗീരണശേഷിയെയും  ദോഷകരമായി ബാധിക്കുന്നു.   വെള്ളക്കെട്ടുമൂലം സൂക്ഷ്മാണുക്കളുടെ എണ്ണം കുറഞ്ഞു.   ഇത് പരിഹരിക്കാൻ ചെടികളുടെ വേരുകൾക്ക്  ആഘാതംവരാതെ മണ്ണിളക്കിക്കൊടുക്കണം. വളർച്ചയ്ക്കു മണ്ണിലെ നൈട്രജൻ, പൊട്ടാസ്യം എന്നീ മൂലകങ്ങൾ നഷ്ടപ്പെട്ടു. ഇത് പരിഹരിക്കാൻ ഇവയുള്ള വെള്ളത്തിൽ  അലയുന്ന   19: 19: 19 പോലെയുള്ള  വളങ്ങൾ ഇടണം.  പൊട്ടാസ്യം ഇട്ടുകൊടുക്കണം. ഇത് അഞ്ചുഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലക്കി  തെളിക്കണം.  പച്ചച്ചാണകത്തിന്റെ തെളി  100 ലിറ്ററെടുത്ത് ഒരുകിലോ ട്രൊക്കോഡർമ ചേർത്ത് ചെടിയുടെ കടഭാഗത്ത് ഒഴിച്ചുകൊടുക്കാം. ജാതിയിലെ ഇലകരിച്ചിൽ, കമുകിലെ മഹാളി, വാഴയിലെ മാണ അഴുകൽ, നെൽകൃഷിയിൽ ഇല കരിയൽ, ഏലത്തിൽ അഴുകൽ, തെങ്ങിന്റെ കൂമ്പുചീയൽ, കുരുമുളകിന്റെ മഞ്ഞളിപ്പ് തുടങ്ങീ രോഗങ്ങളാണ് പ്രളയത്തെത്തുടർന്ന്  വ്യാപകമായത്.

ജാതിയിൽ  കൊഴിച്ചിൽ; ഏലം അഴുകൽ
ജാതിയിൽ  കൊഴിച്ചിൽ  വ്യാപകമാണ്. കൊമ്പുകളും  ഉണങ്ങിപ്പോകുന്നു.  കൊളിറ്റോട്രൈകം  ഫൈറ്റോഫ്തോറ തുടങ്ങി കുമിളുകളാണ് ഇതിനു കാരണം.  കായ്കളിൽ കറുത്തപാടുകൾവന്ന് കൊഴിയുന്നു. ഏലത്തിന്റെ അഴുകൽരോഗം തീവ്രതകൂട്ടി. ഇല കരിഞ്ഞുകീറി. കായ്കൾ ചീഞ്ഞു. തോട്ടത്തിൽ നീർവാർച്ച ഉറപ്പാക്കുക.  രോഗംബാധിച്ച സസ്യഭാഗങ്ങൾ  വെട്ടിനീക്കുക.  നീർവാർച്ച ഉറപ്പുവരുത്തിയശേഷം ബോർഡോ മിശ്രിതം ഒരു ശതമാനം വീര്യമുള്ള അല്ലെങ്കിൽ  കോപ്പർ ഓക്സിക്ലോറൈഡ് രണ്ടരഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ കോപ്പർ ഹൈഡ്രോക്സൈഡ് ഒന്നരഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിലും കായ്കളിലും തളിക്കണം. കോപ്പർ ഓക്സിക്ലോറൈഡ് 2.5 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ കോപ്പർ ഹൈഡ്രോക്സൈഡ് 1.5 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലക്കി 10 മുതൽ 20 ലിറ്റർവരെ  ലായനി ചെടിയുടെ  തടത്തിലും ഒഴിച്ചുകൊടുക്കണം.  വേരിന്റെ ആരോഗ്യം വീണ്ടെടുക്കാൻ നേർപ്പിച്ച പച്ചച്ചാണകത്തിന്റെ തെളി  100 ലിറ്ററിന് ഒരുകിലോ ട്രൈക്കോഡർമ ചേർത്ത് ചെടിയുടെ കടഭാഗത്ത് ഒഴിച്ചുകൊടുക്കാം. ട്രൈക്കോഡർമ സമ്പുഷ്ടചാണകം മരമൊന്നിന് അഞ്ചുകിലോ ഇട്ടുകൊടുക്കുന്നതും നല്ലതാണ്.കമുകിൽ മഹാളിരോഗം
കമുകിൽ മഹാളിരോഗം രൂക്ഷമാണ്. മുത്തതും വളർച്ചയെത്താത്തതുമായ അടക്ക ചീഞ്ഞ് കൊഴിയുന്നു.  കൃഷിയിടം വൃത്തിയായി സൂക്ഷിക്കണം.  രോഗബാധയേറ്റ പൂങ്കുലകൾ നശിപ്പിക്കുക. കേടായ അടക്കകൾ മൊത്തം നശിപ്പിക്കണം.   തുടർന്ന് ബോർഡോമിശ്രിതം ഒരുശതമാനം വീര്യത്തിലുള്ളത് അല്ലെങ്കിൽ  കോപ്പർ ഓക്സിക്ലോറൈഡ് രണ്ടുഗ്രാം ഒരുലിറ്റർ വെള്ളത്തിൽ, അല്ലെങ്കിൽ കോപ്പർ ഹൈഡ്രോക്സൈഡ് ഒന്നരഗ്രാം  ഒരു ലിറ്റർ വെള്ളത്തിൽ, 40 മുതൽ 45 ദിവസത്തെ ഇടവേളകളിൽ പശചേർത്ത് തളിക്കുക.

വാഴയിൽ മാണം അഴുകൽ
വാഴയിൽ   കണ്ടുവരുന്ന  പ്രധാനരോഗമാണ്  മാണം അഴുകൽ.  രോഗം ബാധിച്ച ചെടിയുടെ ഇലകൾ മഞ്ഞളിഞ്ഞ് ഒടിഞ്ഞുവീഴുന്നു. വാഴപ്പോളയിൽ വെള്ളം നിറഞ്ഞ് കടഭാഗത്ത് നിറവ്യത്യാസം ദൃശ്യമാകുന്നു. വേരുകൾ കുറഞ്ഞുവന്ന‌് കറുത്തനിറം ആകുന്നു. തുടർന്ന‌് വാഴ മറിഞ്ഞുവീഴുന്നു. രോഗനിയന്ത്രണത്തിന് തോട്ടത്തിൽ നീർവാർച്ച ഉറപ്പുവരുത്തണം. ബ്ലീച്ചിങ് പൗഡർ ഒരുഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി  രോഗബാധയുള്ള വാഴയുടെ കടക്കൽ ഒഴിക്കുക. ഒരു കോപ്പർ ഹൈഡ്രോക്സൈഡ് രണ്ടുഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലക്കി വാഴയുടെ ചുവട്ടിൽ ഒഴിക്കുന്നതും നല്ലതാണ്. അഞ്ചുലിറ്റർ ലായനി ഒഴിക്കുന്നത് നല്ലത്. പുതിയ കൃഷി തുടങ്ങുന്ന സമയത്ത് സ്യൂഡോമോണസ് 20 ഗ്രാം ലിറ്റർ വെള്ളത്തിൽ കലക്കിയതിൽ 15 മിനിറ്റ് മുതൽ 20 മിനിറ്റ്വരെ മുക്കിവയ‌്ക്കുക.

നെല്ലിൽ ഇലകരിച്ചിൽ
ബാക്ടീരിയമൂലമുള്ള രോഗമാണ‌്   നെല്ലിലെ ഇലകരിച്ചിൽ. നടീൽ കഴിഞ്ഞ് മുന്നാഴ്ചയ‌്ക്കകമാണ‌് രോഗം ഏറ്റവും കൂടുതൽ. ഇലകളിൽ മഞ്ഞനിറം, പിന്നീട്  ഇലകൾ  ചുരുണ്ട് ചാരനിറമാകൽ എന്നിവ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. 20 ഗ്രാം പച്ചച്ചാണകം   ലിറ്റർ വെള്ളത്തിൽ കലക്കി തെളിയെടുത്ത് തളിക്കണം.  ബ്ലീച്ചിങ് പൗഡർ കിഴികളിലാക്കി രണ്ടുകിലോ ഏക്കറിന്  ഇട്ടുകൊടുക്കണം. സ്ട്രെപ്റ്റോസൈക്ലിൻ 30 ഗ്രാം 200 ലിറ്റർ വെള്ളത്തിൽ കലക്കി ഒരേക്കറിൽ തളിച്ചാൽ നല്ലതാണ്.

തെങ്ങിന്റെ കുമ്പുചീയൽ
ഫൈറ്റോഫ് തോറ കുമിൾമൂലമാണ‌് തെങ്ങിന്റെ കുമ്പുചീയൽ. കുരുത്തോല മുറിഞ്ഞുവീഴും. കൂമ്പിൽ ചീയൽ ദൃശ്യമാകും.   തെങ്ങിന്റെ മണ്ടവൃത്തിയാക്കി ചീഞ്ഞഭാഗം മുറിച്ചുമാറ്റണം. ബോർഡോ കുഴമ്പോ, കോപ്പർ ഓക്സിക്ലോറൈഡ്  എന്ന കുമിൾനാശിനിയോ തേച്ചുകൊടുക്കണം.  മുറിപ്പാടുകളിലുടെ വെള്ളം ഇറങ്ങാതിരിക്കാൻ പ്ലാസ്റ്റിക്കവർ മൂടണം.  മറ്റിടങ്ങളിൽ രോഗം വരാതിരിക്കാൻ മാങ്കോസെബ്  രണ്ടുഗ്രാംവീതം പ്ലാസ്റ്റിക് കവറിലാക്കി നാലെണ്ണംവീതം മണ്ടയിൽ വയ‌്ക്കണം.  

കുരുമുളക‌്  മഞ്ഞളിപ്പ്
വായുവറകൾ അടഞ്ഞതോടെ കുരുമുളകുവേരുകളുടെ വളർച്ച ദോഷകരമാക്കി. വാട്ടവും  മഞ്ഞളിപ്പുംമൂലം ഇലകൾ കൊഴിയുന്നു. വള്ളികൾ ഉണങ്ങിപ്പൊട്ടി  കുരുമുളക് പൂർമായും നശിക്കുന്നു. കടയിലേക്ക് മണ്ണിട്ടശേഷം പരിഹാരമായി  പൊട്ടാസ്യം  ഫോസ്ഫറേറ്റ് മൂന്നു മില്ലി ഒരുലിറ്റർ വെള്ളത്തിൽ കലക്കി അഞ്ചുലിറ്റർവീതം ഓരോ വള്ളിയിൽ ഒഴിക്കുക.   മൂലകങ്ങൾ ആഗിരണം ചെയ്യാൻ 19:19:19 പോലുള്ളവ അഞ്ചുഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി കടയ‌്ക്കൽ ഒഴിക്കുക.  പച്ചച്ചാണകത്തിന്റെ തെളി  100 ലിറ്ററെടുത്ത് ഒരുകിലോ ട്രൈക്കോഡർമ ചേർത്ത് ചെടിയുടെ കടഭാഗത്ത് ഒഴിച്ചുകൊടുക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top