Deshabhimani

മഴമറകൃഷിക്ക്‌ പ്രചാരമേറുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2020, 10:09 PM | 0 min read


നിരവധി പോളി ഹൗസ് ഹൈടെക് കൃഷി നിലവിലുണ്ടെങ്കിലും സാങ്കേതിക സങ്കീർണകൾ ഒന്നുമില്ലാതെ സ്ഥലസൗകര്യമുള്ള ആർക്കും അനുകരിക്കാവുന്ന കൃഷി രീതിയാണ് മഴമറ അഥവാ റെയിൻ ഷെൽട്ടർ കൃഷി രീതി. സംസ്ഥാന സർക്കാരും  കൃഷി വകുപ്പും വിജയസാധ്യത കണ്ട് ഇതിന് നല്ല രീതിയിൽ ഇപ്പോൾ പ്രോത്സാഹനം നൽകുന്നുണ്ട്. മഴയിൽനിന്ന്‌ വിളകളെ സംരക്ഷിക്കുന്ന സുതാര്യമായ മേൽക്കൂരയുള്ള ചെലവ് കുറഞ്ഞ ഹരിതഗൃഹം പണിത് അതിൽ വർഷത്തിൽ എല്ലാ കാലത്തും കൃഷി ചെയ്യാനുള്ള സാഹചര്യം ഒരുക്കലാണ് ഇത്‌. പുറത്തെ കാലാവസ്ഥ എന്തുതന്നെ പ്രതികൂലമായാലും അതൊന്നും മഴമറയ്‌ക്കകത്തെ കൃഷിക്ക് ദോഷകരമാകില്ല.

തണൽ ഒട്ടും വീഴാത്ത തുറസ്സായ സ്ഥലമാണ് മഴമറ പണിയാനായി തെരഞ്ഞെടുക്കേണ്ടത്. ഒരു സെന്റ്  (40 ച.മീറ്റർ)മുതൽ അഞ്ച് സെന്റ് വരെയുള്ള സ്ഥലം ഇതിനായി കണ്ടെത്തണം. സൗകര്യമുള്ള വീടുകളിലെ ഓപ്പൺ ടെറസും ഇതിനായി ഉപയോഗിക്കാം.


 

മഴമറയുടെ ചട്ടക്കൂടിന് ജിഐ  പൈപ്പ് ഉപയോഗിക്കാം. ചെലവ് ചുരുക്കാൻ പ്രാദേശികമായി ലഭിക്കുന്ന മുള, കവുങ്ങ്, മറ്റ്‌ തടികളുമാകാം. മേൽക്കൂര ആവരണം ചെയ്യാനായി ഇരുനൂറ് മൈക്രോൺ കനമുള്ള യുവി സ്റ്റെബിലൈസ്ഡ് പോളിത്തീൻ ഷീറ്റുകളാണ് ഉപയോഗിക്കേണ്ടത്. ഒരു കിലോഗ്രാം ഷീറ്റ്കൊണ്ട് 5.6 ച. മീറ്റർ സ്ഥലം ആവരണം ചെയ്യാം.

മഴമറയുടെ മധ്യഭാഗത്തിലെ ഉയരം തറയിൽനിന്ന്‌ നാല് മുതൽ നാലേകാൽ മീറ്റർവരെയും വശങ്ങളിലെ ഉയരം രണ്ടുമുതൽ രണ്ടേകാൽ മീറ്റർ വരേയുമാകാം. മേൽക്കൂര ആർച്ച് രൂപത്തിൽ രണ്ടു വശങ്ങളിലും ചായ്ച്ചിറക്കി നിർമിക്കുന്നതാണ് നമ്മുടെ കാലാവസ്ഥയ്‌ക്ക് യോജ്യം.

വിളവ്‌ ഗംഭീരമാകും

മഴമറയിൽ ഡ്രിപ് ഇറിഗേഷൻ  സംവിധാനം ഏർപ്പെടുത്തുന്നത്  ഫെർട്ടിഗേഷൻ രീതിയിൽ കൃത്യമായി വളവും വെള്ളവും നൽകാനാകും. ന്യൂ ജനറേഷൻ വളങ്ങളുടെ ഉപയോഗം കാര്യക്ഷമമായി പ്രയോജനപ്പെടുത്താനുമാകും. വേനലിൽ ചൂട് അമിതമാകുന്ന പക്ഷം മേൽക്കൂരയിലെ പോളിത്തീൻ ഷീറ്റിന് താഴെ തണൽവലകൾ ക്രമീകരിച്ചാൽ മതി. പക്ഷിമൃഗാദികളുടെ ശല്യമുള്ള ഇടങ്ങളിൽ ഇഴയകലംകൂടിയ കമ്പിവലകൾകൊണ്ടോ തണൽ വലകളോകൊണ്ട് വശങ്ങൾ സംരക്ഷിക്കാം. മഴക്കാലത്ത് തുറസ്സായ സ്ഥലത്ത് കൃഷി ചെയ്യൽ എളുപ്പമല്ലാത്ത തക്കാളി, കാപ്‌സിക്കം എന്നിവയെല്ലാം മഴമറയിൽ നന്നായി വളർന്നു വിളവ് നൽകും. ചരടിന്റെ പിൻബലത്തോടെ പടർന്നുകയറുന്ന പ്രത്യേകതരം തക്കാളിയും മുളകും ദീർഘകാലം സമൃദ്ധിയായി കായ്ക്കും. തുറസ്സായ സ്ഥലങ്ങളിൽ ചെയ്യുന്ന കാബേജ്, കോളിഫ്ളവർ, പയറിനങ്ങൾ, വിവിധയിനം മുളകുകൾ, ഇലവർഗ പച്ചക്കറികൾ, വഴുതന വർഗങ്ങൾ, ബീൻസ് എന്നിവയെല്ലാം മഴമറയിൽ നല്ല രീതിയിൽ വളരും.


 

ഹരിതഗൃഹത്തിൽ പലതരം ചെടികളുടെ ഉയർന്ന ഗുണനിലവാരമുളള തൈകൾ ഉണ്ടാക്കി വിപണനം നടത്തുന്നതും ആദായകരമാകും. ഗ്രോ ബാഗ് കൃഷി, ഹൈഡ്രോ ഫോണിക്ക് കൃഷി എന്നീ രീതികളും മഴമറക്കിണങ്ങും.
ഹരിതഗൃഹങ്ങളിൽ മണ്ണ് ഉപയോഗിക്കാതെ കൃഷി ചെയ്യുന്ന നൂതന സങ്കേതങ്ങളും ഇപ്പോൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. രാസലായനി, കൊക്കോ പിറ്റ്, ഉമി, വെർമിക്കുലേറ്റ്, പെർ ലൈറ്റ്, പിറ്റ്മോസ് എന്നീ മാധ്യമങ്ങളിൽ ചെടി നട്ട് വളർത്തിയെടുക്കാം. ഇത്തരം കൃഷിരീതികൾക്കായിരിക്കും വരും നൂറ്റാണ്ടിൽ ഏറെ പ്രചാരം.

(ലേഖകൻ വയനാട് എം എസ് സ്വാമിനാഥൻ ഗവേഷണ കേന്ദ്രത്തിൽ സീനിയർ കൺസൾട്ടന്റാണ്)



deshabhimani section

Related News

View More
0 comments
Sort by

Home