22 September Friday

ചേമ്പ്, കറ്റാര്‍ വാഴ, സ്റ്റീവിയ, ലിച്ചിപ്പഴം

എം കെ പി മാവിലായിUpdated: Thursday Dec 14, 2017

ചേമ്പിന്റെ അത്യുല്‍പ്പാദനശേഷിയുള്ള ഇനങ്ങളുണ്ടോ..? ശ്രീരശ്മി എന്നത് ചേമ്പിലെ ഇനമാണോ?
വിവിധ കിഴങ്ങുവര്‍ഗങ്ങളുടെ അത്യുല്‍പ്പാദനശേഷിയുള്ള നിരവധി ഇനങ്ങള്‍ തിരുവനന്തപുരം ശ്രീകാര്യത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്ര കിഴങ്ങവര്‍ഗ ഗവേഷണകേന്ദ്രത്തില്‍നിന്നും പുറത്തിറക്കിയിട്ടുണ്ട്. ചേമ്പില്‍ ശ്രീരശ്മി, ശ്രീപല്ലവി, ശ്രീകിരണ്‍, മുക്തകേശി എന്നിവയാണ് പ്രാധാനം. വയലറ്റ് കലര്‍ന്ന പച്ചനിറമുള്ള തണ്ടുള്ള ശ്രീരശ്മിക്ക് സാമാന്യം വലുപ്പമുള്ള തള്ളച്ചേമ്പും വിത്തുകളുമുണ്ട്. ഇതിന്റെ കിഴങ്ങും ഇലയും തണ്ടും ഭക്ഷ്യയോഗ്യമാണ്. സ്വാദേറിയ ഇതിന്റെ കിഴങ്ങില്‍ 15 ശതമാനം അന്നജവും രണ്ടരശതമാനം പ്രോട്ടീനുമുണ്ട്. 

സ്റ്റീവിയ എന്നു പേരുള്ള മധുരതുളസി വളരുന്നുണ്ട്.
ഇത് എപ്പോഴാണ് വിളവെടുക്കുന്നത്. സംസ്കരണം എങ്ങനെയാണ്..?
മധുരതുളസി പൂത്തുതുടങ്ങുമ്പോള്‍ വിളവെടുത്താല്‍മതി. തറ നിരപ്പില്‍നിന്ന് ഏതാണ്ട് 10 സെ.മീറ്റര്‍ ഉയരംവച്ച് ചെടികള്‍ മുറിച്ചെടുക്കാം. നട്ട് നാല്-അഞ്ച് മാസമാകുമ്പോള്‍ അവ വിളവെടുപ്പിനാകും. മൂന്നുമാസം ഇടവിട്ട് വിളവെടുപ്പ് തുടരാം. മൂന്നോ നാലോ വിളവെടുപ്പ് പ്രതിവര്‍ഷം സാധ്യമാകും. വിളവെടുത്ത ഉടന്‍ ഇല ഉണക്കണം. നല്ല വെയിലില്‍ 10 മണിക്കൂര്‍ ഉണക്കിയാല്‍ പാകമാകും. ഉയര്‍ന്ന ഊഷ്മാവില്‍ കൃത്രിമമായി ഉണക്കുന്നത് ഗുണമേന്മ കുറയ്ക്കും. ഉണങ്ങിക്കഴിഞ്ഞാല്‍ഇലകള്‍ അടര്‍ത്തിയെടുത്ത് പോളിത്തീന്‍ ബാഗുകളിലോ മറ്റോ വായുകടക്കാതെ പായ്ക്ക്ചെയ്ത് വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യാം.

കറ്റാര്‍വാഴ ധാരാളമായി വളരുന്നുണ്ട്. ഇത് മുടിവളര്‍ച്ചയ്ക്കുള്ള എണ്ണ ഉണ്ടാക്കാന്‍ ചിലര്‍ കൊണ്ടുപോകാറുണ്ട്. ഇതല്ലാതെ മറ്റെന്തെങ്കിലും ഔഷധാവശ്യത്തിന് ഉപയോഗിക്കുന്നുണ്ടോ..?
 കെ അബ്ദുള്‍ ഖാദര്‍, കുണ്ടോട്ടി, മലപ്പുറം

കറ്റാര്‍വാഴയുടെ നീരുണക്കിയാണ് ചെന്നിനായകം തയ്യാറാക്കുന്നത്. കുമാരാസ്യവം, വലിയ ചന്ദനാദിതൈലം, മജ്ഞിഷ്ഠാദി തൈലം എന്നിവയില്‍ ഇത് ചേരുവയാണ്.

ലിച്ചിപ്പഴം പറിച്ചെടുത്താല്‍ പെട്ടെന്ന് നിറംമങ്ങി കേടുവരുന്നു. കാരണമെന്താണ്. ഇത് കൂടുതല്‍ ദിവസം സൂക്ഷിക്കാന്‍  മാര്‍ഗമുണ്ടോ?
കെ വി രാഘവന്‍, മണ്ണൂത്തി, തൃശൂര്‍

ചില എന്‍സൈമുകളുടെ പ്രവര്‍ത്തനംമൂലം ആന്തോസയനിന്‍ വിഘടിച്ചുപോകുന്നതുമൂലമാണ് നിറം നഷ്ടപ്പെടുന്നത്. പറിച്ചെടുത്ത കായ്കള്‍ സൂര്യപ്രകാശം കൊള്ളിക്കാതെ സംഭരിക്കണം. ശീതീകരിച്ച സംഭരണികളില്‍ ലിച്ചിപ്പഴം മൂന്ന്-നാല് ആഴ്ചവരെ സൂക്ഷിക്കാം. ഇതിന് രണ്ട് ഡിഗ്രി സെന്റിഗ്രേഡ് എന്ന നിലയിലേക്ക് ചൂട് കുറയ്ക്കണം. ലിച്ചിപ്പഴം സംസ്കരിച്ച് വിവിധതരം പാനീയങ്ങള്‍, ജെല്ലി, വൈന്‍ തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങളാക്കി ദീര്‍ഘകാലം ഉപയോഗിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top