28 September Monday

കണിവെള്ളരി കൃഷിക്കു കാലമായി

മലപ്പട്ടം പ്രഭാകരൻUpdated: Thursday Mar 1, 2018

 കേരളത്തിൽ വീണ്ടും ഒരു വെള്ളരിക്കാലം ഉണരുകയാണ്. വിഷു ഉത്സവകാലം ലക്ഷ്യമാക്കി പൗരാണികകാലംമുതൽ കണിവെള്ളരി  കൃഷിചെയ്തുവരുന്നതായി രേഖകളുണ്ട്. മനുഷ്യൻ ആദ്യമായി കൃഷിചെയ്ത പച്ചക്കറിയും വെള്ളരിയാണത്രെ. ഇങ്ങനെ വെള്ളരിക്കഥകൾ ഏറെയുണ്ട്. വിഷുക്കാലം ലക്ഷ്യമാക്കിയ വെള്ളരിക്കൃഷിയെ കേരളത്തിൽ വേനൽക്കാലത്ത് ഏറ്റവും കൂടുതൽ കൃഷിചെയ്യുന്നത് കണിവെള്ളരിയാണ്. ഇളം കായക്ക് പച്ചനിറവും പഴുക്കുമ്പോൾ ഓറഞ്ചു കലർന്ന മഞ്ഞനിറവുമാകും ഇതിന്. ധാരാളം കായ്കൾ ഉണ്ടാകും. ഏറെനാൾ സൂക്ഷിക്കാം (കർക്കടക വാവുസദ്യ ഊട്ടുംവരെ എന്ന് പഴമൊഴി), പോഷകലഭ്യതയിൽ മുമ്പൻ എന്നിവയെല്ലാം ഇതിന്റെ പ്രത്യേകതയാണ്. തെക്കൻ ജില്ലയിൽ പൊതുവെ പച്ചനിറമുള്ള കണിവെള്ളരിയും പ്രചാരത്തിലുണ്ട്.

കൊയ്തൊഴിഞ്ഞ പാടങ്ങൾ, മണൽകലർന്ന മണ്ണുള്ള പുഴയോരങ്ങൾ എന്നിവിടങ്ങൾ ഉപയോഗിക്കാം. ഭാരതപ്പുഴയുടെ തീരവും മലപ്പുറം പാലക്കാട് ജില്ലകളിൽ പുഴയെ ആശ്രയിച്ചും കണ്ണൂരിൽ നെൽപ്പാടങ്ങളിലുമാണ് കണിവെള്ളരി കൂടുതലും നടുന്നത്.

നിലമൊരുക്കൽ: നിലം നന്നായി ഉഴുത് കട്ട ഉടച്ച് പരുവപ്പെടുത്തുക. സെന്റിന് രണ്ടു കി.ഗ്രാം കുമ്മായം ഈ സമയം ചേർക്കണം. 2 ഃ 1.5 മീറ്റർ അകലംവരത്തക്കവിധം 60 സെ.മീ. വ്യാസവും 45 സെ. മീ. ആഴവുമുള്ള കുഴിയെടുക്കുക. (ഒരു സെന്റിൽ 13 കുഴിയെടുക്കാം). ഇതിൽ ഉണങ്ങിപ്പൊടിഞ്ഞ കാലിവളം അഥവാ കമ്പോസ്റ്റ് ചേർത്ത് മണ്ണുമായി ഇളക്കുക. ചാണകം ചേർക്കുമ്പോൾ 'ട്രൈക്കോഡർമ' എന്ന ജൈവ സൂക്ഷ്മ കുമിൾനാശിനി ചേർത്തു കുഴച്ച് ഈർപ്പംനൽകി ഒരാഴ്ചവച്ച്, കുമിൾ വ്യാപിച്ചശേഷം ചേർക്കുന്നത് പിന്നീടുള്ള രോഗം തടയാൻ സഹായിക്കും. ഇതിൽ വിത്ത് നടാം. ഒരു തടത്തിൽ 4,5 വിത്ത് നടാം. 3,4 ഇല പ്രായത്തിൽ മൂന്നെണ്ണം നിർത്തിയാൽ മതി. വിത്ത് നടുംമുമ്പെ 'സ്യൂഡോ മോണസ്' (10 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ) ലായനിയിൽ 15 മിനിറ്റ് കുതിർത്തുവച്ചശേഷം നടുക.

പരമാവധി ജൈവരീതി സ്വീകരിക്കാം. പോഷണക്കുറവ് കാണുന്നുവെങ്കിൽ മാത്രം രാസവളം (പ്രത്യേകിച്ചും പൊട്ടാഷ്ദായക വളം) ചേർക്കാം. എന്നാൽ രാസകീടനാശിനി തീർത്തും ഒഴിവാക്കാം.

ചാണകം കടലപ്പിണ്ണാക്ക് എന്നിവ ചേർത്ത് പുളിപ്പിച്ച ലായനി തുടർന്നുള്ള വിവിധ വളർച്ചാഘട്ടത്തിൽ ഉപയോഗിക്കാം. പുറമെ ബയോഗ്യാസ് സ്ലറി കോഴിവളംമണ്ണിര കമ്പോസ്റ്റ് എന്നിവയൊക്കെ ആവശ്യത്തിന് ഉപയോഗിക്കാം. അമിതമാവുകയും അരുത്. രാസവളം ആവശ്യമെങ്കിൽ മാത്രം. സെന്റിന് 500 ഗ്രാം മഷൂറിഫോസ്, 300 ഗ്രാം യൂറിയ, 160 ഗ്രാം പൊട്ടാഷ് എന്ന തോതിൽ ചേർക്കുക. മീനും വെല്ലവും (സമം തൂക്കത്തിൽ) ചേർത്ത് 15 ദിവസം സൂക്ഷിച്ച് പിന്നീട് അരിച്ചെടുത്ത ലായനി നല്ല വളർച്ചാ സഹായിയാണ്. വളങ്ങൾ അടിവളത്തിനുശേഷം  വള്ളി വീശുമ്പോഴും പൂവിടുമ്പോഴും ചേർക്കുക.

രോഗകീടങ്ങൾ: രോഗം തടയാൻ വളത്തിലും വിത്തിലുമുള്ള പ്രതിരോധം ഒരുപരിധിവരെ സഹായിക്കും. തുടർന്ന് ഇലപ്പൊട്ട്, തണ്ടുചീയൽ എന്നിവ കാണുന്നുവെങ്കിൽ സ്യൂഡോമോണസ് 10 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക.

കീടങ്ങളായ ഇലതീനി വണ്ട്, പുഴുക്കൾ, കായതുരപ്പൻ തുടങ്ങിയവയെ തടയാൻ ജൈവകീടനാശിനികളായ പുകയില കഷായം, സോപ്പ്മണ്ണെണ്ണ ലായനി, വേപ്പെണ്ണസോപ്പ് ലായനി നിംബിസിഡിൻ എന്നിവ തളിക്കാം. ഇല പ്രാണിക്ക് 'ബിഗ്ബോസ്' ഫലപ്രദമാണ്. ഈർപ്പം ലഭ്യമാക്കാൻ ആവശ്യമായ ജലസേചനം വേണം. അമിതമായ ജലസേചനം രോഗവും, ചീയലും പോഷകനഷ്ടവും വരുത്തും. കുറയുന്നത് വിപരീതഫലം ചെയ്യും. നട്ട് 45,50 ദിവസത്തോടെ ആദ്യ വിളവെടുക്കാം. പൂർണമായ വിളവെടുപ്പിന് ഒരാഴ്ച മുമ്പേ നന നിർത്തുന്നതും നല്ലതാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top