14 August Friday

ചെമ്മീൻ കൃഷി വിത്തുഗുണം പത്തുഗുണം

വെബ് ഡെസ്‌ക്‌Updated: Thursday Apr 26, 2018

നടുതലകളുടെ കാര്യത്തിലെന്നപോലെ ചെമ്മീനിന്റെ കാര്യത്തിലും വിത്തുഗുണം ഏറെ പ്രാധാനം. വിത്തു മോശമായാൽ വിളവിലതിന്റെ ഫലമറിയും.

വിത്തുൽപ്പാദനകേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന ചെമ്മീൻവിത്ത് ഒരേയിനത്തിൽപ്പെട്ടതും ഒരേ വളർച്ചയുള്ളതുമാണെന്ന് ഉറപ്പുവരുത്തണം. കാരച്ചെമ്മീൻ വിത്ത്, പുറമെ ഏറെ സാമ്യമുള്ള കുഴിക്കാര ചെമ്മീൻവിത്തിൽനിന്ന് തിരിച്ചറിയാൻ കർഷകർ പരിശീലനം നേടേണ്ടതുണ്ട്.

കുഞ്ഞുങ്ങൾക്ക് ഒരേ വലുപ്പമില്ലെങ്കിൽ ചെറിയവയുടെ വളർച്ച മുരടിക്കാൻ സാധ്യതയുണ്ട്. വലിയവ ചെറിയവയെ പിടിച്ചുതിന്നെന്നും വരും. വിത്ത് വാങ്ങുമ്പോൾ ഗുണമേന്മ ഉറപ്പുവരുത്താൻ അവലംബിക്കാവുന്ന കുറ്റമറ്റ രീതികൾ നിലവിലില്ല.

എന്നിരുന്നാലും അൽപ്പം ശ്രദ്ധിക്കുകയാണെങ്കിൽ ഒരുപരിധിവരെ മോശം കുഞ്ഞുങ്ങളെ ഒഴിവാക്കാം.
ആരോഗ്യമുള്ള കരച്ചെമ്മീൻ കുഞ്ഞുങ്ങൾ നല്ല ചൊടിയുള്ളതും ചാരനിറമോ കടും തവിട്ടുനിറമോ ഉള്ളവയുമാകും. പുറംതോടിന് കടും ചുവപ്പുനിറമോ പാടലവർണമോ ഉള്ള കുഞ്ഞുങ്ങളെയും ക്ഷീണംബാധിച്ചവയെയും തീർച്ചയായും ഒഴിവാക്കണം.


വളരെ ചെറിയ കുഞ്ഞുങ്ങളെ ഒരുകാരണവശാലും തെരഞ്ഞെടുക്കരുത്. ലാർവകളുടെ രൂപാന്തരീകരണത്തിനുശേഷം 20 ദിവസം പ്രായമായ (പിഎൽ 20) കാരച്ചെമ്മീനുകളെ വേണം തെരഞ്ഞെടുക്കാൻ. ഈ പ്രായമുള്ള ആരോഗ്യമുള്ള കാരച്ചെമ്മീൻ കുഞ്ഞുങ്ങൾ ഏകദേശം 14 മി.മീറ്റർ നീളമുള്ളവയാകും. 20 ദിവസം പ്രായമായ കുഞ്ഞുങ്ങളുടെ വാൽഭാഗം സാധാരണയായി തുറന്നിരിക്കുന്നതായി കാണാം.

ചെമ്മീൻവിത്തിന്റെ ആവശ്യകത താരതമ്യേന കുറഞ്ഞ സീസണുകളിൽ വളരെ പ്രായമായ വിത്ത് (40 ദിവസംമുതൽ 60 ദിവസംവരെ) വിത്തുൽപ്പാദനകേന്ദ്രങ്ങളിൽ ലഭ്യമാകാറുണ്ട്. ഹാച്ചറികളിൽ ചെറിയ ടാങ്കുകളിൽ കൂടുതൽ എണ്ണത്തിനെ ദീർഘകാലം സൂക്ഷിക്കുന്നതിനാൽ ഇവ പലതരം പരോപജീവി ബാധ്യതയുള്ളതാകാൻ സാധ്യതയുണ്ട്.

പരിവഹണ സമയത്ത് ഇത്തരം വിത്തിന് ക്ഷീണം ബാധിക്കാൻ സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ കുളങ്ങളിൽ അതിജീവനനിരക്ക് കുറയാനും തന്മൂലം ഉൽപ്പാദനം കുറയാനും കാരണമാകും.

ഒരു സൂക്ഷ്മദർശിനി ഉപയോഗിച്ചാൽ കൂടുതൽ കൃത്യതയോടെ ചെമ്മീൻവിത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തൻ സാധിക്കും. രോഗകാരകമായ മോർട്ടിസെല്ല, സൂതാമ്നിയം എന്നീ പരോപജീവിബാധയുള്ള കുഞ്ഞുങ്ങളുടെ പുറന്തോട് വെടിപ്പുള്ളതാകില്ല.

വൃത്തിയുള്ള ചുറ്റുപാടുകളിൽ വളരുന്ന ആരോഗ്യമുള്ള ചെമ്മീൻ കുഞ്ഞുങ്ങൾ കൃത്യമായി പടംപൊഴിക്കുകയും തന്മൂലം പുറന്തോട് വൃത്തിയുള്ളതാകുകയും ചെയ്യും. അതുപോലെ രോഗവിമുക്തമായ കുഞ്ഞുങ്ങളുടെ മാംസപേശികൾ മൃദുലവും തെളിമയുള്ളതും പുറന്തോടിനുള്ളിൽ നിറഞ്ഞിരിക്കുന്നതുമായി കാണാം.

അനാരോഗ്യകരമായ ചുറ്റുപാടുകളിൽ വളരുന്ന കുഞ്ഞുങ്ങളുടെ മാംസപേശികൾ തരിതരിയായി കാണപ്പെടും.   വെള്ളക്കുത്തുരോഗംപോലുള്ള മാരക വൈറസ്രോഗങ്ങൾ വ്യാപകമായ ഇന്നത്തെ ചുറ്റുപാടിൽ വൈറുകളുടെ സാന്നിധ്യം തിട്ടപ്പെടുത്തുന്നതിന് പിസിആർ ടെസ്റ്റുകൾ നിർബന്ധമായും നടത്തേണ്ടതാണ്. വിശ്വസനീയമായ ലാബുകളിൽനിന്നുള്ള പിസിആർ നെഗറ്റീവ് ഫലമുള്ള വിത്തുകൾ മാത്രമേ കൃഷിക്ക് ഉപയോഗിക്കാവൂ

                                                                                                                                   


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top