29 May Monday

ഒന്നാംവിള നെല്‍കൃഷി: മണ്ണും വിത്തും ഞാറ്റടിയും തയ്യാറാക്കാം

മലപ്പട്ടം പ്രഭാകരന്‍Updated: Friday May 27, 2016

കാലാവസ്ഥാ വ്യതിയാനം നെല്‍കൃഷിക്കാരെയാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. ഒന്നാംവിള (വിരിപ്പ്) ആരംഭിക്കുന്നത് മഴയെ ആശ്രയിച്ചാണ്. മഴ നീളുമോ കൃത്യസമയത്ത് എത്തുമോ എന്നറിയാത്തതിനാല്‍ വിത്തിടല്‍ സമയവും ഉറപ്പിച്ചുപറയാനാവില്ല. കാരണം പഴയപോലെ എത്ര ദിവസവും മണ്ണില്‍ കിടക്കുന്ന നാടന്‍ വിത്തല്ല. ഞാറിന് 18 മുതല്‍ 28 ദിവസത്തിനപ്പുറം മൂപ്പെത്താനും പാടില്ല. ഇതിനകം മഴപെയ്ത് നിലമൊരുക്കി പറിച്ചുനടണം. എന്നാലും ജൂണ്‍ 10നകമെങ്കിലും കാലവര്‍ഷം കനക്കുമെന്ന പ്രതീക്ഷയില്‍ മെയ് മധ്യത്തോടെ വിത്തിടണം. ശാസ്ത്രീയമായ നിലമൊരുക്കലും വിത്തും ഞാറ്റടിയും തയ്യാറാക്കുന്ന വിധവും അറിഞ്ഞ് നമുക്ക് കൃഷിക്ക് തുടക്കംകുറിക്കാം. 

മണ്ണൊരുക്കുമ്പോള്‍
നിലം നാലഞ്ചുതവണയെങ്കിലും ഉഴുത് കട്ട ഉടച്ച് പരുവപ്പെടുത്തണം. ആദ്യത്തെ രണ്ട് ഉഴവിനുശേഷം സെന്റിന് 25–30 കി.ഗ്രാം കുമ്മായം ചേര്‍ത്തുകൊടുക്കുക. അവസാന ഉഴവുസമയത്ത് 10 സെന്റില്‍ 200 കി.ഗ്രാം എന്ന തോതില്‍ ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്തുകൊടുക്കണം.
കരപ്പാടങ്ങളില്‍ പൊടി വിതയോ, നുരിയിട്ടുള്ള കൃഷിയോ സ്വീകരിക്കാം. വെള്ളം കിട്ടാന്‍ കാലതാമസമായാല്‍ പറിച്ചുനടാന്‍ കുറെക്കൂടി സമയമെടുക്കും. നേരത്തെ പറഞ്ഞതുപോലെ ഉഴുതുമറിച്ച് കുമ്മായവും ജൈവവളവും ചേര്‍ത്ത് നിലം ഒരുക്കുക.

ഞാറ്റടി ഉണ്ടാക്കുന്നതോടൊപ്പംതന്നെ ജലനിര്‍ഗമന ചാലുകള്‍, തോടുകള്‍, വരമ്പുകള്‍ എല്ലാം വൃത്തിയും നീരൊഴുക്കു സുഗമമാക്കാനും, ആവശ്യമായവിധം മണ്ണെടുത്തും വരമ്പൊരുക്കിയും തയ്യാറാക്കുകയും വേണം.
ഞാറ്റടി ഇല്ലാത്ത കണ്ടങ്ങളില്‍ ഇടമഴ ലഭിച്ചാല്‍ ഏതെങ്കിലും പയര്‍ ഇനങ്ങളുടെ വിത്തുവിതച്ച് പയര്‍ച്ചെടി വളര്‍ത്തുന്നത് അത്യാവശ്യമാണ്. പച്ചില വളമായി ഇവ നടീല്‍സമയത്ത് മണ്ണില്‍ ഉഴുതുചേര്‍ത്ത് പ്രയോജനപ്പെടുത്താം. പയറിന്റെ വേരില്‍ പാക്യജനകദായക സൂക്ഷ്മാണുക്കളുമുണ്ടല്ലോ. നൈട്രജന്‍മൂലകം നെല്ലിന് ലഭിക്കുകയും ചെയ്യും.

വിത്ത്
മൂപ്പുകൂടിയതും, കുറഞ്ഞതും, ഇടത്തരം മൂപ്പുള്ളതുമായ ധാരാളം നെല്‍വിത്തിനങ്ങള്‍ ലഭ്യമാണ്. മണ്ണിന്റെയും ജലലഭ്യതയുടെയും നിറം, രുചി എന്നിവയുടെയുമെല്ലാം സാഹചര്യവും താല്‍പര്യവും അനുസരിച്ച് ഏതു വിത്തും തെരഞ്ഞെടുക്കാം. വിത്തേതായാലും അതിന് താഴെപറയുന്ന ഗുണമുണ്ടാവണം.
1. മൂപ്പെത്തിയതും പതിരില്ലാത്തതുമാവണം
2. രോഗകീടബാധ ഇല്ലാത്തതാവണം
3. ഈര്‍പ്പം കൂടിയതാവരുത്. കൂടിയാല്‍ മുളശേഷി കുറയും
4. പഴകിയതും മുളശേഷി കുറഞ്ഞതുമാവരുത്
5. കലര്‍പ്പില്ലാത്ത വിത്താവണം. ഒരേ കനവും ആകൃതിയും വേണം ഒരേ കനമുള്ളതായി തെരഞ്ഞെടുക്കാന്‍ ഇനി പറയുംപ്രകാരം ചെയ്യുക. 10 ലിറ്റര്‍ ശുദ്ധജലത്തില്‍ ഒരുകി.ഗ്രാം ഉപ്പുകലര്‍ത്തിയ ലായനി ഉണ്ടാക്കുക. ഇതില്‍ വിത്തിടുക. വെള്ളത്തില്‍ താഴ്ന്നുകിടക്കുന്നവ എടുത്ത് ശുദ്ധവെള്ളത്തില്‍ കഴുകി ഉപ്പുകളഞ്ഞ് വെയിലത്തിട്ട് ഉണക്കിയെടുക്കുക.
വിത്തിലൂടെ പകരുന്ന കുമിള്‍രോഗം തടയാന്‍ 'കാപ്റ്റാന്‍' എന്ന പൊടി 80 ഗ്രാം 50 കി.ഗ്രാം വിത്തില്‍ പുരട്ടി വിതയ്ക്കുക.

ഞാറ്റടി
ഞാറ്റടിയിടം കിളച്ച് പരുവമാക്കി ജൈവവളം ചേര്‍ത്ത് ചെറിയ തറയാക്കി രൂപപ്പെടുത്തുക. 1.5 മീറ്റര്‍ വീതിയും 15 സെ.മീ. ഉയരവും ആവശ്യമായ നീളത്തിലും തറ തയ്യാറാക്കുക. ഇതില്‍ അല്‍പ്പം ചാരം (വെണ്ണീര്‍) വിതറുന്നത് നല്ലതാണ്. വിത്ത് അകറ്റി പാകണം. സെന്റില്‍ 3.5 കി.ഗ്രാം വിത്ത് എന്നതാണ് കണക്ക്. ഒരേക്കറില്‍ പറിച്ചുനടാന്‍ 10 സെന്റില്‍ ഞാറ്റടി മതി. വിത്ത് വിതച്ചശേഷം മുകളില്‍ പൊടിമണ്ണു വിതറി മൂടണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top