10 December Saturday

വരിനെല്ല് കളയാന്‍ വഴിയുണ്ട്

മലപ്പട്ടം പ്രഭാകരന്‍Updated: Thursday Aug 24, 2017

പണ്ടുകാലം മുതല്‍ക്കുതന്നെ നെല്‍ക്കൃഷിക്ക് ഭീഷണിയായി നെല്ലിനോടൊപ്പംതന്നെ വളരുന്ന കളയാണ് വരിനെല്ല്. നെല്ലിന്റെ ഏറ്റവും അടുത്ത ബന്ധുവായ വരിനെല്ല് നെല്ലിനിടയില്‍ വളര്‍ന്നാല്‍ നെല്ലിന്റെ വിളവ് ഗണ്യമായി കുറയ്ക്കും. 40-70 ശതമാനംവരെ വിളനഷ്ടം വരിനെല്ലുവഴി ഉണ്ടാകാറുണ്ട്.
  കേരളത്തിലെ വടക്ക് തെക്ക് മധ്യമേഖലാ വ്യത്യാസമില്ലാതെ നെല്‍പ്പാടങ്ങളില്‍ വരിനെല്ല് ഉണ്ടാകാറുണ്ട്.

ഇതുസംബന്ധിച്ച് മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രം വലിയതോതില്‍തന്നെ ഗവേഷണം നടത്തിയിട്ടുണ്ട്. എങ്ങനെ ഈ കളയെ പ്രതിരോധിക്കാമെന്നും പരീക്ഷണത്തിലൂടെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. വരിനെല്ലുശല്യം കാരണം പാടങ്ങളില്‍നിന്ന് നെല്‍കൃഷി ഉപേക്ഷിച്ച എത്രയോ പ്രദേശങ്ങള്‍ ഉണ്ട്. ഗവേഷണ റിപ്പോര്‍ട്ട് പറയുന്നത് ഒരു ചതുരശ്ര മീറ്റര്‍ നെല്‍കൃഷിയിടത്തില്‍ 15 വരിനെല്ലുണ്ടാകുമ്പോള്‍ 40 ശതമാനം വിള കുറയുമെന്നാണ്. 20 നുമീതെ ഉണ്ടായാല്‍ 60 ശതമാനവും അതിലും കൂടിയാല്‍ 70 ശതമാനവും വിളനഷ്ടം ഉണ്ടാകും. അതുകൊണ്ടുതന്നെ ഫലപ്രദമായ നിയന്ത്രണമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.

വരിനെല്ലിന്റെ പ്രത്യേകതകള്‍

നെല്ലിനൊപ്പം വളരുന്ന വരിനെല്ലിന്റെ ആദ്യവളര്‍ച്ചാഘട്ടത്തില്‍ തിരിച്ചറിയല്‍ പ്രയാസമാണ്. എന്നാല്‍ പിന്നീട് നെല്ലിനെക്കാള്‍ ഉയരത്തില്‍ വളരുകയും നെല്ലിനെക്കാള്‍ മുമ്പെ കതിരിടുകയും ചെയ്യും. നീളംകൂടിയ വേരുപടലം ഉണ്ടാകും. ഇലകള്‍ ഇളം പച്ചയും കടുത്തപച്ചയും നിറത്തോടുള്ളവയാണ്. പല വലുപ്പത്തിലും പല നിറത്തിലുമുള്ള ഓവോടുകൂടിയ നെന്മണികളാണുണ്ടാവുക. കതിരു വിരിഞ്ഞശേഷം തിരിച്ചറിയുംവരെ കാത്തിരിക്കേണ്ടിവരുമ്പോള്‍ നെല്ലിന്റെ വളര്‍ച്ചയെ വരിനെല്ല് കീഴ്പ്പെടുത്തിയിരിക്കും. നെല്ലിന്റെ ഉമിയുടെ പാളികള്‍ ശക്തിയുള്ളതായതിനാല്‍ മണ്ണില്‍ കേടുകൂടാതെ ദീര്‍ഘനാള്‍ മുളയ്ക്കാതെതന്നെ നിലനില്‍ക്കുന്നു എന്നതും പ്രത്യേകതയാണ്.

നിയന്ത്രണ നടപടികള്‍

മങ്കൊമ്പ് നെല്ലു ഗവേഷണകേന്ദ്രം ശുപാര്‍ശചെയ്യുന്ന നിയന്ത്രണമാര്‍ഗങ്ങള്‍ ഇനിപറയുന്നു.
നെല്ലിനുമുമ്പുതന്നെ വരിനെല്ലിന്റെ വിത്തുകള്‍ കൊഴിയുകയും അത് ദീര്‍ഘനാള്‍ സുഷുപ്താവസ്ഥയില്‍ മണ്ണില്‍ കിടക്കുകയും ചെയ്യും. അതിനാല്‍ വരിനെല്ല് കതിരിട്ടുകഴിഞ്ഞാല്‍ കൊഴിയുംമുമ്പേ വിത്തുകതിരുകള്‍ അരിഞ്ഞെടുത്ത് നശിപ്പിക്കുക. മണ്ണിലെ വിത്തുകളെ നെല്‍കൃഷിക്കായി മണ്ണൊരുക്കുംമുമ്പുതന്നെ മുളപ്പിച്ചെടുത്ത് അവ നശിപ്പിക്കുകയെന്നതാണ് മറ്റൊരു നടപടി. കൊയ്ത്ത് കഴിഞ്ഞശേഷം നിലം ഉഴുത് നിരപ്പാക്കിയശേഷം ഒരാഴ്ചവെള്ളം കയറ്റിയിടുക. തുടര്‍ന്ന് വെള്ളംതുറന്ന് വറ്റിക്കുക. 15 ദിവസം വെള്ളമില്ലാതിരിക്കുമ്പോള്‍ വരിനെല്ലുവിത്ത് മുളച്ചുവരും. ഒന്നുകൂടി മണ്ണിളക്കി വീണ്ടും വെള്ളംവറ്റിച്ച് രണ്ടാഴ്ച വരിനെല്ല് മുളയ്ക്കാന്‍ അനുവദിക്കുക. അപ്പോഴേക്കും മണ്ണിലെ വരിവിത്തുകള്‍ മുളച്ചുവളര്‍ന്നിരിക്കും.

ഈ സമയം കളനാശിനി തളിച്ചുകൊടുക്കണം. ഗ്ളൈഫോസേറ്റ് 41% എന്ന കളനാശിനിയോ, ഗ്ളൂഫോസിനേറ്റ് അമോണിയം 15 ശതമാനം എന്നതോ 80 മി.ലി. 10 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി മുളച്ച എല്ലാ കളകള്‍ക്കുമുകളിലും തളിച്ച് കളയെ നശിപ്പിക്കാം. വിരിഞ്ഞ വരിനെല്ലിലും ഈ കളനാശിനി ഗ.അ.ഢ വീഡ് വൈപ്പര്‍ എന്ന ഉപകരണംകൊണ്ട് കതിരില്‍ സ്പ്രേചെയ്ത് വരിനെല്ലിന്റെ കതിരുകളെ ഉണക്കിനശിപ്പിക്കാം. മറ്റ് സാധാരണ നെല്ല് താഴ്ന്നതിനാല്‍ ഒന്നും സംഭവിക്കില്ല. കൊയ്യാന്‍ പാകമെത്തുംമുമ്പുതന്നെ വരിനെല്ല് കൊഴിഞ്ഞുപോകുന്ന സ്വഭാവം ഉണ്ട്. ഈ രീതിയില്‍ ശ്രദ്ധിച്ച് കൈകാര്യംചെയ്താല്‍ വരിനെല്ലിനെ ഉന്മൂലനംചെയ്യാനാവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top