29 September Tuesday

പാരമ്പര്യ മൃഗചികിത്സക്ക് പുത്തനുണര്‍വ്

ഡോ. എന്‍ അജയന്‍Updated: Thursday Jul 21, 2016

എത്തനോ വെറ്ററിനറി മെഡിസിന്‍ അഥവാ പാരമ്പര്യ മൃഗചികിത്സാരീതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തഞ്ചാവൂര്‍ എത്തനോ വെറ്ററിനറി മെഡിസിന്‍ സെന്ററിന്റെ തലവന്‍ ഡോ. എന്‍ പുണ്യമൂര്‍ത്തിയും ബാംഗ്ളൂര്‍ യെലഹങ്കയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാന്‍സ് ഡിസിപ്ളിനറി ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഡോ. എം എന്‍ ബാലകൃഷ്ണന്‍ നായരും ഡോ. കുമാറും ചേര്‍ന്ന സംഘം നടത്തുന്ന ഗവേഷണങ്ങള്‍ മൃഗചികിത്സാരംഗത്ത് പുതിയ വിജ്ഞാനശാഖയാണ് ക്ഷീരകര്‍ഷകരുടെ മുന്നില്‍ തുറന്നിരിക്കുന്നത്.

ഇവരില്‍നിന്നു സ്വായത്തമാക്കിയ പാരമ്പര്യചികിത്സയുടെ പുത്തനറിവുകള്‍ കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്കുകൂടി അനുഭവേദ്യമാക്കാനൊരുങ്ങുകയാണ് ഉച്ചക്കട സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. വി എ അനില്‍കുമാറും കൂട്ടരും. സംസ്ഥാന മൃഗസംരക്ഷണവകുപ്പിലെ ഇരുനൂറോളം ഡോക്ടര്‍മാര്‍ക്ക് എത്തനോ വെറ്ററിനറി മെഡിസിനില്‍ ഇതിനകം 10 ദിവസത്തെ  പരിശീലനം നല്‍കിക്കഴിഞ്ഞു.

ക്ഷീരകര്‍ഷകന്റെ എക്കാലത്തെയും പേടിസ്വപ്നമാണ് കുളമ്പുരോഗവും (ഫൂട്ട് ആന്‍ഡ് മൌത്ത് ഡിസീസ്), അകിടുവീക്കവും. കുളമ്പുരോഗം ഒരു വൈറസ് രോഗമാകയാല്‍ പ്രതിരോധ കുത്തിവയ്പുകളാണ് ഏക പ്രതിരോധമാര്‍ഗം. ഗോരക്ഷാ പദ്ധതിയുടെ 20–ാം ഘട്ടം സംസ്ഥാനത്തു നടന്നുകഴിഞ്ഞു. എന്നാല്‍ കുളമ്പുരോഗത്തിന്റെ ചികിത്സക്കും പ്രതിരോധത്തിനും പാരമ്പര്യചികിത്സയുമുണ്ടെന്ന് ഈ ഗവേഷകര്‍ പറയുന്നു. സംസ്ഥാനത്തെ ചില കര്‍ഷകരെങ്കിലും ഈ ചികിത്സാരീതിയോട് ആഭിമുഖ്യം കാട്ടുന്നുണ്ട്. ജീരകം, ഉലുവ, മഞ്ഞള്‍, കുരുമുളക്, വെളുത്തുള്ളി, കരിപ്പോട്ടി (ശര്‍ക്കര) തേങ്ങ എന്നിവ വ്യത്യസ്ത നിശ്ചിത അളവില്‍ ചേര്‍ത്ത് തയ്യാറാക്കിയ മരുന്നാണ് ഇവര്‍ നല്‍കുന്നത്. പാരമ്പര്യമൃഗചികിത്സയില്‍കൂടി പരിശീലനം ലഭിച്ച ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ അകത്തുനല്‍കുന്ന ഈ മരുന്ന് തയ്യാറാക്കാവൂ.

കുളമ്പിലെ വ്രണങ്ങളില്‍പുരട്ടാന്‍ താഴെപറയുന്ന ചേരുവകളടങ്ങിയ മിശ്രിതം ഫലപ്രദമാണെന്നും ഇവര്‍  കണ്ടിട്ടുണ്ട്. വെളുത്തുള്ളി10അല്ലി, മഞ്ഞള്‍പ്പൊടി 10 ഗ്രാം, തുളസിയില, കുപ്പമേനിയില, മൈലാഞ്ചിയില, വേപ്പില 10 ഇലവീതം. ഇവ അരച്ച് ഒരുലിറ്റര്‍ എള്ളെണ്ണയില്‍ ചേര്‍ത്ത് 10 മിനിറ്റ് ചൂടാക്കി തണുത്തശേഷം കാലിലും, അലക്കുകാരവെള്ളത്തിലോ രണ്ടുശതമാനം വീര്യമുള്ള തുരിശുലായനിയിലോ കഴുകി ഈര്‍പ്പം മാറ്റിയശേഷം കുളമ്പിലും പുരട്ടുക. ഒരാഴ്ചകൊണ്ട് വ്രണങ്ങള്‍ കരിഞ്ഞ് പൂര്‍വസ്ഥിതിയിലാകും. രോഗം വരാതിരിക്കാനും ഈ മരുന്ന് പുരട്ടുന്നത് ഉത്തമംതന്നെ.

മുറിവില്‍ മഞ്ഞള്‍പ്പൊടി വെളിച്ചെണ്ണയില്‍ ചേര്‍ത്ത് ഒഴിക്കുന്നത് നല്ലതുതന്നെ. രണ്ടാമതു പരാമര്‍ശിച്ച അകിടുവീക്കത്തിനും പാരമ്പര്യചികിത്സ ഉത്തമമായി കണ്ടതായി വെറ്ററിനറി ഡോക്ടര്‍മാരായ ഡോ. വി എ അനില്‍കുമാറും (ഉച്ചക്കട) ഡോ. ഗിരിയും (നെടുമങ്ങാട്) സാക്ഷ്യപ്പെടുത്തുന്നു.   കാല്‍ കിലോഗ്രാം കറ്റാര്‍വാഴയില, 50 ഗ്രാം മഞ്ഞള്‍, 10 ഗ്രാം ചുണ്ണാമ്പ് ഇവ മാത്രം മതി അകിടുവീക്കം ചികിത്സിക്കാന്‍. കറ്റാര്‍വാഴയുടെ ഇല അരിഞ്ഞ് മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്ത് നല്ലപോലെ അരയ്ക്കുക. ഒരുദിവസത്തെ ഉപയോഗത്തിന് ഇതു ധാരാളം. അരച്ചെടുത്ത കുഴമ്പില്‍നിന്ന് കുറച്ചെടുത്ത് വെള്ളംചേര്‍ത്ത് അകിടു നന്നായി കഴുകി പാല്‍ മുഴുവന്‍ കറന്നുകളഞ്ഞശേഷം പേസ്റ്റ് പുരട്ടുക. ഇങ്ങനെ ഒരുദിവസം 10 പ്രാവശ്യം ഓരോ മണിക്കൂര്‍ ഇടവിട്ട് പുരട്ടിയാല്‍ 24 മണിക്കൂര്‍ കഴിയുമ്പോള്‍ അകിടുവീക്കം കുറയും.

കറവമാടുകള്‍ക്ക് സുഖപ്രസവത്തിനും ക്ഷീരസന്നി, കാത്സ്യം–മഗ്നീഷ്യം കമ്മി, മറുപിള്ള വീഴാതിരിക്കല്‍ തുടങ്ങി പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന അസുഖങ്ങള്‍ ഒഴിവാക്കാനുമായി  വെറ്ററിനറി സര്‍ജന്‍ ഡോ. സുരേഷ് ബിരുദാനന്തര ബിരുദ പഠനത്തില്‍ കണ്ടെത്തിയ ഔഷധക്കൂട്ടിനും വലിയ പ്രചാരം ലഭിച്ചു. ഇവയെല്ലാം പാരമ്പര്യ മൃഗചികിത്സയില്‍ കൂടി പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കുക.

(മൃഗസംരക്ഷണവകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടറാണ് ലേഖകന്‍)
dr.ajayankoodal@gmail.com


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top