രണ്ടാംവിള (മുണ്ടകൻ) നെൽക്കൃഷിക്ക് ഒരുങ്ങുമ്പോൾ ചെലവുചുരുക്കാനും ഉൽപ്പാദനം കൂട്ടാനും ഒറ്റഞാർ കൃഷിരീതി ( മെഡഗാസ്കർ രീതി). ’99 വരെ മെഡഗാസ്കറിൽ മാത്രം ഒതുങ്ങിനിന്ന ഈ രീതി പിന്നീട് ലോകത്തിലെ പ്രധാന നെല്ലുൽപ്പാദക രാജ്യങ്ങളായ ഫിലിപ്പീൻസ്, ചൈന, ക്യൂബ, പെറു തുടങ്ങിയവയും ഇന്ത്യയിൽ ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ, പഞ്ചാബ്, ഒഡിഷ, തമിഴ്നാട്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലും വ്യാപകമായി. കേരളത്തിൽ അങ്ങിങ്ങ് നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. ’83ൽ മെഡഗാസ്കറിലെ ഫാ. ഹെൻറിയാണ് ഈ രീതിയുടെ ഉപജ്ഞാതാവ്. എസ്‌ആർഐ (System of Rice Intensification) എന്നാണ് ഇത് അറിയപ്പെടുന്നത്.
ഒരു ചുവടിൽ കൂടുതൽ ഞാറ് ഉൾപ്പെടുത്തുന്നതിന്നു പകരം നല്ല വേരുപടലമുള്ള ഒറ്റ ഞാറു മാത്രം കൂടുതൽ അകലത്തിൽ ചെറിയ പ്രായത്തിൽ നടുക എന്നതാണ് ഈ രീതി. ഇതിന്റെ ഫലമായി സൂര്യപ്രകാശം, പോഷകമൂലകങ്ങൾ, വെള്ളം എന്നിവ ചെടിക്ക് നല്ലപോലെ സ്വാംശീകരിക്കാനും ചെനപ്പുകൾ (മുളപ്പുകൾ) പൊട്ടാനുള്ള ശേഷി വർധിക്കുകയും ചെയ്യും. കൃഷിയിടം നിരപ്പായതും വെള്ളം ആവശ്യാനുസരണം നിയന്ത്രിക്കാൻ പറ്റാവുന്നതുമാകണം. പാടത്ത് 1-2 സെന്റിമീറ്റർ വെള്ളം മതി. പുഷ്പിച്ചശേഷം വിളയുംവരെ 23 മൂന്നു സെന്റിമീറ്റർ വേണം.
ഞാറ്റടി തയ്യാറാക്കൽ
അതതു പ്രദേശത്തെ അത്യുൽപ്പാദനശേഷിയുള്ള വിത്ത് ഉപയോഗിക്കാം. ഒരേക്കറിൽ പറിച്ചുനടാൻ കേവലം രണ്ടോ മൂന്നോ കിലോ വിത്ത് മതി. സാധാരണ 36 കിലോ വേണമെന്നോർക്കുക. ഒരു സെന്റിൽമാത്രം ഞാറ്റടിയുണ്ടാക്കാം. സ്ഥലം ഉഴുത് ചളിപ്പരുവമാക്കി 1 x 20 മീറ്റർ എന്ന അളവിൽ 10 സെന്റിമീറ്റർ ഉയരത്തിൽ തടമെടുക്കുക. ഇതിൽ 100 കിലോ ഉണങ്ങിയ കമ്പോസ്റ്റോ, ചാണകപ്പൊടിയോ ഇടണം. ഇതിൽ മുളപ്പിച്ച വിത്ത് വിതയ്‌ക്കുക. ഞാറ്റടിയിൽ വെള്ളം കെട്ടിക്കിടക്കരുത്.
നിലമൊരുക്കൽ, നടീൽ
സാധാരണപോലെ നിലമൊരുക്കി ഏക്കറിന് നാല് ടൺ ചാണകമോ കമ്പോസ്റ്റോ ചേർക്കുക. ഈസമയം 250 കിലോ കുമ്മായം ചേർക്കുക. 8-–-12 ദിവസംമാത്രം പ്രായമായ ഞാറാണ് പറിച്ചുനടേണ്ടത്. വേര് പൊട്ടിപ്പോകാതെ പറിച്ചെടുക്കുക. -അടിയിൽനിന്ന് മണ്ണ് മുകളിലേക്ക് ഉയർത്തി പറിച്ചെടുക്കാൻ ശ്രമിക്കുക. 25 x 25 സെന്റി മീറ്റർ സമചതുരത്തിൽ വേണം നടാൻ. അധികം താഴ്ന്നുപോകരുത്. വെള്ളം കൂടരുത്. കളകൾ 10 ദിവസം കൂടുമ്പോൾ പറിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..