12 September Thursday

പ്രതിസന്ധികാലത്തും പച്ചപിടിച്ച്‌ കേരളം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 18, 2020


തിരുവനന്തപുരം
പ്രളയവും പ്രകൃതിദുരന്തങ്ങളും നാശം വിതച്ചിട്ടും കാർഷികോൽപ്പാദന രംഗത്ത് കേരളം മുന്നോട്ട്. 2016ലെ വരൾച്ചയും പിന്നീടുണ്ടായ രണ്ട് പ്രളയവും ഓഖി ചുഴലിക്കാറ്റുമെല്ലാം കാർഷിക മേഖലയിൽ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള അടച്ചുപൂട്ടലും തിരിച്ചടിയായി. ഈ പ്രതിസന്ധികളെല്ലാം ഉണ്ടായിട്ടും പച്ചക്കറി ഉൽപ്പാദനത്തിലും നെൽക്കൃഷിയിലും കേരളം മുന്നേറി. പച്ചക്കറി ഉൽപ്പാദനം ഇരട്ടിയായി. 2015- -–-2016ൽ 46500 ഹെക്ടറിലായി 6.28 ലക്ഷം ടണ്ണായിരുന്നു പച്ചക്കറി ഉൽപ്പാദനം. ഇത് 2019–- - 2020ൽ 96000 ഹെക്ടറിൽ 12.85 ലക്ഷം ടണ്ണായി. പ്രളയംമൂലം പാടശേഖരങ്ങളിൽ വെള്ളം കയറി നെൽക്കൃഷി വലിയ തോതിൽ നശിച്ചിട്ടും നെല്ല് ഉൽപ്പാദനം വർധിച്ചു. 2015 –- -2016ൽ 1.96 ലക്ഷം ഹെക്ടറായിരുന്ന നെൽക്കൃഷി വിസ്തൃതി 2019-–- 2020ൽ 2.05 ലക്ഷം ഹെക്ടറായി ഉയർന്നു. 8.58 ലക്ഷം ടണ്ണായിരുന്ന ഉൽപ്പാദനം ഒമ്പത് ലക്ഷം ടണ്ണായും ഉയർത്തി.

തരിശുഭൂമിയിൽ കൃഷി ഇറക്കിയും സംഭരണവില ഉയർത്തിയും കർഷകർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കിയുമാണ് പ്രതിസന്ധിയിലും കാർഷിക മേഖലയിൽ കുതിക്കാനായത്. എൽഡിഎഫ് സർക്കാർ അധികാരമേറ്റശേഷം 50000 ഏക്കർ തരിശുഭൂമിയിൽ കൃഷിയിറക്കി. ആറൻമുള, മെത്രാൻകായൽ, റാണി - ചിത്തിര കായൽ ഉൾപ്പെടെയുള്ള തരിശുനിലങ്ങൾ പഴയ നിലയിലാക്കി. സുഭിക്ഷ കേരളം പദ്ധതി പ്രകാരം 29824 ഹെക്ടർ തരിശുഭൂമിയിലാണ് ഇതിനകം കൃഷി തുടങ്ങിയത്. 

നെൽവയലിന്റെ ഉടമകൾക്ക്‌ റോയൽറ്റി നൽകാനുള്ള സുപ്രധാനമായ തീരുമാനവും ഈ സർക്കാർ കൈക്കൊണ്ടു. 2020-–-21 ലെ ബജറ്റിൽ നെൽക്കൃഷി വികസനത്തിനായി 118.24 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിൽ 40 കോടി രൂപ റോയൽറ്റി നൽകാനായി നീക്കിവച്ചു. ഹെക്ടറിന് 2000 രൂപ നിരക്കിൽ സംസ്ഥാനത്തെ എല്ലാ നെൽകർഷകർക്കും റോയൽറ്റി നൽകും. നെൽകർഷകർക്ക് റോയൽറ്റി ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top