കേരള കാര്‍ഷിക സര്‍വകലാശാല പുതിയ 23ന്നു വിളയിനങ്ങള്‍കൂടി പുറത്തിറക്കുന്നു. നെല്ല്, ജാതി എന്നിവയുടെ അഞ്ചിനങ്ങള്‍വീതവും ഏലം, ഇഞ്ചി എന്നിവയുടെ മൂന്നിനങ്ങള്‍വീതവും, ചെത്തിക്കൊടുവേലി, സാമ്പാര്‍ വെള്ളരി, പയര്‍,കുടമ്പുളി,കുമുളക്, സലാഡ് വെള്ളരി, മരച്ചീനി എന്നിവയുടെ ഒരോ ഇനങ്ങളുമാണ് പുറത്തിറക്കുന്നത്.
വൈറ്റില നെല്ലുഗവേഷണകേന്ദ്രത്തില്‍ വികസിപ്പിച്ച വിടിഎല്‍ 10, മങ്കൊമ്പ്കേന്ദ്രത്തില്‍ വികസിപ്പിച്ച സുവര്‍ണ, മണ്ണുത്തി കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍നിന്നുള്ള മനുരത്ന, പട്ടാമ്പി ഗവേഷണകേന്ദ്രത്തിന്റെ സംഭാവനയായ പിടിബി 61, പിടിബി 62 എന്നിവയാണ് പുതിയ നെല്ലിനങ്ങള്‍. കര്‍ഷകരുടെ കൃഷിയിടങ്ങളില്‍നിന്നു കണ്ടെത്തി മെച്ചപ്പെടുത്തിയവയാണ് പുറത്തിറക്കാനുദ്ദേശിച്ച അഞ്ചു ജാതിയിനങ്ങള്‍.
ചന്ദ്രക, ആര്‍ദ്രക, ചിത്രക എന്നീ പുതിയ മൂന്ന്ന്നു ഇഞ്ചി ഇനങ്ങളും വെള്ളാനിക്കര ഹോര്‍ട്ടികള്‍ചര്‍ കോളേജിലെ തോട്ട-സുഗന്ധ വിള വകുപ്പിന്റെ കണ്ടെത്തലാണ്. കെപിസിഎച്ച്1 എ സങ്കരയിന സലാഡ് വെള്ളരി ഹോര്‍ട്ടികള്‍ചര്‍ കോളേജിലെ പച്ചക്കറി ഗവേഷണവിഭാഗത്തില്‍ വികസിപ്പിച്ചതാണ്. പാമ്പാടുംപാറ ഗവേഷണകേന്ദ്രത്തിന്റെ വകയാണ് പുതിയ മൂന്ന് ഏലം ഇനങ്ങളും. നിത്യ എന്ന കുടമ്പുളിയിനവും മഞ്ജരി എന്ന പയര്‍ ഇനവും കുമരകം മേഖലാ ഗവേഷണകേന്ദ്രത്തില്‍ വികസിപ്പിച്ചതാണ്. വെള്ളായണി കാര്‍ഷിക കോളേജില്‍ വികസിപ്പിച്ച ഹൃദ്യ എന്ന സാമ്പാര്‍ വെള്ളരി, പന്നിയൂര്‍ ഗവേഷണകേന്ദ്രത്തില്‍ വികസിപ്പിച്ച മുളകിനം പന്നിയൂര്‍ 9, വെള്ളാനിക്കരയിലെ അഖിലേന്ത്യാ സംയോജിത ഔഷധ-സുഗന്ധ വിള ഗവേഷണപദ്ധതി കേന്ദ്രത്തില്‍ വികസിപ്പിച്ച സ്വാതി എന്ന ചെത്തിക്കൊടുവേലി, തിരുവല്ല കാര്‍ഷിക ഗവേഷണകേന്ദ്രത്തിന്റെ സംഭാവനായ ഉത്തമ എന്ന മരച്ചീനി ഇനം എന്നിവയാണ് സര്‍വകലാശാലയുടെ മറ്റ് പുതിയ സംഭാവനകളെന്ന് ഗവേഷണ ഡയറക്ടര്‍ ഡോ. പി ഇന്ദിരാദേവി പറഞ്ഞു.
സര്‍വകലാശാലാതല സമിതി ഇവയ്ക്ക് അംഗീകാരം നല്‍കിയതായി വൈസ് ചാന്‍സലര്‍ ഡോ. പി രാജേന്ദ്രന്‍ പറഞ്ഞു. കാര്‍ഷികോല്‍പ്പാദന കമീഷണര്‍ അധ്യക്ഷനായ സംസ്ഥാന സമിതിയുടെ അംഗീകാരം ലഭിച്ചശേഷം പുതിയ ഇനങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കും. പരീക്ഷണത്തോട്ടങ്ങളിലും കര്‍ഷകരുടെ കൃഷിയിടങ്ങളിലും ഇവയുടെ പ്രകടനം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വിളയിനസമിതിയുടെ അംഗീകാരത്തിനായി ഇവ ശുപാര്‍ശചെയ്യുന്നതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..