13 July Monday

പൈപ്പ് കമ്പോസ്റ്റ് തയ്യാറാക്കാം

രമേശൻ പേരൂൽUpdated: Thursday Jun 16, 2016

ഗാര്‍ഹിക മാലിന്യസംസ്കരണത്തില്‍ വളരെ ലളിതമായൊരു പ്രായോഗിക രീതിയാണ് പൈപ്പ് കമ്പോസ്റ്റ് നിര്‍മാണം. മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 90 ശതമാനം സബ്സിഡിയില്‍ പൈപ്പ് കമ്പോസ്റ്റ് വിതരണംചെയ്തുവരികയാണ്. വീട്ടുമാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്കരിക്കുന്നതിലൂടെ വീടിന്റെയും പരിസരത്തിന്റെയും ശുചിത്വം ഉറപ്പാക്കുന്നതോടൊപ്പം പുരയിടകൃഷിക്കായി ആദായകരവും ജൈവസംപുഷ്ടിദായകവുമായ ഉത്തമ ജൈവവളവും ലഭിക്കുന്നു.

ആവശ്യമായ വസ്തുക്കള്‍
1.3 മീറ്റര്‍ നീളവും എട്ട് ഇഞ്ച് വ്യാസവുമുള്ള പിവിസി പൈപ്പുകള്‍ രണ്ടെണ്ണം. പൈപ്പ് 6, 12 എന്നീ വ്യാസങ്ങളിലുള്ളതുമാവാം.പൈപ്പുകള്‍ക്ക് ആവശ്യമായ അടപ്പുകള്‍ രണ്ടെണ്ണം ഒരുവശത്തേക്കായി മാത്രം മതി.

സ്ഥാപിക്കുന്നവിധം
അടുക്കളഭാഗത്ത് സ്ഥാപിക്കുന്നതാണ് ഉചിതം. പിവിസി പൈപ്പ് 30 സെ. മീറ്റര്‍ താഴ്ചയില്‍ മണ്ണില്‍ കുത്തനെ ഉറപ്പിച്ചുനിര്‍ത്തുക. മണ്ണില്‍ താഴ്ത്തുന്ന ഭാഗത്ത് പൈപ്പില്‍ 20 സെ.മി ഉയരത്തിലായി മൂന്നോ നാലോ തുളകളിടുന്നത് നല്ലതാണ്. പൈപ്പിന്റെപ മുകള്‍ഭാഗം അടപ്പ് ഉപയോഗിച്ച് അടയ്ക്കാം .ഉറച്ച പ്രതല മാണെങ്കില്‍ മണ്ണുനിറച്ച 35 സെ.മി ഉയരമുള്ള ബക്കറ്റിലും പൈപ്പ് താഴ്ത്തിവയ്ക്കാം.

മാലിന്യസംസ്കരണ രീതി
ആദ്യമായി പൈപ്പിന്റെ ഏറ്റവും അടിത്തട്ടില്‍ മണ്ണിലേക്കായി പച്ചച്ചാണക ലായനി ഒഴിക്കണം. ലായനിക്കായി ഒരുലിറ്റര്‍ വെള്ളത്തില്‍ 300 ഗ്രാം പച്ചച്ചാണകം കലക്കാം. കൂടെ 200 ഗ്രാം വെല്ല വും ചേര്‍ത്താല്‍ നന്ന്. ശേഷം അഴുകുന്ന പാഴ്വസ്തുക്കള്‍, അതായത് പാകംചെയ്തതും അല്ലാത്തതുമായ ഭക്ഷണവസ്തുക്കള്‍, പച്ചക്കറി അവശിഷ്ടങ്ങള്‍, പൂവ്, ഇലകള്‍, വേഗത്തില്‍ അഴുകുന്ന അടുക്കളമാലിന്യങ്ങള്‍ മുതലായവ ജലാംശം കളഞ്ഞ് ദിവസേന പൈപ്പിനകത്തേക്ക് ഇടുക. വലിയ അവശിഷ്ടങ്ങള്‍ നുറുക്കിയിടുന്നത് അഴുകല്‍ വേഗത്തിലാക്കും. നേരിയ ഈര്‍പ്പം പൈപ്പിനകത്ത് വേണം. അതേസമയത്ത് കുഴമ്പുപരുവത്തിലാതെ നോക്കണം. ആഴ്ചതോറും ചാണകം/ശര്‍ക്കര/പുളിച്ച തൈര്/നന്നായി പുളിപ്പിച്ച മോര്/വെപ്പിന്‍പിണ്ണാക്ക് എന്നിവ ഏതെങ്കിലും പൈപ്പിനകത്ത് തളിച്ചുകൊടുക്കണം. അവശിഷ്ടങ്ങള്‍ക്കുള്ളില്‍ വായുസഞ്ചാരത്തിനായി ഇടയ്ക്കിടെ ഇളക്കിക്കൊടുക്കാം. അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുമ്പോള്‍ ആഴ്ചയില്‍ ചെറിയ ചുള്ളിക്കമ്പുകാളോ അല്‍പ്പം പുല്ലോ ഇട്ടുകൊടുക്കാം. ഇടയ്ക്കിടെ അടപ്പ് പാതി തുറന്നുവയ്ക്കുകയുമാവാം. ഒരുമാസത്തോടെ പൈപ്പ് നിറയും.മേല്‍പ്പറഞ്ഞതുപോലെ അടുത്ത പൈപ്പും ഇതുപോലെ സ്ഥാപിക്കുകയും അവശിഷ്ടങ്ങള്‍ ഇടുകയും ചെയ്യുക. രണ്ടുമാസം ആകുമ്പോഴേക്കും ആദ്യ പൈപ്പില്‍ മാലിന്യം വിഘടിച്ച് വളം രൂപപ്പെ ട്ടിട്ടുണ്ടാകും.

കമ്പോസ്റ്റ് സംസ്കരണത്തില്‍ ശ്രദ്ധിക്കേണ്ടവ
പൈപ്പ് കമ്പോസ്റ്റിലെ ദുര്‍ഗന്ധം ഒഴിവാക്കുന്നതിനായി വിവിധതരം ബാക്ടീരിയ ലായനികള്‍/ ഇ, എം ലായനികള്‍ ലഭ്യമാണ്. ഇടയ്ക്കിടെ ഇവ നേര്‍പ്പിച്ച് നേരിയ അളവില്‍ ഒഴിച്ചുകൊടുക്കാന്‍ മറക്കരുതവീട്ടുവളപ്പിലെ എല്ലാതരം കൃഷിക്കും ചെടികളുടെ ഏതു പ്രായത്തിലും പൈപ്പ് കമ്പോസ്റ്റ് ഉപയോഗിക്കാവുന്നതാണ്. കാര്‍ബണിന്റെയും നൈട്രജന്റെയും അഭാവത്തില്‍ വിഘടനം നടക്കാതെ വരുമ്പോഴാണ് അവശിഷ്ടങ്ങള്‍ മഞ്ഞസ്ളരി രൂപത്തില്‍ ചിലപ്പോള്‍ കാണുന്നത്. സംസ്കരണം എളുപ്പത്തിലാക്കാന്‍ അവശിഷ്ടങ്ങള്‍ക്കകത്ത് വായുഅറകള്‍ ഉണ്ടാകണം. ഓക്സിജനും  ത്വരിതസംസ്കരണത്തിന് അഭികാമ്യം. ഇതിനായി കമ്പ് ഉപയോഗിച്ച് ഇളക്കിക്കൊടുക്കാം. അടപ്പ് ഇടയ്ക്കിടെ തുറന്നുകൊടുക്കുകയുമാവാം.

പ്ളാസ്റ്റിക്, ഖരമാലിന്യം എന്നിവ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. പച്ചക്കറി അവശിഷ്ടങ്ങളാണ് ഉത്തമം. പച്ചച്ചാണക ലായനി രണ്ട് അടപ്പുവീതം ദിവസവും ഒഴിച്ചുകൊടുക്കുകയാണെങ്കില്‍ സൂഷ്മാണുക്കള്‍ പെരുകി വിഘടനം വേഗത്തിലാക്കും. കഞ്ഞിവെള്ളം പൈപ്പില്‍ ഒഴിക്കുന്നത് ഒഴിവാക്കണം. കഞ്ഞിവെള്ളം ഒരുദിവസം വച്ച് പുളിപ്പിച്ചശേഷം നേര്‍പ്പിച്ച് ഹ്രസ്വകാലവിളകള്‍ക്ക്, പ്രത്യേകിച്ച് പച്ചക്കറി ചെടികളുടെ ഇലകളില്‍ തളിച്ചും ചുവട്ടില്‍ ഒഴിച്ചും കൊടുക്കാം. രോഗകീടങ്ങളെ ചെറിയതോതില്‍ ചെറുക്കാനും പ്രതിരോധശേഷിക്കും പ്രയോജപ്പെടും. 

ഗാര്‍ഹിക ശുചിത്വം, പരിസരശുചിത്വം എന്നിവയോടൊപ്പം ഉറവിട മാലിന്യസംസ്കരണത്തിലൂടെ ജൈവവളവും ലഭിക്കുന്നു. ഇതിലൂടെ നേരാംവണ്ണം കൈകാര്യംചെയ്യുന്നതിലൂടെ ഗാര്‍ഹികാവശിഷ്ടങ്ങള്‍ സമ്പത്താണെന്നുള്ള തിരിച്ചറിവും ഉണ്ടാകുമ്പോള്‍ തീര്‍ച്ചയായും മാലിന്യ നിര്‍മാര്‍ജന നമ്മുടെ കാഴ്ച്ചപ്പാടായി മാറും.

(പെരിങ്ങോം വയക്കര കൃഷിഭവനില്‍ കൃഷി അസിസ്റ്റന്റാണ് ലേഖകന്‍)

പ്രധാന വാർത്തകൾ
 Top