04 June Thursday

സ്യൂഡോമോണസുണ്ടെങ്കില്‍ രോഗ പ്രതിരോധശക്തിയുമുണ്ട്

വീണാറാണി ആര്‍Updated: Friday Apr 15, 2016

വേരു പടലത്തിനു ചുറ്റുമുള്ളമണ്ണിലും ചെടിയിലും പ്രവര്‍ത്തിച്ച് രോഗാണുക്കളെ നശിപ്പിക്കുവാന്‍ കഴിയുന്ന മിത്രബാക്ടീരിയയാണ് സ്യൂഡോമോണസ്. ശത്രുകുമിളിന്റെ കോശഭിത്തിയിലെ കൈറ്റിന്‍ ലയിപ്പിക്കലാണ് പ്രധാന വേല. ഈ വേലത്തരമാണ് സ്യൂഡോമോണസിനെ സര്‍വരോഗസംഹാരിയാക്കുന്നത്. രോഗകാരികളായ കുമിളുകളില്‍ പരാദങ്ങളാകാനും സ്യൂഡോമോണാസിന് മടിയില്ല. ശത്രുകുമിളുകള്‍ക്ക് ആഹാരകാര്യത്തില്‍ ക്ഷാമം സ്രഷ്ടിക്കുന്നതില്‍ സ്യൂഡോമോണസിന് പ്രത്യേക കഴിവാണ്.

സാധാരണഗതിയില്‍ വിത്തില്‍ നിന്നും വരുന്ന സ്രവങ്ങളില്‍ ആകൃഷ്ടരായി രോഗകാരികളായ ബാക്ടീരിയ ഒരു ദിവസം കൊണ്ട് രണ്ടു സെന്റീമീറ്റര്‍ വരെ സഞ്ചരിച്ച് വിത്തിനടുത്തെത്തി തൈകളെ ബാധിക്കുന്ന ചീയല്‍  രോഗത്തിന് കാരണമാവും. ഇതാണ് വിത്ത് മുളച്ച് പൊന്തുന്നതോടൊപ്പം രോഗങ്ങളും തലപ്പൊക്കുന്നതിനു പിന്നിലെ രഹസ്യം. 20ഗ്രാം സ്യൂഡോമോണസ് പച്ചക്കറി വിത്തില്‍ പുരട്ടി വച്ച്  വിതയ്ക്കുന്നതാണ് അഭികാമ്യം.വിത്തിനൊപ്പം സ്യൂഡോമോണസ് ചേര്‍ത്ത് വിതച്ചാല്‍ വിന്‍കോസമൈഡ്, ഫെനാസിന്‍, സ്വിറ്റര്‍ മൈസിന്‍, കനോസമൈന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ മുളക്കുന്ന വിത്തിനു ചുറ്റും  വിന്യസിക്കുകയും  പിത്തിയംപോലുള്ള രോഗകാരികളില്‍ നിന്നും വിളയെ സംരക്ഷിക്കുകയും ചെയ്യും. ചീരയിലെ ഇലപ്പുള്ളി രോഗം മുതല്‍ പയറിന്റെ വള്ളിയുണക്കംവരെയുള്ള കുമിള്‍ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി  സ്യൂഡോമോണസ് വിത്തില്‍ പുരട്ടി നടാം. ഫൈറ്റോഫ്ആറാ, ഫ്യൂസോറിയം തുടങ്ങിയ വില്ലന്‍ കുമിളുകളെ തുരത്താനും സ്യൂഡോമോണസ് മതി. നെല്‍കൃഷിയില്‍ വിത്ത് മുക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍  ഒരു കി.ഗ്രാം വിത്തിന് 10 ഗ്രാം എന്ന തോതില്‍ സ്യൂഡോമോണസ് കലര്‍ത്തി എട്ടുമണിക്കൂര്‍ വച്ച് വിതച്ചാല്‍ കുമിള്‍ രോഗങ്ങളില്‍ നിന്ന് നെല്‍കൃഷിയെ രക്ഷപ്പെടുത്താം.

രോഗനിയന്ത്രണം മാത്രമല്ല വിത്തിന്റെ അങ്കുരണ ശേഷി കൂട്ടാനും വളര്‍ച്ചയ്ക്കാവശ്യമായ  സാഹചര്യങ്ങള്‍ ഒരുക്കാനും വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും സ്യൂഡോമോണസിന് കഴിയും. ഇന്‍സോള്‍ അസറ്റിക് ആസിഡ്, സൈറ്റോകൈനിന്‍ മുതലായ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിച്ച് തണ്ടിന്റെയും വേരിന്റെയും വളര്‍ച്ച ത്വരിതപ്പെടുത്തുവാനും അതുവഴി ഉല്‍പാദനം കൂട്ടാനും ഇതിന് കഴിയും. ചെടിയുടെ പ്രതലത്തിലും ഉള്ളിലും ഉല്‍പാദിപ്പിക്കുന്ന രാസവസ്തുക്കള്‍ ചെടികളുടെ ആന്തരികമായ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ഇതിന് 20ഗ്രാം സ്യൂഡോമോണസ് ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി 10 ദിവസത്തെ ഇടവേളകളില്‍ ഇലകളില്‍ തളിക്കുകയും തടത്തില്‍ ഒഴിച്ച് കൊടുക്കുകയും വേണം. 25ഗ്രാം സ്യൂഡോമോണസ് 75മില്ലി വെള്ളത്തില്‍ കലക്കിയ ലായനിയില്‍ 20മിനുട്ട് നേരം മുക്കിവെച്ച് നടുന്നത് വള്ളിത്തലകള്‍ വേഗം വേര് പിടിക്കാന്‍ സഹായിക്കും.

ഒരു ലിറ്റര്‍ വെള്ളത്തില്‍ 20ഗ്രാം സ്യൂഡോമോണസും 20ഗ്രാം പച്ചച്ചാണകവും ചേര്‍ത്ത് തളിക്കുന്നത് സ്യൂഡോമോണസിന്റെ ക്ഷമത കൂടും. സ്യൂഡോമോണസ് ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കൃഷിവകുപ്പിലും കാര്‍ഷികസര്‍വകലാശാലയിലും നിലവിലുണ്ട്. കിലോഗ്രാമിന് 75രൂപ മാത്രം വിലയുള്ള സ്യൂഡോമോണസ് എളുപ്പത്തില്‍ ലഭ്യമാണെന്നിരിക്കെ നാശം വരുത്തുന്ന രാസകീടനാശിനികള്‍ നമുക്ക് വേണോ?  (കണ്ണൂരില്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖിക)

പ്രധാന വാർത്തകൾ
 Top