01 June Thursday

തെങ്ങിനും കുരുമുളകിനും വേനല്‍ക്കാല പരിചരണം

മലപ്പട്ടം പ്രഭാകരന്‍Updated: Thursday Jan 14, 2016

വിളകള്‍ക്ക് വേനല്‍ച്ചൂടില്‍നിന്നു സംരക്ഷണം നല്‍കാനുള്ള പ്രാഥമിക പ്രവര്‍ത്തനം ഇപ്പോള്‍തന്നെ ആരംഭിക്കേണ്ടതുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട രണ്ടു വിളയായ തെങ്ങിനും, കുരുമുളകിനും വേനലില്‍ നല്‍കേണ്ട പ്രത്യേക സംരക്ഷണത്തെക്കുറിച്ച് മനസ്സിലാക്കാം.

തെങ്ങ്: ചെറുതൈകള്‍ക്ക് നേരിയ തണല്‍ നല്‍കണം. ഈ വര്‍ഷം വച്ചതാണെങ്കില്‍ ഇലയില്‍ കുമ്മായലായനി തളിച്ച് വെളുത്ത പ്രതലം ഉണ്ടാക്കണം. പകരം വെളുത്ത ക്ളേ ആയാലും മതി. ചൂടിനെ വിഗരണംചെയ്തു നിര്‍ത്തും. ചെറിയ തൈകള്‍ക്ക് പന്തല്‍ (നേരിയതോതില്‍ സൂര്യപ്രകാശം കിട്ടത്തക്കവിധം) കെട്ടണം. ചുവട്ടില്‍ ചെറിയ മണ്‍കുടത്തില്‍ വെള്ളംനിറച്ച് കുടത്തിന്റെ പകുതിഭാഗം മണ്ണില്‍ താഴ്ത്തി തൈകള്‍ക്കു സമീപം സ്ഥാപിക്കുക. ഇതില്‍ വേനലില്‍ വെള്ളം നിറച്ചുവയ്ക്കുക. 2, 3 വര്‍ഷം പ്രായമായതാണെങ്കില്‍ തെക്കന്‍വെയില്‍ ഏല്‍ക്കാതിരിക്കത്തക്കവിധം സൈഡില്‍ മറ സൃഷ്ടിക്കണം. അധികം ഉയരമില്ലാത്ത തെങ്ങുകളുടെ തടിയില്‍ കുമ്മായ ലായനി പുരട്ടി വെളുപ്പിക്കണം.

ചുവട്ടില്‍ (എല്ലാ പ്രായത്തിലെയും തെങ്ങുകള്‍ക്ക്) കിളച്ച് കട്ടപൊടിച്ച് ആവരണമായി മണ്ണില്‍ നിലനിര്‍ത്തണം. ജല ബാഷ്പീകരണം കുറയും. എല്ലാ തെങ്ങുകളുടെയും ചുവട്ടില്‍ കരിയിലയോ ഉണങ്ങിയ ഓലയോ ഇട്ട് പുത ഉണ്ടാക്കണം. ജലസേചന സാധ്യതയുള്ള വലിയ തെങ്ങളുടെ ചുവട്ടില്‍ കുറ്റിപ്പയര്‍, ചീര എന്നിവയുടെ വിത്തുവിതച്ച് വിളവെടുക്കാം. പയറിന്റെ വേര് നൈട്രജന്‍കൂടി ലഭ്യമാക്കും. ജലസേചനം നടത്തുമെങ്കില്‍ ചുവട്ടില്‍ ഒന്നോ രണ്ടോ അടുക്ക് ചികിരി മലര്‍ത്തിവച്ച് മുകളില്‍ മണ്ണിട്ട് ജലസേചനം ചെയ്യുക. ദീര്‍ഘനാള്‍ ഈര്‍പ്പം നിലനില്‍ക്കും.

സാധാരണ പമ്പ്വച്ച് ജലസേചനം ചെയ്യുമ്പോള്‍ മുകളില്‍ പുതകൊടുത്ത് നനയ്ക്കുന്നത് ബാഷ്പീകരണ നഷ്ടം കുറയ്ക്കും. ഉല്‍പ്പാദനം തരുന്ന തെങ്ങിന് ഒരുദിവസം ശരാശരി 60 ലിറ്റര്‍ വെള്ളം മതി. ആഴ്ചയില്‍ ഒരുദിവസം 300–400 ലിറ്റര്‍ നല്‍കിയാലും മതി. തെങ്ങിന്റെ മണ്ട വൃത്തിയാക്കി കൊമ്പല്‍ചെല്ലിയെ തടയുക. ഇതിന് 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് 250 ഗ്രാം മണലുമായി കലര്‍ത്തി കൂമ്പിനുചുറ്റുമുള്ള മടലുകള്‍ക്കിടയില്‍ വിതറുക. തടിയില്‍ ചെന്നീരൊലിപ്പുണ്ടെങ്കില്‍ ആ ഭാഗത്തെ തൊലി ചെത്തി അവിടെ ബോര്‍ഡോ കുഴമ്പ് (തുരിശ് + ചുണ്ണാമ്പ്) പുരട്ടിക്കൊടുക്കണം.

കുരുമുളക്: രണ്ടുവര്‍ഷം പ്രായമായവയുടെ ചുവട്ടില്‍ കരിയിലകൊണ്ട് പുതയിടുക. മൂന്നുദിവസത്തില്‍ ഒരിക്കല്‍ നനയ്ക്കുക. ഇലയില്‍ കുമ്മായ ലായനി തളിക്കുക. പ്രായമായവയുടെയും ചുവട്ടില്‍ പുതയിടണം. ഇലയില്‍ കുമ്മായം തളിക്കുന്നതും നല്ലതാണ്. പറ്റ്തലകള്‍ താങ്ങുകാലില്‍ ചേര്‍ത്ത് കെട്ടിക്കൊടുക്കണം. ധ്രുതവാട്ട ലക്ഷണം കാണുന്ന തോട്ടങ്ങളിലെ ഉണങ്ങിയഭാഗം ശേഖരിച്ച് തീയില്‍ കരിച്ചുകളയണം. വിളവെടുപ്പിനുശേഷമുഉള്ള  അവശിഷ്ടങ്ങള്‍ പെറുക്കിമാറ്റുന്നത് നല്ലതാണ്.
തെങ്ങ്, കുരുമുളക് തോട്ടങ്ങളില്‍ പ്രധാന വിളയായ ഇവയ്ക്ക് ദോഷംവരാത്തവിധം വാഴ, കൊക്കൊ തുടങ്ങിയ ഇടവിളകള്‍ കൃഷിചെയ്യുന്നത് വേനല്‍സംരക്ഷണത്തിനും ഉപരിയായി മികച്ച ആദായം ഉണ്ടാക്കാനും ഇടനല്‍കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top