കേരള കാർഷിക സർവകലാശാലയുടെ പരീക്ഷണത്തിൽ കേരളത്തിലും ചുവന്ന ഉള്ളി ഇനങ്ങൾ വിജയകരമായി കൃഷിചെയ്യാമെന്ന് കണ്ടെത്തിയതോടെ സംസ്ഥാനത്തും വലിയ ഉള്ളി (സവാള) കൃഷി വ്യാപകമായി തുടങ്ങിയിട്ടുണ്ട്. മഴ കുറഞ്ഞതും തണുപ്പുള്ളതുമായ കാലാവസ്ഥയാണ് ഇതിന് അനുയോജ്യം. നവംബർ -–- ഡിസംബർമുതൽ മാർച്ച്–- - ഏപ്രിൽവരെയാണ് നമ്മുടെ നാട്ടിൽ സവാളക്കാലം. ഇതിനായി ഈമാസം അവസാനമോ അടുത്തമാസം ആദ്യമോ നഴ്സറി ഒരുക്കിയാൽ തുലാവർഷം തീരുന്നതോടെ തൈകൾ പ്രധാന കൃഷിയിടത്തിലേക്ക് നടാം. നിലത്തോ പ്രോട്രേകളിലോ തൈകൾ തയ്യാറാക്കാം. എന്നാൽ, ഈ സമയത്ത് മഴ പെയ്തേക്കുമെന്നതിനാൽ മഴയിൽനിന്ന് സംരക്ഷണം നൽകിവേണം നഴ്സറി തയ്യാറാക്കാൻ.
കൃഷിരീതി
വിത്ത് 1000 മുതൽ 1500 തൈകൾ ഒരു സെന്റ് കൃഷിക്ക് ആവശ്യമായിവരും. അഗ്രി ഫൗണ്ട് ഡാർക്ക് റെഡ്, ഭീമ ശക്തി, ഭീമ സൂപ്പർ, അഗ്രി ഫൗണ്ട്, ഡാർക്ക് റെഡ്, അർക്കാ നികേതൻ, അർക്കാ കല്യാൺ, അർക്കാ പ്രഗതി എന്നീ ഇനങ്ങളാണ് നമ്മുടെ നാടിന് യോജിച്ച മികച്ച ഇനങ്ങൾ. തവാരണകളിലാണ് തൈകൾ തയ്യാറാക്കുന്നതെങ്കിൽ മഴ മറയ്‌ക്കുള്ളിൽ ചെറു തടങ്ങൾ എടുത്തുവേണം വിത്തുപാകാൻ. മണ്ണ് നല്ല വളക്കൂറുള്ളതാകണം. അല്ലെങ്കിൽ ചാണകപ്പൊടിയോ ചകിരിച്ചോറ് കമ്പോസ്റ്റോ ഇട്ട് വളപുഷ്ടി വരുത്തണം. വിത്തിടുമ്പോൾ തന്നെ ഒരു ചതുരശ്ര മീറ്റർ സ്ഥലത്തിന് 10 ഗ്രാം എന്ന തോതിൽ സ്യൂഡോമോണസോ ട്രൈക്കോഡെർമയോ ചേർക്കുന്നത് രോഗപ്രതിരോധശേഷിക്ക് ഉതകും. തടത്തിൽ ആവശ്യത്തിനുമാത്രം ഈർപ്പം നിലനിർത്തണം. പ്രോട്രേകളിൽ തൈകൾ തയ്യാറാക്കുന്നതിനായി ചകിരിച്ചോർ, വെർമിക്കുലൈറ്റ്, പെർലൈറ്റ് എന്നിവ 4:1:1 എന്ന അനുപാതത്തിൽ ചേർത്ത മിശ്രിതം ഉപയോഗിക്കാം. പ്രോട്രേകളിൽ പാകി തൈ തയ്യാറാക്കുമ്പോൾ വിത്ത് നഷ്ടപ്പെടാതെ തൈകൾ ലഭിക്കുമെന്നതിനാൽ വിത്ത് വളരെ കുറച്ച് അതായത് മൂന്നിലൊന്ന് മതിയാകും.
സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാകണം കൃഷിക്ക് തെരഞ്ഞെടുക്കേണ്ടത്. സ്ഥലം കിളച്ച് പാകപ്പെടുത്തണം. സെന്റിന് രണ്ടു കിലോ എന്നതോതിൽ കുമ്മായം ചേർക്കണം. കുമ്മായം ചേർത്ത് ഇളക്കി ഒരാഴ്ചയെങ്കിലും കഴിഞ്ഞുമാത്രമേ തൈകൾ നടാവൂ. ആറുമുതൽ എട്ടാഴ്ചവരെ പ്രായമുള്ള തൈകളാണ് നടാൻ ഉപയോഗിക്കേണ്ടത്. ഒരു മീറ്റർ വീതിയും സൗകര്യപ്രദമായ നീളത്തിലുമുള്ള തടങ്ങൾ എടുക്കണം. വരികൾ തമ്മിൽ 15–--20 സെന്റിമീറ്ററും ചെടികൾ തമ്മിൽ 10 സെന്റിമീറ്ററും അകലം നൽകി നടാം. രണ്ടു തടം തമ്മിൽ ഒന്നരമുതൽ രണ്ടടി അകലം നൽകാം. നടുന്ന സമയത്ത് തൈകൾക്ക് നീളം കൂടുതലാണെങ്കിൽ തലഭാഗം അൽപ്പം മുറിച്ചുകളയാം.
ഗ്രോ ബാഗിലും
സ്ഥലപരിമിതി ഉള്ളവർക്ക് ഗ്രോ ബാഗിലും ചട്ടികളിലും ഇത് കൃഷിചെയ്യാം. ഒരടി വ്യാസമുള്ള ബാഗുകളിൽ നാലുമുതൽ അഞ്ചുവരെ തൈകൾ നടാം. മണൽ കലർന്ന മണ്ണും ചാണകപ്പൊടിയോ കമ്പോസ്റ്റ് ചേർന്ന മിശ്രിതമോ നിറയ്‌ക്കാൻ ഉപയോഗിക്കാം. നിലത്ത് നടുമ്പോൾ സെന്റിന് 100 കിലോ ചാണകപ്പൊടിയോ കമ്പോസ്റ്റോ നൽകണം. നല്ല രീതിയിൽ ജൈവവളങ്ങൾ ചേർത്താൽ രാസവള പ്രയോഗം ഒഴിവാക്കാം. രണ്ടാഴ്ച കൂടുമ്പോൾ പുളിപ്പിച്ച് നേർപ്പിച്ച പിണ്ണാക്ക് ലായനി, ജീവാമൃതം തുടങ്ങിയവ നൽകാം.
വിളവെടുപ്പ്
തൈകൾ നട്ട് മൂന്നരമാസം കഴിയുമ്പോൾ വിളവെടുപ്പിനാകും. ഇലകൾ ഉണങ്ങിത്തുടങ്ങുന്നതോടെ വിളവെടുപ്പ് നടത്താം. ഇതിന് ഒരാഴ്ച മുമ്പുതന്നെ നന കുറയ്‌ക്കണം. മൂന്നുദിവസംമുമ്പ് നന ഒഴിവാക്കാം. മണ്ണിളക്കമുള്ള ഇടമാണെങ്കിൽ ഓരോ ചെടിയും കൈകൊണ്ട് വലിച്ചെടുക്കാം. ഇത് ഇലയോടുകൂടി കൂട്ടിയിട്ടശേഷം ഇലഭാഗം സവാളയോടു ചേർന്ന് ഒരു സെന്റി മീറ്റർ മീതെവച്ച് മുറിച്ചുകളഞ്ഞ്, ഇളംവെയിലിൽ വിരിച്ചിട്ട് ഉണക്കിയെടുക്കണം. 20 മുതൽ 30 കിലോവരെ വിളവ് ഒരു സെന്റിൽനിന്നും ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..