ഒന്നാംവിള നെൽക്കൃഷിക്ക് (വിരിപ്പ്) തയ്യാറാകേണ്ട സമയമായി. കാലവർഷാരംഭത്തോടെ പറിച്ചുനടാൻ വേണ്ട ഞാറ്റടി മേയ് പകുതിക്കകം വിത്തുവിതച്ച് വളർത്തിയെടുക്കണം. രാസകീടനാശിനി പരമാവധി ഒഴിവാക്കാൻ സാധിക്കണമെങ്കിൽ രോഗകീടബാധ വരാതിരിക്കാനുള്ള മുൻകൂർ മാർഗങ്ങൾ സ്വീകരിക്കണം. നെൽക്കൃഷിക്കുണ്ടാകുന്ന പ്രധാനമായ ചില രോഗങ്ങളെ ചെറുക്കാൻ നാം സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ച് പരിശോധിക്കാം.
നെൽക്കൃഷിയിൽ വിത്തിൽക്കൂടി പകരുന്ന പ്രധാന രോഗങ്ങളാണ് ബ്ലാസ്റ്റ്, തവിട്ടുനിറമുള്ള പുള്ളിക്കുത്ത്, ബാക്ടീരിയമൂലമുള്ള ഇലകരിച്ചൽ. ഇവ ഒന്നാം വിളക്കാലത്ത് ധാരാളമായി കാണാം. ഇവയെ വിത്തുപരിചരണത്തിലൂടെ തടയാനാകണം. കൃഷി ഇറക്കുംമുമ്പെ വിത്തുപരിചരണം നടത്തുകയാണ് അഭികാമ്യം.
'സ്യൂഡോമോണസ് ഫ്ളൂറസൻസ്' എന്ന ബാക്ടീരിയയാണ് ഇതിനു വേണ്ടത്. വെളുത്ത പൊടിരൂപത്തിൽ ഈ ജൈവകീടനാശിനി കിട്ടും. ഒരു കിലോഗ്രാം നെൽവിത്തിന് 10 ഗ്രാം സ്യൂഡോമോണസ് എന്ന തോതിലെടുത്ത് വിത്ത് വിതയ്ക്കുംമുമ്പെ പുരട്ടിക്കൊടുക്കണം. ഇതല്ലെങ്കിൽ ഇതേ തൂക്കത്തിൽ എടുത്ത് ലായനിയാക്കി 12 മണിക്കൂർ വിത്ത് അതിൽ മുക്കിവയ്ക്കുക. തുടർന്ന് തണലിൽ ഉണക്കി വിതയ്ക്കാം. ഇതോടൊപ്പം മണ്ണിലുണ്ടാകുന്ന സൂക്ഷ്മമൂലകമായ നാകത്തിന്റെ അഭാവം ഇന്ന് പ്രകടമായി കാണുന്നു. ഇവ ലഭ്യമാക്കാൻ സ്യൂഡോമോണസ് ലായനിയോടൊപ്പം ലിറ്ററിന് 10 ഗ്രാം എന്ന തോതിൽ സിങ്ക് സൾഫേറ്റ്, 2.5 ഗ്രാംവീതം തുരിശും ചേർത്ത് 12‐24 മണിക്കൂർ വിത്ത് കുതിർത്തുവച്ചശേഷം ഉപയോഗിക്കുക. വിത്തിന്റെ മുളയ്ക്കാനുള്ള ശേഷി വർധിപ്പിക്കാനും ഈ പ്രയോഗംകൊണ്ട് സാധിക്കും. ഇത്തരത്തിൽ രോഗനിയന്ത്രണം ജൈവികമാർഗത്തിൽത്തന്നെ വരുത്താനാകും
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..