06 February Monday

പയര്‍ കൃഷിവിസ്തൃതിയും ഉപയോഗവും വര്‍ധിപ്പിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Mar 3, 2016

2016 അന്താരാഷ്ട്ര പയര്‍വര്‍ഷമാണല്ലോ. കേരളത്തില്‍ മുമ്പ് കൃഷിചെയ്തിരുന്ന എല്ലാ പയര്‍ ഇനങ്ങളും നമുക്ക് പുനര്‍കൃഷി ചെയ്യേണ്ടതുണ്ട്. ഇവ ഏതെന്നും എങ്ങിനെയെന്നും പ്രതിപാദിക്കാം. നെല്‍പ്പാടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കാത്ത ഇടങ്ങളില്‍ കൊയ്ത്തിനുശേഷം മുതിര, ഉഴുന്ന്, ചെറുപയര്‍, വന്‍പയര്‍ എന്നിവ കൃഷിചെയ്യാം. കരപ്പറമ്പില്‍ തുലാമഴയോടുകൂടി കഠിനമഴ ഇല്ലാത്ത സമയത്താണ് കൂടുതല്‍ നല്ലത്. കൂടാതെ പുതുവര്‍ഷാരംഭത്തില്‍ വന്‍പയര്‍, സോയാപയര്‍ തുടങ്ങിയവയും കൃഷിചെയ്യാം. ഇവ ഏതെന്നും എങ്ങിനെ കൃഷിചെയ്യണമെന്നും വിശദമാക്കാം.

ഉഴുന്ന് 

വളരെയേറെ പോഷകമൂലകവും മാംസ്യവും ഉണ്ട്. ഇലയും വിളവെടുത്തശേഷമുള്ള തൊണ്ട് ഉള്‍പ്പെടെയുള്ള വസ്തുക്കളും കാലിത്തീറ്റയായും ഉപയോഗിക്കാം.
നെല്‍പ്പാടങ്ങളിലും തുലാമഴക്കാലത്ത് കരപ്പറമ്പിലും കൃഷിചെയ്യാം. തനിവിളയായും ഇടവിളയായും ഉഴുന്ന് ചേരും. നിലം നന്നായി ഉഴുത് കട്ട ഉടച്ച് വിത്തുവിതയ്ക്കാം. വിതയ്ക്കുംമുമ്പെ സൂക്ഷ്മാണുവളമായ റൈഡോബിയം കള്‍ചര്‍ ലായനിയില്‍ വിത്തുപുരട്ടി തണലില്‍ അരമണിക്കൂര്‍ ഉണക്കിയശേഷം വിതച്ചാല്‍ പോഷണത്തിന് ഏറെ സഹായകമാണ്.
ഇനങ്ങള്‍: ധാരാളം ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വരള്‍ച്ച തടയുന്ന ഠ9 ശ്രദ്ധേയമാണ്. കൂടാതെ ഇഛ2, ടശ, ഠങഢ1, ഗങ2,എന്നിവയും ഇടവിളയായി ഠഅഡ2 ഇനവും കൃഷിചെയ്യാം. ശ്യാമയാണ് ഓണാട്ടുകര പ്രദേശത്ത് നല്ലത്.
രീതി:  ഹെക്ടറിന് ശരാശരി 20 കിലോഗ്രാം വിത്താണ് വേണ്ടത്. കാലിവളം ഹെക്ടറിന് 20 ടണ്‍ ചേര്‍ക്കണം. കൂടാതെ മണ്ണിലെ പുളിപ്പു മാറ്റാന്‍ 250 കിഗ്രാം കുമ്മായമോ, 400 കിഗ്രാം 'ഡൊളൊ മൈറ്റൊ' ചേര്‍ത്ത് മണ്ണുമായി ഇളക്കിച്ചേര്‍ക്കണം. വിത്തു വിതയ്ക്കുകയാണ് പതിവ്. 25ഃ15 സെ.മീ. അകലത്തില്‍ വരത്തക്കവിധം വിതയ്ക്കണം. വിതച്ചശേഷം ചെറിയതോതില്‍ മണ്ണ് മൂടാന്‍ സംവിധാനംചെയ്യുക.
ഏഴുദിവസമാകുമ്പോഴേക്കും മുളയ്ക്കും. 150 കി/ഹെക്ടറിന് രാജ്ഫോസ്, 100 കിഗ്രാം യൂറിയ എന്നിവ മേല്‍വളമായി ചേര്‍ക്കാം. ജൈവകൃഷിയാണെങ്കില്‍ കാലിവളം, ചാരം, കടലപ്പിണ്ണാക്ക് എന്നിവ ചേര്‍ക്കാം. കീടാക്രമണം ഉണ്ടെങ്കില്‍ ഏതെങ്കിലും ജൈവകീടനാശിനി തളിച്ചുകൊടുക്കണം. കൊയ്ത്തിനു പാകമായാല്‍ വേരോടെ പിഴുതെടുത്ത് ഉണക്കി വടികൊണ്ടടിച്ച് ഉഴുന്നുമണികള്‍ ശേഖരിക്കാം.

വന്‍പയര്‍

പയര്‍വര്‍ഗത്തില്‍ പ്രധാന സ്ഥാനം വന്‍പയറിനുണ്ട്. കുറ്റിച്ചെടിയായും കുറച്ചുമാത്രം പടരുന്നവയും നല്ലരീതിയില്‍ പടരുന്ന ഇനങ്ങളുമുണ്ട്. ഇവ ചുവടെ പറയുന്നു.
കുറ്റിപ്പയര്‍: ഭാഗ്യലക്ഷ്മി, പുസ ബര്‍സാത്തി, പുസ കോമള്‍, സി 152.
കുറച്ചു പടരുന്നവ: കനകമണി, കൈരളി, വരുണ്‍, അനശ്വര, അര്‍ക്ക, ഗരിമ തുടങ്ങിയവ.
നന്നായി പടരുന്നവ: മഞ്ചേരി ലോക്കല്‍, ശാരിക, മാലിക, കെഎംവി–1, ലോല, കൃഷ്ണമണി, പുസ ഫാല്‍ഗുനി തുടങ്ങി നീളുന്ന പട്ടികയുണ്ട്.
വിത്തിന്റെ തോത്: കുറ്റിപ്പയര്‍ ഹെക്ടറിന് 20–25 കി.ഗ്രാം. പടരുന്നവ 4–5 കി.ഗ്രാം. മറ്റിനങ്ങള്‍ 60–65 കി.ഗ്രാം.
കൃഷിരീതി: വിത്തില്‍ 'റൈസോബിയ കള്‍ചര്‍ പുരട്ടുക. രോഗം തടയാനും വളര്‍ച്ചയ്ക്കും സഹായകമാണ്. നിലം ഉഴുത് കട്ടയുടച്ച് വിത്തുവിതയ്ക്കാം. ഹെക്ടറിന് 20 ടണ്‍ കാലിവളം, 250 കി.ഗ്രാം കുമ്മായം എന്നിവ ആദ്യം നിലമൊരുക്കുമ്പോള്‍ ചേര്‍ക്കാം. അവസാന ഉഴവില്‍ മഷൂറിഫോസ് 150 കി/ഹെ. പച്ചക്കറി ഇനങ്ങള്‍ക്ക് വിവിധ ജൈവവളക്കൂട്ടുകള്‍ നിര്‍മിച്ച് ലഭ്യമാക്കാം. കോഴിക്കാട്ടം, പച്ചച്ചാണക ലായനി, പിണ്ണാക്കുകള്‍, ജൈവവളക്കൂട്ടുകള്‍ എന്നിവ ഇടയ്ക്ക് ചേര്‍ത്തുകൊടുക്കാം.
കായതുരപ്പന്‍ പുഴവിന് വേപ്പെണ്ണ ലായിനി തളിക്കാം. ചെറിയ ഇലപ്പേനിനെതിരെ വേപ്പിന്‍കുരുസത്ത് പറ്റിയ ഇനമാണ്.
വിളവെടുപ്പ്: ഇനമനുസരിച്ച് മൂന്നുമാസംമുതല്‍ അഞ്ചുമാസംവരെ വിളവെടുക്കാം.


ചെറുപയര്‍

ഉഴുന്നുപോലെത്തന്നെ തനിവിളയായും ഇടവിളയായും കൃഷിചെയ്യാം. നിലം ഉഴുത് പരുവപ്പെടുത്തി 20 ടണ്‍ കാലിവളവും 250 കിലോ കുമ്മായവും ചേര്‍ത്ത് മണ്ണ് പരുവപ്പെടുത്തുക. ഈ സമയം 150 കി.ഗ്രാം രാജ്ഫോസ് ചേര്‍ക്കാം. ഉഴുന്നുകൃഷിയുടെ രീതി അവലംബിക്കാം.
ഇനങ്ങള്‍: ഫിലിപ്പീന്‍സ്– പുസ വൈശാഖി, മദീറ, സിഒ 2 എന്നിവ നല്ല വിളവുതരും.
കൃഷിരീതി: നിലം ഉഴുത് കട്ടയുടച്ച് ഹെക്ടറിന് രണ്ടുടണ്‍ കാലിവളവും 500 കിഗ്രാം കുമ്മായവും ചേര്‍ത്ത് മണ്ണ് ഒരുക്കണം. രാജ്ഫോസ് ഹെക്ടറിന് 150 കിഗ്രാം അടിവളമായി ചേര്‍ക്കാം. വേണ്ടത്ര പോഷണമില്ലെങ്കില്‍ 100 കിഗ്രാം/ഹെക്ടര്‍ യൂറിയ ഒരുമാസം കഴിഞ്ഞ് ചേര്‍ക്കാം. 90–100 ദിവസംകൊണ്ട് വിളവെടുക്കാം. ചെടിയോടെ പിഴുതെടുത്ത് ഉണക്കി വടികൊണ്ടടിച്ച് മണികള്‍ വേര്‍പ്പെടുത്താം.

മുതിര

കൃഷിമുറയെല്ലാം ഉഴന്നും ചെറുപയറിനും എന്നപോലെത്തന്നെ. ഇനം: കോ 1 – പട്ടാമ്പി ലോക്കല്‍.

തുവരപ്പയര്‍

ഒരുകാലത്ത് കേരളത്തിന്റെ മലയോരങ്ങളിലെ പുനംകൃഷിയില്‍ തുവരയ്ക്ക് വലിയ സ്ഥാനമായിരുന്നു. നീര്‍വാര്‍ച്ചയും ആഴവുമുള്ള മണ്ണും തുവരയ്ക്ക് ആവശ്യമാണ്. നെല്‍പ്പാടങ്ങളില്‍ കൃഷിചെയ്യാറുണ്ട്. വിത്തുവിതയ്ക്കുകയോ 35 സെന്റീ മീറ്റര്‍ അകലമുള്ള വരികളില്‍ അരിയിടുകയോ ചെയ്യാം. കാലിവളം മൂന്നു ടണ്‍/ഹെ. ആദ്യം ചേര്‍ക്കണം. കുമ്മായം 400 കി/ഹെക്ടര്‍.
ഇനം: എസ്എ 1. നല്ല ഉല്‍പ്പാദനം തരുന്നതാണ്.
കായ്കളില്‍ ഭൂരിപക്ഷം മൂത്താല്‍ വിളവെടുക്കാം. ചെടി വെട്ടിയെടുത്ത് ഉണക്കി മണികള്‍ വേര്‍പ്പെടുത്താം. ചിലര്‍ ഉണങ്ങിയ കായ്കള്‍ പറിച്ചെടുത്ത് വെയിലത്തുണക്കുന്ന രീതിയും ഉണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top