27 March Monday

കറവപ്പശുവിന് ഇനി സൂക്ഷ്മപോഷണം

ഡോ. സാബിന്‍ ജോര്‍ജ്Updated: Friday Feb 3, 2017

ഉല്‍പ്പാദനശേഷി കൂടിയ സങ്കരയിനം പശുക്കളില്‍നിന്ന് അവയുടെ ജനിതകശേഷിക്കനുസരിച്ചുള്ള പാലുല്‍പ്പാദനം ലഭിക്കണമെങ്കില്‍ എല്ലാ പോഷകങ്ങളും കൃത്യമായ അളവിലും അനുപാതത്തിലും അടങ്ങിയ സന്തുലിത തീറ്റ നല്‍കണം.   

അന്നജം, മാംസ്യം, ധാതുക്കള്‍, ജീവകങ്ങള്‍, അവശ്യ ഫാറ്റി അമ്ളങ്ങള്‍, ജലം എന്നിവയാണ്  പശുവിനാവശ്യമായ പ്രധാന പോഷകങ്ങള്‍. സന്തുലിതമായ തീറ്റക്രമം ഉല്‍പ്പാദനം ഉറപ്പാക്കുക മാത്രമല്ല, രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ച് അസുഖങ്ങള്‍ കുറയ്ക്കുന്നു. കൂടാതെ ഗര്‍ഭധാരണം ഉള്‍പ്പെടെയുള്ള പ്രത്യുല്‍പ്പാദന പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തുന്നു.  വിപണിയില്‍ ലഭ്യമായ കാലിത്തീറ്റ, പിണ്ണാക്ക്, ധാന്യങ്ങള്‍, തവിട്, മിനറല്‍ മിശ്രിതം ഇവയൊക്കെ ചേര്‍ത്താണ് കര്‍ഷകര്‍ പശുക്കള്‍ക്ക് തീറ്റ നല്‍കുന്നത്. കൂടാതെ കാര്‍ഷികവ്യാവസായിക അവശിഷ്ടങ്ങളും തീറ്റയില്‍ ഉള്‍പ്പെടുത്താറുണ്ട്. പശുവിനാവശ്യമായ എല്ലാ പോഷകങ്ങളും കൃത്യമായ അളവില്‍ ലഭിക്കുന്നവിധം തീറ്റമിശ്രിതം രൂപപ്പെടുത്തുന്നതിനാണ് തീറ്റസന്തുലനം എന്നുപറയുന്നത്.

തീറ്റയിലൂടെ ആവശ്യത്തിന് പോഷകങ്ങള്‍ കിട്ടിയില്ലെങ്കില്‍ പാലുല്‍പ്പാദനം കുറയുകയും പശു ക്ഷീണിച്ചുവരികയും ചെയ്യുന്നു. ഇതിന്റെ മറുവശം പരിശോധിക്കുക. തീറ്റ അധികമായാല്‍ പോഷകങ്ങള്‍ വെറുതെ നഷ്ടമാകുകയും സാമ്പത്തികനഷ്ടം ഉണ്ടാകുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ അല്‍പ്പാഹാരവും അമിതാഹാരവും ആപത്താണ്. ഇവിടെയാണ് സൂക്ഷ്മ പോഷണരീതികളുടെ  പ്രാധാന്യം. ഓരോ പശുവിനും  ആവശ്യമായ പോഷകങ്ങള്‍ കൃത്യമായ അളവിലും അനുപാതത്തിലും ലഭിക്കുന്നവിധം തീറ്റവസ്തുക്കള്‍ ചേരുംപടി ചേര്‍ത്ത് ആവശ്യമായ അളവില്‍ മാത്രം നല്‍കണം. കംപ്യൂട്ടര്‍ സോഫ്റ്റ്വെയറുകളുടെ സഹായത്താല്‍ ഇത് എളുപ്പത്തില്‍ കണക്കാക്കാം.

പശുവിന് ആവശ്യമായ പോഷകങ്ങളുടെ അളവ് തീരുമാനിക്കലാണ് ആദ്യപടി. ഇതിനായി പശുവിന്റെ വയസ്സ്, ഏകദേശ തൂക്കം, പാലിന്റെ അളവ്, പാലിലെ കൊഴുപ്പിന്റെ അളവ്, ഗര്‍ഭാവസ്ഥ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നു.  ഈ വിവരങ്ങളുടെ  അടിസ്ഥാനത്തില്‍ പശുവിനാവശ്യമായ പോഷകങ്ങളുടെ അളവ് കംപ്യൂട്ടര്‍ നല്‍കുന്നു. 

പശുവിന് ഇപ്പോള്‍ നല്‍കിവരുന്ന തീറ്റവസ്തുക്കളുടെ വിവരങ്ങളും അളവും നല്‍കുകയാണ് അടുത്തപടി. നമ്മുടെ നാട്ടില്‍ സാധാരണയായി  നല്‍കിവരുന്ന  തീറ്റകളുടെ വിവരങ്ങള്‍ കംപ്യൂട്ടര്‍ സോഫ്റ്റ്വെയറിലുണ്ടാകും. പശുവിന് നല്‍കിക്കൊണ്ടിരിക്കുന്ന  തീറ്റയുടെ അളവ് കൂടുതലോ കുറവോ എന്ന വിവരം കംപ്യൂട്ടറില്‍നിന്ന് ലഭിക്കുന്നു. 

പശുക്കള്‍ക്ക് ആവശ്യത്തിനുള്ള പോഷണം ലഭിക്കാന്‍ തീറ്റക്രമത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ കംപ്യൂട്ടര്‍ നിര്‍ദേശിക്കുന്നു. ഇത് നടപ്പാക്കുന്നതോടെ കൃത്യ അളവില്‍ പോഷകങ്ങള്‍ പശുവിന് ലഭിക്കുന്നു.  ഉല്‍പ്പാദനത്തില്‍ വരുന്ന വ്യത്യാസം അനുസരിച്ച് തീറ്റക്രമത്തിലും വ്യത്യാസം വരുത്താന്‍കഴിയും.  കമ്പോളത്തില്‍ ലഭ്യമായ തീറ്റവസ്തുക്കളുടെ  വിലവ്യത്യാസം അനുസരിച്ച് തീറ്റ ചേരുവയില്‍ വ്യത്യാസം  വരുത്താം. അതായത് ചുരുങ്ങിയ ചിലവില്‍ ഒരു സമീകൃതാഹാര ഫോര്‍മുല  ഓരോ സമയത്തും നിര്‍ദേശിക്കപ്പെടുന്നു. 

ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ, നാഷണല്‍ ഡെയ്റി പദ്ധതിയുടെ ഭാഗമായി മില്‍മ ഇത്തരം തീറ്റസന്തുലന പരിപാടി  നടപ്പാക്കിവരുന്നു. സൂക്ഷ്മ പോഷണത്തിന് സഹായിക്കുന്ന ഒരു സോഫ്റ്റ്വെയര്‍  കേരള വെറ്ററിനറി സര്‍വകലാശാലയും വികസിപ്പിച്ചിട്ടുണ്ട്. 

(തൃശൂര്‍ വെറ്ററിനറി കോളേജില്‍  ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എല്‍പിഎം അസി. പ്രൊഫസറാണ് ലേഖകന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top