വേനല്‍ക്കാല ജൈവ പച്ചക്കറിക്കൃഷിക്ക് തയ്യാറെടുക്കാന്‍ സമയമായി. കൃഷിയിടങ്ങള്‍ കണ്ടെത്തി അവിടെ നേരിട്ട് കൃഷിചെയ്യുന്നതിന് (തല്സ്ഥലകൃഷി) അനുയോജ്യമായ സ്ഥലം ലഭിക്കാത്ത സാഹചര്യത്തില്‍ കൃഷിചെയ്യാവുന്ന നൂതന കൃഷിമുറയാണ് ഗ്രോ ബാഗുകളിലെ കൃഷി.
സൂര്യപ്രകാശവും ജലസേചനസൌകര്യവും ലഭ്യമാകുന്ന ഇടങ്ങളിലെല്ലാം ഗ്രോബാഗ് കൃഷി വിജയകരമായി നടത്താം. ഗ്രോബാഗുകളോടൊപ്പം പോളിത്തീന്‍ വളച്ചാക്കുകള്‍ ഉപയോഗിക്കുന്നതും പ്രായോഗികമാണ്. വിവിധ വലുപ്പത്തിലുള്ള ഗ്രോബാഗുകള്‍ ലഭ്യമാണ്. പച്ചക്കറി ഇനങ്ങളുടെ വളര്‍ച്ചാ സ്വഭാവം അനുസരിച്ച് വലുപ്പം നിര്‍ണയിക്കാം. അടിവശത്ത് വെള്ളം വാര്ന്നുപോകാന് സൌകര്യപ്രദമായ വിധത്തില്‍ ചെറുദ്വാരങ്ങള്‍ ഉണ്ടാക്കണം.
ഗ്രോബാഗില്‍ പോട്ടിങ് മിശ്രിതമാണ് നിറയ്ക്കേണ്ടത്. കൃഷിയുടെ പുഷ്ടിയായ വളര്‍ച്ചയ്ക്കും ഉല്‍പ്പാദനത്തിനും നിറയ്ക്കുന്ന വളമിശ്രിതത്തിന്റെ ഗുണം പ്രധാന ഘടകമാണ്. അത് ഇനിപറയും പ്രകാരം തയ്യാറാക്കാം.
വളക്കൂറുള്ള മേല്‍മണ്ണ്, ഉണങ്ങിപ്പൊടിഞ്ഞ ചാണകവളം അല്ലെങ്കില്‍ കമ്പോസ്റ്റ് എന്നിവയും തുല്യ അളവില്‍ എടുക്കുക. ഇതില്‍ അല്‍പ്പം മണലോ, അല്ലെങ്കില്‍ മണലിനുപകരം ഉപയോഗിക്കുന്ന കരിങ്കല്‍ തരിയോ ചേര്‍ക്കാം. വായുസഞ്ചാരവും, മണ്ണിളക്കവും ലഭിക്കാന്‍ ഇത് ആവശ്യമാണ്. ശരിയായി പറഞ്ഞാല്‍ 1:1:1 എന്ന അനുപാതമാവണം. എന്നാല്‍ മണല്‍ക്ഷാമവും മറ്റും പരിഗണിച്ച് അളവ് കുറയ്ക്കാം. രണ്ടും ലഭ്യമാകുന്നില്ലെങ്കില്‍ മേല്‍മണ്ണും ചാണകവളം/കമ്പോസ്റ്റ് പകുതിവീതം എടുത്താല്‍ മതി.
ചാണകവളത്തില്‍ ട്രൈക്കോഡര്‍മ ചേര്‍ക്കണം: ഗ്രോബാഗ് കൃഷിയില്‍ ചാണകവളത്തില്‍ ട്രൈക്കോഡര്‍മ ചേര്‍ക്കണം: ഗ്രോബാഗ് കൃഷിയില്‍ ചാകവളത്തോടൊപ്പം ട്രൈക്കോഡര്‍മ എന്ന മിത്രകുമിളിനെ ചേര്‍ത്ത് ഉപയോഗിച്ചാല്‍ പച്ചക്കറിയിലെ വിവിധ കുമിള്‍രോഗങ്ങളെ നിയന്ത്രിക്കാനാകും. ഇത് ഉപയോഗിക്കുന്ന വിധം ഇങ്ങനെ: 90 കി.ഗ്രാം ചാണകപ്പൊടി, ഇതില്‍ 10 കി.ഗ്രാം വേപ്പിന്പിണ്ണാക്കുകൂടി ചേര്‍ത്തിളക്കുക. അല്‍പ്പമാത്രയില്‍ ഈര്പ്പംകിട്ടാന് നനയ്ക്കുക. നന്നായി ഇളക്കി തണലില്‍ കൂട്ടിവച്ച് നനഞ്ഞ ചണച്ചാക്കുകൊണ്ട് മൂടിവയ്ക്കുക. ഒരാഴ്ച കഴിഞ്ഞ് ഇളക്കി അല്‍പ്പം വെള്ളം നനച്ച് നാലഞ്ചുദിവസം വീണ്ടും മൂടി വയ്ക്കുക. പിന്നീട് നന്നായി ഇളക്കുക. ട്രൈക്കോഡര്‍മ കുമില് ഇതില്‍ നിറയെ വ്യാപിച്ചിരിക്കും. ഇത് മണ്ണുമായി കലര്‍ത്തി ബാഗില്‍ നിറയ്ക്കണം. ഗ്രോബാഗിന്റെ മുകള്‍വശം ചുരുട്ടി പോട്ടിങ് മിശ്രിതത്തിന്റെ രണ്ടിഞ്ച് ഉയരത്തില്‍ എത്തിച്ചശേഷം തൈകള്‍ നടാം.
ട്രേകളില്‍ നട്ടുവളര്‍ത്തിയ തൈകള്‍ പറിച്ചുനടുന്നതാണ് നല്ലത്. പ്രത്യേകിച്ചും വെണ്ട, പാവല്‍, വഴുതന, മുളകുപോലെ മുളയ്ക്കാന്‍ കൂടുതല്‍ സമയം ആവശ്യമുള്ള ഇനങ്ങള്‍. പയര്‍പോലെ പെട്ടെന്നു മുളയ്ക്കുന്നവയുടെ വിത്ത് നേരിട്ട് ബാഗില്‍ നടാം. പറിച്ചുനട്ടാല്‍ മൂന്നുനാലു ദിവസം വെയിലും തണലും തട്ടാതെ വച്ചശേഷം പിന്നീട് സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളില്‍ മാറ്റി വയ്ക്കാം.
പരിചരണം: 10 കി.ഗ്രാം പച്ചച്ചാണകം, ഒരു കി.ഗ്രാം വേപ്പിന്‍പിണ്ണാക്ക്. ഒരു കി.ഗ്രാം കടലപ്പിണ്ണാക്ക്, ഒരു കി.ഗ്രാം എല്ലുപൊടി (ബോണ്‍ മീല്‍) എന്നിവ കുഴമ്പുപരുവത്തിലാകാന്‍ മാത്രം അളവില്‍ വെള്ളവും ചേര്‍ത്ത് ഇതില്‍ ഒന്നോ രണ്ടോ ലിറ്റര്‍ ഗോമൂത്രവും ചേര്‍ത്ത് നാലു ദിവസം പുളിക്കാന്‍ വയ്ക്കുക. പിന്നീട് ഒരു കപ്പിന് 10 കപ്പ് വെള്ളവും ചേര്‍ത്ത് ആഴ്ചയില്‍ ഒരുദിവസം മണ്ണില്‍ ഒഴിച്ചുകൊടുക്കാം.
ആഴ്ചയില്‍ ഒരുദിവസം രോഗം തടയാനായി 'സ്യൂഡൊമോണസ്' എന്ന കുമിള്‍നാശിനി 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക. ആഴ്ചയില്‍ ഒരുതവണ കീടങ്ങള്‍ക്കെതിരെ 'അസാരിഡാക്ടിന്' എന്ന ജൈവകീടനാശിനി രണ്ടു മി. ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക. മറ്റ് ജൈവ വളക്കൂട്ടുകള്‍ (മീന്‍ + വെല്ലം ലായനി, പഞ്ചഗവ്യം) ചേര്‍ക്കുകയും ചെയ്യാം.
ആവശ്യമായ ഈര്‍പ്പം ലഭിക്കുംവിധം എല്ലാ ദിവസവും ജലസേചനം ചെയ്യുക. ചളിപ്പരുവമാകാതിരിക്കാന് ശ്രദ്ധിക്കുക. പന്തല്‍ ആവശ്യമുള്ളവയ്ക്ക് പന്തലും, പടര്ന്നുപോകുന്നതിന് ആവശ്യമായ സൌകര്യം ഒരുക്കണം.