09 December Friday

കടച്ചക്കത്തൈകള്‍ വേരുകള്‍വഴി

വെബ് ഡെസ്‌ക്‌Updated: Thursday Apr 23, 2015

കേരളത്തില്‍ എല്ലായിടത്തും വളര്‍ന്നു കായ്ഫലം നല്‍കുന്ന ചെടിയാണ് കടച്ചക്ക. ശീമപ്ലാവ്, ബിലാത്തിപ്ലാവ് എന്ന പേരിലും അറിയപ്പെടുന്ന ഈ ബ്രെഡ് ഫ്രൂട്ട് ട്രി, മൊറേഡി കുലത്തില്‍പ്പെട്ട ചിരസ്ഥായിയായ ഫലവൃക്ഷമാണ്. ശാന്തസമുദ്ര ദ്വീപുകളില്‍ ഉത്ഭവിച്ച ഈ വൃക്ഷം തെക്കേ ഇന്ത്യന്‍ സമതലങ്ങളില്‍ സുലഭമായി കാണുന്നു. Artocarpus altilis എന്നാണ് ചെടിയുടെ ശാസ്ത്രനാമം. ഇതൊരു ഫലവൃക്ഷമാണെങ്കിലും പച്ചക്കറിയായാണ് കണക്കാക്കപ്പെടുന്നത്. കടപ്ലാവിന്റെ ചില കാട്ടിനങ്ങളില വിത്ത് കാണാറുണ്ടെങ്കിലും നാം കൃഷിചെയ്യുന്ന ഇനത്തില്‍ വിത്തുണ്ടാകാറില്ല. അതിനാല്‍ വിത്ത് ഉപയോഗിച്ചുള്ള വംശവര്‍ധന കടച്ചക്കയില്‍ സാധ്യമല്ല. ശാഖകള്‍ നേരിട്ട് മുറിച്ചുനട്ടാലും വേരിറങ്ങി വളരാറില്ല. ബഡ്ഡിങ്, ഗ്രാഫ്റ്റിങ് രീതികളും വേണ്ടത്ര വിജയിക്കാറില്ല. മണ്ണില്‍ അധികം താഴെയല്ലാത്ത ഭാഗത്തിലൂടെ പോകുന്ന വേരുകളില്‍ ഏതെങ്കിലും വിധത്തില്‍ മുറിവോ ക്ഷതമോ ഉണ്ടായാല്‍ അവിടെനിന്ന് തൈകള്‍ കിളിര്‍ത്തുവരും. ഇവ തൊട്ടുചേര്‍ന്നുള്ള ഒരു കഷണം വേരോടുകൂടി മുറിച്ചെടുത്ത് നടാന്‍ ഉപയോഗിക്കാം. എന്നാല്‍ പലപ്പോഴും നമുക്കിത് ആവശ്യത്തിനു കിട്ടാറില്ല.

നന്നായി വിളവു നല്‍കുന്ന കടപ്ലാവിന്റെ വേര് മുറിച്ചെടുത്ത് മുളപ്പിച്ച് ആവശ്യത്തിന് തൈകള്‍ ഉണ്ടാക്കാം. കേടുപറ്റാത്ത ഏതാണ്ട് വിരല്‍വണ്ണം മുഴുപ്പുള്ള വേര് ശ്രദ്ധയോടെ മണ്ണു നീക്കി മുറിച്ചെടുക്കണം. ഏതാണ്ട് 15-20 സെ. മീറ്റര്‍ നീളത്തില്‍ ഇവ മുറിച്ച് മണ്ണ്, മണല്‍, ചാണകപ്പൊടി ഇവ സമം കലര്‍ത്തിയ മിശ്രിതത്തില്‍ കിടത്തിവച്ച് പാകിയശേഷം അല്‍പ്പം മണലിട്ടു മൂടുക. ദിവസേന നച്ചുകൊടുക്കണം. നട്ട് നാലുമാസംകൊണ്ട് ഇവ കിളിര്‍ത്തുവരും. ഏതാണ്ട് ഒരുവര്‍ഷത്തെ വളര്‍ച്ചയെത്തിയാല്‍ സ്ഥിരമായ സ്ഥലത്തേക്ക് വേരിന് കേടുകൂടാതെ പറിച്ചെടുത്ത് നട്ടുപിടിപ്പിക്കാം. ചെടികള്‍ മണ്ണില്‍ നന്നായി വേരുറയ്ക്കുന്നതുവരെ കൊടുംവെയിലില്‍നിന്നു രക്ഷ നല്‍കാനും, നട്ടസ്ഥലങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാനും, വരള്‍ച്ച അനുഭവപ്പെടാതിരിക്കാനും ശ്രദ്ധിക്കണം. ഒരിക്കല്‍ നട്ടാല്‍ ഒട്ടേറെ വര്‍ഷം ഇവ സമൃദ്ധിയായി വിള നല്‍കും. അന്നജപ്രധാനമായ ഫലമാണിത്. 28 ശതമാനം അന്നജത്തിനുപുറമെ 1.5 ശതമാനം മാംസ്യം, 0.9 ശതമാനം ധാതുലവണങ്ങള്‍ 0.04 ശതമാനം കാത്സ്യം, 0.03 ശതമാനം ഫോസ്ഫറസ്, 0.5 ശതമാനം ഇരുമ്പ് എന്നിവയും വിറ്റാമിന്‍ എയും സിയും അടങ്ങിയിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top