19 February Tuesday

അത്തിപ്പഴ സംസ്ക്കരണം

രവീന്ദ്രന്‍ തൊടീക്കളംUpdated: Friday Dec 12, 2014

കേരളത്തില്‍ കൃഷിചെയ്യുന്നത് ആനച്ചെവിയന്‍ അത്തിയാണ്. ഫൈക്കസ് ഓറിക്കുലേറ്റ എന്നാണ് ശാസ്ത്രനാമം. കമ്പില്‍ പതിവയ്ക്കലിലൂടെയാണ് തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇളം പച്ചകായകള്‍ പാകമാകുമ്പോള്‍ നല്ല ചുവപ്പുനിറമാകും. അത്തിപ്പഴത്തില്‍ 27.09 ശതമാനം അന്നജം, 5.32 ശതമാനം മാംസ്യം, 16.96 ശതമാനം നാരുകള്‍ എന്നിവയും ഫോസ്ഫറസ്, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും അടങ്ങിയിരിക്കുന്നു. അത്തിക്കായ പഴുത്ത് വീണടിയുന്നതാണ് നിലവിലുള്ള കാഴ്ച. ഭൂരിഭാഗം കര്‍ഷകര്‍ക്കും ഇത് സംസ്കരിക്കാന്‍ അറിയില്ല.

അത്തിപ്പഴ സംസ്കരണം എങ്ങനെയെന്നു നോക്കാം. നന്നായി പഴുത്ത് പാകമായ അത്തിപ്പഴങ്ങള്‍ പറിച്ചെടുത്ത് ഞെട്ടുമുറിച്ച് കഴുകി വൃത്തിയാക്കണം. അതിനുശേഷം മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് കഷണങ്ങളാക്കി മുറിച്ചിടുക. 100 ഗ്രാം ചുണ്ണാമ്പ് ഒരുലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് അതില്‍ ഒരു കി.ഗ്രാം അത്തിപ്പഴ കഷണങ്ങള്‍ 4-5 മണിക്കൂര്‍ ഇട്ടുവയ്ക്കുക. അതിനുശേഷം ലായനിയില്‍നിന്നു നീക്കംചെയ്ത് ശുദ്ധവെള്ളത്തില്‍ കഴുകി ചുണ്ണാമ്പിന്റെ അംശങ്ങള്‍ നീക്കംചെയ്യുക. ഈ കഷണങ്ങള്‍ തിളയ്ക്കുന്ന വെള്ളത്തിലിടുക. സ്വാഭാവികമായും തിള നില്‍ക്കും. വീണ്ടും തിളപ്പിക്കുക.

2-3 മിനിറ്റ് കഴിഞ്ഞശേഷം അടുപ്പില്‍നിന്നു മാറ്റി വെള്ളം ഊറ്റി തണുത്തവെള്ളത്തിലിടുക. 1.200 കി.ഗ്രാം പഞ്ചസാര 800 മി.ലി. വെള്ളത്തില്‍ ചൂടാക്കി ലയിപ്പിക്കുക. അതിനുശേഷം മൂന്നുഗ്രാം സിട്രിക് ആസിഡ് ചേര്‍ത്ത് ലായനി അടുപ്പില്‍നിന്നു മാറ്റുക. ലായനി തണുത്ത് 40 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാകുമ്പോള്‍ ഒരുഗ്രാം മൈറ്റാ ബൈസള്‍ഫേറ്റ്, ഒരുഗ്രാം സോഡിയം മെറ്റാ ബൈസള്‍ഫേറ്റ് എന്നിവകൂടി ചേര്‍ത്ത് ലായനി തണുക്കാന്‍ അനുവദിക്കുക. തുടര്‍ന്ന് വെള്ളം ഊറ്റി പഴങ്ങള്‍ ശുദ്ധജലത്തില്‍ കഴുകി 24 മണിക്കൂര്‍ വയ്ക്കുക. പഴത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പഞ്ചസാരയുടെ അംശങ്ങള്‍ നീക്കംചെയ്യാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ സംസ്കരിച്ച പഴങ്ങള്‍ വെയിലത്തോ, ഡ്രയറുകളിലോ, ഉണക്കി പാത്രത്തില്‍ അടച്ചുവയ്ക്കുക. 30 ദിവസത്തിനുശേഷം സ്വാദിഷ്ടമായ ഈ പഴം കഴിക്കാം.

പ്രധാന വാർത്തകൾ
 Top