18 February Monday

വനാമി ചെമ്മീന്‍

പി സഹദേവന്‍Updated: Thursday Sep 18, 2014

ലോകത്ത് കൃഷിയിലൂടെ ഏറ്റവുമധികം ഉല്‍പ്പാദിപ്പിക്കുന്ന ഇനമാണ് വനാമി ചെമ്മീന്‍. ലിറ്റോപിനയസ് വനാമി എന്നാണ് ശാസ്ത്രനാമം. വെള്ളക്കാലന്‍ ചെമ്മീന്‍ (White legged prawn)  എന്ന പേരിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. ജലകൃഷിമേഖലയിലേക്ക് അടുത്തകാലത്ത് കടന്നുവന്ന വനാമി ചെമ്മീന്റെ സ്വദേശം മെക്സിക്കോമുതല്‍ പെറുവരെയുള്ള കിഴക്കന്‍ ശാന്തസമുദ്ര പ്രദേശങ്ങളാണ്. ചൈനയാണ് വനാമി കൃഷിയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യം. തായ്ലന്‍ഡ്, ഇന്തോനേഷ്യ, വിയത്നാം, ബ്രസീല്‍, ഇക്വഡോര്‍, മെക്സിക്കോ, വെനസ്വേല, മലേഷ്യ, തായ്വാന്‍, പെറു, കംബോഡിയ, പനാമ, യുഎസ്എ എന്നിവയാണ് മറ്റ് പ്രധാന രാജ്യങ്ങള്‍.

പ്രകൃതിസാഹചര്യങ്ങളില്‍ 230 മി.മി.വരെ വനാമി ചെമ്മീന്‍ വളരും. കടലോരപ്രദേശങ്ങളിലും ശുദ്ധജലത്തോടടുത്ത് ലവണാംശമുള്ള (0.5 പി പി ടി) ഉള്‍നാടന്‍ പ്രദേശങ്ങളിലും ലാഭകരമായി ഈ ചെമ്മീനെ വളര്‍ത്താം. താരതമ്യേന ഉയന്ന വളര്‍ച്ചാ നിരക്ക്, കമ്പോളത്തിലെ നല്ല പ്രിയം എന്നിവയും വളരെ ഉയര്‍ന്ന സാന്ദ്രതയില്‍ കൃഷിചെയ്യാമെന്നതും വളര്‍ത്തു ചെമ്മീനെന്ന നിലയില്‍ വനാമിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. വളരെ ഉയര്‍ന്ന ഉല്‍പ്പാദനം സാധ്യമാവുന്നു എന്നതാണ് ഈ ചെമ്മീന്റെ മറ്റൊരു പ്രത്യേകത. നമ്മുടെ സംസ്ഥാനത്ത് കാരചെമ്മീന്‍ ഉല്‍പ്പാദനം ഹെക്ടറിന് 500 കി.ഗ്രം മുതല്‍ 1000 കി.ഗ്രാം വരെയാണ്. എന്നാല്‍ വനാമി ചെമ്മീന്‍ കൃഷിചെയ്യുന്ന ആന്ധ്രാപ്രദേശിലെ സാധാരണ കര്‍ഷകര്‍ക്ക് ലഭിക്കുന്ന ഉല്‍പ്പാദനം ഹെക്ടറൊന്നിന് 10,000 മുതല്‍ 20,000 കി.ഗ്രാം ആണ് എന്നിറയുമ്പോള്‍ ഈ ചെമ്മീന്റെ മികവ് വ്യക്തമാവും. വനാമികൃഷിയിലെ ആദായം വളരെ ഉയര്‍ന്നതാണ്. പ്രാരംഭമുതല്‍ മുടക്ക് കൂടുതല്‍ വേണ്ടിവരുമെങ്കിലും യൂണിറ്റ് ഉല്‍പ്പാദനച്ചെലവ് താരതമ്യേന കുറവാണ്. രോഗവിമുക്തമെന്ന് സാക്ഷ്യപ്പെടുത്തിയ വിത്ത് എല്ലാ മാസങ്ങളിലും ലഭ്യമാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

താരതമ്യേന കുറഞ്ഞ അളവില്‍ മാംസ്യം അടങ്ങിയ തീറ്റ നല്‍കി വളര്‍ത്താമെന്നതും ഈ ചെമ്മീന്റെ പ്രത്യേകതയാണ്് നമ്മുടെ രാജ്യത്തിന്റെ ജലകൃഷി വികസത്തില്‍ ഗണ്യമായ സംഭാവന ചെയ്യാന്‍ സാധിക്കുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ വനാമി കൃഷിചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അടുത്തകാലത്ത് ഉപാധികളോടെ അനുമതി നല്‍കുകയുണ്ടായി. ഇതേത്തുടര്‍ന്ന് ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വനാമികൃഷി ചുരുങ്ങിയ കാലത്തിനിടയില്‍ ഏറെ പ്രചാരം നേടി. ആന്ധ്രപ്രദേശിലെ കാരച്ചെമ്മീന്‍ കൃഷി ഏതാണ്ട് പൂര്‍ണമായിത്തന്നെ വനാമി കൃഷിയിലേക്ക് മാറിക്കഴിഞ്ഞു എന്നാണ് കണക്കുകള്‍ കാണിക്കുന്നത.് എന്നാല്‍, കേരളത്തില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇത്തരം സംരംഭങ്ങള്‍ ഒന്നുംതന്നെ ഇതുവരെ നിലവില്‍ വന്നിട്ടില്ല. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും ഉയര്‍ന്ന പ്രാരംഭ മുതല്‍മുടക്ക് ആവശ്യമാണെന്നതും കര്‍ഷകരുടെ അവബോധക്കുറവും ഇതിനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നു. രോഗാണുവിമുക്ത വിത്ത് ഉല്‍പ്പാദിപ്പിക്കുന്ന വിത്തുല്‍പ്പാദനകേന്ദ്രങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് നിലവിലില്ല എന്നതും പ്രശ്നംതന്നെ. എന്നാല്‍, ഇതിനു നേരെ കണ്ണടച്ചിരിക്കാന്‍ കേരളത്തിന് ഏറെനാള്‍ സാധിക്കില്ല. വനാമി ചെമ്മീന്‍കൃഷി അടിസ്ഥാനപരമായി കാരച്ചെമ്മീന്‍ കൃഷിക്കു സമാനമാണ്.

കുളമൊരുക്കലാണ് കൃഷിയുടെ ആദ്യപടി. ഇതിനായി കുളം വറ്റിച്ച് ഉണക്കിയെടുക്കണം. മണ്ണിന്റെ അമ്ല-ക്ഷാര നില പരിശോധിച്ച് ആവശ്യമായ അളവില്‍ കുമ്മായപ്രയോഗം നടത്തണം. പിന്നീട് കുളത്തില്‍ ജലംനിറച്ച് ആവശ്യമായ തോതില്‍ പ്ലവക ഉല്‍പ്പാദനം ഉറപ്പാക്കി ചെമ്മീന്‍വിത്ത് നിക്ഷേപിക്കാം. ചതുരശ്ര മീറ്റിന് 50 മുതല്‍ 100 വരെ നിരക്കില്‍ വിത്ത് സംഭരിക്കാം. രോഗാണുവിമുക്തമെന്ന് സാക്ഷ്യപ്പെടുത്തിയ വിത്താകണം തെരഞ്ഞെടുക്കുന്നത്. ഇത്തരം വിത്ത് കേരളത്തിനു പുറത്ത് പ്രവര്‍ത്തിക്കുന്ന പല ഹാച്ചറികളിലും ലഭ്യമാണ്. ഉയര്‍ന്ന സാന്ദ്രതയില്‍ കൃഷിചെയ്യപ്പെടുന്നു എന്നതിനാല്‍ കൃത്രിമ വായുസങ്കലന സംവിധാനങ്ങള്‍ ഉപയോഗിക്കണം. ചെമ്മീന്റെ വളര്‍ച്ച പരിശോധിച്ച് ഗുണമേന്മയുള്ള തീറ്റ ആവശ്യമായ അളവില്‍ നല്‍കണം. വനാമി ചെമ്മീന് അനുയോജ്യമായ പ്രത്യേക തീറ്റകള്‍ കമ്പോളത്തില്‍ ലഭ്യമാണ്. ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ അളവില്‍ ജലവിനിമയം നടത്തുന്നതിനും പ്രത്യേക ശ്രദ്ധവേണം. ഉദ്ദേശം നാലുമാസത്തോടെ വിളവെടുപ്പു നടത്താം. ശാസ്ത്രീയരീതിയില്‍ പരിപാലിച്ചല്‍ ഹെക്ടറൊന്നിന് 10 ടണ്‍ ചെമ്മീന്‍ വിളവെടുക്കാം.

(മത്സ്യവകുപ്പിനു കീഴിലുള്ള ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടറാണ് ലേഖകന്‍)

പ്രധാന വാർത്തകൾ
 Top