27 October Wednesday

കാന്താരിക്കിത് നല്ല കാലം

സോമു മലപ്പട്ടംUpdated: Thursday Aug 7, 2014

കാന്താരി മുളകിന് വാണിജ്യസാധ്യത കൂടുന്നു. വിശപ്പ് വര്‍ധിപ്പിക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്ന ഘടകങ്ങള്‍ കാന്താരിയില്‍ ഉണ്ടെന്ന കണ്ടെത്തലോടെ, വിദേശരാജ്യങ്ങള്‍, വിശേഷിച്ചും അറബ് രാജ്യങ്ങളില്‍ പ്രധാന ഭക്ഷണചേരുവകളിലൊന്നായി കാന്താരി മുളക് മാറിക്കഴിഞ്ഞു. കാന്താരിയുടെ എരിവിനെ പ്രതിരോധിക്കാന്‍ ശരീരം ധാരാളം ഊര്‍ജം ഉല്‍പ്പാദിപ്പിക്കേണ്ടിവരുമെന്നതിനാല്‍ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവിനെ നിയന്ത്രിക്കുന്നതിന് കാന്താരിയുടെ ഉപയോഗം പ്രയോജനപ്പെടുമെന്നാണ് വിദഗ്ധര്‍ കണ്ടെത്തുന്നത്.

രക്തത്തെ നേര്‍പ്പിക്കുന്ന ചില ഘടകങ്ങളും കാന്താരിയിലുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതൊക്കെ കാന്താരി മുളകിനെ പ്രധാന ഭക്ഷണവസ്തുവായി മാറ്റുകയും വിപണിയില്‍ ഉയര്‍ന്ന വില ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് കാന്താരിയുടെ കൃഷി വിപുലീകരിക്കുന്നത് കര്‍ഷകര്‍ക്ക് ആദായകരമാകും. കേരളം, മേഘാലയ, തമിഴ്നാട്, കര്‍ണാടകത്തിന്റെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് കാന്താരിമുളക് കൃഷിചെയ്യുന്നത്. കേരളത്തിലാവട്ടെ ഇതൊരു കൃഷിയായി മാറിയിട്ടുമില്ല. ഏതു പറമ്പിലും തൊടിയിലും നന്നായി വളരുന്ന ഒന്നാണ് കാന്താരി. കൂടുതല്‍ പരിചരണം ആവശ്യമില്ലാത്ത വിളയാണിത്.

നേഴ്സറി തയ്യാറാക്കുന്ന രീതി:
പഴുത്തു ചുകന്ന നിറമായ കാന്താരി മുളകുകള്‍ ശേഖരിച്ച് ഒരു പേപ്പര്‍ കവറിലോ പത്രക്കടലാസിലോ നിരത്തുക. പത്രക്കടലാസിന്റെ ഒരുഭാഗംകൊണ്ട് മുളകു മൂടി അവയുടെ മുകളില്‍ നന്നായി അമര്‍ത്തി ഉരസുക. മുളകു കുരു (വിത്ത്)വും മാംസളഭാഗവും വെവ്വേറെയായി മാറി എന്ന് ഉറപ്പുവരുന്നതുവരെ ഉരസല്‍ തുടരണം. വിത്ത് (കുരു) ഒരു പാത്രത്തില്‍ ശേഖരിക്കുക. അതിലേക്ക് 60-70 ഡിഗ്രിവരെ ചൂടുള്ള വെള്ളം ഒഴിക്കുക. പതിനഞ്ചു മിനിറ്റ് വിത്ത് ചൂടുവെള്ളത്തില്‍ത്തന്നെ വയ്ക്കുക. തുടര്‍ന്ന് വിത്ത് കഴുകി മാംസളഭാഗങ്ങള്‍ ഒഴിവാക്കണം. വീണ്ടും ഒരുതവണ പച്ചവെള്ളത്തില്‍ക്കൂടി വിത്ത് കഴുകണം. വിത്ത് കഴുകുന്നതും കൈകൊണ്ട് തൊടുന്നതും ഒഴിവാക്കണം. ഗ്ലൗസ് ധരിച്ച ശേഷമാകണം വിത്ത് കഴുകുന്നത്. കഴുകി വൃത്തിയാക്കിയ വിത്ത് അല്‍പ്പം ചാരംചേര്‍ത്ത് ഇളക്കണം. തുടര്‍ന്ന് അവ തണലില്‍ ഉണങ്ങാന്‍ ഇടണം. രണ്ടോ മൂന്നോ ദിവസത്തെ ഉണക്കിനുശേഷം വിത്ത് വിതയ്ക്കാം. ഇതിനായി തടം തയ്യാറാക്കണം. മണല്‍, ചാണകപ്പൊടി, ചാരം എന്നിവ നന്നായി ചേര്‍ത്ത് ഇളക്കി വേണം തടം തയ്യാറാക്കാന്‍.തടങ്ങളില്‍ വിത്തുപാകി വളരെ നേരിയ രൂപത്തില്‍ മണ്ണ് വിതറണം.

വിത്തുപാകിക്കഴിഞ്ഞാല്‍ നയ്ക്കാന്‍ മറക്കരുത്. നയ്ക്കുമ്പോള്‍ വിത്ത് തടങ്ങളില്‍നിന്ന് തെറിച്ചു നീങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. വിത്തു പാകി ആദ്യ രണ്ടു ദിവസങ്ങളിലും മൂന്നുമണിക്കൂര്‍ ഇടവിട്ട് വെള്ളം നയ്ക്കണം. അഞ്ചോ ആറോ ദിവസം കഴിയുമ്പോഴേക്കും വിത്ത് മുളയ്ക്കും. മുളച്ച് മൂന്നാം ഇല വന്നാല്‍ തൈ പറിച്ചുനടാം. വാണിജ്യാടിസ്ഥാനത്തില്‍ കാന്താരി മുളക് കൃഷിചെയ്യുമ്പോള്‍ 40 സെ. മീ. ഇടയകലത്തില്‍ വേണം തൈകള്‍ നടാന്‍. തൈ നടാനായി തയ്യാറാക്കുന്ന കുഴികളില്‍ തൈ ഒന്നിന് 500 ഗ്രാം ചാരം, ഒരുകിലോ ചാണകപ്പൊടി അല്ലെങ്കില്‍ 500 ഗ്രാം ആട്ടിന്‍വളം എന്നിവ ചേര്‍ക്കണം. വളര്‍ച്ച എത്തുന്നതുവരെ എല്ലാ ദിവസവും വെള്ളം നയ്ക്കുന്നതാണ് നല്ലത്.

പറിച്ചു നട്ട് മൂന്നാം മാസംമുതല്‍ കാന്താരി മുളക് പൂവിടും. മറ്റ് മുളകുകളില്‍നിന്ന് വ്യത്യസ്തമായി കാന്താരി മുളകിന്റെ പൂവ് ഭൂമിക്ക് അഭിമുഖമായാണ് വിരിഞ്ഞുനില്‍ക്കുക. മുളകാവട്ടെ ഭൂമിക്ക് എതിരായി മുകളിലോട്ടും വളരും.

കീടരോഗബാധ:
കാന്താരി മുളകിന് സാധാരണ കീടങ്ങളുടെ ആക്രമണസാധ്യത മറ്റു ചെടികളെക്കാള്‍ കുറവാണ്. ഇലപ്പേന്‍ രൂപത്തിലുള്ള ഒരു കീടം ഇലകള്‍ക്കിടയില്‍ വന്നുനിറയുന്നതാണ് പ്രധാന കീടബാധ. ഇതിനു പരിഹാരമായി വേപ്പെണ്ണ (10 ലിറ്റര്‍ വെള്ളത്തില്‍ 100 മില്ലി) നേര്‍പ്പിച്ച് തളിക്കുകയോ ഗോമൂത്രം തളിക്കുകയോ ചെയ്താല്‍ മതി. കാന്താരി മുളകിന്റെ ഇലകള്‍ ചുരുണ്ട് വളര്‍ച്ച മുരടിക്കുന്നതും ഒരു രോഗമാണ്. ചുരുണ്ടുനില്‍കുന്ന ഭാഗങ്ങള്‍ മുറിച്ചുമാറ്റി കട്ടിയായ തണുപ്പിച്ച കഞ്ഞിവെള്ളം തളിച്ചുകൊടുത്താല്‍ ഇല ചുരുളല്‍ പൂര്‍ണമായും മാറിക്കിട്ടും. കഞ്ഞിവെള്ളം കാന്താരി മുളകിന്റെ ചുവട്ടില്‍ തുടര്‍ച്ചയായി ഒരാഴ്ച ഒഴിച്ചുകൊടുക്കുന്നത് മുളകിന്റെ വളര്‍ച്ച ത്വരിതപ്പെടുത്താനും ഇടയാക്കും. കാന്താരിമുളകിന്റെ നേഴ്സറി തയ്യാറാകുന്നത് ജനുവരി-മാര്‍ച്ചിലായാല്‍ തുടര്‍ന്നുള്ള മാസങ്ങളിലെ ജലസേചന പ്രയാസം ഒഴിവാക്കാന്‍ സാധിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top