കൊക്കോ കുടുംബത്തിലെ ഒരുവിഭാഗമാണ് കോളനട്ട്. സ്റ്റെർക്കുലിയസിയെ (Sterculiaceae) എന്നാണ് ഈ കുടുംബത്തിന്റെ പേര്. ഔഷധ പ്രാധാന്യമുള്ളതും വ്യാവസായികരംഗത്ത് പല രാജ്യങ്ങളിലും പ്രാധാന്യമേറിയതാണ് ഇത്. വിവിധ രാജ്യങ്ങളിൽ വിവിധ പേരിൽ അറിയപ്പെടുന്നു. ബിസിനട്ട്, നഗുരുനട്ട് എന്നീ പേരുകളുമുണ്ട്. ശ്രീലങ്ക, മലയ, ഐവറികോസ്റ്റ്, നൈജീരിയ, പശ്ചിമാഫ്രിക്ക, ലൈബീരിയ തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായി കൃഷിചെയ്യുന്നു. കേരളത്തിലെ ചൂടും മഴയുമുള്ള കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതയുമെല്ലാം ഈ കൃഷിക്ക് യോജിച്ചതാണ്. 40 മുതൽ 65 അടി വരെ ഉയരത്തിൽ വളരുന്ന മരമാണ്. 100 വർഷംവരെ മരത്തിന് ആയുസ്സുണ്ട്. കായ്കളാണ് ഉപയോഗവസ്തു.
വ്യാവസായിക പ്രാധാന്യം
ഇതിന്റെ കായ്കളിലാണ് ഔഷധമൂല്യമുള്ളത്. അതിസാരം, ഛർദി, ദഹ നക്കേട്, മലേറിയ എന്നിവ തടയുന്നതിനാൽ ഏറെ ഔഷധപ്രാധാന്യം ഇതിനുണ്ട്. മൈഗ്രേൻ തടയാനും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. കൂടാതെ വിഷാദരോഗത്തെ തടയാനും ദന്തശുദ്ധി വരുത്താനും കോളാനട്ട് വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. തടിയും വിലപിടിപ്പുള്ളതാണ്. വീട് നിർമിക്കാനും അലങ്കാര പ്രതിമകളും മറ്റ് വസ്തുക്കൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട്.
കൃഷിരീതി
സമുദ്രനിരപ്പിൽനിന്ന് 1800 അടിവരെ ഉയരമുള്ളിടത്ത് കോളനട്ട് കൃഷിചെയ്യാം. വിത്ത് കിളിപ്പിച്ചുള്ള തൈകളാണ് നടീൽവസ്തു. 50X50X50 സെന്റിമീറ്റർ വ്യാസമുള്ള കുഴിയെടുക്കുക. കുഴികൾ തമ്മിൽ 25–--30 അടി അകലം വേണം. ജൈവവളമാണ് ഈ മരത്തിന് ഏറെ ഇഷ്ടം. കുഴിയിൽ കാലിവളമോ കമ്പോസ്റ്റോ മേൽമണ്ണ് ചേർത്ത് നിറയ്‌ക്കണം. ഇതിൽ തൈകൾ നടാം. കള നീക്കുക, വർഷംതോറും ജൈവവളം ചേർക്കുക. തീരെ വളർച്ചയില്ലാത്ത സാഹചര്യത്തിൽ രാസവളവും ചെയ്യാം. സെപ്തംബർമുതൽ ജൂൺവരെയാണ് വിളവുകാലം. കായയുടെ പുറംതോടിൽനിന്ന് വിത്ത് ഇളക്കിയെടുത്ത് ഉണക്കിസൂക്ഷിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..