11 October Friday

ശീതകാല പച്ചക്കറി കൃഷിക്ക് ഒരുങ്ങാം

വിഷ്ണു എസ് പിUpdated: Sunday Sep 22, 2024

വേനൽക്കാലത്തും മഴക്കാലത്തുമെന്ന പോലെ വിവിധ വർഗത്തിലുള്ള പച്ചക്കറികൾ തണുപ്പുകാലത്തും  കൃഷി ചെയ്യാം. തണുപ്പ് കാലത്ത് മലയോരങ്ങളിൽ മാത്രമല്ല സമതലങ്ങളിലും നല്ല രീതിയിൽ കൃഷി ചെയ്യാൻ പറ്റിയ വിളകളാണ് ശീതകാല പച്ചക്കറി ഇനങ്ങൾ. സമതലങ്ങളിലും കഴിഞ്ഞ കുറച്ചുവർഷങ്ങളായി സാമാന്യം ഭേദപ്പെട്ടനിലയിൽ തണുപ്പ് ലഭിക്കുന്നതിനാൽ ശീതകാല വിളകളുടെ കൃഷിക്ക് പ്രിയമേറി വരികയാണ്. ശീതകാല പച്ചക്കറി വിളകളിൽ തൈകൾ പറിച്ചനടുന്ന ഇനങ്ങളുടെ വിത്തുകൾ പാകേണ്ടത് ഒക്ടോബർ ആദ്യവാരത്തിലാണ്.  നവംബർ ആദ്യം തൈകൾ പറിച്ചു നടാം. നല്ല സൂര്യപ്രകാശവും നീർവാർച്ചയുമുള്ള സ്ഥലം വേണം കൃഷിക്കായി തെരഞ്ഞെടുക്കേണ്ടത്.

കാബേജുവർഗ വിളകൾ

കാബേജ്, കോളിഫ്ലവർ, ശീമമുള്ളങ്കി എന്നിവ പ്രധാന വിളകൾ. പ്രോട്രേകളിലോ തവാരണകളിലോ വിത്തുകൾ പാകി തൈകൾ ഉണ്ടാക്കി പറിച്ചുനടുകയാണ് രീതി. ഒരു സെന്റ് കൃഷിക്കായി അഞ്ച് ഗ്രാം വിത്ത് മതി. പ്രോട്രേകളിൽ കമ്പോസ്റ്റിനൊപ്പം ട്രൈക്കോഡെർമ സമ്പുഷ്ടീകരിച്ച ജൈവവളം കൂടി ചേർക്കുന്നത് രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഉത്തമം. വിത്തിടുമ്പോൾ സ്യൂഡോമോണാസ് പൊടിയുമായി കലർത്തി ഇടാൻ ശ്രമിക്കുക. ഒക്ടോബർ ആദ്യവാരത്തിൽ വിത്തുകൾ പാകണം.

ശീമമുള്ളങ്കി

കാബേജ് വർഗ വിളകളിലെ അധികം അറിയപ്പെടാത്ത താരമാണ്‌ ശീമമുള്ളങ്കി എന്നറിയപ്പെടുന്ന നോൾ -കോൾ അഥവാ കോൾ റാബി. വളരുംതോറും മണ്ണിനു മുകളിൽ ഇവയുടെ കാണ്ഡം വലുതായി വരും. ചെടിയുടെ പ്രധാന തണ്ട് കിഴങ്ങ് പോലെ രൂപാന്തരപ്പെട്ടുവരുന്ന ഭാഗമാണ് ഭക്ഷ്യയോഗ്യം. ശീമമുള്ളങ്കിയുടെ തളിരിലകളും ഭക്ഷ്യയോഗ്യമാണ്. മണ്ണ് നന്നായി കൊത്തിയിളക്കി ചെറു തവാരണകളിൽ വേണം ഒരുമാസം പ്രായമായ തൈകൾ പറിച്ചു നടേണ്ടത്. നിലമൊരുക്കുമ്പോൾ തന്നെ സെന്റ് ഒന്നിന് 80 കിലോഗ്രാം കമ്പോസ്റ്റും ആവശ്യത്തിന് എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ചേർക്കണം. ഒരടി വീതിയുള്ള തവാരണകളിൽ രണ്ടടി അകലം പാലിച്ച് തൈകൾ നടാം.

നട്ട് ഒന്നര ആഴ്ചയോളം തൈകൾക്ക് തണൽ നൽകണം. മൂന്നാഴ്ച കഴിഞ്ഞ് ഒരു പിടി വീതം കമ്പോസ്റ്റ്, കടലപിണ്ണാക്ക് എന്നിവ ചുറ്റും ഇട്ടുകൊടുത്ത്‌ ചെറുതായി മണ്ണ് കൂട്ടി കൊടുക്കണം. മൂന്നാഴ്ച കഴിഞ്ഞ് ഇത് വീണ്ടും ആവർത്തിക്കുക. കോളിഫ്ലവർ വിരിഞ്ഞുതുടങ്ങുമ്പോൾ ഇലകൾ കൂട്ടിച്ചേർത്ത് അധികം സൂര്യപ്രകാശം ഏൽക്കാതെ പൊതിഞ്ഞു കെട്ടണം. തൈകൾ നട്ട് ഒന്നരമാസം കഴിയുമ്പോൾ കോളിഫ്ലവറിലും രണ്ടുമാസം കഴിയുമ്പോൾ കാബേജിലും കർഡുകളും ഹെഡുകളും വന്നുതുടങ്ങും. രണ്ടാഴ്ച കൊണ്ട് ഇവ വിളവെടുക്കാനാകും.

കിഴങ്ങുവർഗങ്ങൾ

ക്യാരറ്റ്, റാഡിഷ്, ബീറ്റ്റൂട്ട് എന്നിവയാണ്  പ്രധാനപ്പെട്ടവ. തണുപ്പ് കൂടുതലുള്ള സ്ഥലങ്ങളിൽ ഉരുളകിഴങ്ങ് കൃഷിയും ചെയ്യാം. നല്ല ഇളക്കമുള്ള മണൽ കലർന്ന മണ്ണാണ് യോജിച്ചത്. വരമ്പുകൾ എടുത്ത് അതിൽ വരിവരിയായി നേരിട്ട് വിത്തുകൾ പാകി മുളപ്പിക്കാം. മണലുമായി കലർത്തി വിത്തുകൾ വിതച്ചശേഷം നേരിയ രീതിയിൽ മണ്ണ് മുകളിൽ മൂടുക. മുളച്ചു കഴിഞ്ഞാൽ സൂര്യപ്രകാശം അടിക്കാതിരിക്കാൻ പുതയിടണം. വളപ്രയോഗം കാബേജ് വിളകൾക്ക് ചെയ്തപോലെ നൽകുക. ഇടയ്ക്കിടയ്ക്കുള്ള വളപ്രയോഗത്തോടൊപ്പം മണ്ണ് കയറ്റി കൊടുക്കണം. മൂന്നര മാസം കൊണ്ട് വിളവെടുപ്പിന് പാകമാകും.

ഉള്ളിവർഗങ്ങൾ


ചുവന്നുള്ളി, സവാള, വെളുത്തുള്ളി എന്നിവ ഉൾപ്പെടുന്നു. തൈകൾ പറിച്ച് നട്ടാണ് കൃഷി. സമതലങ്ങളിൽ സവാളയും തണുപ്പ് കൂടിയ സ്ഥലങ്ങളിൽ വെളുത്തുള്ളി, ചുവന്നുള്ളി എന്നിവയും നടാം. നല്ല സൂര്യപ്രകാശം ഉള്ള സ്ഥലത്ത് തടങ്ങൾ തയ്യാറാക്കി തൈകൾ പറിച്ചു നടാം. നിശ്ചിത അകലത്തിൽ വേണം തൈകൾ നടേണ്ടത്. വളപ്രയോഗം നടത്തണം. ഇതു കഴിഞ്ഞ് 19 :19:19 പോലുള്ള ജലലേയ വളങ്ങൾ രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ 10 ദിവസത്തിലൊരിക്കൽ സ്പ്രേ ചെയ്യുന്നത് നല്ലതാണ്. ആവശ്യത്തിനുമാത്രം നന മതി. കള നിയന്ത്രണവും, മണ്ണ് കൂട്ടികൊടുക്കലും പ്രത്യേകം ശ്രദ്ധിക്കണം. തൈകൾ നട്ട് മൂന്നര മാസം കൊണ്ട് വിളവെടുക്കാം.

ഫ്രഞ്ച് ബീൻസ്

എല്ലായിടത്തും കൃഷി ചെയ്യാൻ പറ്റിയ ഒരു ശീതകാല പയർവർഗ വിളയാണ് ഫ്രഞ്ച് ബീൻസ് എന്നറിയപ്പെടുന്ന ബീൻസ്. വിത്ത് നേരിട്ട് പാകി പയർ കൃഷി ചെയ്യുന്ന പോലെ ബീൻസ് ചെയ്യാം. കുറ്റിയിനങ്ങൾ രണ്ടുമാസംകൊണ്ടും പടരുന്ന ഇനങ്ങൾ രണ്ടര മാസം കൊണ്ടും വിളവെടുക്കാനാകും.

സസ്യസംരക്ഷണം

കൃത്യമായ നിരീക്ഷണം ഉണ്ടെങ്കിൽ വലിയ കീട-രോഗ പ്രശ്നങ്ങൾ ഇല്ലാതെ തന്നെ ശീതകാല പച്ചക്കറികൾ കൃഷി ചെയ്യാം. കീടങ്ങളുടെ ആക്രമണം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വേപ്പധിഷ്ഠിത കീടനാശിനികൾ ഏതെങ്കിലും തളിച്ച് ആക്രമണം നിയന്ത്രണവിധേയമാക്കാം. കുമിൾ രോഗങ്ങൾ വരാതിരിക്കാൻ പ്രതിരോധമെന്നനിലയിൽ രണ്ടാഴ്ചയിലൊരിക്കൽ ട്രൈക്കോഡർമ 2% വീര്യത്തിൽ തളിച്ചു കൊടുക്കാം.

മികച്ച ഇനങ്ങൾ

കാബേജ്: ഗ്രീൻ വോയേജർ, എൻഎസ്‌ 160,എൻഎസ്‌ 183, എൻഎസ്‌ 43
കോളിഫ്ളവർ: പൂസ മേഘ്ന, ബസന്ത്, എൻഎസ്‌S60എൻ
ബീറ്റ്റൂട്ട്: മധൂർ,  ഡെട്രോയ്റ്റ്
ക്യാരറ്റ്: സൂപ്പർകുരോട, പൂസ രുധിര, പൂസ ചേത്കി, ജപ്പാനീസ് വൈറ്റ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top