16 December Monday

നമ്മുടെ നാടിന് യോജിച്ച മറുനാടന്‍ പഴവര്‍ഗ്ഗങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Jan 4, 2019


മാധുര്യമൂറുന്ന നാടൻ പഴങ്ങളുടെ വൈവിധ്യത്തിന് പ്രസിദ്ധമായ നാടാണ് നമ്മുടേത്.   നാളിതുവരെ കൃഷിചെയ്തുവന്നിരുന്ന പരമ്പരാഗത പഴവർഗങ്ങളോടൊപ്പം വിശേഷപ്പെട്ട പല മറുനാടൻ പഴ വർഗങ്ങളും നമ്മുടെ നാട്ടിൽ നന്നായി വളർന്ന് ഫലം നൽകുന്നതായി അനുഭവമുണ്ട്. ഇത്തരം പഴവർഗ ചെടികളായ നടീൽ വസ്തുക്കൾക്കും നല്ല ഡിമാൻഡാണിപ്പോൾ. പുതുവിളകൾ പരീക്ഷിക്കുന്നതിന് ഉൽസുകരായവരിൽ പലരും ഇത്തരം ഇനങ്ങളുടെ  പ്രത്യേകതയും പരിചരണവും മറ്റും  അറിയുവാൻ ആഗ്രഹം പ്രകടിപ്പിക്കുന്നവരാണ്. ഏതാനും ചില പഴവർഗച്ചെടികളെ ഇവിടെ പരിചയപ്പെടുത്താം. 
 
മാങ്കോസ്റ്റിൻ
പരമാവധി 25 മീറ്റർ ഉയരത്തിൽ വളരുന്ന ഈ ചെടി ഒരു അലങ്കാരവൃക്ഷം കൂടിയാണ്. ചെടിയുടെ ശൈശവഘട്ടത്തിൽ തണൽ ആവശ്യമാണ്. എന്നാൽ, ഇവ വലുതാകുന്നതോടെ നല്ല സൂര്യപ്രകാശം ആവശ്യമാണ്. തണലിൽ വളരുന്ന മരങ്ങളിൽ കായ്‌പിടുത്തം തീരം കുറവായിരിക്കും. അന്തരീക്ഷത്തിലെ ഉയർന്ന തോതിലുള്ള ആർദ്രതയും 250 സെ.മീ. വാർഷിക മഴയും 35 ഡിഗ്രി വരെയുള്ള താപനിലയും ചെടിക്ക് അനുകൂലമായ ഘടകങ്ങളാണ്. സമുദ്രനിരപ്പ് മുതൽ 900 മീറ്റർ ഉയരം വരെയുള്ള പ്രദേശങ്ങളിൽ ഇത് നന്നായി വളരും.

വിറ്റാമിനുകളുടെയും ധാതുക്കളുടെയും നീരോക്സികാരങ്ങളുടെയും കലവറയായ മാങ്കോസ്റ്റിൻ പഴവർഗങ്ങൾ മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കാനും ഉചിതമാണ്. പുറന്തോട് ഔഷധ നിർമാണത്തിനുപയോഗിക്കുന്നു. 

ദുരിയാൻ 
വിത്ത്  തൈകൾ പരമാവധി 50 മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ടെങ്കിലും ബഡ്ഡിങ‌്, ഗ്രാഫ്റ്റിങ‌്  വഴി തയ്യാറാക്കുന്ന ചെടികൾ പൊക്കംകുറഞ്ഞ് വളരും. നമ്മുടെ മണ്ണിലും, കാലാവസ്ഥയിലും ഇത് നന്നായി ഇണങ്ങിവളരാറുണ്ട്. തായ്ത്തടിയിൽനിന്നും എല്ലാ വശത്തേക്കും പ്രധാന ശാഖകൾ വളരുന്ന പ്രകൃതമാണ്. പ്രധാന ശാഖകളിലാണ് പൂക്കൾ ഉണ്ടാകുക. ഫെബ്രുവരി മാസത്തോടെ ചെടി പുഷ്പിക്കും. വവ്വാലുകളാണ് പരാഗണത്തിന്  സഹായി. പരാഗണത്തിനു ശേഷം 3–-4 മാസങ്ങൾക്കുള്ളിൽ കായ്കൾ പാകമാകും. പാകമായ കായ്കൾ നിലത്തു വീഴുമ്പോൾ ശേഖരിക്കാം. പുറന്തോടിന് കൂർത്ത മുള്ളുകൾപോലുള്ള ഭാഗമുള്ളതിനാൽ പഴങ്ങൾ  നിലത്തുവീണാലും കേടുവരില്ല. ഏറെ പോഷക പ്രാധാന്യമുള്ളതാണീ പഴങ്ങൾ.

പുലാസാൻ.
കാഴ്ചയിൽ റംബൂട്ടാനോട് സാമ്യമുള്ളതാണ് ഈ പഴം. നമ്മുടെ മണ്ണും കാലാവസ്ഥയും ഈ ചെടിക്ക് ഏറ്റവും അനുയോജ്യമാണ്. ഉയർന്ന അന്തരീക്ഷ ആർദ്രതയും ഊഷ്മളതയും ഈ ചെടിക്ക് ഇഷ്ടമാണ്. വിത്തുതൈകൾ നട്ടാൽ നല്ല ഉയരത്തിൽ വളരും. എന്നാൽ, ഗ്രാഫ്റ്റ്–-ബഡ്ഡ് തൈകൾ നട്ടാൽ ഇടത്തരം വലുപ്പത്തിൽ വളരും. വർഷത്തിൽ ശരാശരി 250 സെ.മീ. മഴ ധാരാളം. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ചെടി പുഷ്പിക്കും. ശാഖാഗ്രങ്ങളിൽ കുലകളായാണ് പൂക്കൾ വിരിയുക. ചെടികളിൽ ആൺ പൂക്കൾ മാത്രം ഉൽപ്പാദിപ്പിക്കുന്നവയും ദ്വിലിംഗ പുഷ്പങ്ങൾ മാത്രം  ഉൽപ്പാദിപ്പിക്കുന്നവയും ഉണ്ട്. ആൺമരങ്ങൾ കായ്ക്കാറില്ല. വളരെ രുചികരമാണ് പുലാസാൻ പഴങ്ങൾ. ഉൾക്കാമ്പ് അനായസം വിത്തിൽനിന്നും വേർപെടുത്താം. പോഷകസമ്പന്നവും ഔഷധപ്രാധാന്യമുള്ളതുമാണ് പഴങ്ങൾ. ശരീരത്തിലെ ദുർമേദസ്സ് കുറയ‌്ക്കാൻ ഈ പഴം കഴിക്കുന്നതിലൂടെ സാധിക്കും.

ചെമ്പടാക്ക്
നമ്മുടെ ചക്കപ്പഴത്തിനോട് സാമ്യമുണ്ട് ചെമ്പടാക്ക് പഴത്തിന്. എന്നാൽ, സ്വാദിൽ പ്രകടമായ വ്യത്യാസമുണ്ട്. നമ്മുടെ മണ്ണും കാലാവസ്ഥയും ഈ പഴത്തിന് അനുയോജ്യമാണ്. വെള്ളക്കെട്ടില്ലാത്ത ഏതുതരം മണ്ണിലും ഈ ചെടി നന്നായി വളരും. ചെടിയുടെ വളർച്ചയ‌്ക്ക് നല്ല സൂര്യപ്രകാശം ആവശ്യമാണ്. ഇടത്തരം പ്ലാവിന്റെ വലുപ്പത്തിൽ വളരും. തായ്ത്തടിയിലും വണ്ണംകൂടിയ പ്രധാന ശാഖകളിലുമാണ് ഫലങ്ങൾ ഉണ്ടാവുക. വളർച്ചയെത്തിയ ചെടികളിൽനിന്നും വർഷംപ്രതി ശരാശരി 300 കായ്കൾ പ്രതീക്ഷിക്കാം. ഒന്നുമുതൽ മൂന്നു കി. ഗ്രാം വരെ ഒരു കായ്ക്ക് തൂക്കം കാണും. നന്നായി വിളഞ്ഞ കായ്കൾ പറിച്ചെടുത്ത് പഴുപ്പിക്കാം. ജൂൺമുതൽ ആഗസ‌്ത‌്‌വരെയാണ് പഴക്കാലം. സ്ഥലമനുവദിക്കുകയാണെങ്കിൽ വാണിജ്യാടിസ്ഥാനത്തിൽ ഇത് കൃഷിചെയ്യുന്നത് ഏറെ ലാഭകരമാണ്. പോഷകസമ്പന്നമായ  ഈ പഴത്തിൽ വിറ്റാമിനുകളും ധാതുക്കളും നിരോക്സീകാരങ്ങളുമുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കാൻ ഈ പഴത്തിന്റെ ഉപയോഗംകൊണ്ട് സാധിക്കും. 

(ലേഖകൻ വയനാട് എം എസ് സ്വാമിനാഥൻ ഗവേഷണ കേന്ദ്രത്തിൽ സീനിയർ കൺസൾട്ടന്റാണ്)

 


പ്രധാന വാർത്തകൾ
 Top