22 February Saturday

മത്സ്യക്കൃഷി : പാരമ്പര്യ കൃഷിരീതികള്‍ ഉപേക്ഷിച്ചത് വിനയായി

ആര്‍ സാംബന്‍Updated: Thursday Dec 1, 2016

മറ്റുപ്രദേശങ്ങളെ അപേക്ഷിച്ച് നൂറ്റാണ്ടുകളുടെപാരമ്പര്യം അവകാശപ്പെടാന്‍കഴിയുന്നതാണ് കേരളത്തിന്റെ മത്സ്യക്കൃഷി. കന്നുകാലികളുടെ വിസര്‍ജ്യങ്ങളും ജൈവമാലിന്യങ്ങളും ഉപയോഗിച്ചുള്ള പുനഃചാക്രീകരണ രീതിയായിരുന്നു മുമ്പ് മത്സ്യക്കൃഷിയില്‍. എന്നാല്‍, ജൈവവൈവിധ്യത്തിന്റെ ഉന്മൂലനത്തിനു പുറമെ മാലിന്യങ്ങള്‍ സൃഷ്ടിക്കുന്നതുമായി മത്സ്യകൃഷി ഇന്ന് മാറി. ഇതിന്റെ കെടുതികള്‍ ഏറ്റവും കൂടുതല്‍ നേരിടുന്നത്ഗ്രാമീണമേഖലയാണ്.

കോള്‍നിലങ്ങളും കൈപ്പാട്കൃഷിയും എല്ലാം  ജൈവകൃഷിരീതിയില്‍ അടിസ്ഥാനമായ പാരസ്പര്യത്തില്‍ അധിഷ്ഠിതമായിരുന്നു. എന്നാല്‍, ഈ മഹനീയ മാതൃകകള്‍ അവസാനിപ്പിച്ച് നെല്ലിനും മത്സ്യത്തിനും തീവ്ര കൃഷിരീതികളായി. രാവസവളങ്ങളിലും കീടനാശിനികളിലും നെല്‍കൃഷി മുങ്ങിയപ്പോള്‍ ആന്റിബയോട്ടിക്കുകളും രാസവസ്തുക്കളും ഹോര്‍മോണുകളും ചേര്‍ന്ന തീറ്റ നല്‍കിയുള്ള മത്സ്യക്കൃഷിയും ദൂരവ്യാപക ദോഷങ്ങള്‍ വരുത്തുന്നു.

ചെമ്മീന്റെ വിസര്‍ജ്യങ്ങളും തോടുകളും ഹാച്ചറികളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയപ്പോള്‍ കേട്ടുകേള്‍വിയില്ലാത്ത രോഗങ്ങളായി. ഇതിനെ പ്രതിരോധിക്കാന്‍ ആന്റിബയോട്ടിക്ക് പ്രയോഗമായി പോംവഴി. ത്വരിതവര്‍ച്ചയ്ക്കുള്ള ഹോര്‍മോണുകളുംകൂടിയായതോടെ മത്സ്യ ഉല്‍പ്പാദനവും അപകടകരമായി. 

തീവ്ര കൃഷിമാര്‍ഗങ്ങളിലൂടെ വളര്‍ത്തിയെടുക്കുന്ന മത്സ്യങ്ങള്‍ക്കായി കടല്‍മത്സ്യങ്ങളെ വ്യാപകമായി കൊന്നൊടുക്കുന്നതും ഗുരുതര പാരിസ്ഥിതിക പ്രശ്നമാണ്. ഒരുകിലോ കാളാഞ്ചി മത്സ്യമോ മോതമത്സ്യമോ കൃഷിചെയ്തെടുക്കാന്‍ അതിന്റെ ഇരട്ടിയോളം കടല്‍മത്സ്യങ്ങള്‍ തീറ്റയായി നല്‍കണം. അതിനായി കടലുകളും സമുദ്രങ്ങളും അരിച്ചുകോരുകയാണ്. ശതകോടികള്‍ ഒഴുക്കുന്ന ബിസിനസായി ഇന്ന് ഫിഷ്മീല്‍ വ്യവസായം മാറിയിരിക്കുന്നു.

കേരളം മത്സ്യ ഇനങ്ങളുടെ കാര്യത്തില്‍ ഏറെ സമ്പന്നമായ സംസ്ഥാനമാണ്. നമ്മുടെ രാജ്യത്തുള്ള ഉള്‍നാടന്‍ മത്സ്യയിനങ്ങളില്‍ 35 ശതമാനവും കേരളത്തിലെ നദികളിലാണ്. രാജ്യവിസ്തൃതിയുടെ വെറും ഒരുശതമാനം മാത്രമാണ് കേരളത്തിന്റെ ഭൂവിസ്തൃതി. ഇവിടെ കാണുന്ന മത്സ്യ ഇനങ്ങളില്‍ 20 ശതമാനംവരെ ലോകത്ത് വേറൊരിടത്തും കാണപ്പെടാത്ത പൈതൃക തദ്ദേശീയ മത്സ്യയിനങ്ങളാണ്.

കരിമീനിന്റെ നിലനില്‍പ്പ് ആശങ്കയില്‍
നമ്മുടെ സംസ്ഥാന മത്സ്യമായ കരിമീനിന്റെ നിലനില്‍പ്പും ആശങ്കയിലാണ്. അമിതമായ ചൂഷണവും ജലാശയങ്ങളുടെ മലിനീകരണവും വിദേശികള്‍ക്ക് പ്രിയങ്കരമായ ഈ മത്സ്യത്തിന്റെ ഭാവിയില്‍ ആശങ്കകള്‍ വിതയ്ക്കുന്നു.

തദ്ദേശീയ മത്സ്യങ്ങളില്‍ വിലപിടിപ്പുള്ള രണ്ടാമത്തെ ഇനമായ കരിമീനിന്റെ തറവാട് വേമ്പനാട്ടുകായലാണ്. തിലാപ്പിയ വളരുന്ന സാഹചര്യങ്ങളില്‍ ആഹാരംതേടി പ്രത്യുല്‍പ്പാദനം നടത്തി വളരുന്ന മത്സ്യമാണ് കരിമീന്‍. കായലിന്റെ അടിത്തട്ടില്‍ കൂടുകൂട്ടി പ്രജനനവും ചൂളവച്ച് ശിശുപരിപാലനവും നടത്തുന്നത് ഇതിന്റെ പ്രത്യേകതയാണ്.

കരിമീനിന്റെ പ്രത്യുല്‍പ്പാദനരീതികള്‍ കൃത്യമായി കുമരകം ഗവേഷണകേന്ദ്രത്തിലെ സുദീര്‍ഘമായ പഠനങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. തിലാപ്പിയയില്‍ അമ്മമത്സ്യങ്ങള്‍ സ്വന്തം കുഞ്ഞുങ്ങളെ വായില്‍ സംരക്ഷിച്ച് മാതൃസംരക്ഷണം നല്‍കുന്നു. അതുകൊണ്ടുതന്നെ അവയുടെ  അതിജീവനസാധ്യത ഏറിയിരിക്കും. കരിമീനുകളില്‍ മുട്ടയും കുഞ്ഞുങ്ങളും ജലാശയത്തിന്റെ അടിത്തട്ടില്‍ കൂടുകളില്‍ സംരക്ഷിക്കുന്ന രീതിയാണ്. കായലിന്റെ അടിത്തട്ട് ചളിയും മറ്റും നിറഞ്ഞ് മലിനമാകുന്നതും ഇവയുടെ പ്രജനനത്തെ ബാധിക്കുന്നു.

ഒരുകാലത്ത് വേമ്പാട്ട്കായലില്‍ കൊടുങ്ങല്ലൂര്‍മുതല്‍ ആലപ്പുഴവരെ കരിമീന്‍ സുലഭമായിരുന്നുവെന്ന് ഫിഷറീസ് ശാസ്ത്രജ്ഞന്‍ പ്രൊഫ. കെ ജി പത്മകുമാര്‍  ചൂണ്ടിക്കാട്ടുന്നു. ഇന്ന് തിലാപ്പിയ സമൃദ്ധമായി കാണപ്പെടുന്ന വടക്കന്‍ കായല്‍മേഖലയില്‍ കരിമീന്‍ തീരെ വിരളമായിരിക്കുന്നു. അതുകൊണ്ടുതന്നെ തിലാപ്പിയയുടെ കടന്നുകയറ്റം കരിമീനിന്റെ സമ്പൂര്‍ണ തിരോധാനത്തിന് വഴിവയ്ക്കുമോ എന്ന ആശങ്ക അസ്ഥാനത്തല്ല.

പ്രധാന വാർത്തകൾ
 Top