16 October Wednesday

മുളക് കൃഷി ആദായകരം

വിഷ്ണു എസ് പിUpdated: Sunday Aug 11, 2024

വിഷ്ണു എസ് പി
കേരളത്തിൽ അധികം ഉൽപ്പാദനം ഇല്ലാത്തതും എന്നാൽ വിപണിയിൽ നല്ല ഡിമാന്റുള്ളതുമായ ഒരു പച്ചക്കറി ഇനമാണ്‌ മുളക്. പച്ചമുളകായോ, മുളകു പൊടിയായോ നിത്യേന മുളക് ഉപയോഗിക്കാത്ത മലയാളികൾ ഇല്ലെന്നുതന്നെ പറയാം. അതുകൊണ്ട് തന്നെ വലിയ വിപണി സാധ്യതയുണ്ട്. മുളക്‌ ഇനങ്ങൾ പലതരമുണ്ട്‌.
 
പച്ചമുളക്


ക്യാപ്സിക്കം ആനം എന്നറിയപ്പെടുന്ന പച്ചമുളക് ഹോട്ട് പെപ്പർ എന്നും അറിയപ്പെടുന്നു. കേരളത്തിൽ പച്ചമുളകിനായി വളർത്തുന്ന ഇവ മറ്റു സംസ്ഥാനങ്ങളിൽ ഉണക്ക (ചുവന്ന) മുളക് ഉണ്ടാക്കുവാനാണ് വിപുലമായി കൃഷി ചെയ്യുന്നത്. ക്ലസ്റ്റർ അടിസ്ഥാനത്തിൽ കൃഷിവകുപ്പിന്റെ ഇടപെടലിൽ കേരളത്തിൽ അടുത്തിടെ ചില്ലി ഗ്രാമം പദ്ധതിപ്രകാരം പച്ചമുളക് കൃഷി ചെയ്യുന്നുണ്ട്.

ഉജ്വല, അനുഗ്രഹ -ബാക്ടീരിയൽ വാട്ടത്തിനു പ്രതിരോധശേഷിയുള്ള ഇനങ്ങളാണ്‌. കേരള കാർഷിക സർവകലാശാല ഉൽപ്പാദിപ്പി്ച്ച ഇനങ്ങളാണിവ. ഹൈബ്രിഡ് ഇനങ്ങൾ: സർപൻ (കാശ്മീരി മുളകുപൊടിക്ക് പറ്റിയ ഇനം), ആർമർ, സിയറ, റോയൽ ബുള്ളറ്റ്

കാന്താരി മുളക്


ക്യാപ്സിക്കം ഫ്രൂട്ടി സെൻസ് എന്നറിയപ്പെടുന്ന ഇവ വീട്ടുവളപ്പിൽ യഥേഷ്ടം വളർത്തിയെടുക്കാവുന്ന ആദായവിള കൂടിയാണ്.  രണ്ടു-മൂന്ന് വർഷംവരെ വിളവ് തരുന്ന ഇവ ഒരു ഇടവിളയായും കൃഷി ചെയ്യാം. റബർ തോട്ടങ്ങളിൽ ആദ്യവർഷങ്ങളിൽ ഒരു അനുയോജ്യ ഇടവിളയാണ്. അച്ചാർ ഉണ്ടാക്കുന്നതിനും കാന്താരി ഉത്തമം. വിപണിയിൽ 350 രൂപ മുതൽ 650 രൂപവരെ ഇപ്പോൾ വിലയുണ്ട്. ഒരു ചെടിയിൽനിന്നും വർഷം ശരാശരി 2–- 2.5 കി. ഗ്രാംവരെ വിളവ് ലഭിക്കും. വലിപ്പം കുറഞ്ഞ പച്ച കാന്താരിക്കാണ് പ്രത്യേക ഗുണമേന്മ.

മഞ്ഞ കലർന്ന വെള്ളനിറമുള്ള കാന്താരി സമൃദ്ധി- (കാർഷിക സർവകലാശാല ഇനം) മികച്ചതാണ്‌. ഇതുകൂടാതെ നീല കാന്താരി, വെള്ളകാന്താരി എന്നിങ്ങനെ പല നിറത്തിലുള്ള അലങ്കാര മുളകിനങ്ങളും ഉണ്ട്. ഇവ യഥാർഥ കാന്താരിയുടെ ഇനങ്ങളല്ല എന്നുമാത്രം.

ബെൽ പെപ്പർ (മൈസൂർ മുളക്)


വലിപ്പം കൂടി എരിവു കുറഞ്ഞ ഇനങ്ങളാണിവ. സാലഡിലും മറ്റു കറികളിലും ഉപയോഗിക്കുന്ന ഇവ "സലാഡ് പപ്രിക" എന്ന പേരിലാണറിയപ്പെടുക. അൽപ്പം തണുത്ത കാലാവസ്ഥയാണിതിനു പ്രിയം. ഇന്ദിര (പച്ചനിറം), ബോംബെ (മഞ്ഞനിറം) എന്നിവ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനങ്ങളാണ്.
 ഇവ കൂടാതെ നീളം കുറഞ്ഞ എരിവുള്ള കായ്കൾ ഉള്ള ക്യാപ്സിക്കം ചൈനൻസി വിഭാഗത്തിൽപ്പെട്ട മുളകും വിപുലമായി കർഷകർ കൃഷി ചെയ്യുന്നുണ്ട്. മാലി മുളക് എന്നും ഇവ അറിയപ്പെടുന്നു. കാർഷിക സർവകലാശാലയിൽനിന്നുള്ള വെള്ളായണി തേജസ് ഈ ഇനത്തിൽപ്പെട്ട മുളകാണ്.

വാണിജ്യ പ്രാധാന്യം

വാണിജ്യാടിസ്ഥാനത്തിൽ മുളക് കൃഷി നല്ലൊരു ആദായ മാർഗമാണ്. സ്വന്തമായും ഗ്രൂപ്പ് അടിസ്ഥാനത്തിലും വാണിജ്യാടിസ്ഥാനത്തിൽ മുളക് കൃഷി കേരളത്തിൽ നല്ലൊരു സംരംഭം തന്നെയാണ്. മുളക് വാറ്റിയെടുക്കുന്ന സത്തിനും (ഒളിയോ റെസിൻ) കാപ്സിസിൻ എന്ന ആൽക്കലോയ്ഡിനും മികച്ച വിദേശ വിപണിയുണ്ട്‌. ഇത്തരം മൂല്യവർധിത സംരംഭകത്വങ്ങൾ തുടങ്ങുന്നതിന് കൃഷിവകുപ്പ് ഇപ്പോൾ സഹായവും നൽകുന്നുണ്ട്.

കൃഷിരീതി


മെയ്–- -ആഗസ്ത്‌, സെപ്തംബർ–- -ഡിസംബർ ആണ് കൃഷിചെയ്യുന്നതിനുള്ള സമയം. ഒന്നരമാസം പ്രായമായ തൈകൾ പറിച്ചുനട്ടാണ് സാധാരണ മുളക് കൃഷി ചെയ്യുന്നത്. നല്ല നീർവാർച്ചയുള്ള മണ്ണിൽ നിലമൊരുക്കി കുമ്മായം ചേർത്ത് 10 ദിവസം ഇട്ടശേഷം തൈകൾ നടാം. ഒന്നര അടി അകലത്തിൽ എടുത്ത ചാലുകളിലോ മഴക്കാലത്താണെങ്കിൽ വരമ്പുകളിലോ ഇവ നടാം. 45 സെന്റീ മീറ്റർ ആണ് ചെടികളുടെ അകലം വേണ്ടത്. ഒരു സെന്റിലെ കൃഷിക്ക് 650 ഗ്രാം യൂറിയ, 850 ഗ്രാം സൂപ്പർ ഫോസ്‌ഫേറ്റ്,180 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ രാസവളമായി ആവശ്യമാണ്. ഇതിൽ പകുതിഭാഗം യൂറിയ, പൊട്ടാഷ് എന്നിവയും മുഴുവൻ സൂപ്പർ ഫോസ്ഫേറ്റും തൈകൾ നടുമ്പോഴും ബാക്കിയുള്ള വളം രണ്ടുതവണകളായി തൈകൾ നട്ട് 20‐ -- 25 ദിവസം കഴിഞ്ഞും, ഒരു മാസം കഴിഞ്ഞും നൽകാം. ജൈവവളമായി പുളിപ്പിച്ച സത്ത് 10 ദിവസത്തിലൊരിക്കൽ ഇലകളിൽ തളിച്ചാൽ പെട്ടെന്ന്

കായ്ഫലവും നല്ല വിളവും ലഭിക്കും.


 നീരൂറ്റി കുടിക്കുന്ന കീടങ്ങൾ കാരണം ഉണ്ടാകുന്ന ഇല ചുരുളലും ഇല കുരുടിപ്പുമാണ് മുളകിലെ പ്രധാന പ്രശ്നം. സംയോജിത കീട നിയന്ത്രണ മാർഗങ്ങൾ ഇതിനെതിരെ അവലംബിച്ചാൽ പൂർണ നിയന്ത്രണം സാധ്യമാക്കാം. വേപ്പധിഷ്ഠിത കീടനാശിനികൾ, വെർട്ടിസീലിയം എന്നിവ പ്രതിരോധ മാർഗമെന്നനിലയിൽ ചെറുപ്രായത്തിൽ തന്നെ ആഴ്ചയിലൊരിക്കൽ മാറിമാറി ഉപയോഗിക്കേണ്ടതാണ്. തോട്ടത്തിൽ മഞ്ഞക്കെണികൾ സ്ഥാപിച്ചും ജമന്തി, മേരി ഗോൾഡ് പോലുള്ള പൂക്കൾ ഇടവിളയായി കൃഷി ചെയ്തും ഇത്തരം കീടങ്ങളെ തുരത്താം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top