മലയാളിയുടെ നാവിലെ പുതുരുചിയാണ് ബ്രോയിലര്‍ താറാവുകള്‍. കൊയ്ത്തുകഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ വിരുന്നുണ്ണാനെത്തുന്ന താറാവിന്പറ്റങ്ങള് ഗ്രാമീണജീവിതത്തിന്റെ നേര്ക്കാഴ്ചകളിലൊന്നായിരുന്നു. ഇത്തരം ചിത്രങ്ങള്‍ക്ക് ഒളിമങ്ങിയെങ്കിലും താറാവിന്റെ മുട്ടയ്ക്കും, മാംസത്തിനും വിപണിയില്‍ പ്രിയമേറുകയാണ്. നാടന്താറാവിനങ്ങളുടെ പൂവന്മാരെയും, മുട്ടയുല്‍പ്പാദനം കഴിഞ്ഞ പിടത്താറാവുകളെയും മാംസത്തിന് ഉപയോഗിക്കുന്ന രീതിയില്‍നിന്നു വ്യത്യസ്തമായി മാംസാവശ്യത്തിനായി മാത്രം വളര്‍ത്തുന്ന ബ്രോയിലര്‍ ഇനം താറാവുകള്‍ ഇപ്പോള്‍ ലഭ്യമാണ്.
വൈറ്റ് പെക്കിന് ഇനത്തില്‍പ്പെട്ട താറാവുകളാണ് ബ്രോയിലര്വിപണിയില് ലോകമെങ്ങും പുകള്‍പെറ്റത്. ദ്രുതഗതിയിലുള്ള വളര്‍ച്ച, ഉയര്‍ന്ന തീറ്റ പരിവര്‍ത്തനശേഷി, മേന്മയേറിയ മാംസം എന്നീ ഗുണങ്ങള്‍ ഇവയെ മികച്ച ഇറച്ചിത്താറാവുകളാക്കുന്നു. കേവലം 42 ദിവസംകൊണ്ട് 2.2-2.5 കിലോഗ്രാം ഭാരമെത്തുന്ന ഇവയുടെ തീറ്റ പരിവര്‍ത്തനശേഷി ഒരുകിലോഗ്രാം തൂക്കംവയ്ക്കാന് 2.3-2.7 കിലോഗ്രാം തീറ്റ എന്ന വിധത്തിലാണ്. കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ ബംഗളൂരുവിലെ ഹെസര്ഗട്ടയിലുള്ള സെന്‍ട്രല്‍ പൌള്‍ട്രി ഓഫ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് 1996-ല്‍ വിയറ്റ്നാമില്‍നിന്ന് വിഗോവ സൂപ്പര്‍-എം എന്ന മികച്ചയിനം ഇറച്ചിത്താറാവുകളെ അവരുടെ ഫാമിലെത്തിച്ചു. ഈ മാതൃശേഖരത്തില്‍നിന്നുള്ള കുഞ്ഞുങ്ങളാണ് ഇറച്ചിത്താറാവിന്റെ ഗുണങ്ങള്‍ ഇന്ത്യയിലെമ്പാടും, പ്രത്യേകിച്ച് താറാവിറച്ചിക്ക് ഏറെ പ്രിയമുള്ള കേരളത്തിലെത്തിച്ചത്.
വെണ്മേഘങ്ങളെ മേനിയിലടുക്കിവച്ചതുപോലെയുള്ള ചിറകുകളും കടും മഞ്ഞ നിറമുള്ള കൊക്കുകളും കാലുകളുമൊക്കെയായി അരയന്നഭംഗി തുളുമ്പുന്നവയാണ് വിഗോവ ഇറച്ചിത്താറാവുകള്‍. ലോകമെമ്പാടും മാംസാവശ്യത്തിനു കീര്‍ത്തികേട്ട വൈറ്റ് പെക്കിന്, അയില്‍സ് ബെറി താറാവിനങ്ങളുടെ സങ്കരയിനമാണിത്. ഇറച്ചിക്കോഴികളെക്കാള് വേഗത്തിലാണ് വളര്‍ച്ച. ഉയര്‍ന്ന തീറ്റ പരിവര്‍ത്തനശേഷിയും മാംസഗുണവുംകൂടിയായപ്പോള് ഇവര്‍ വിപണിയിലെ താരങ്ങളായി. വിരിഞ്ഞിറങ്ങുന്നസമയത്തെ 48 ഗ്രാം തൂക്കത്തില്നിന്ന് ആറാഴ്ചകൊണ്ട് കേവലം ആറുകിലോഗ്രാം തീറ്റമാത്രം അകത്താക്കി 2.5 കി.ഗ്രാം തൂക്കത്തിലെത്താന്‍ വേറെ ഒരു താറാവിനത്തിനും കഴിയില്ല.
ഇറച്ചിക്കോഴി വളര്‍ത്തുന്ന ഷെഡ്ഡുകളില്‍ ചെറിയ വ്യത്യാസങ്ങള്‍ വരുത്തിയാല്‍ ബ്രോയിലര്‍ താറാവുകള്‍ക്ക് കൂടൊരുക്കാം. പരമാവധി 60 ദിവസത്തെ പരിപാലനമാണ് വേണ്ടത്. ഷെഡിന്റെ തറയില്‍ അറക്കപ്പൊടിയോ ചിന്തേരോ വിരിച്ച് കോഴികളെ വളര്‍ത്തുന്ന ഡീപ് ലിറ്റര്‍ രീതിയില്‍ ഇറച്ചിത്താറാവുകളെ വളര്‍ത്താം. തറ കോണ്‍ക്രീറ്റ്ചെയ്ത വശങ്ങളില് കമ്പിവലകളുമിട്ട് മേല്‍ക്കൂര (ഓല, ഓട്, ഷീറ്റ്) എന്നിവ ഉപയോഗിച്ച് നല്കിയാല് പാര്‍പ്പിടമായി. ഇറച്ചിക്കോഴി വളര്‍ത്തലില്‍നിന്നും വ്യത്യാസമായി വെള്ളപ്പാത്രങ്ങള്‍ ഒരുവശത്ത് മാത്രം വയ്ക്കുക. വെള്ളം തെറുപ്പിച്ച് ലിറ്റര്‍ അമിതമായി നനയാതിരിക്കാനാണിത്. ഇതിനായി ഷെഡ്ഡിന്റെ വശങ്ങളിലായി അറക്കപ്പൊടി വിതറണം. അറക്കപ്പൊടി വിതറാത്ത ഭാഗത്ത് വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയാവുന്നവിധത്തില് വെള്ളപ്പാത്രങ്ങള്‍ വയ്ക്കണം.
ഇറച്ചിത്താറാവിന്റെ കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ 2-3 ആഴ്ചക്കാലം ചൂട് നല്‍കണം. അറക്കപ്പൊടി തിന്നുന്നതൊഴിവാക്കാന് ആദ്യത്തെ രണ്ട് മൂന്ന് ദിവസം പത്രക്കടലാസ് വിരിക്കാം. ഒരു കുഞ്ഞിന് രണ്ടു വാട്ട് എന്ന വിധത്തില്‍ ഇലക്ട്രിക്ക് ബള്‍ബുകളോ ഇന്‍ഫ്രാറെഡ് ബള്‍ബുകളോ ഉപയോഗിച്ച ചൂട് നല്‍കാം. അന്തരീക്ഷ ഊഷ്മാവും താറാവിന് കുഞ്ഞുങ്ങളുടെ അവസ്ഥയും നിരീക്ഷിച്ച് ചൂട് ക്രമീകരിക്കണം. ആദ്യ ആഴ്ച ചൂട് 29-32 ഡിഗ്രി സെല്‍ഷ്യസ് എന്ന വിധത്തിലാകണം. പിന്നീട് ആഴ്ചയില്‍ മൂന്നുഡിഗ്രി സെല്ഷ്യസ്വീതം കുറച്ചുകൊണ്ടുവരാം. മൂന്നാഴ്ച പ്രായംവരെ താറാവൊന്നിന് അര ചതുരശ്രയടി സ്ഥലം വേണം.
ഈ കാലയളവില്‍ വെള്ളപ്പാത്രത്തിന് കേവലം 5-7.5 സെ. മീറ്റര്‍ ആഴമേ പാടുള്ളൂ. അതായത് ശരീരം നനയാതെ കേവലം വെള്ളംകുടിക്കാന്‍ മാത്രമുള്ള സൌകര്യം. തല മുക്കാന്‍ ഈ പ്രായത്തില്‍ അനുവദിക്കരുത്. ചൂടുനല്കി വളര്‍ത്തുന്ന സമയം (ബ്രൂഡിങ് സമയം) കഴിഞ്ഞാല്‍ കുഞ്ഞുങ്ങളെ ഗ്രോവര്‍ ഷെഡ്ഡിലേക്ക് മാറ്റുകയോ അല്ലെങ്കില്‍ അതേ ഷെഡ്ഡില്‍ കൂടുതല്‍ സ്ഥലസൌകര്യം നല്കി വളര്‍ത്തുകയോ ചെയ്യാവുന്നതാണ്. ബ്രൂഡിങ് സമയമാണ് അതിതീവ്ര പരിചരണം ആവശ്യമുള്ളത്. ലിറ്റര്‍ നനവില്ലാതെ സൂക്ഷിക്കണം. നനവുള്ളഭാഗത്ത് അറക്കപ്പൊടിയും, കുമ്മായവും ഇടണം. ലിറ്റര്‍ ഇടയ്ക്കിടെ ഇളക്കിയെടുക്കണം.
മൂന്നാഴ്ച മുതലുള്ള സമയം വളര്‍ച്ചയുടെ കാലമാണ്. ഈ സമയത്ത് താറാവൊന്നിന് മൂന്നു ചതുരശ്രയടി എന്ന വിധത്തില്‍ സ്ഥലം നല്‍കണം. ഈ സമയത്ത് വെള്ളപ്പാത്രങ്ങള്‍ അരയടിവരെ ആഴമുള്ളതാകണം. താറാവുകള്‍ക്ക് വെള്ളത്തില്‍ തല മുക്കാനുള്ള സൌകര്യത്തിനാണിത്. ഷെഡ്ഡിനു പുറത്തേക്കു പോകാനുള്ള സൌകര്യം ആവശ്യമെങ്കില്‍ നല്‍കാം. വലിയ താറാവുകള്‍ക്ക് നീന്തിക്കളിക്കാന്‍ വെള്ളം വേണമെന്ന് നിര്‍ബന്ധമില്ലെങ്കിലും തല മുക്കാനുള്ള വെള്ളം നല്‍കിയില്ലെങ്കില്‍ കണ്ണുകള്‍ക്ക് പ്രശ്നമുണ്ടാകും. ഇടയ്ക്ക് കൊക്ക് വൃത്തിയാക്കാനും വെള്ളം നല്‍കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..