23 September Saturday

ഔഷധഗുണമേറും കറ്റാർവാഴ

വലിയമല സുരേഷ്‌Updated: Sunday Jun 19, 2022


സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ,  മരുന്നുകൾ,  പാനീയങ്ങൾ, ഹെയർ ഓയിലുകൾ, ഫെയ്സ് വാഷ്, ഫെയ്സ് ക്രീം, ലോഷൻ, സോപ്പ്, ജൈവകീടനാശിനികളുടെയും പ്രധാന ചേരുവകളിലൊന്നാണ് നമ്മുടെ കറ്റാർവാഴ(Aloevera). മരുന്നു കമ്പനികളും ആയുർവേദ ഫാർമസികളുമാണ് പ്രധാന ആവശ്യക്കാർ. 99 ശതമാനം ജലാംശമാണ്‌. ലിലിയസി (Liliaceae) കുടുംബത്തിൽപ്പെടുന്ന സസ്യമാണിത്‌.

വിറ്റാമിനുകളും അലോയിൻ അടക്കമുള്ള ഗ്ലൂക്കോസൈഡുകളും ലിപിഡും അമിനോ ആസിഡും കാൽസ്യവും സിങ്കും ഇരുമ്പും മാംഗനീസും അമിനോ അമ്ലങ്ങൾ, എൻസൈമുകൾ  തുടങ്ങി ഒട്ടേറെ ഘടകങ്ങൾ അടങ്ങിയിരിക്കുന്നുണ്ട് കറ്റാർവാഴയിൽ.
കഫ, പിത്ത, വാതരോഗങ്ങൾ, ആർത്തവ സമയത്തെ വയറുവേദന, കൊളസ്ട്രോൾ, രക്തശുദ്ധി, ഉണങ്ങാവ്രണം, കുഴിനഖം എന്നിവയ്‌ക്കെല്ലാം പ്രതിവിധിയായി നിർദേശിക്കപ്പെടുന്നു.  പാരമ്പര്യ ചികിത്സകളിലും കറ്റാർവാഴ പലരീതിയിൽ ഉപയോഗിക്കുന്നു. ആന്റി ഓക്സിഡന്റുകൾ കൂടുതൽ അടങ്ങിയിട്ടുള്ളതിനാൽ ചർമത്തിന്റെ നിറവും തിളക്കവും വർധിപ്പിക്കും. ചുളിവും കരുവാളിപ്പും മാറ്റുന്നതിനും വരണ്ടചർമത്തിന് മൃദുത്വവും തിളക്കവും ലഭിക്കുന്നതിനും കറ്റാർവാഴ ഉത്തമം.

കൃഷി ചെയ്യാം
കാർഷികമേഖലയിൽ ഏറ്റവും ചെലവു കുറഞ്ഞതും പരിപാലന കുറവുള്ളതും ലാഭകരമായ കൃഷികളിലൊന്നാണ് കറ്റാർവാഴക്കൃഷി.കേരളത്തിലെ കാലാവസ്ഥ കറ്റാർവാഴയ്‌ക്ക്‌ അനുകൂലമാണ്‌. ഒരടി മുതൽ ഒന്നരയടിവരെ പൊക്കത്തിൽ വളരുന്ന ഈ  ഔഷധസസ്യത്തെ നിലത്തോ അലങ്കാര സസ്യങ്ങൾക്കൊപ്പമോ തനിവിളയായോ വളർത്താം. ഫ്ലവർ ടബ്ബുകളിലും ചട്ടികളിലും ഗ്രോബാഗിലും  നന്നായി വളരും.

മൂപ്പെത്തിയ കറ്റാർവാഴകളുടെ ചുവട്ടിൽനിന്നുണ്ടാകുന്ന തൈകൾ  ഇളക്കി നട്ടാണ് കൃഷിചെയ്യുന്നത്. തെങ്ങിൻപുരയിടത്തിലും ഫലവൃക്ഷങ്ങൾക്കിടയിലും ഇടവിളയായും നിലത്ത് വാരമെടുത്തും കൃഷി ചെയ്യാം.  ചെടികൾ തമ്മിലും വരികൾ തമ്മിലും ഒന്നരയടി അകലം നൽകുന്നത്‌ ഉത്തമം.

പരിപാലനം
ചാണകപ്പൊടി, മണ്ണിരക്കമ്പോസ്റ്റ്  എന്നിവയിലേതെങ്കിലും മേൽ മണ്ണുമായി ചേർത്ത മിശ്രിതത്തിൽ തൈകൾ നടാം. വേനൽക്കാലത്ത് മൂന്ന്‌ ദിവസത്തിലൊരിക്കൽ വെള്ളം കെട്ടിനിൽക്കാത്ത തരത്തിൽ ചെറുതായി നന നൽകണം.
40 ദിവസത്തിലൊരിക്കൽ കളകൾ പറിച്ചുമാറ്റിയശേഷം ചാണകപ്പൊടി, മണ്ണിരക്കമ്പോസ്റ്റ് ഇവയിലേതെങ്കിലും മേൽമണ്ണിൽ ചേർത്ത് ചുവട്ടിൽ ഇട്ടുകൊടുക്കാം.

നട്ട് നാല് മാസംകൊണ്ട് വിളവെടുക്കാം. ഒരു ചെടിയിൽനിന്ന്‌ തുടർച്ചയായി അഞ്ചു വർഷംവരെ വിളവെടുക്കാം.
പോളകൾ മുറിച്ചുനൽകിയും ജെല്ലും ജ്യൂസും വേർതിരിച്ചും ചുവടോടെ പിഴുതെടുത്തുമാണ് വിപണനം.ആവശ്യക്കാരേറെ.  ദിവസം ആറു മണിക്കൂറെങ്കിലും സൂര്യപ്രകാശം കിട്ടുന്നതും നീർവാർച്ചയുള്ളതുമായ സ്ഥലമാണ് കറ്റാർവാഴ കൃഷിക്ക് അനുയോജ്യം. വരൾച്ചയെ ചെറുക്കാൻ കഴിവുണ്ടെങ്കിലും തീരെ നന നൽകാതിരുന്നാൽ ചെടി ഉണങ്ങും. ഇലയുടെ അറ്റം ഇരുണ്ട നിറത്തിലാകുന്നത് ജലാംശം കുറയുന്നതിന്റെ ലക്ഷണമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top