ട്രംപിന്റെ ചടങ്ങിൽ ഖലിസ്ഥാൻ തീവ്രവാദി?; ഗുർപത്‌വന്ത് സിങ് പന്നുവിന്റെ വീഡിയോ പുറത്ത്

ട്രംപിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുത്ത് ഗുർപത്‌വന്ത് സിങ് പന്നു മുദ്രാവാക്യം വിളിക്കുന്നു
വാഷിങ്‌ടൺ: അമേരിക്കയുടെ 47-ാം പ്രസിഡന്റായി റിപ്പബ്ലിക്കൻ നേതാവ് ഡോണൾഡ് ട്രംപ് അധികാരമേറ്റ ചടങ്ങിൽ ഖലിസ്ഥാൻ തീവ്രവാദി ഗുർപത്‌വന്ത് സിങ് പന്നു പങ്കെടുത്ത വീഡിയോ പുറത്ത്. സത്യപ്രതിജ്ഞ ചടങ്ങിൽ ജനക്കൂട്ടം ട്രംപിനായി ആഹ്ലാദപ്രകടനം നടത്തുന്നതും ഗുർപത്‌വന്ത് സിങ് പന്നു 'ഖാലിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയിൽ കാണാം. വിഡിയോയെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണമില്ല.
2020 ജൂലൈ ഒന്നിനാണ് പന്നുവിനെ ഭീകരവാദിയായി ഇന്ത്യ പ്രഖ്യാപിച്ചത്. 2021 ഫെബ്രുവരി മൂന്നിന് എൻഐഎ സ്പെഷൽ കോടതി പന്നുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിക്കുകയും ചെയ്തു. അതേസമയം ഗുർപത്‌വന്ത് സിങ് പന്നുവിനെ വധിക്കാൻ ശ്രമിച്ചതിൽ ഇന്ത്യൻ ഉദ്യോഗസ്ഥനുമുണ്ടെന്ന വെളിപ്പെടുത്തലിൽ അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവത്തിൽ അമേരിക്കയിൽ കേസെടുത്തതിന് പിന്നാലെ കേന്ദ്രസർക്കാർ നിയോഗിച്ച ഉന്നതതല സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ക്രിമിനൽ ബന്ധമുള്ള വ്യക്തിക്കെതിരെ നിയമനടപടിക്ക് സമിതി ശുപാർശചെയ്‌തതായി ആഭ്യന്തരമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, റോ മുൻ ഉദ്യോഗസ്ഥനായ വികാസ് യാദവിനെതിരെയാണ് നടപടിയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പന്നു വധശ്രമത്തിൽ ഇന്ത്യയിലെ ചിലർക്ക് ബന്ധമുണ്ടെന്ന് അമേരിക്ക വെളിപ്പെടുത്തിയിരുന്നു.
അമേരിക്ക നൽകിയ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം നവംബറിലാണ് അന്വേഷണ സമിതിയെ നിയോഗിച്ചത്. സമിതിയംഗങ്ങൾ ഒക്ടോബറിൽ അമേരിക്ക സന്ദർശിച്ച് തെളിവ് ശേഖരിച്ചു. പന്നു വധശ്രമ കേസിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരുന്ന നിഖിൽ ഗുപ്‌തയെ അമേരിക്ക അറസ്‌റ്റുചെയ്‌തിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്കിൽനിന്നാണ് ഗുപ്‌തയെ പിടികൂടിയത്. ഇയാളുമായി ബന്ധമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Related News

0 comments