നെതന്യാഹുവിന് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്; 'ബിബി, സൂക്ഷിച്ചോ, ഇല്ലെങ്കിൽ ഒറ്റപ്പെടും'

ബെന്യാമിൻ നെതന്യാഹു, ഡോണൾഡ് ട്രംപ് Image Credit: Reuters
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തിൽ മലക്കംമറിഞ്ഞ് ട്രംപ്. ഇസ്രായേലിന്റെ ഏകപക്ഷീയമായ സൈനിക നീക്കങ്ങൾക്കെതിരെ ഒടുവിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇറാനെതിരെ വീണ്ടും വലിയ തോതിലുള്ള ആക്രമണത്തിന് മുതിർന്നാൽ രാജ്യാന്തര തലത്തിൽ ഇസ്രായേൽ പൂർണമായി ഒറ്റപ്പെടുമെന്ന കടുത്ത മുന്നറിയിപ്പാണ് ട്രംപ് നൽകിയത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ട്രംപ് മുന്നറിയിപ്പ് നൽകിയതെന്നാണ് റിപ്പോർട്ടുകൾ. "ബിബി, നീ സൂക്ഷിക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കിൽ വൈകാതെ തന്നെ നീ ഒറ്റയ്ക്കായിപ്പോകും " എന്ന് താൻ നെതന്യാഹുവിനോട് നേരിട്ട് വ്യക്തമാക്കിയതായി പ്രമുഖ മാധ്യമമായ 'ആക്സിയോസിനോട്' ട്രംപ് വെളിപ്പെടുത്തി.
ഇറാനുമായി അമേരിക്ക വലിയൊരു നയതന്ത്ര കരാറിലേക്ക് അടുക്കുന്നതിനിടയിൽ, ഇസ്രായേലിന്റെ യുദ്ധവെറി ആ നീക്കങ്ങളെ തകർക്കുമെന്നും അമേരിക്കയെക്കൂടി യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമെന്നുമുള്ള ഭയമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ആദ്യം അമേരിക്കയുടെ മുന്നറിയിപ്പുകൾ അവഗണിച്ച് ഇസ്രായേൽ ഇറാനിലെ ചില സൈനിക കേന്ദ്രങ്ങൾക്ക് നേരെ പരിമിതമായ തോതിൽ ആക്രമണം നടത്തിയിരുന്നു. മിസൈലുകൾ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് ഇസ്രായേൽ ഈ വിവരം അമേരിക്കയെ അറിയിച്ചത് തന്നെ. ഇതിന് പിന്നാലെ ഇറാനും ശക്തമായ തിരിച്ചടി നൽകി.
സ്ഥിതിഗതികൾ വഷളായതോടെ, തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ട്രംപ് വീണ്ടും നെതന്യാഹുവിന് ഫോണിൽ വിളിച്ച് കടുത്ത സമ്മർദ്ദം ചെലുത്തുകയായിരുന്നു. ഇതോടെ, ഇറാൻ ഇനി ആക്രമണം നടത്തിയില്ലെങ്കിൽ തങ്ങളും തത്കാലം പിന്മാറാമെന്ന് നെതന്യാഹുവിന് സമ്മതിക്കേണ്ടി വന്നു. റൺവേയിൽ യുദ്ധവിമാനങ്ങൾ ആക്രമണത്തിന് സജ്ജമായി നിർത്തിയ ശേഷമാണ് നെതന്യാഹുവിന് തന്റെ വലിയ സൈനിക നീക്കം നാണംകെട്ട് റദ്ദാക്കേണ്ടി വന്നതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രായേൽ ആക്രമണം നിർത്തിയാൽ നിർണ്ണായകമായ സമാധാന കരാറിലേക്ക് വരാൻ തയ്യാറാണെന്ന് ഇറാൻ മധ്യസ്ഥർ വഴി ട്രംപിനെ അറിയിച്ചിരുന്നു. എന്നാൽ ഇറാൻ ഭരണകൂടം ഇപ്പോഴും അമേരിക്കയുടെയും ഇസ്രായേലിന്റെയും സാമ്രാജ്യത്വ നിലപാടുകളെ പൂർണ്ണമായി വിശ്വസിച്ചിട്ടില്ല.
അതേസമയം, ട്രംപും നെതന്യാഹുവും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതയും ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. സ്വന്തം അധികാരം നിലനിർത്താൻ യുദ്ധം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാണ് നെതന്യാഹുവിന്റെ ശ്രമം. എന്നാൽ പശ്ചിമേഷ്യയിൽ യുദ്ധം അവസാനിപ്പിച്ചു എന്ന പേരിൽ സ്വന്തം രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ട്രംപ് ശ്രമിക്കുന്നത്.










0 comments