നടിക്ക് പണം നല്‍കിയ കേസ് ; ട്രംപ് കുറ്റവാളി, ശിക്ഷ ‘നിരുപാധികം വിട്ടയക്കൽ’
ന്യൂയോർക്ക്
രഹസ്യബന്ധം വെളിപ്പെടുത്താതിരിക്കാൻ നടി സ്‌റ്റോമി ഡാനിയേൽസിന് പണം നൽകിയ കേസിൽ ഡോണൾഡ് ട്രംപിന് ശിക്ഷ വിധിച്ച് ന്യൂയോർക്ക് കോടതി. വിധി പറയുന്നത് നിർത്തിവയ്ക്കണമെന്ന ട്രംപിന്റെ അപേക്ഷ സുപ്രീംകോടതി വ്യാഴാഴ്ച തള്ളിയിരുന്നു. ഒമ്പത് ജഡ്‌ജിമാരിൽ അഞ്ചുപേരും ട്രംപിന്റെ അപേക്ഷയെ എതിർത്തു. തുടർന്നാണ് ട്രംപിനെ ‘നിരുപാധികം വിട്ടയച്ചു’ള്ള ന്യൂയോർക്ക് കോടതിയുടെ വിധിപ്രസ്താവം. ഇതോടെ, ഔദ്യോഗികമായി ‘കുറ്റക്കാര’നെന്ന് വിധിക്കപ്പെട്ട് വൈറ്റ്‌ഹൗസിൽ എത്തുന്ന അമേരിക്കയുടെ ആദ്യ പ്രസിഡന്റാകും ട്രംപ്. 20നാണ് സത്യപ്രതിജ്ഞ.
നാലുവർഷംവരെ ജയിൽശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കേസിലാണ് ട്രംപ് കുറ്റക്കാരനെന്ന് തെളിഞ്ഞത്. റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരനായിരിക്കെ 2006ൽ ഉണ്ടായിരുന്ന രഹസ്യബന്ധം മറച്ചുവയ്ക്കാൽ 2016ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് നടിക്ക് 1.30 ലക്ഷം ഡോളർ കൈക്കൂലി നൽകിയെന്നാണ് കേസ്. ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമത്വം നടത്തി. ഇതുമായി ബന്ധപ്പെട്ട 34 കുറ്റങ്ങളും ട്രംപ് ചെയ്തതായി കോടതിയിൽ തെളിഞ്ഞു. എന്നാൽ, നിയുക്ത പ്രസിഡന്റിന് ജയിൽ ശിക്ഷ വിധിക്കാൻ താൽപ്പര്യമില്ലെന്ന് ജഡ്‌ജിമാർ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
0 comments