ad
Deshabhimani

രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാനുമേൽ സമ്പൂർണ വിജയമെന്ന് ട്രംപ്; നീക്കങ്ങൾ തകര്‍ത്ത് ഇസ്രയേൽ ആക്രമണം തുടരുന്നു

trm
വെബ് ഡെസ്ക്

Published on Jun 09, 2026, 04:15 PM | 2 min read

വാഷിങ്ടൺ: അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാന് മേൽ സമ്പൂർണ വിജയം നേടുമെന്ന് ആവര്‍ത്തിച്ച് ട്രംപ്. സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ റിപ്പബ്ലിക്കൻ പ്രൈമറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ടെലിറാലിയിലായിരുന്നു ട്രംപിന്റെ ഈ അവകാശവാദമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.


'ഈ പോരാട്ടത്തിൽ ഞങ്ങൾ വിജയിക്കുകയാണെന്നാണ് ഞാൻ കരുതുന്നത്, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഞങ്ങൾ വിജയം പ്രഖ്യാപിക്കും. അത് ഒരു പരിപൂർണ്ണമായ വിജയമായിരിക്കും. വളരെ പെട്ടെന്നായിരിക്കും അത് സംഭവിക്കുക. അങ്ങനെയെങ്കിൽ എണ്ണ വില കുത്തനെ താഴേക്ക് വരു'മെന്നും ട്രംപ് അവകാശപ്പെട്ടു.


എന്നാൽ വെടിനിർത്തൽ കരാറിനെ അദ്ദേഹം ഔദ്യോഗിക സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. ഇറാൻ ഇസ്രായേലിനെതിരായ ആക്രമണങ്ങൾ നിർത്തിവെച്ചിട്ടുണ്ട്. എന്നാൽ തെക്കൻ ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന് മേലുള്ള യുദ്ധം വിജയിക്കുന്നുവെന്ന് ട്രംപ് ഇതാദ്യമായല്ല പ്രഖ്യാപിക്കുന്നത്. ഏപ്രിൽ 7 ന് പ്രഖ്യാപിച്ച വെടിനിർത്തൽ കരാര്‍ തൊട്ട് ഈ അവകാശ വാദം തുടരുന്നു.


ഇസ്രയേലും അമേരിക്കയും രണ്ട് താത്പര്യങ്ങൾ


ഈ വർഷം ഫെബ്രുവരി 28-ന് ഇറാനെതിരെ സംയുക്തമായി ആരംഭിച്ച സൈനിക നീക്കത്തിന് ശേഷം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള തന്ത്രപരമായ ഭിന്നതകൾ പരസ്യമാകുന്ന സാഹചര്യത്തിലാണ് യുദ്ധ വിരാമത്തെ കുറിച്ചുള്ള അവകാശവാദം. ഏപ്രിൽ മാസമുണ്ടായ താൽക്കാലിക വെടിനിർത്തലിന് ശേഷം മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ യുഎസ് ശ്രമിക്കുമ്പോൾ, ഹെസ്ബുള്ളയ്ക്കും ഇറാനും എതിരെ ശക്തമായ സൈനിക നടപടികളുമായി മുന്നോട്ട് പോകാനാണ് ഇസ്രായേൽ താല്പര്യപ്പെടുന്നത്.


കഴിഞ്ഞ ദിവസങ്ങളിൽ ലെബനൻ അതിർത്തിയിലുണ്ടായ റോക്കറ്റ് ആക്രമണങ്ങൾക്ക് മറുപടിയായി ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണവും, അതിന് പിന്നാലെ ഇറാൻ ഇസ്രായേലിന് നേരെ നടത്തിയ മിസൈൽ വർഷവുമാണ് നിലവിലെ സംഘർഷം വീണ്ടും വഷളാക്കിയത്.


യുദ്ധത്തെ തുടർന്ന് ഇറാൻ അടച്ചുപൂട്ടിയ ഹോർമുസ് കടലിടുക്ക് എത്രയും പെട്ടെന്ന് തുറക്കുക എന്നതാണ് ഡൊണാൾഡ് ട്രംപിന്റെ പ്രധാന ലക്ഷ്യം. ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്നതും അമേരിക്കൻ വിപണിയിലെ വിലക്കയറ്റവും ട്രംപ് ഭരണകൂടത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. മിഡ് ടേം ഇലക്ഷൻ വരാനിരിക്കുന്നു എന്ന സമ്മര്‍ദ്ദവും ഇതിനൊപ്പമുണ്ട്. അതുകൊണ്ടുതന്നെ ഇറാനുമായി ചർച്ച നടത്തി ഒരു ശാശ്വത പരിഹാരത്തിലെത്താൻ ട്രംപ് തിടുക്കം കൂട്ടുന്നു.


അമേരിക്കയുടെ സാമ്പത്തിക-നയതന്ത്ര താല്പര്യങ്ങളേക്കാൾ സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കും അധിനിവേശ താത്പര്യങ്ങൾക്കുമാണ് ബെഞ്ചമിൻ നെതന്യാഹു മുൻഗണന നൽകുന്നത്. വടക്കൻ ഇസ്രായേലിന് ഭീഷണിയായ ഹെസ്ബുള്ളയെ ലെബനനിൽ നിന്ന് പൂർണ്ണമായി തുടച്ചുനീക്കാതെ യുദ്ധത്തിൽ നിന്ന് പിന്മാറില്ലെന്ന് നെതന്യാഹു ട്രംപിനെ അറിയിച്ചിട്ടുണ്ട്. ഇറാനുമായി ട്രംപ് നടത്തുന്ന ചർച്ചകൾ ഇസ്രായേലിന്റെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയും നെതന്യാഹുവിനുണ്ട്.


തിങ്കളാഴ്ചയും ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായി. തങ്ങളുടെ വ്യോമപ്രതിരോധ വിഭാഗത്തിലെ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തെ ഇടവേളയുടെ ആത്മവിശ്വാസത്തിലാണ് ട്രംപ് സമാധാനം പ്രവചിച്ചിരിക്കുന്നത്.


ബെയ്റൂട്ട് ആക്രമണം ആര്‍ക്കുള്ള ഭീഷണി


ഇറാനുമായുള്ള സമാധാന ചർച്ചകൾ തകരാതിരിക്കാൻ ബെയ്റൂട്ടിൽ ആക്രമണം നടത്തരുതെന്ന് ട്രംപ് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് ഇസ്രായേൽ ബെയ്റൂട്ടിൽ ആക്രമണം നടത്തി. ഇത് അമേരിക്കൻ നിലപാടിന് കൂടിയുള്ള മുന്നറിയിപ്പായിരുന്നു. ഇതിനെതിരെ "തീരുമാനങ്ങൾ എടുക്കുന്നത് ഞാനാണ്" എന്ന് ട്രംപ് പരസ്യമായി വ്യക്തമാക്കിയെങ്കിലും, ഇസ്രായേൽ തങ്ങളുടെ സൈനിക നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് ചെയ്തത്.


ആയുധ കച്ചവടത്തിൽ പിണക്കില്ല


ഇതിനിടയിലും, യുഎസും ഇസ്രായേലും തമ്മിലുള്ള സൈനിക സഹായ കരാർ പുനഃക്രമീകരിക്കാനുള്ള ചർച്ചകൾ ജൂൺ ആദ്യവാരം ആരംഭിച്ചിട്ടുണ്ട്. പരമ്പരാഗതമായി നൽകിവരുന്ന സാമ്പത്തിക സൈനിക സഹായത്തിന് പകരം ആയുധ മാര്‍ഗ്ഗം സ്വീകരിക്കയാണ്. ഇരുരാജ്യങ്ങളും സംയുക്തമായി ആയുധങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും നിർമ്മിക്കുന്ന ഒരു പുതിയ പങ്കാളിത്തത്തിലേക്ക് മാറാനാണ് നെതന്യാഹുവും ട്രംപും ശ്രമിക്കുന്നത്.


യുഎസ്-ഇസ്രായേൽ സഖ്യം തകരുന്ന തരത്തിലുള്ള ഒരു വലിയ പിളർപ്പിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ലെങ്കിലും വിടവുകൾ വര്‍ധിക്കുന്നത് സമാധാന നീക്കത്തെയും പിളര്‍ത്തുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home