Deshabhimani

80 ശതമാനം 2010ന്‌ 
മുമ്പ്‌ എത്തിയവർ

എച്ച്‌ 1 ബി വിസയെ പിന്തുണച്ച്‌ ട്രംപ്‌ ; ഇരട്ടത്താപ്പിൽ 
വിമർശം

h1b visa
വെബ് ഡെസ്ക്

Published on Jan 23, 2025, 01:51 AM | 2 min read


വാഷിങ്‌ടൺ

അനധികൃതമായി കുടിയേറിയ ലക്ഷക്കണക്കിനാളുകളെ പുറത്താക്കാനുള്ള നടപടികൾ തുടരുന്നതിനിടയിലും പ്രത്യേക വൈദഗ്‌ധ്യമുള്ളവർക്കായുള്ള എച്ച്‌1ബി വിസ പദ്ധതിയെ അനുകൂലിച്ച്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. പല പ്രമുഖരും അമേരിക്കയിലെത്തിയത്‌ എച്ച്‌1ബി വിസ ഉപയോഗിച്ചാണെന്നും കഴിവുറ്റവർ രാജ്യത്തെത്തുന്നതിനെ പിന്തുണയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023ൽ അനുവദിച്ച 3.86 ലക്ഷം എച്ച്‌1ബി വിസയിൽ 72 ശതമാനം ഇന്ത്യക്കാർക്കായിരുന്നു.


ഇരട്ടത്താപ്പിൽ 
വിമർശം

അതേസമയം, കുടിയേറ്റത്തിലൂടെ അമേരിക്കയിലെത്തിയ ട്രംപ്‌ നേതൃത്വം നൽകുന്ന സർക്കാർ കടുത്ത കുടിയേറ്റവിരുദ്ധ നിലപാട്‌ എടുക്കുന്നതിലെ വൈരുധ്യം ചർച്ചയാകുന്നു. ട്രംപിന്റെ മുത്തച്ഛൻ ജർമനിയിൽനിന്ന്‌ കുടിയേറിയതാണ്‌. അമ്മയാകട്ടെ സ്‌കോട്ട്‌ലൻഡിൽനിന്നും. മൂന്നുവട്ടം വിവാഹിതനായ ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ചെക്ക്‌ വംശജയായിരുന്നെങ്കിൽ നിലവിലെ പ്രഥമ പൗര മെലാനിയയുടെ കുടുംബം സ്ലോവേനിയയിൽനിന്ന്‌ കുടിയേറിയവരാണ്‌. സ്റ്റേറ്റ്‌ സെക്രട്ടറിയായി അധികാരമേറ്റ മാർക്കോ റൂബിയോയുടെ കുടുംബം അമേരിക്ക കടുത്ത ഉപരോധംകൊണ്ട്‌ വീർപ്പുമുട്ടിക്കുന്ന ക്യൂബയിൽനിന്നുള്ളവരാണ്‌. നിലവിൽ ഒഹായോ ഗവർണർ സ്ഥാനത്തേക്ക്‌ മത്സരിക്കാനൊരുങ്ങുന്ന വിവേക്‌ രാമസ്വാമിയുടെ കുടുംബം പാലക്കാട്ടുനിന്ന്‌ കുടിയേറയവരാണ്‌.


80 ശതമാനം 2010ന്‌ 
മുമ്പ്‌ എത്തിയവർ

മതിയായ രേഖകളില്ലാതെ അമേരിക്കയിൽ കഴിയുന്നതായി സർക്കാർ കണക്കാക്കുന്ന 1.4 കോടിപ്പേരിൽ 1.1 കോടിയും ബൈഡൻ ഭരണകാലത്ത്‌ രാജ്യത്ത്‌ എത്തിയതാണെന്നാണ്‌ ട്രംപിന്റെ അവകാശവാദം. എന്നാൽ, ഇവരിൽ 80 ശതമാനവും 2010ന്‌ മുമ്പ്‌ എത്തിയവരാണെന്ന്‌ കണക്കുകൾ വ്യക്തമാക്കുന്നു. 1980–- 90 കാലയളവിൽ എത്തിയ 15 ലക്ഷം പേരും പട്ടികയിലുണ്ട്‌. അമേരിക്കയുടെ തൊഴിൽശക്തിയിൽ 55 ലക്ഷംപേർ അനധികൃത കുടിയേറ്റക്കാരാണെന്ന്‌ സർക്കാർ സമ്മതിച്ചിട്ടുണ്ട്‌. കാർഷിക, നിർമാണ മേഖലകളുടെ നിലനിൽപ്പുതന്നെ ഇവരെ ആശ്രയിച്ചാണ്‌. ആരോഗ്യ, വയോജന പരിചരണ മേഖലയിലടക്കം ഇന്ത്യക്കാരുൾപ്പെടെയുള്ള കുടിയേറ്റ തൊഴിലാളികൾ വ്യാപകമായി ജോലി ചെയ്യുന്നു.


2024ൽ 90,415 ഇന്ത്യക്കാരെയാണ്‌ അനധികൃതമായി അമേരിക്കയിലേക്ക്‌ കടക്കാൻ ശ്രമിച്ചതിന്‌ അമേരിക്കൻ അതിർത്തിയിൽ തടഞ്ഞുവച്ചത്‌. ട്രംപ്‌ ഭരണവുമായി സഹകരിച്ച്‌ 18,000 അനധികൃത കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങിയതായാണ്‌ വിവരം.


കുടിയേറ്റപ്രശ്നം 
ജയ്‌ശങ്കറുമായി ചര്‍ച്ചചെയ്‌ത്‌ മാർക്കോ റൂബിയോ

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ടതിന് പിന്നാലെ മാർക്കോ റൂബിയോ വിദേശകാര്യ മന്ത്രി എസ്‌ ജയ്‌ശങ്കറുമായി കൂടിക്കാഴ്‌ച നടത്തി . അമേരിക്കയിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട ആശങ്ക ജയ്ശങ്കറുമായി പങ്കുവച്ചെന്ന് മാർക്കോ റൂബിയോയുടെ വക്താവ് അറിയിച്ചു. മതിയായ രേഖയില്ലാത്ത കുടിയേറ്റക്കാരെ പുറത്താക്കാന്‍ ട്രംപ് ഉത്തരവിട്ടതിന് പിന്നാലെയാണ് കൂടിക്കാഴ്‌ച. രേഖയില്ലാത്ത 7.25 ലക്ഷത്തോളം ഇന്ത്യന്‍ കുടിയേറ്റക്കാര്‍ യുഎസിലുണ്ടെന്നാണ് കണക്ക്. ഇവരെ പുറത്താക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയുണ്ടായോയെന്ന് വ്യക്തമല്ല.


ഇന്ത്യയുമായുള്ള സാമ്പത്തികബന്ധം ദൃഢപ്പെടുത്താനും റൂബിയോ സന്നദ്ധത പ്രകടിപ്പിച്ചു. വിവിധ ആ​ഗോള, പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന് ജയ്‌ശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ മൈക്ക്‌ വാൾട്‌സുമായും ജയ്ശങ്കര്‍ കൂടിക്കാഴ്‌ച നടത്തി.



deshabhimani section

Related News

0 comments
Sort by

Home