ഗർഭിണിയെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു; ആക്രമണം വെസ്റ്റ് ബാങ്കിൽ

ഗാസ സിറ്റി : അധിനിവേശ വെസ്റ്റ്‌ബാങ്കിലെ നൂർ ഷംസ് അഭയാർഥി ക്യാമ്പിനുനേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്‌പ്പിൽ ഗർഭിണി കൊല്ലപ്പെട്ടു. എട്ടുമാസം ഗർഭിണിയായിരുന്ന സോണ്ടോസ് ജമാൽ മുഹമ്മദ് ശലബിയാണ് (23) കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. ഗാസ സിറ്റിയുടെ തെക്കുകിഴക്കൻ മേഖലയായ സൈടൗൺ പരിസരത്ത് ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്‌പിലും മൂന്നു പലസ്‌തീൻ സ്വദേശികൾ കൊല്ലപ്പെട്ടു. റാഫയിലും ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് ഒരു യുവാവിന്റെ നില ഗുരുതരമാണ്.
വെസ്റ്റ്‌ബാങ്കിൽ ഇസ്രയേൽ കടന്നുകയറ്റം വ്യാപിപ്പിക്കുകയാണ്. സാൽഫിറ്റിന് വടക്കുള്ള മർദ ഗ്രാമത്തിലേക്കുകൂടി ഇസ്രയേൽ സൈന്യം ഇരച്ചുകയറിയതായി പലസ്‌തീൻ അതോറിറ്റിയുടെ വാർത്ത ഏജൻസി വഫ അറിയിച്ചു.
വെടിനിർത്തലിന് ശേഷം 110 മരണം കഴിഞ്ഞ മാസം വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിനുശേഷം ഗാസ മുനമ്പിൽ ഇസ്രയേൽ സൈന്യം നടത്തിയ വിവിധ ആക്രമണങ്ങളിൽ 110 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. വെടിനിർത്തലിന് ശേഷം 900-ൽ അധികം പേർക്ക് പരിക്കേറ്റു. പ്രതിദിനം ശരാശരി 47 പേർക്ക് പരിക്കേൽക്കുന്നതായി ജനീവ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന പറഞ്ഞു.
Related News

0 comments